പറവകള്‍ക്കൊപ്പമൊരു ഹരിതോത്സവം

പറവകള്‍ക്കൊപ്പമൊരു ഹരിതോത്സവം

വിദ്യാഭ്യാസ രംഗത്ത് ഒട്ടും ചെറുതല്ലാത്ത പാരമ്പര്യം അവകാശപ്പെടാവുന്ന കലാലയമാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്. കോളേജിന്‍റെ തന്നെ ബയോ ഡൈവേഴ്സിറ്റി ക്ലബ്, കേരള സംസ്ഥാന ബ യോഡൈവേഴ്സിറ്റി ബോർഡ് , ഫ്രണ്ട്‌സ് ഓഫ് നേച്ചർ (NGO ) എന്നിവയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15,16 ദിനങ്ങളില്‍ നടന്ന ക്യാമ്പസ് ഗ്രീൻ ഫെസ്റ്റ് 2019 നേച്ചർ ക്യാമ്പ് യുവജനങ്ങളിൽ ശരിയായ നിലയിൽ പാരിസ്ഥിതിക അവബോധം ഉണർത്താനുള്ള ഒരു നല്ല ശ്രമം ആയിരുന്നു. യുവാക്കളില്‍ പക്ഷി നിരീക്ഷണത്തിനായി പ്രോത്സാഹനം നൽകാന്‍ ലാക്കാക്കി, ഫെതേര്‍ഡ് ഫ്രണ്ട്സ്എന്ന പേരിൽ ഒരു പരിപാടിയും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മിനിചേച്ചിക്കാണ് ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. കോൾ ബേര്‍ഡേഴ്സ് അംഗമായ നിതീഷിനൊപ്പം ഹാരിയും ഞാനും ചേച്ചിയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി.

പക്ഷിനിരീക്ഷണത്തെക്കുറിച്ച് കുട്ടികള്‍ക്ക് ചെറിയൊരു വിവരണം നല്‍കിക്കൊണ്ട് രാവിലെ ഏഴുമണിയോടെ പരിപാടിക്ക് തുടക്കമിട്ടു . വെച്ചുകെട്ടലുകള്‍ ഏതുമില്ലാതെതന്നെ, തന്റെ ലളിതമായ ഇരിഞ്ഞാലക്കുട ഭാഷയിൽ സ്വാനുഭവങ്ങളെ വരും തലമുറക്കായി പങ്കുവെക്കുകയായിരുന്നു മിനിച്ചേച്ചി. ഒരു ക്ലാസ്സിനപ്പുറം ഹൃദയത്തിന്റെ ഭാഷയിൽ കുട്ടികളുമായുള്ള സംവദിക്കലായിരുന്നു അത്. പക്ഷികളുടെ ലോകത്തേക്ക് ഓരോ തവണയും ഇറങ്ങി ചെല്ലുമ്പോൾ നാമനുഭവിക്കുന്ന നിർവൃതിയുണ്ടല്ലോ ……….. അതിന്റെ ഒട്ടും കുറവില്ലാത്ത നേരനുഭവം കുട്ടികൾക്കും ഇതിലൂടെ ലഭിച്ചിട്ടുണ്ടാകണം.

ഒട്ടും വൈകാതെ തന്നെ, വിദ്യാര്‍ത്‍ഥികള്‍ ഉള്‍പ്പെടെ അറുപതോളം വരുന്ന പക്ഷി നിരീക്ഷണ സംഘം തങ്ങളുടെ ഹൃസ്വയാത്ര, കുന്നും സമതലവുമെല്ലാം കൂടിക്കലര്‍ന്നൊരു ഭൂപ്രകൃതിയായിരുന്ന, ആ കോളേജ ങ്കണത്തിൽ ആരംഭിച്ചു. പക്ഷിനിരീക്ഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ണുകൾക്കൊപ്പം ചെവികളും ജാഗ്രത പുലർത്തേണ്ടതിന്റെ അവശ്യകത കുട്ടികള്‍ മനസിലാക്കുന്നുണ്ടായിരുന്നു .കുറച്ചകലെയേതോ മരത്തിലിരുന്നു കുറുകുന്ന പക്ഷി ചിന്ന കുട്ടുറുവനാണെന്നു അവരറിഞ്ഞു. ചിരപരിചിതരായിരുന്നവരെങ്കില്‍പ്പോലും, മൈനകളെയും കാക്കകളെയും പുതിയ തലത്തിൽ നിന്ന് നോക്കിക്കാണാന്‍ അവര്‍ക്കിപ്പോള്‍ കഴിയുന്നു. തങ്ങളുടെ പരിചിതമായ നടവഴികളിൽ ഇതേവരെയും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്തവയെയും അവർ ഈ അവസരത്തില്‍ കണ്ടുതുടങ്ങി. പനംതത്തകൾ, ഓലഞ്ഞാലി , വണ്ണാത്തിപുള്ള് എന്നിങ്ങനെ വ്യത്യസ്തയിനം പക്ഷികളെ അവർ തിരിച്ചറിഞ്ഞു; പ്രധാന കെട്ടിടങ്ങളുടെ പിന്നാമ്പുറത്തായി നിൽക്കുന്ന ഇലച്ചാർത്തുകൾക്കിടയിലും കളിസ്ഥലങ്ങളിലും പക്ഷികളുടെ തുടിപ്പ് അവരറിഞ്ഞു . ഒരു മണിക്കൂർ നേരം എത്ര പെട്ടെന്നാണ് കടന്നു പോയത് ! ഇന്നും കാര്യമായ കേടുപാടുകളില്ലാതെ കന്യാവനങ്ങളെ പോലെ ഇടതൂർന്നു നിൽക്കുന്ന പച്ചില കാടിന്റെ ഒരു ചെറിയ കഷ്ണം ഏവരുടെയും മനം തുടിപ്പിക്കുമാറ് അവിടെ കാണപ്പെട്ടു; ഈ കുട്ടികൾ എത്രയോ അനുഗ്രഹീതർ , അവർ ഇതറിയുന്നുവോ? വികസനത്തിന്റെ പേരുപറഞ്ഞു ഈ മരങ്ങളുടെ പുറത്തെങ്കിലും അറക്കവാള്‍ വീഴാതിരിക്കട്ടെ…………

കോളേജിലെ പ്രധാന ഹാളിൽ ഞങ്ങൾ വീണ്ടും ഒത്തു കൂടി. ഏകദേശം ഒരു മണിക്കൂറോളം നടന്നു ക്ഷീണിച്ചെങ്കിലും പക്ഷികളെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ അവരുടെ കണ്ണുകളിൽ മുറ്റിനിന്നു. വലിയ ആശകളൊന്നുമില്ല; എങ്കിലും ഇവരിൽ ചിലരെങ്കിലും പക്ഷി നിരീക്ഷകരും നല്ല പ്രകൃതി സ്നേഹികളുമായി മാറിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. അത്തരം ഒരു തുടർച്ചക്ക് ഇ-ബേർഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ അവർ പഠിച്ചിരിക്കണം . പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാനങ്ങൾ നൽകാൻ അത് സഹായിക്കും. അതുകൊണ്ടുതന്നെ പരിമിതമായ ശേഷിച്ച സമയത്തിനുള്ളിൽ ഇ-ബേർഡ് ആപ്പ്, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായി ഞങ്ങളുടെ ഉദ്യമമം. ഒടുവില്‍, ഈ ശില്പശാലയുടെ ഭാഗമായിട്ടുള്ള അടുത്ത ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടിയിരുന്ന, ഫ്രണ്ട്സ് ഓഫ് നേച്ചര്‍ സംഘടനയുടെ അധ്യക്ഷന്‍ ശ്രീ.ഹമീദലി മാഷിന് മൈക്ക് കൈമാറിക്കൊണ്ട് നിറഞ്ഞ മനസ്സോടെ ഞങ്ങൾ യാത്രപറഞ്ഞിറങ്ങി.

ഡോ. അദില്‍.

Back to Top