മേയ് 22, ലോക ജൈവവൈവിധ്യദിനം
ജൈവവൈവിദ്ധ്യത്തെക്കുറിച്ചാലോചിക്കുമ്പോൾ ഈ നിമിഷം മനസ്സിലേയ്ക്കെത്തുന്നത് ശാന്തിവനമാണ്. ഒരു അമ്മയും മകളും അവരുടെ സ്വന്തം വീട്ടുപറമ്പിലെ കൊച്ചുകാട്ടിനുള്ളിലെ ജീവിതവും ജൈവവൈദ്ധ്യസംരക്ഷണവും കഴിഞ്ഞ 40 വർഷമായി പരിപാലിച്ചുവരുന്ന കാവിൽ കെ.എസ്.ഇ.ബിയുടെ 110കെ.വി ലൈയ്നിനായുള്ള ടവർനിർമ്മാണവും അതിന്റെ ഭാഗമായി ക്ലിയറൻസിനായി നടത്തിയ/നടത്താനിരുന്ന മരംവെട്ടലുകളെ പ്രതിരോധിച്ച പോരാട്ടവും ഒപ്പം കൂടെ നിന്ന സഹൃദയരും.
ലിസ്റ്റിട്ടുവച്ചിരുന്ന 48 മരങ്ങളുടെ വെട്ടലുകളില്ലാതെ തന്നെ ഇന്ന് അവിടെ ലൈൻ വലിക്കാൻ സാധ്യമായിരിക്കുന്നു എന്നാണ് മനസ്സിലാക്കാനാകുന്നത്. പൈലിങ്ങിന്റെ ഭാഗമായി കെ.എസ്.ഇ.ബി കാവിന്റെ അടിക്കാടിലേയ്ക്ക് ഒഴുക്കിയ സ്ലറി വാരിക്കളയാൻ കളക്ടർ ഇടപെട്ടതുമെല്ലാം നമ്മുടെ പ്രതിഷേധത്തിന്റെ സമരത്തിന്റെ വിജയം തന്നെയാണത്. കൂടുതൽ വിശദാംശങ്ങളും സുതാര്യതയും അറിയേണ്ടിയിരിക്കുന്നു. നാളെ പൊടുന്നനെ 110 കെ.വിയുടെ പ്രോട്ടോക്കോളനുസരിച്ചുള്ള ഗ്രൌണ്ട് ക്ലിയറൻസിനായി ഒരു ദിവസം ജെ.സി.ബിയുമായി ചെന്ന് ഒഴുതുമറിക്കുമോയെന്നുള്ള ഭയവുമുണ്ട്.
നോർത്ത് പറവൂരിലെ വഴിക്കുളങ്ങരയിലെ രണ്ടേക്കർ വിസ്തൃതിയുള്ള മീന മേനോന്റെ Meena Menon ഉടമസ്ഥതയിലുള്ള ശാന്തിവനം(10.131, 76.241) സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് അഭിമാനപൂർവ്വം ചൂണ്ടിക്കാണിക്കാവുന്ന ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന ഒരു മാതൃകാപരമായ പാർപ്പിട – പുരയിടമാണ് ഈ വീട്ടുവനം.
വീടിനുചുറ്റുമുള്ള 2 ഏക്കർ സ്ഥലം പ്രകൃതിയ്ക്ക് വിട്ടു കൊടുത്തുകൊണ്ട് ഇന്നും ജീവിക്കുവാൻ മീനയ്ക്ക് മാതൃകയും പ്രചോദനവുമായത് അച്ഛൻ രവീന്ദ്രനാഥ് ആയിരുന്നു. എൺപതുകളിൽ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിലുൾപ്പെടെ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന രവീന്ദ്രനാഥ് ആണ് തുണ്ടൻ പറമ്പിൽ ഹൗസിനെ ഇന്ന് കാണുന്ന ശാന്തിവനമാക്കിയത്. ജോൺസി മാഷും സതീഷ്ചന്ദ്രൻ സാറും ചേർന്നാണു ആ കാവിനു പേരിട്ടത് – ശാന്തിവനം.
3 കാവുകളും 3 കുളങ്ങളും കൊണ്ട് സമ്പന്നമാണ് ശാന്തിവനം. കേരളത്തിലെ ഇടനാടുകളിലെ, തീരപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മണൽ പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്വാഭാവിക നിത്യഹരിത വനങ്ങളുടെ (Coastal Lowland Evergreen) അനന്യമായ ഒരു ലാക്ഷണിക മാതൃകയാണ് ശാന്തി വനമെന്ന് കാവുണ്ണിമാഷ് E Unni Krishnan അഭിപ്രായപ്പെടുന്നു. ജൈവവൈവിദ്ധ്യ കലവറ (Gene pool) എന്നതിലുപരി, ശുദ്ധജലത്തിന്റെയും സൂക്ഷമ കലാവസ്ഥാ (Micro climate) നിയന്ത്രിക്കുന്നതിന്റെയും പ്രഭവസ്ഥലങ്ങളാണ് ഇതുപോലുള്ള കാവുകൾ.
കേരള വന ഗവേഷണ കേന്ദ്രം നടത്തിയ ഒരു കണക്കെടുപ്പിൽ 124 സ്പി ഷീസ് സസ്യങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഇടക്കാലത്തുള്ള സന്ദർശനങ്ങളിലൂടെ നിരീക്ഷിച്ച സ്പീഷ്യസ്സുകൾക്കൂടി ചേർത്ത് 135 സ്പീഷ്യസ്സുകൾ, പയ്യന്നൂരിലെ SEEK എന്ന പരിസ്ഥിതിസംഘടനയിലെ വി.സി.ബാലകൃഷ്ണൻ VC Balakrishnan രേഖപ്പെടുത്തുന്നു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന കടുത്ത വംശനാശഭീഷണി ഒരു സസ്യമാണ് വെള്ളപ്പൈൻ [Vateria indica] ഇവിടുത്ത ഒരു പ്രധാനമരമാണ്. ഈ ഇനത്തിൽപ്പെട്ട 40 വർഷം പ്രായമുള്ള ഒരു മരമാണ് കെ.എസ്.ഇ.ബിയുടെ ടവർ നിർമ്മാണത്തിൽ ആദ്യം മഴുവീണതു്. ശാന്തിവനത്തിന്റെ അടിക്കാടിൽ പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണുന്ന കാട്ടുമഞ്ഞൾ, മരക്കൊടി എന്നിവയും IUCN ന്റെ വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന (Near Threatened) കൂനംപാലയും [Tabernaemontana alternifolia] ഉൾപ്പെടും. പശ്ചിമഘട്ടത്തിലെ തനതു വൃക്ഷങ്ങളായ ആഞ്ഞിലി, കരിഞ്ചേരു് മരോട്ടി തുടങ്ങിയവയും ഇവിടെ വളരുന്നു. നായുരിപ്പിനെയും [Hopea ponga] മരച്ചെക്കിയെയും കൂവച്ചെക്കി [Memecylon randerianum]യെന്ന കാശാവ് ചെടിയും, സ്മിത്സോണിയ എന്ന അപൂർവവും എൻഡമിക്കുമായ ഓർക്കിഡ് തുടങ്ങി കാട്ടുകുന്നിയും ആറ്റുപേഴും വയനയും വെണ്മരുതുമടക്കം സമാനതയില്ലാത്ത സസ്യ വൈവിധ്യമാണിവിടെ.
ഇത്രയേറെ സസ്യവൈദ്ധ്യത്തിന്റെ പശ്ചാത്തലമുള്ളതുകൊണ്ടാണെന്ന് തോന്നുന്നു വി.സി.ബാലകൃഷ്ണൻ തയ്യാറാക്കിയ പട്ടിക പ്രകാരം 147 ഇനം പൂമ്പാറ്റകളാണ് ശാന്തിവനത്തിന്റെ വൈവിദ്ധ്യം. പൂമ്പാറ്റകളെ നിരീക്ഷിക്കാനും പഠിക്കാനുമായി പലരും ഇവിടെയെത്താറുണ്ട്. കേരളത്തിന്റെ സംസ്ഥാന ചിത്രശലഭവും അത്യപൂർവ്വ ഇനത്തിൽപ്പെട്ടതുമായ ബുദ്ധമയൂരി മുതൽ വഴനപൂമ്പാറ്റ, ചക്കരശലഭം, നീലക്കുടുക്ക, കൃഷ്ണശലഭം, നാരകശലഭം എന്നിങ്ങനെ പോകുന്നു ശാന്തിവനത്തിൽ ചിറകടിയ്ക്കുന്ന പൂമ്പാറ്റകൾ. ഇന്ത്യൻ വന്യജീവി ആക്ടിന്റെ ഷെഡ്യൂൾ 1ൽപ്പെട്ട ചക്കരശലഭം, വിറവാലൻ, നാരകശലഭം എന്നിവയും ഷെഡ്യൂൾ 2ൽപ്പെട്ട പയർനീലി എന്നിവയും ഇവിടുത്തെ അന്തേവാസികളാണ്.
ശാന്തിവനത്തിലേയ്ക്കുള്ള സൗഹൃദ സന്ദർശനങ്ങളിൽ [2014-2016 വരെയുള്ള] രാജശ്രീ വാസുദേവന്റേയും Rajasree Vasudevan രാജുവിന്റേയും Rajukavil Rajukavil തുമ്പികളുടെ നിരീക്ഷണങ്ങൾ ഒരു പട്ടികയാക്കിയപ്പോൾ 49 വിവിധ തരം തുമ്പിവൈവിദ്ധ്യങ്ങളാണ് രേഖപ്പെടുത്തുന്നത്. സാധാരണയായി കാണപ്പെടാത്ത കാട്ടുപുൽചിന്നൻ, മഞ്ഞവരയൻ പൂത്താലി, സൂചിവാലൻ രാക്കൊതിച്ചി, തത്തമ്മ തുമ്പി, ചെറുവെണ്ണീറൻ തുടങ്ങിയവയും അപൂർവ്വമെന്ന് കരുതുന്ന തുരുമ്പൻ രാജൻ, കരിനിലത്തൻ, ചുട്ടിനിലത്തൻ, നീലക്കുറുവാലൻ എന്നിവയ്ക്ക് പുറമേ അത്യപൂർവ്വമായ കുള്ളൻ വർണ്ണതുമ്പിയെയും ശാന്തിവനത്തിന്റെ ജൈവവൈദ്ധ്യത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. Bala Chandran
കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി Cochin Natural History Society പ്രസിദ്ധീകരിച്ച കുറിപ്പിൽ 138പക്ഷികളുടെ സാന്നിദ്ധ്യം ഈ പ്രദേശത്ത് രേഖപ്പെടുത്തുന്നു. കേരള പക്ഷിഭൂപടം (Kerala Bird Atlas) എന്ന ജനകീയ പൌരശാസ്ത്ര പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 2016ലും ഫെബ്രുവരി 2017ലും ശാന്തിവനം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സർവ്വെ നടന്നിരുന്നതിനാലും Chins’s Photography അടക്കമുള്ള ചില പക്ഷിനിരീക്ഷകർ സ്ഥിരമായി ശാന്തിവനം സന്ദർശിച്ച് ചിത്രങ്ങളെടുത്തിരുന്നതിനാലും ഇവിടുത്തെ പക്ഷിവൈവിദ്ധ്യം ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ട പ്രദേശത്ത് മാത്രം കണ്ടുവരുന്ന കോഴിക്കിളിപ്പൊന്നൻ (Nilgiri Thrush), ആൽക്കിളി (Malabar barbet), ഗരുഡൻ ചാരക്കാളി (Malabar starling) മൂന്ന് സ്പീഷ്യസ്സുകൾക്ക് ഇവിടം ഒരാവകേന്ദ്രമാണ്. അതോടൊപ്പം ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1ൽ ഉൾപ്പെട്ട 8 പക്ഷികളും IUCN ന്റെ വംശനാശ ഭീഷണിയുടെ വക്കിലെത്തിയ ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട ചേരക്കോഴിയും വെള്ള അരിവാൾക്കൊക്കനും അടക്കം ശാന്തിവന പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കാവി, നാകമോഹൻ, ചെമ്പൻ മരംകൊത്തി, ചെറുകുയിൽ, കാട്ടു വാലുകുലുക്കി, ചുട്ടിയാറ്റ, കുറിക്കണ്ണൻ കാട്ടുപുള്ള് തുടങ്ങിയ പക്ഷികളെല്ലാം ശാന്തിവനമെന്ന ആവാസവ്യവസ്ഥയുപയോഗിക്കുന്നു.
ശാന്തിവനത്തിന്റെ ഫലഭൂയിഷ്ടതയും ഇലകൾ വീണുണങ്ങി ഉണ്ടാകുന്ന ഹ്യൂമസ്സിന്റെ ജീവൻ നിലനിർത്തുവാനുള്ള കഴിവിന്റേയും പ്രതിഫലനമാണ് ഇവിടെ കാണപ്പെടുന്ന ഉരഗങ്ങളുടേയും ഉഭയജീവികളുടേയും വൈവിദ്ധ്യം. വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യൻ കറുത്ത ആമയുടെ (Indian Black Turtle) അഭയഗ്രഹമാണ് ശാന്തിവനം. 12 ഇനം തവളകളിൽ ജർഡൻസ് ബുഷ് തവളയെന്ന ഇനം വംശനാശഭീഷണി നേരിടുന്ന ഒന്നാണ്. അതോടൊപ്പം ഇന്ത്യൻ വന്യജീവി ആക്റ്റ് (1972) ന്റെ ഷെഡ്യൂൾ 2ൽ പ്പെട്ട 4 ഇനം തവളകളുമിവിടെ കാണപ്പെടുന്നു. 8 തരം പല്ലികളിൽ അരണകളും ഉൾപ്പെടുന്നു. ഉരഗങ്ങളിൽ പ്രധാനപ്പെട്ടതും മനുഷ്യൻ ഏറ്റവും ഭയക്കുന്നതുമായ 11 തരം പാമ്പുകളുടെ നിരീക്ഷിച്ചിരിക്കുന്നു.ഷെഡ്യൂൾ 2ൽ ഉൾപ്പെടുന്ന അണലി, മൂർഖൻ, വെള്ളിക്കെട്ടൻ എന്നീ വിഷം കൂടിയ പാമ്പുകളും ഷെഡ്യൂൾ 1ൽ പ്പെട്ട മലമ്പാമ്പും കൂടെ ഉടുമ്പുകളും ശാന്തിവനത്തിന്റെ ഒരറ്റത്ത് താമസിക്കുന്ന മീനച്ചേച്ചിയോടൊപ്പം സഹവർത്തിത്തോടെ ജീവിയ്ക്കുന്നു.
കേരളം മുഴുവനും ശാന്തിവനങ്ങളായ പച്ചത്തുരുത്തുകൾ ഉയരട്ടെ. ഈ അമ്മയ്ക്കും മകൾക്കും എന്റെ ഗ്രീൻ സെല്യൂട്ട്.
ഒരു പൌരൻ എന്ന നിലയിൽ ജൈവവൈദ്ധ്യവുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷനിലും മറ്റും എങ്ങനെ ഫലപ്രദമായി പരിസ്ഥിതിപ്രവർത്തകർക്ക് എന്തെല്ലാം ചെയ്യാമെന്ന് കൂടി എഴുതണമെന്ന് വിചാരിച്ചിരുന്നു. അടുത്ത ഒഴിവുകിട്ടുന്ന അവസരത്തിൽ അനുബന്ധമായി എഴുതിച്ചേർക്കാം
[വിവരങ്ങൾക്കും ഡോക്യുമെന്റുകൾക്കും കടപ്പാട് : Anitha Santhi ]