അന്യമാകുന്ന പുഴ -കൂട് മാസിക 2018 ജൂലൈ പതിപ്പ്

അന്യമാകുന്ന പുഴ -കൂട് മാസിക 2018 ജൂലൈ പതിപ്പ്

മനുഷ്യന് ജീവന്‍ നിലനിര്‍ത്താനുള്ള ഏറ്റവും ഫലഭൂയിഷ്ഠമായ ഇടം പുഴത്തടങ്ങളായിരുന്നു. സംസ്‌കാരങ്ങളേറെയും വികസിച്ചതും നദീതടങ്ങളിലായിരുന്നു. കൃഷിയുടെ സകല സാധ്യതകളും മനുഷ്യനു മുന്നില്‍ തുറന്നിട്ടത് നദിയുടെ സാമീപ്യമായിരുന്നു. സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യന്റെ ഏറ്റവും വലിയ ജൈവസഹചാരിയായിരുന്നത് നദീപ്രവാഹങ്ങളായിരുന്നു. ചലനമാണ് നദികളുടെ പ്രത്യേകത. ആ ജീവപ്രവാഹത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഒഴുക്കിന്റെ വിവിധ ഭാവങ്ങള്‍ നമ്മെ തികച്ചും വിസ്മയിപ്പിക്കും.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരായി പതിറ്റാണ്ടുകള്‍ നീണ്ട സമരവും നിറ്റ ജലാറ്റിന്‍ എന്ന കമ്പനി നദിയിലുണ്ടാക്കുന്ന മലിനീകരണത്തിനെതിരായി ആക്ഷന്‍ കൗണ്‍സില്‍ നടത്തിവരുന്ന സമരവും ചാലക്കുടിപ്പുഴയെ എന്നും ജനശ്രദ്ധയില്‍ നിറുത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഒട്ടുമിക്ക നദികളിലും നടക്കുന്ന മലിനീകരണവുമായി ബന്ധപ്പെട്ട് പ്രാദേശികമായും അല്ലാതെയും നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. എന്തായാലും ഒന്നുറപ്പാണ്, പുഴ നമ്മില്‍ നിന്നും നാം പുഴയില്‍ നിന്നും അകന്നു എന്ന യാഥാര്‍ത്ഥ്യം.

കൂട് മാസികയുടെ ജൂലൈ ലക്കത്തില്‍, റിവര്‍ റിസര്‍ച്ച് സെന്ററിലെ സബ്‌ന പുഴയെക്കുറിച്ചെഴുതുന്നു – പുഴ: ജീവന്റെ ഒഴുക്ക്. കൂടാതെ എന്റച്ഛന്‍ കൊണ്ട വെയിലും ഞാന്‍ കൊണ്ട തണലും എന്ന ശീര്‍ഷകത്തില്‍ പ്രജീഷ് എഴുതുന്ന ലേഖനം. രാപ്പാറ്റകള്‍, തുമ്പികള്‍, സസ്യജാലകം, ഉഭയജീവികള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയ സ്ഥിരം പംക്തികളും.

കൂട് ജൂലൈ ലക്കം ഇന്ന് (12.07.2018) കല്ലേറ്റുംകര ആര്‍.എം.എസ്സില്‍ നിന്നും എല്ലാ വരിക്കാര്‍ക്കും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കവര്‍ ചിത്രം: ഷോബി ജോസ്.

Back to Top