ഈ പക്ഷിഭീമനെ നാം കൈവെടിഞ്ഞതെന്തേ?

ഈ പക്ഷിഭീമനെ നാം കൈവെടിഞ്ഞതെന്തേ?

ഇന്ത്യയിൽ കാണപ്പെടുന്നവയിൽവെച്ച് ഏറ്റവും ഭാരമേറിയ പക്ഷി; ഒരുകാലത്ത് ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിശാലമായ പുൽമേടുകളിലെയും, തുറസ്സായ പ്രദേശങ്ങളിലെയും നിറസ്സാന്നിധ്യമായിരുന്ന പക്ഷിശ്രേഷ്ഠൻ- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്. ഇന്നിവർ വംശനാശത്തിന്റെ വക്കിലാണ്. ഒരു തിരിച്ചുവരവിനുള്ള സാധ്യത പല വിദഗ്ധരും തള്ളിക്കളയുന്നു, കാരണം ഇവയുടെ എണ്ണം അത്രയും കുറഞ്ഞിരിക്കുന്നു.

എന്തുകൊണ്ട് ഈ പക്ഷിവർഗ്ഗത്തിനു ഈ ഗതി വന്നു? 1988 മുതൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്സർവഷൻ ഓഫ് നേച്ചറിന്റെ(IUCN) ചുവപ്പുപട്ടികയിലുള്ള ഈ പക്ഷിക്കുവേണ്ടി എന്തുകൊണ്ട് നമുക്ക് ഫലപ്രദമായ സംരക്ഷണനടപടികൾ കൈക്കൊള്ളാനായില്ല? ഉത്തരം ലളിതമല്ല, പറയാൻ കുറച്ചുണ്ട്.
മനുഷ്യനാൽ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ട മിക്ക വലിയ ജന്തുക്കൾക്കുമുള്ള ഒരു പ്രത്യേകത ഇവയ്ക്കുമുണ്ട്- രണ്ടുവർഷംകൂടുമ്പോഴേ ഇവ പ്രജനനം നടത്തൂ- അപ്പോഴിടുന്നതാകട്ടെ, ആകെ ഒരു മുട്ട (അപൂർവ്വമായി രണ്ട്‌). ഇക്കാരണത്താൽ ഒരു പക്ഷിയുടെ നഷ്ടംപോലും അതിന്റെ വർഗ്ഗത്തിനെ ബാധിക്കുന്നത് നിസ്സാരമായല്ല.
തുറസ്സായസ്ഥലങ്ങളിൽ കാണപ്പെടുന്നതിനാൽ ഇവ കാലങ്ങളായി വേട്ടയ്ക്ക് ഇരയായിവരുന്നു.
ഇവയുടെ ആവാസവ്യവസ്ഥയേക്കുറിച്ച് പറഞ്ഞാൽ ചിരിയും കരച്ചിലും ഒന്നിച്ചുവരും. ഭാരതസർക്കാരിന്റെ രേഖകളിൽ സംരക്ഷിതമേഖലകൾ ഒഴികേയുള്ള പുൽമേടുകളെല്ലാം വെളിമ്പ്രദേശങ്ങൾ (wastelands) ആണ്- എത്രയും പെട്ടെന്ന് ഇവ ‘വികസിപ്പിക്കുക’യോ കൃഷിയോഗ്യമാക്കുകയോ വേണം! പുൽമേടുകളുടെ പാരിസ്ഥിതിക ധർമ്മമോ..?! അതിനെക്കുറിച്ച് നമ്മുടെ രാജ്യം ഭരിക്കുന്ന നേതാക്കൾ കേട്ടിട്ടുപോലും ഉണ്ടാകില്ല. കൃഷിഭൂമികളിലും ഇവ പരമാവധി ‘അഡ്ജസ്റ്റ്’ ചെയ്ത് ജീവിച്ചിരുന്നു എന്നതാണ് മറ്റൊരു വാസ്തവം. കീടനാശിനിപ്രയോഗം മൂർച്ഛിച്ചതോടെ ആ കാര്യത്തിലും തീരുമാനമായി.

ഹരിത-ഊർജ്ജസ്രോതസ് എന്നു കൊട്ടിഘോഷിച്ച് സ്ഥാപിക്കപ്പെട്ട കാറ്റാടിപാടങ്ങൾ ഇവയുടെ ശവക്കല്ലറകളായിമാറി എന്നതാണ് വിരോധാഭാസം! കാറ്റാടിയന്ത്രങ്ങളിൽനിന്നും വൈദ്യുതി കൊണ്ടുപോകുന്ന കമ്പികളിൽതട്ടി ഷോക്കേറ്റ് നിരവധി ബസ്റ്റാർഡുകൾ ചത്തുവീണു. ആ കമ്പികൾ ഭൂമിക്കടിയിലൂടെ ഇടാനുള്ള മനഃസ്സാന്നിധ്യംപോലും നമുക്കുണ്ടായില്ല.

Great Indian bustard
A Great Indian Bustard walking in Naliya grasslands, Kutch, India By Prajwalkm [CC BY-SA 3.0] via Wikimedia Commons
“ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്” എന്നപേരിലുള്ള പല സംരക്ഷിതമേഖലകളിലും ഇന്നീ പക്ഷി വിരളമായിക്കഴിഞ്ഞു. ദേശീയമൃഗമായ കടുവയില്ലാത്ത കടുവാസങ്കേതങ്ങളുടെ നാട്ടിൽ ഇതൊക്കെയെന്ത്?! പക്ഷേ വരും തലമുറയുടെ ചോദ്യങ്ങളെ നമ്മൾ ഭയക്കണം. പാരിസ്ഥിതിക സന്തുലനത്തിന്റെ പ്രാധാന്യം അവർ നമ്മേക്കാൾ നന്നായി മനസ്സിലാക്കാനാണ് സാധ്യത. കാര്യങ്ങളുടെ പോക്കങ്ങനെയാണ്- മുഖംമൂടിയണിഞ്ഞാണല്ലോ ഇപ്പോൾതന്നെ രാജ്യതലസ്ഥാനത്ത് പുതുതലമുറ സ്കൂളിൽ പോകുന്നത്. “ഞങ്ങളുടെ കടുവയും ബസ്റ്റാർഡും എവിടെ?” എന്നവർ ചോദിച്ചാൽ അത്ഭുതപ്പെടാനില്ല. അന്ന് നാണംക്കെട്ട് തലതാഴ്ത്താനേ നമുക്ക് കഴിയൂ. വായിക്കുന്ന നിങ്ങൾക്കും എഴുതുന്ന എനിക്കുമടക്കം രാജ്യത്തെ എല്ലാ പൗരന്മാർക്കും/പൗരകൾക്കും ഇവയുടെ നാശത്തിൽ പങ്കുണ്ട്- എന്തുകൊണ്ട് നമ്മൾ ചേർന്നുപ്രവർത്തിച്ചില്ല? എന്തുകൊണ്ട് സർക്കാരുകളേയും ഉദ്യോഗസ്ഥരേയും ഇത് ലാഘവത്തോടെ എടുക്കാൻ അനുവദിച്ചു? എന്തുകൊണ്ടിത് തിരഞ്ഞെടുപ്പ് വിഷയമാക്കിയില്ല? എന്തുകൊണ്ട്???

‘ദേശീയപക്ഷി’ എന്ന ബഹുമതിക്കുവേണ്ടി മയിലിനോട് മത്സരിച്ച പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്. അന്ന് മയിൽ തോറ്റിരുന്നെങ്കിൽ എന്നാശിച്ചുപോകുകയാണിപ്പോൾ; ബസ്റ്റാർഡ് ദേശീയപക്ഷി ആയിരുന്നെങ്കിൽ ചിലപ്പോൾ കൂടുതൽ സംരക്ഷണം ലഭിച്ചേനെ. പക്ഷേ അങ്ങനെയെങ്കിലിന്ന് മയിലിന്റെ ഗതി എന്താകുമായിരുന്നു? പാരിസ്ഥിതിക പ്രശ്നങ്ങളുടെ ശാശ്വതപരിഹാരം ഇത്തരം മുദ്രകുത്തി-സംരക്ഷണമല്ല. അതിന്‌ പാരിസ്ഥിതിക അവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കണം. 2015-ൽ രണ്ട് ഉരഗവർഗ്ഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഓസ്‌ട്രേലിയൻ കോടതി മുഖേന പരിസ്ഥിതിപ്രവർത്തകർ തടഞ്ഞത് ആയിരക്കണക്കിന് ടണ്‍ ഉത്പാദനശേഷിയുള്ള കൽക്കരിഖനിയുടെ പ്രവർത്തനമാണ്. ഇവിടെയും നമുക്ക് ലജ്ജിച്ചുതലകുനിക്കാൻ അവസരമുണ്ട്- ആ ഖനി പ്രവർത്തിപ്പിക്കാനിരുന്നത് ഒരു ഇന്ത്യൻ കമ്പനി ആയിരുന്നു!


(പിൻകുറിപ്പ്: കേരളത്തിൽനിന്നും അപൂർവ്വമായി മാത്രം രേഖപ്പെടുത്തിയിട്ടുള്ള ചാട്ടക്കോഴി – Lesser Florican- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുമായി അടുത്ത ബന്ധമുള്ള പക്ഷിവർഗ്ഗമാണ്. ഇവയുടെ സ്ഥിതിയും ഇപ്പോൾ പരുങ്ങലിലാണ്. പുൽമേടുകൾ എന്ന ആവാസവ്യവസ്ഥയുടെ സർവ്വനാശമാണ് നമ്മളിവിടെ ഘട്ടങ്ങളായി കാണുന്നത്.)

Ardeotis nigriceps map
Distribution map of Great Indian Bustard, Ardeotis nigriceps

Cover Image : GIBustard DSC0896.jpg By T. R. Shankar Raman [CC BY-SA 4.0]from Wikimedia Commons

Back to Top