അനന്ത്യ സൗഹൃദം

അനന്ത്യ സൗഹൃദം

അനന്ത്യയെന്ന മനോഹര റിസോർട്ടിലേക്ക് ഞങ്ങൾ കുറച്ചു പക്ഷി സൗഹൃദങ്ങൾ നടത്തിയ യാത്രയ്ക്കിന്ന് മൂന്നാം വാർഷികം. സംഘാംഗങ്ങൾക്ക് ആശംസകൾ. അന്ന് ഞാനെഴുതിയ യാത്രാവിവരണം ഇതോടൊപ്പം ചേർക്കുന്നു. വായിക്കാത്തവരിൽ പ്രായപൂർത്തിയായവർ മാത്രം വായിക്കുക.

അനന്ത്യ സൗഹൃദം..

അനന്ത്യയിലേക്ക് ഷാജഹാന്റെ ക്ഷണം വന്നമ്പോൾ പ്രത്യേകിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല. ഇരുപത്തഞ്ച് പേരുവേണ്ട സംഘം മുപ്പതും കടന്ന് വളരുന്നത് കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു. എന്നാൽ വിടർന്ന് നറുമണം ചുരത്തിയ ഒരു സുമം അകാലത്തിൽ ദളങ്ങൾ കൊഴിഞ്ഞ് ചുരുങ്ങുന്നതു പോലെയായി പിന്നീടുള്ള ദിനങ്ങളിൽ. കുറച്ചുപേർ വരുന്നില്ലെന്നറിഞ്ഞ ഷാജഹാന്റെ പ്രയാസം എന്നിലേക്കും പടർന്നു.

പത്തൊമ്പതിന് രാവിലെ സാമേട്ടന്റെ വിളിയെത്തും മുമ്പേതന്നെ പ്രഭാത ക്രൂരകൃത്യങ്ങൾ നടത്തി ഇറങ്ങിയിരുന്നു ഞാൻ… നഗരമധ്യത്തിൽ, കലൂരിൽ ബസിനെ പൊതിഞ്ഞ് കോടമഞ്ഞ് കണ്ടപ്പോൾ അദ്ഭുതം തോന്നി. അടുത്തെത്തിയപ്പോൾ ഷാജഹാനാണ്. സിഗരറ്റ് പുക കൊണ്ട് കോടമഞ്ഞൊരുക്കുന്ന അതികായൻ.

സാമേട്ടൻ സ്വതസിദ്ധമായ അഴകിയ രാവണൻ സ്റ്റൈലിൽ പക്കത്തുതന്നെയുണ്ട്. ഒരു ചായ കുടിച്ചിട്ട് ഞാൻ ഓടിയെത്തി. സച്ചിൻ സാൻ, ഷാൻ തുടങ്ങിയ പ്രഭൃതികൾ ഹാജരായിട്ടുണ്ട്. വേലികെട്ടി സംരക്ഷിക്കപ്പെടുന്ന അപൂർവയിനം പുഞ്ചിരിപ്പൂക്കളുമായി സംഗീത അപ്പാഴേക്കും എത്തിച്ചേർന്നു…

മുൻചക്രം പൊക്കിപ്പിടിച്ച് ഒരു പാവത്താൻ ആക്ടിവ ഓടിക്കുന്നത് കണ്ടപ്പോൾ അദ്ഭുതം കൊണ്ട് രാവിലെ കലൂരിൽ ജോലികാത്തുനിന്ന അണ്ണാച്ചിമാർ വാപൊളിക്കുന്നതുകണ്ടു. വണ്ടി നിർത്തിയപ്പോഴും ഉയർന്നുനിന്ന മുൻചക്രം അനീഷ് ശ്രീകുമാർ പിന്നിൽ നിന്ന് ഇറങ്ങിയതോടെ പൂർവാശ്രമത്തിലേക്ക് മടങ്ങിയെത്തി.

അതിനിടെ ബസിന്റെ ഡോറിൽ കുടുങ്ങിയ റോണിയെ കടത്തിവിടാൻ ഡ്രൈവറും കിളിയും കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒടുവിൽ സുമാർ രണ്ടരയടിയോളം വീതിയിൽ വിംഗ്സ് ചുരുക്കിയ ശേഷമാണ് അദ്ദേഹം അകത്തുകടന്നത്.

ഒടുവിൽ ഷാജഹാന്റെ പൈലറ്റ് വാഹനത്തിന്റെ പിന്നിലായി ശകടം ഉരുണ്ടുതുടങ്ങി. വൈറ്റിലയിൽ അനിത്തിനും മനോജിനുമപ്പുറം ഒരമ്മയും കുഞ്ഞും സ്കൂൾബസും കാത്തുനിൽക്കുന്നു. നമ്മുടെ ബസിലേക്ക് ഓടിക്കയറിയ ആ പിഞ്ചുബാലനെ തടഞ്ഞെങ്കിലും “ഞാൻ ചിത്രഭാനുവാ” എന്ന് ഒരു ചീറ്റൽ. ഇനി അതെങ്ങാനും മാന്തിയാലോ എന്നുകരുതി കിളി മാറിക്കളഞ്ഞു. അമ്മവേഷമെന്ന് ഞാൻ കരുതിയ അപ്സര സ്വതവേ അപ്സരസുകൾക്ക് ഉണ്ടാകാറുള്ള ജാഡയോടെ സംഗീതയെ തള്ളിമാറ്റി ഒപ്പം കേറിയിരുന്നു.

കുറെദൂരം വാഹനം പ്രശ്നങ്ങളില്ലാതെ കുതിച്ചു.. ആലപ്പുഴ ജില്ലയായതോടെ കരിയിലക്കിളികളെ പോലെ നാലഞ്ചുപിള്ളേർ ബസിലേക്ക് ഓടിക്കയറി..എഴുപുന്നയിൽ നിന്നുള്ള വേടൻമാർ….

അൽപം മാറി ഒരു തേജസ്വി… ശിരസ്സിനുചുറ്റും അഭൗമമായ പ്രഭാവലയം… റോഡരികിൽ നിന്ന ഒരു മദ്യപാനി ആ പാദങ്ങൾ തൊട്ടുതൊഴാൻ ഒരുങ്ങവേ ആ മഹായോഗി നമ്മുടെ ബസ്സിലേക്ക് കയറി. കഷണ്ടിയിലെ സൂര്യന്റെ പ്രതിഫലനം നിലച്ചപ്പോൾ ആ മുഖം തെളിഞ്ഞു.. പ്രേംചന്ദ്..!

വാഹനമൊതുക്കി റോഡരികിൽ കണ്ട ഒരു ഭക്ഷണശാല എല്ലാരും ചേർന്ന് ആക്രമിച്ചു. ദിവസങ്ങളായി അവർ കളയാൻ കരുതിവെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ വരെ ചവച്ചുതീർത്തു. സാമേട്ടന്റെ ഭക്ഷണശീലം കണ്ടുനിന്ന ഷാജഹാന്റെ കണ്ണുതള്ളി വരുന്നുണ്ടായിരുന്നു. അതെങ്ങാൻ പ്ലേറ്റിൽവീണാൽ ബുൾസ് ഐ എന്നുകരുതി പുള്ളി അതും ശാപ്പിട്ടേനെ..

അനീഷ് അരവിന്ദും ഷാജഹാനും തമ്മിൽ ചർച്ചചെയ്ത് സാമേട്ടനെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തു. അദ്ദേഹത്തെ ഉപായത്തിൽ ബാത്ത്റൂമിൽ കയറ്റി വാതിൽ പുറത്തുനിന്ന് കുറ്റിയിട്ട് ഷാജഹാൻ മിന്നായം പോലെ ഓടിവന്ന് ബസ്സിൽ കയറി. എല്ലാരും കയറിയോ എന്ന ചോദ്യത്തിന് മുൻനിശ്ചയപ്രകാരമുള്ള അനീഷിന്റെ പച്ചക്കൊടി.. പിന്നെല്ലാം പെട്ടെന്നായിരുന്നു.

പക്ഷേ, വാഹനം ഒരു കിലോമീറ്റർ പോലും ഓടുന്നതിനുമുമ്പേ സാമേട്ടൻ ബസ് തടഞ്ഞുനിർത്തി അകത്തുകയറി. പിന്നീടാണ് ഐതിഹ്യങ്ങൾ ആരൊക്കെയോ പറഞ്ഞത്.. വെളളിയാഴ്ച നാലിടത്തുവരെ പുള്ളിയെ ഒരേസമയം കണ്ടതായി ഇ-ബേർഡിൽ പോലും റിപ്പോർട്ടുണ്ട്… കുമ്പിടിയാ കുമ്പിടി..

എനിക്ക് വയറ്റിൽ ആകെ ഒരു എരിപൊരി സഞ്ചാരം. ഞങ്ങൾ പ്രാതൽ കഴിക്കുമ്പോൾ ഭക്ഷണം വരാൻ വൈകിയതിനാൽ അതുനോക്കി സംഗീത കൊതിയിടുന്നുണ്ടായിരുന്നു. എന്റെ സിംഗിൾ സിലിണ്ടർ ഇങ്ങനെയായെങ്കിൽ കൂട്ടപ്പൊരിച്ചിൽ നടത്തിയ എഴുപുന്നക്കാർക്ക് പുതുവൈപ്പ് ടെർമിനലിലേക്ക് നാച്ചുറൽ ഗ്യാസ് നൽകാൻ കഴിയുമായിരിക്കും.

ബസ്‌ ഇടയ്ക്ക് നിർത്തി ഡ്രൈവർ ഇറങ്ങാൻ നേരം കാര്യം തിരക്കി. വാഹനത്തിന്റെ പിൻഭാഗത്തുനിന്ന് എന്തോ വൈബ്രേഷൻ വരുന്നതുമൂലം ചില്ല് ഇളകുന്നു എന്നതായിരുന്നു കാര്യം. വണ്ടി നിർത്തിയതിനാൽ കൂർക്കംവലി അവസാനിപ്പിച്ച് മനോജ് ഉണർന്നതോടെ വൈബ്രേഷൻ നിലച്ചത് ഡ്രൈവർക്ക് ആശ്വാസമായി..ഞങ്ങൾക്കും…

ബസ് ഇടക്കൊന്ന് നിർത്തി എല്ലാരും വെള്ളം കുടിക്കാനിറങ്ങി. വിനീതിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം പുരുഷകേസരികൾ ഒറ്റവരിയായി പ്രഥമശങ്ക തീർക്കാൻ പോയ കാഴ്ച അവർണ്ണനീയമായിരുന്നു. അതിനുശേഷം ആ ഉണക്കപ്പറമ്പിൽ അരുവികളും നീർപ്പക്ഷികളെയും കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്…

തിരുവനന്തപുരത്ത് ഒരിടത്ത് ബസ് നിർത്തി. ഷെൽട്ടറിൽ കുത്തിയിരുന്ന നാലംഗ നാടോടിസംഘം നമ്മുടെ ബസ് കണ്ടതോടെ ഓടി അടുത്തെത്തി. ചില്ലറത്തുട്ടുകൾക്കായി പേഴ്‌സിൽ പരതിയ അപ്സരയെ ആരോ തടഞ്ഞു. പിച്ചക്കാരാണെന്നാണ് പാവം കരുതിയത്.

ഇരിട്ടിയിൽ നിന്നും നാട്ടുകാർ വിരട്ടി വിട്ട മനോജ് ഇരിട്ടി, മണ്ഡരി പിടിച്ച കരിമ്പന പോലെ രവി പാറക്കൽ, നിലപ്പന പോലെ സത്യൻ മേപ്പയൂർ…. കൂടെ അഴിഞ്ഞുലഞ്ഞ ചകിരി പോലുള്ള ചികുരവും രണ്ട് മാറാപ്പുകളും പേറി ഒരു പോസുകാരി. മുഖത്ത് ജാഡയെന്ന സ്ഥായീഭാവത്തിനും മേലെ നിറയുന്ന പുച്ഛരസം.. “പുഛ്പ ടീച്ചർ ” എന്നാരോ അടക്കം പറയുന്നു…

ഒരു വാൾമുന നെഞ്ചിൽ കൊണ്ടുനിൽക്കാൻ തുടങ്ങിയിട്ട് സമയമേറെയായി. ആ കരിങ്കണ്ണിയുടെ കണ്ണേറാണ്. റോണിയുടെ അലോപ്പതിയും സാമേട്ടന്റെ ലാടവൈദ്യവുമൊന്നും ഫലിക്കുന്നില്ല.. കാബിനിലേക്ക് ചെന്നപ്പോൾ പുറത്തെ റോഡുപോലെ ചുട്ടുപഴുത്ത അന്തരീക്ഷം. ഡീസൽ നിറക്കാൻ ഒരു പമ്പിൽ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങിയോടി. വാൾ വലിച്ചൂരി പുറത്തുകളഞ്ഞു. ആശ്വാസമായി…

വിശപ്പ് ടോപ് ഗിയറിൽ ഓടുന്നത് എല്ലാരുടെയും മുഖത്തുകാണാം. ഇടക്ക് ആരോ കപ്പലണ്ടി മുട്ടായി വിതരണം ചെയ്യാനേൽപിച്ചതിന്റെ തള്ളപ്പങ്ക് സാമേട്ടൻ തിന്നുതീർത്തു. ഒരുപാട് കൈനീട്ടിയിട്ടും കിട്ടാതായപ്പോൾ കൊതിയുടെയും വിശപ്പിന്റെയും സമ്മിശ്രത്തിൽ ജയദേവ് മേനോൻ ആംഗലേയത്തിൽ അലറി ” ആർ യു നട്ട്സ് …?” സാമേട്ടൻ വാപൊളിച്ചു.. “നോ… ദിസ് ഈസ് നട്ട്സ്”. ഞാൻ ഒളിച്ചിരുന്നു. വിശപ്പ് ഇനിയും മൂത്താൽ ടിയാൻമാർ നമ്മളെ ആക്രമിക്കില്ലെന്ന് ആരുകണ്ടു..?

ഒടുവിൽ അനന്ത്യയുടെ കവാടം കടന്ന് വാഹനം നിർത്തി. റബർ മരങ്ങളുടെ പച്ചമേലാപ്പ് കുളിർതണലൊരുക്കുന്ന ഭൂമിക്ക് ഒരു ജലാശയം അതിരുകാക്കുന്നു. റിസപ്ഷനിൽ നിരത്തിവെച്ച ചില്ലുകോപ്പകളിൽ മധുരതരമായ സ്വാഗതപാനീയം… സാമേട്ടൻ ബാഗെടുത്തുവെച്ച് അവസാനമാണ് എത്തിയത്. അതിനാലായിരിക്കണം, വെള്ളം എല്ലാവർക്കും തികഞ്ഞു..

ക്ഷമ തക്കാളി സൂപ്പിന്റെ ഫലം ചെയ്തു. സൂപ്പും ബ്രഡ് പൊരിച്ചതും ചേർത്ത് തുടങ്ങി. എല്ലാരും ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടും അജീഷ് ഏകാഗ്രമായി പ്രാർത്ഥിക്കുന്നു. എത്ര ദൈവഭയമുള്ള ചെറുപ്പക്കാരൻ.. ശ്രദ്ധിച്ചു നോക്കിയപ്പോൾ നീന്തൽക്കുളത്തിൽ തുടിക്കുന്ന ഒരു മറുനാട്ടുകാരിയുടെ തുടുത്ത മേനിയിലാണ് ഏകാഗ്രം പോയി മുട്ടുന്നത്.. അനീഷും സംഗീതയും മുഖാമുഖമിരുന്ന് ഭക്ഷണം കഴിക്കുന്നു. ഓനെ പടച്ചോൻ കാക്കട്ടെ…

അതിനിടെ വിപിൻ തന്റെ പ്ലേറ്റിൽ ശേഖരിച്ചുവെച്ച ചോറുകൂനക്ക് മുന്നിൽ ബുഫേ കൗണ്ടർ ആണെന്നു കരുതി കുറെനേരം ഒരു ആന്ധ്രാക്കാരൻ ചെന്ന് നിൽക്കുന്നുണ്ടായിരുന്നു. ഷാനിന്റെ വിശപ്പ് മാറിയില്ലെന്ന് തോന്നുന്നു.. കോഴിയെ കടിച്ചിറക്കുന്നതിനിടയിൽ ഇടക്ക് മുരൾച്ചയൊക്കെ കേൾക്കുന്നു. ബല്ലാത്ത ജാതി തന്നെ…

ഡെസേർട്ട് വിഭാഗം അപ്സരയും പുഷ്പയും ചെന്നുചെന്ന് അടച്ചുപൂട്ടിച്ചു. വേസ്റ്റ് കൊണ്ടുപോകാൻ വണ്ടിയുമായി കാത്തുനിന്ന പന്നിവളർത്തുകാരൻ പ്രാകിക്കൊണ്ട് പോകുന്നതുകണ്ടു. രണ്ടുദിവസത്തേക്ക് ഇവിടെ ഒന്നും ബാക്കിവരില്ലെന്ന് അവന് മനസ്സിലായിക്കാണും.

വൈകിട്ട് ചെറുസംഘങ്ങൾ പക്ഷിപിടിത്തത്തിന് ഇറങ്ങി. എന്റെ സംഘത്തിലുണ്ടായിരുന്ന രഞ്ജുവും അഭിയും വേടവൃത്തിയിലുള്ള അവരുടെ അസാമാന്യ കൗശലം കൊണ്ട് കൂടെവന്ന റിസോർട്ട് ഉടമയെ അത്ഭുതപ്പെടുത്തി.

ജയദേവ് മേനോൻ ചൂടുസഹിക്കാതെ ഗ്രിമ്മെറ്റിന്റെ ഫീൽഡ് ഗൈഡ് എടുത്ത് വീശുന്നുണ്ടായിരുന്നു. പേജുകൾ മറിയുന്നതിനനുസരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അങ്ങോളമിങ്ങോളമുള്ള സകലജാതി പക്ഷികളും ടിയാനുവേണ്ടി ചിറകുവീശി കാറ്റൊരുക്കി.

നോക്കിനിൽക്കെ ഇരുളിന്റെ കട്ടി കൂടിക്കൂടിവന്നു. നൈറ്റ്ജാറുകളെ അഭി ചാത്തൻസേവയിലൂടെ വിളിപ്പുറത്ത് വരുത്തി. തലക്കുമീതെ ചുറ്റിപ്പറന്ന ഒരു നൈറ്റ്ജാർ ഒച്ചയുണ്ടാക്കുന്നത് രഞ്ജുവാണെന്ന് മനസ്സിലാക്കി. പിന്നീടുള്ള മറുവിളികൾ തെറിവിളി പോലെ അനുഭവപ്പെട്ടു.

ഹോമം അവസാനിപ്പിച്ച്
ഞങ്ങൾ തിരിച്ചുവരുമ്പോൾ അപ്സരയും അരുണും മറ്റും വഴിയിൽ നിൽക്കുന്നു. ഞങ്ങൾ അഞ്ച് നൈറ്റ്ജാറുകളെ കണ്ട കാര്യം പറഞ്ഞു. അവർ പത്തെണ്ണത്തെ കണ്ടു എന്ന് അപ്സരയുടെ വെടി കേട്ട് അരുണിന്റെ കണ്ണുതള്ളിയത് ആ ഇരുട്ടിലും ഞങ്ങൾ കണ്ടു. എന്റെ വലതുവശത്ത് താഴെയായി ഒരു റബർമരം കടയോടെ മറിഞ്ഞുവീണു. മാറിനിന്നത് നന്നായി. ഇല്ലെങ്കിൽ ആ തള്ളിൽപെട്ട് ഞാൻ പൊടിഞ്ഞുപോയേനെ.
**********
തിരികെ മുറിയിൽ എത്തി. അൽപം വെള്ളം കുടിക്കാൻ റെസ്‌റ്റോറന്റിൽ ചെന്നു. നീന്തൽക്കുളത്തിൽ നേരത്തെ കണ്ട സ്ഫടികസമാനജലം കറുത്തിരുണ്ട് കാളിന്ദീ സമാനമായി കിടക്കുന്നു. വിഷണ്ണനായി നിൽക്കുന്ന ഷാജഹാനോട് മാനേജർ പറഞ്ഞ സ്വകാര്യം അൽപം എന്റെ ചെവിയിലും വീണു.

” അവരോട് ഇനിയെങ്കിലും കുളിച്ചിട്ടേ പൂളിൽ ഇറങ്ങാവൂ എന്ന് പറയണേ”. പിന്നീടാണ് ഞെട്ടിക്കുന്ന ആ രഹസ്യം അറിഞ്ഞത്. പുഷ്പലതാദികൾ നീന്തിമറിഞ്ഞിട്ടു പോയതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ കാണുന്ന ചെളിവെള്ളം നിറഞ്ഞ പൂൾ..

രാത്രിയിൽ സംഘാംഗങ്ങളുടെ ഒരൊത്തുകൂടൽ. എല്ലാവരും സ്വയം പരിചയപ്പെടുത്തി. അനന്ത്യ മാനേജ്മെന്റ് അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അതിനു ശേഷം അത്താഴമായിരുന്നു മുഖ്യ അജണ്ട. ഡിന്നർ പരാക്രമങ്ങൾ ഉച്ചഭക്ഷണത്തിന് കണ്ടതിന്റെ തനിയാവർത്തനമായിരുന്നു.

അതിനുശേഷം പക്ഷികളുടെ ശബ്ദങ്ങളുടെ ലോകത്തേക്ക് സത്യൻ മാഷ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മനോഹരമായ അവതരണം… വിസ്മയിപ്പിച്ച അനുകരണവും. കോഴിയുടെ ശബ്ദം അനുകരിച്ചപ്പോൾ അദ്ദേഹം അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയാണെന്ന് തോന്നിപ്പോയി .

ആ രാത്രി…. പെവിനും ജയകുമാറിനും കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. അകത്തുപോയ വെള്ളത്തിന്റെ പ്രശ്നമാവാം. അർധനഗ്നയായ ഒരു മാദകാംഗി നിലാവെളിച്ചത്തിൽ നീന്തുന്നു. അവളുടെ അഴിച്ചിട്ട നീണ്ട മുടിയിഴകളിൽ നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു. കൈവിരലുകൾ മാടി അവൾ ക്ഷണിച്ചതും രണ്ടുപേരും നീന്തൽക്കുളത്തിലേക്ക് ചാടി.. പിന്നെ ജലക്രീഡയായിരുന്നു.

പരിചയമില്ലാത്ത വെള്ളത്തിൽ കുളിച്ചാൽ പനിവരാതിരിക്കാൻ അൽപം വെള്ളം വായിൽക്കൊണ്ട് പിടിച്ചാൽ മതിയെന്ന നാട്ടറിവാണ് അനിത്തിന് പ്രശ്നമായത്. വായിൽ വെള്ളമുള്ളതുകൊണ്ടാണ് കൂടെ കുളിക്കാൻ പെവിനെയും ജയകുമാറിനെയും ആംഗ്യം കാണിച്ച് വിളിച്ചത്.

പക്ഷേ, അവരുവന്ന് കാണിച്ചിട്ട് പോയത് ഒരു മഞ്ഞപ്പത്രക്കാരന് പോലും എഴുതാൻ വയ്യാത്ത കാര്യങ്ങൾ. പ്രസ്സുകാരനെ ഇത്തരുണത്തിൽ പ്രസ് ചെയ്തുകളയുമെന്ന് ഒരിക്കലും കരുതിയില്ല. പാവം അനിത്ത്… ഇതെഴുതുമ്പോഴും ശരീരവേദനയും നീർക്കെട്ടും മാറിയിട്ടില്ല. പേടിച്ച് പനിപിടിക്കുകയും ചെയ്തു..

പുഷ്പയുടെ പ്രായപൂർത്തി ദിനം മാർച്ച് 20-ന് സാഘോഷം സാമോദം സമുചിതം കൊണ്ടാടാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അർധരാത്രിയിൽ തന്നെ പദ്ധതി നടപ്പാക്കാമെന്ന ഷാജഹാന്റെ നിർദേശം എല്ലാരും അംഗീകരിച്ചു.

സിദ്ധനായ പ്രേംചന്ദ് ആളെക്കൂട്ടാൻ പോയെങ്കിലും ഏതോ കിടക്കയിൽ കയറി സിദ്ധികൂടി. ഞങ്ങൾ പ്ലാൻ വരച്ച് യുദ്ധതന്ത്രം വിവരിച്ചു. ഷാജഹാൻ പുഷ്പയെ വിളിച്ചിറക്കും. കോട്ടേജിന്റെ ഗേറ്റ് കടന്ന് ‘ജീവി’ പുറത്തു വരുന്നോൾ എല്ലാരും ചാടിവീണ് ഹാപ്പി ബർത്ത് ഡേ എന്നലറി ഭയപ്പെടുത്തണം. എല്ലാരും തലകുലുക്കി…

ടോർച്ച്, കത്തി, കുറുവടി, കുന്തം എന്നിവയുമായി സൈന്യം വഴിക്കിരുവശത്തുമായി ഇരുളിൽ ഒളിച്ചു. ഇവരിൽ അഭിയും രഞ്ജുവും ഒളിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതാവശ്യം വെട്ടത്തുതന്നെ രണ്ടിനെയും കാണില്ല.

ഷാജഹാൻ ചെന്നിട്ട് പുഷ്പേ…. പുഷ്പേ എന്ന് മൂന്നാലുതവണ വിളിച്ച് കതകിൽ തട്ടി. പശ്ചാത്തലത്തിൽ അശരീരിയായി ഏതോ ഒരു അസംസ്കൃത പദം കേട്ടു. ഞങ്ങളുടെ ചെവി പുളിച്ചെങ്കിലും ഷാജഹാന് മാനഹാനി വന്നതായി തോന്നിയില്ല. അദ്ദേഹം ഇതെത്ര കേട്ടിരിക്കുന്നു. എന്തായാലും പണ്ടേതോ സാമൂഹികവിരുദ്ധൻ ഇവരിലാരുടെയോ കതകിൽ ഇതുപോലെ തട്ടിയിട്ടുണ്ടെന്ന് ഉറപ്പായി. വാതിൽ തുറന്ന സംഗീത കൈത്തലം കൊണ്ട് കിറിയിൽനിന്നും ഉറക്കം തുടച്ചുകളയുന്നുണ്ടായിരുന്നു.

എന്താന്ന് ചോദിച്ചതും ഷാജഹാൻ ഏതോ ഒരു മൂങ്ങയുടെ ശാസ്ത്രീയനാമം വെച്ചുകാച്ചി. അതിനെ കാണാൻ സംഗീത ആദ്യം ഇറങ്ങിയോടി. ഞാൻ പട്ടാളത്തിന് സിഗ്നൽ കൊടുത്തു. സംഗീതയാണ് ആദ്യം വരുന്നത്. അതിനാൽ അതിന്റെമേൽ ആരും ചാടിവീഴാതെ നോക്കണം.

എന്നാൽ കണക്കുകൂട്ടൽ പാളി. പച്ചക്കാലിയെ പവിഴക്കാലി മറികടക്കുന്നതുപോലെ തന്റെ നീളൻകാലുകൾ നീട്ടിവെച്ച് രണ്ടു ചുവടുകൊണ്ട് ടീച്ചർ സംഗീതയെ മറികടന്ന് ഗേറ്റിനുപുറത്തെത്തി. രാത്രിയുടെ പശ്ചാത്തലത്തിൽ മേക്കപ്പില്ലാതെ പുഷ്പയുടെയും സംഗീതയുടെയും മുഖം കണ്ടാവണം ഇത്ര കരുതലോടെ നിന്നിട്ടും ഏതോ ദുർബലഹൃദയൻ മറിഞ്ഞുവീഴുന്നതുകണ്ടു. ഭീകരമായ നിശ്ശബ്ദത.

ഇതിനിടെ അപ്സരയും ചാടി പുറത്തെത്തി. ഭീതി ത്രിഗുണിതമായി… തബല കൊട്ടുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ രഞ്ജുവിന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കുന്നതാണ്. എല്ലാരുടെയും ഭാവം കണ്ട് പുഷ്പ പരുങ്ങിയത് നന്നായി. എങ്ങാനും പൊട്ടിച്ചിരിച്ചിരുന്നേൽ കുറെ ഡെഡ്ബോഡി ആ വളപ്പിൽ വീണേനെ. ഒടുക്കം ഞാൻ തന്നെ തുടക്കമിട്ടു. കോറസ് ഏറ്റുപാടി.. ഹാപ്പി ബർത്ത് ഡേ.. ടു.. യൂ… പുപ്സ്..

കിരീടം പ്രഖ്യാപിക്കുമ്പോൾ വിശ്വസുന്ദരി നിൽക്കുന്ന പോലെ രണ്ട് കൈപ്പടങ്ങളാൽ ആഹ്ലാദച്ചിരി പൊത്തിപ്പിടിച്ച് പുഷ്പ അൽപനേരം നിന്നു. പിന്നെ ഹ്രസ്വമായ ഒരു നന്ദിപ്രഭാഷണം നടത്തി. ഞങ്ങളുടെ പദ്ധതി അവളെ ഹഠാദാകർഷിച്ചെന്നും ആനന്ദതുന്ദിലമായ ഈ പാതിരാത്രി ഒരിക്കലും മറക്കില്ലെന്നും മറ്റുമായിരുന്നു അതിന്റെ രത്നച്ചുരുക്കം. ചുമ്മാ ബഡായിയാണെങ്കിലും കേൾക്കാൻ രസമുണ്ടായിരുന്നു. അതുകഴിഞ്ഞ് യോഗം പിരിച്ചുവിട്ടു.

അതേസമയം, സ്വിമ്മിംഗ് പൂളിൽ ഒരു ശാസ്ത്രപ്രദർശനം നടക്കുകയാരുന്നു. ആർക്കിമിഡീസിന്റെ ആദേശ സിദ്ധാന്തത്തിന്റെ പ്രയോഗം.. ആദ്യം സത്യൻ മാഷ് ചാടി. പൂളിൽ നിന്നും രണ്ടുനാഴിവെള്ളം പുറത്തേക്കൊഴുകി. ശ്രീമാൻ അനീഷ് ചാടിയപ്പോൾ കുളത്തിന്റെ വ്യാപ്തത്തിന്റെ നാലിലൊന്ന് ഒഴുകിപ്പോയി.. അനാട്ടമി സംബന്ധിച്ച് നടന്ന പ്രദർശനത്തിൽ നിലാവത്തഴിച്ചുവിട്ട ഇറച്ചിക്കോഴിയെ പോലെ റോണി മസിലുപിടിച്ച് അങ്ങുമിങ്ങും ഇഴഞ്ഞുനടക്കുന്നു..

രാത്രി മറ്റൊരു പക്ഷിനിരീക്ഷണ സംഘം ഷാജഹാന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. നൈറ്റ്ജാറിന്റെയും കാലൻകോഴിയുടെയും ശബ്ദങ്ങൾ അവർ കേട്ടു. നേരത്തെ രഞ്ജുവിനെ അസഭ്യം പറഞ്ഞ രാച്ചുക്ക് ഇത്തവണയും അതാവർത്തിച്ചു. പക്ഷേ കോളിൽ വന്ന ശബ്ദവ്യതിയാനം കേട്ട പ്രേം കരുതിയത് അത് പുതിയ ഏതോ ഒരിനമാണെന്നായിരുന്നു..

രാവിലെ തന്നെ പ്രഭാതം തുടങ്ങിയെങ്കിലും ചില കോട്ടേജുകളിൽ അപ്പോഴും കൂർക്കകൂജനങ്ങൾ നിലച്ചിരുന്നില്ല. പുട്ടുകുറ്റിയും ഇരുനാഴിയും എടുത്ത് കിളികുലത്തിലെ അംഗങ്ങളുടെ ജാതി, എണ്ണം, വണ്ണം, വർണ്ണം എന്നിവ തപ്പി കിളിനോട്ടക്കാർ ഇറങ്ങി. പക്ഷികളുടെ കിടപ്പാടങ്ങളിൽവരെ എല്ലാവരും ഇടിച്ചുകേറി. ഒരു ശൃംഗാരച്ചിരിയോടെ വന്ന പ്രേംചന്ദിനെ കണ്ടതും ഒരു നൈറ്റ്ജാർ മാനഭയത്താൽ തന്റെ രണ്ടുമുട്ടയും താഴെയിട്ട് ഓടിക്കളഞ്ഞു. ആ മുട്ടകളുടെ നഗ്നചിത്രങ്ങളെടുത്ത് ആ കശ്മലൻ മടങ്ങി.

സകലവിധ പരാക്രമങ്ങളിലൂടെയും പരമാവധി പക്ഷികളെ പകർത്താൻ മത്സരം തന്നെ നടന്നു. പിട്ടയെ തപ്പി ഒരു വീടിന്റെ കുളിമുറിയിലേക്ക് ക്യാമറയുമായി ചെന്ന പുഷ്പയെ പിട്ടയുടെ വള്ളി മാറ്റിയുണ്ടാക്കിയ ഒരു പദത്തിന്റെ പ്രയോഗത്തിലൂടെ വീട്ടുകാർ ഓടിച്ചു.

എല്ലാവരും അനന്ത്യയിൽ തിരികെവന്ന് കിട്ടിയ കിളികളുടെ എണ്ണമെടുത്തു. ആകെ നാൽപത്തിമൂന്ന് ഇനങ്ങളെ കണ്ടെത്തിയിരുന്നു. കണക്കുകൂട്ടുന്നതിൽ മിടുക്കനായ അനീഷ് അരവിന്ദ് കൂട്ടിക്കൂട്ടി അത് എൺപതിന് മേലെ എത്തിച്ചു. തുടർന്ന് നമ്മുടെ സംഘചിത്രം എടുക്കാനുള്ള ശ്രമം തുടങ്ങി.

ഇതിനിടെ ഫ്രീയായി ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് കേട്ട് ധനേഷ് അയ്യപ്പനും ദിലീപ് ചന്ദ്രനും എത്തിയിരുന്നു. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സച്ചിൻ പോട്ടംപിടിക്കൽ യത്നം ഏറ്റെടുത്തു. എന്നാൽ ഇത്രയധികം വന്യജീവികളെ ഒരൊറ്റ ഫ്രെയിമിൽ ഒതുക്കാൻ അദ്ദേഹം ക്ലേശിക്കുന്നുണ്ടായിരുന്നു. ഒരു അതിശയൻ മാത്രം പക്ഷേ ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല.

പാതിരാത്രി മുതൽ തന്നെ ഒരു കോട്ടേജിലെ ഫ്ലഷിന് വിശ്രമമില്ലാതായിരുന്നു. ആ കോട്ടേജിന് സമീപത്തുകൂടി പോയവർ വായുവിന്റെ ഹുങ്കാരം കേട്ടു. ചില സന്ദർഭങ്ങളിൽ ഏതോ ഒരരുവിയുടെ കളകളാരവവും ഉയർന്നു.

കണ്ണേറുകാരിയുടെ കൂടെയിരുന്നുള്ള തീറ്റ കണ്ടപ്പോഴേ ഇത് പ്രതീക്ഷിച്ചതാണ്. നയനവിഷം അദ്ദേഹത്തിന്റെ ഭീമാകാരമായ ആമാശയത്തിൽ പ്രവർത്തിക്കാൻ സമയമെടുത്തു എന്നുമാത്രം. ഇന്നലെ രാത്രി ആ സ്വിമ്മിംഗ് പൂളിൽ അവർക്കൊപ്പം ഇല്ലാതിരുന്നതിൽ എനിക്ക് ആശ്വാസം തോന്നി. എന്തായാലും റൂമിലെ കുപ്പിയുടെ കോർക്കെടുത്താവണം ഉച്ചയായപ്പോഴേക്കും അങ്ങേർ ഒരു തടയണ കെട്ടിയിരുന്നു

എല്ലാവരെയും എങ്ങനെയെങ്കിലും ബസിൽ കയറ്റിവിടാൻ അനന്ത്യക്കാർ നടത്തിയ കൊടും പരിശ്രമം വൈകിട്ട് നാലുമണിയോടെ വിജയിച്ചു. എണ്ണമെടുത്തപ്പോൾ മേനോൻ ഇല്ല. അനീഷ് വണ്ടിയിൽ കയറിയപാടെ ഒരു സ്റ്റെപ്പിനി കോർക്കും കയ്യിൽവെച്ച് ഉറക്കം തുടങ്ങി. എയറോസോൾ ടൈപ്പ് ജൈവായുധമേറ്റ് തളർന്ന റൂം മേറ്റ് ഷാൻ പിൻസീറ്റിൽ വീണുകിടക്കുന്നു.

റെയിൽവേ സ്റ്റേഷനടുത്തും കഴക്കൂട്ടത്തുമായി കുറച്ചുപേർ ഇറങ്ങി. വഴിയരികിൽ ബിവറേജിന് മുന്നിലെ നീണ്ട ക്യൂവിൽ ഒരാൾ വിയർത്തൊലിച്ച് നിൽക്കുന്നു. ബൈനോകുലറിലൂടെ ഗ്രില്ലിനകത്തേക്ക് നോക്കി ബ്രാൻഡുകൾ പരതുകയാണ്. ഇതിനാണല്ലേ പുള്ളി അത്യാവശ്യമെന്ന് പറഞ്ഞ് മുങ്ങിയത്…

ഷാജഹാൻ ഏതോ മുംതാസിനെ ഓർത്ത് പാടാൻ തുടങ്ങി. സ്വരത്തിൽ ഭീകര ഗദ്ഗദം… പാട്ട് പിന്നെ പകർച്ചവ്യാധിയായി. എന്റെ ബും.. ബും.. ബും… ങ്യായി… ങ്യായി….ശ്രോതാക്കൾ ഏറ്റെടുത്തു. ബസിലെ നീലവെളിച്ചത്തിനടിയിൽ നിന്ന് അപ്സര ഒരു ഹൊറർ ഗാനം പാടിയപ്പോൾ സദസ്സ് സംഭീതരായി. കള്ളിയങ്കാട്ടെ ഇളംതലമുറക്കാരിയാണോ എന്ന് ഏവരും ഏകകണ്ഠരായി.

അനീഷ് ശ്രീകുമാർ ആലപിച്ച മലയാള കവിത അതിമനോഹരമായിരുന്നു. അതിനു ശേഷം പുഷ്പയുടെ ഒട്ടകങ്ങൾ വരിവരിയായി വന്ന് ആസ്വാദകഹൃദയങ്ങളെ ചവിട്ടിമെതിച്ചും കർണ്ണങ്ങളിൽ ചൂടുമണൽ വാരിയിട്ടും കടന്നുപോയി.

അനീഷ് അരവിന്ദ് മനോഹരമായി ആലപിച്ച ഹിന്ദി ഗാനങ്ങൾ കൈയടി നേടി. സൗത്തിന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് ഗാനങ്ങൾ പാടുന്ന എഴുപുന്നക്കാർ അവരുടെ അടവുകളെല്ലാം പുറത്തെടുത്തു. ഒരു ഹൈ നോട്ടിന് ശ്രമിക്കുന്നതിനിടെ രഞ്ജു ബസ്സിനുള്ളിൽ തളർന്നുവീണെങ്കിലും വെള്ളം തളിച്ചപ്പോൾ കണ്ണുതുറന്നു… തുറവൂരിൽ ടിയാനെ ബാക്കിയുള്ളവർ താങ്ങിയാണ് ഇറക്കിയത്…

********
പിരിയാറാവുന്നു… പേരറിയാത്ത ഒരു നൊമ്പരം പൊതിഞ്ഞുതുടങ്ങുന്നു. ഹ്രസ്വമായ വിടചൊല്ലലോടെ ഓരോരുത്തരായി ഇറങ്ങുന്നു. ഏറെ പ്രിയതരമായ യാത്രകളുടെ ഒടുക്കം നനയുന്ന കണ്ണുകളെ നൽകിക്കൊണ്ടാണ്. നീണ്ടവർഷങ്ങൾക്കിപ്പുറം ഇത്രവലിയ ഒരു സൗഹൃദവൃത്തത്തിന്റെ ഊഷ്മളതയും സംരക്ഷണവും ഇഴയടുപ്പവും പേറി യാത്രചെയ്തിട്ടില്ല. നിബന്ധനകളില്ലാതെ നീട്ടപ്പെട്ട ചങ്ങാത്തങ്ങളുടെ ലാളനമേറ്റിട്ടില്ല.

പ്രകൃതിയുടെ സ്വരഭേദങ്ങൾക്ക് മറുവിളി ചൊല്ലുന്ന, ഒരൊറ്റ മനസ്സുള്ള കൂട്ടുകാരിൽ ഒരുവൻ… ഹൃദയം നയിക്കുന്ന വഴികളിലൂടെ മാത്രം യാത്രചെയ്യുന്ന ഒരുവൻ .. ഒരു സ്കൂൾ ട്രിപ്പുപോലെ അത്രമേൽ മധുരതരം..
ഈ ഓർമകളെ ഗൃഹാതുരതയുടെ പുസ്തകത്തിന്റെ നനുത്ത താളുകൾക്കിടയിൽ പെറ്റുപെരുകിവിരിയേണ്ട മയിൽപ്പീലിക്കുഞ്ഞുങ്ങൾക്കൊപ്പം ഞാൻ സൂക്ഷിച്ചുവെച്ചിരിക്കുന്നു.

ഷാജഹാന് നന്ദി. ഈ കൂട്ടായ്മയിലേക്ക് ക്ഷണം തന്നതിന്… കൂട്ടുകാർക്കെല്ലാം നന്ദി… നിങ്ങളുടെ സൗഹൃദത്തിന്റെ തണൽച്ചാർത്തിൽ എനിക്കൊരിടം തന്നതിന്.. ആതിഥേയരുടെ പേര് അന്വർത്ഥമാക്കുന്നതാവട്ടെ നമ്മുടെ ചങ്ങാത്തം… അനന്ത്യസൗഹൃദം…

Back to Top