എന്തുകൊണ്ടാണ് നിശാശലഭങ്ങൾ ശോഭയുള്ള ബൾബുകളിലേക്ക് ആകർഷിക്കപ്പെടുന്നത്?

എന്തുകൊണ്ടാണ് നിശാശലഭങ്ങൾ ശോഭയുള്ള ബൾബുകളിലേക്ക് ആകർഷിക്കപ്പെടുന്നത്?

എന്തുകൊണ്ടാണ് നിശാശലഭങ്ങൾ ശോഭയുള്ള ബൾബുകളിലേക്ക് ആകർഷിക്കപ്പെടുന്നത്?

Image – nationalmothweek.org

എപ്പോഴെങ്കിലുമൊക്കെ സ്വയം ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഇത്. ഏവർക്കും പരിചിതമായ ഒരു കാഴ്ചയാണ് നിശാശലഭങ്ങളും , പ്രാണികളും വിളക്കിനുചുറ്റും അല്ലെങ്കിൽ ബൾബിനു ചുറ്റും പാറിനടക്കുന്നത്.

ഇത് ഒരു സാധാരണ കാഴ്ചയാണെങ്കിലും , ഇതിനുള്ള കാരണങ്ങൾ തികച്ചും സങ്കീർണ്ണമാണ്.വിളക്കിന്റെയും , നിശാശലഭത്തിന്റെയും പ്രണയം നിശാശലഭത്തിന്റെ തികച്ചും ദാരുണമായ അന്ത്യത്തിലാണ് മിക്കവാറും അവസാനിക്കാറുള്ളത്.(മിക്കപ്പോഴും, അത്തരമൊരു വിളക്കിനടുത്തുവരുന്ന നിശാശലഭങ്ങളെ പല്ലികൾ പോലുള്ള ജീവികൾ ഭക്ഷിക്കുകയോ, അല്ലെങ്കിൽ പ്രകാശസ്രോതസ്സിന്റെ അമിതമായ ചൂടിൽ അവ ചാവുകയോ ആണ് ചെയ്യാറുള്ളത് ).

നിശാശലഭങ്ങളും പ്രാണികളും എന്തുകൊണ്ട് പ്രകാശത്തിലേക്ക് ആകർഷിക്കപ്പെടുന്നു എന്ന് വിവരിക്കുന്ന നിരവധി സിദ്ധാന്തങ്ങൾ ഉണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് “transverse orientation” തിയറി .പണ്ട് കാലത്ത് നാവികർ ധ്രുവ നക്ഷത്രത്തെ ദിശ അറിയുന്നതിന് ഉപയോഗിച്ചിരുന്നതുപോലെ, നിശാശലഭങ്ങളടക്കമുള്ള പ്രാണികൾ നിലാവെളിച്ചത്തെ ഉപയോഗിച്ചാണ് ദിശകണ്ടെത്തുന്നത്. സൂര്യനും, ചന്ദ്രനും ഭൂമിയിൽനിന്നും വളരെ അകലെ ആയതിനാൽ, അവയിൽ നിന്നും പുറപ്പെടുന്ന പ്രകാശ രശ്മികൾ സമാന്തരമായിട്ടാണ് ഭൂമിയിൽ എത്തുന്നത്.ഈ സമാന്തര രശ്മികൾ കണ്ണിനിരുവശത്തും പതിക്കുമ്പോഴാണ് അവക്ക് നേർരേഖയിൽ സഞ്ചരിക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ പറക്കുന്ന ഒരു നിശാശലഭം ഒരു പ്രകാശസ്രോതസ്സിനു സമീപം എത്തിപ്പെടുമ്പോൾ കണ്ണിൽ പതിക്കുന്ന പ്രകാശം സമാന്തരമല്ലാതാവുകയും, അവരുടെ ചലനപാത നേർരേഖയിൽ നിന്നും സർപ്പിളാകൃതിയിലേക്ക് (spiral ) മാറുകയും ചെയ്യുന്നു . അതുകൊണ്ടാണ് വിളക്കിലേക്ക് ആകർഷിക്കപ്പെടുന്ന നിശാശലഭങ്ങളും, പ്രാണികളും അവക്കുചുറ്റും വട്ടമിട്ടു പറക്കുന്നതായി നമുക്ക് തോന്നുന്നത്.

1970 കളിൽ യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന എൻ‌ടോമോളജിസ്റ്റ് ഫിലിപ്പ് കാലാഹൻ(Philip Callahan), ഇതേക്കുറിച്ച് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകൾ രസാവഹമാണ്. ചൂടുള്ള പ്രകാശസ്രോതസ്സുകൾ (വിളക്കോ , മെഴുകുതിരിയോ, ഫിലമെന്റ് ബൾബോ പോലുള്ളവ ) പുറപ്പെടുവിക്കുന്ന ഇൻഫ്രാറെഡ് ലൈറ്റ് സ്പെക്ട്രത്തിന്റെ ആവൃത്തിയും (frequency ), ഒരു പെൺ നിശാശലഭം പുറപ്പെടുവിക്കുന്നു ഫെറോമോണിന്റെ ആവൃത്തിയും ഒന്നാണെന്ന് അദ്ദേഹം കണ്ടെത്തി. ഒരു പ്രകാശ ശ്രോതസ്സ് തിളങ്ങുന്നത് പോലെ , ഈ ഫെറോമോണിനും തിളക്കമുള്ളതായി അദ്ദേഹം കണ്ടെത്തി. അതിനാൽ അടിസ്ഥാനപരമായി, ആൺ നിശാശലഭങ്ങൾ അഗ്നിജ്വാല/പ്രകാശസ്രോതസ്സ് ഒരു പെണ്ണാണെന്ന് കരുതി അവയുമായി ഇണചേരുന്നതിനാണത്രെ വിളക്കിനടുത്തേക്ക് പാറിയടുക്കന്നത് .

Image – Howard Bryne via http://nationalmothweek.org

നിശാശലഭങ്ങൾ അൾട്രാ വയലറ്റ് പ്രകാശത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൾട്രാ വയലറ്റ് പ്രകാശത്തിന്റെ ആവൃത്തി ഫെറോമോണിന്റെ ആവൃത്തിയും വ്യത്യസ്‍തമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഫിലിപ്പ് കാലാഹന്റെ സിദ്ധാന്തം പ്രകാശത്തോടുള്ള ആകർഷണത്തെ വേണ്ടവിധം വിശദീകരിച്ചിട്ടില്ല.

സിദ്ധാന്തങ്ങൾ എന്തൊക്കെയാണെങ്കിലും , രാത്രി ശോഭയുള്ള പ്രകാശസ്രോതസ്സുകൾ തെളിക്കുന്നതിലൂടെ നിശാശലഭങ്ങൾ പോലുള്ള പ്രാണികളുടെ നൈസർഗ്ഗികമായ സഞ്ചാരപാതയെ നാം ശല്യപ്പെടുത്തുന്നുണ്ട്. മനുഷ്യനും , പ്രകൃതിയും തമ്മിലുള്ള സംഘർഷത്തിന് മറ്റൊരുദാഹരണം.

Back to Top