തെയ്യക്കാഴ്ചയും പറവകളും – കണ്ണൂരിന്റെ നന്മകൾ

തെയ്യക്കാഴ്ചയും പറവകളും – കണ്ണൂരിന്റെ നന്മകൾ

തെയ്യം – കണ്ണൂരിന്റെ തനത് അനുഷ്ടാന കല. അതൊന്നു കാണാൻ, ആസ്വദിക്കാൻ പുറത്തു നിന്നെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അസുര വാദ്യത്തിനൊപ്പം ചായില്യം ചാലിച്ചെഴുതിയ നിറക്കൂട്ടുകൾക്കും ചുവപ്പും വെള്ളയും മുഖ്യ വർണങ്ങളാൽ നെയ്ത ഉടയാടകൾക്കും കുരുത്തോലകൾക്കും ഇടയിൽ തേവരായി മാറി നിറഞ്ഞാടുന്ന കോലങ്ങൾ, ഒരു നാടുമുഴുവൻ നാട്ടു ദൈവങ്ങളുടെ ഉരിയാടലും അനുഗ്രഹവും നേടാൻ കാത്തു നിൽക്കുന്ന കാവുകൾ, അത് കാണാനാണ് മലപ്പുറത്ത് നിന്നും സുജീഷ് വന്നത്. മലപ്പുറം ബേർഡ് അറ്റ്ലസ് ഗ്രൂപ്പിൽ നിന്നും കിട്ടിയ ഒരു നല്ല സുഹൃത് ബന്ധം .

കതിരൂരിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ എണ്ണം കൊണ്ട് മുന്നിൽ നിൽക്കുന്നൊരു കാവാണ് കിഴക്കേ കതിരൂർ ശ്രീ കൂർമ്പ കാവ്. മേടം 4 നു കാവിൽ കേറൽ ചടങ്ങ്, പിറ്റേന്ന് വൈകിട്ട് വെള്ളാട്ടം തുടങ്ങും, അതിനു ശേഷം തുടർച്ചയായി രണ്ടു ദിവസങ്ങളിൽ തെയ്യം. മേടം 5 നു (ഏപ്രിൽ 19 ) രാവിലെ എത്തുമെന്നാണ് സുജീഷ് പറഞ്ഞിരുന്നത്. ഇവിടെ ഞാനും സിദ്ധാർഥും അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങി. തലശ്ശേരിയുടെ പ്രശസ്തി അതിന്റെ ഭക്ഷണത്തിലാണ്, അപ്പൊ മോശമാക്കരുതല്ലോ. പ്രാതൽ ഒരുക്കി, ഉച്ചക്ക് ഊണിനുള്ള ചില കറികൾ കൂടി ആയപ്പോഴേക്കും സിദ്ധാർഥ് റെയിൽവേ സ്റ്റേഷനിൽ പോയി സുജീഷിനെ കൊണ്ട് വന്നു. പ്രാതൽ കഴിഞ്ഞു അവർ ഇവിടുന്നു മൂന്നു കിലോമീറ്റർ അകലത്തുള്ള എന്റെ തറവാട് വീട്ടിലേക്കു പുറപ്പെട്ടു , വിശാലമായ തൊടിയിലെ മരത്തിൽ സ്ഥിര താമസക്കാരായ കാലൻകോഴികളെ കാണാനായാണ് യാത്ര.

കാലൻകോഴി [Mottled Wood Owl]
അവിടെ കറങ്ങിയതിനു ശേഷം അവർ ധർമടം ബീച്ച് കൂടി സന്ദർശിച്ചു ഒരു മണി കഴിഞ്ഞാണ് എത്തിയത്. അവിടെ വിംബ്രെലിനെ കാണാൻ കിട്ടി .അപ്പോഴേക്കും ഉച്ചഭക്ഷണം റെഡി. ഓലൻ, കൂട്ടുകറി, പച്ചടി, ചിക്കൻ കറി, ചെമ്മീൻ ഫ്രൈ, പാലട പ്രഥമനൊപ്പം ചോറും കഴിഞ്ഞു ഞങ്ങൾ മാടായിപ്പാറയിലേക്കു ഒരു ഫ്രണ്ടിന്റെ വണ്ടിയിൽ യാത്രയായി. പോകുമ്പോൾ ഡ്രൈവർ ഫ്രണ്ട് ചോദിച്ചിരുന്നു അവിടെ എന്താ ഉള്ളത്, രണ്ടു ദിവസം മുന്നേ ഒരു പാർട്ടി അവിടെ പോകണം എന്നും പറഞ്ഞു പോയിട്ട് അവിടെ എത്തിയപ്പോ ഇതാണോ എല്ലാരും വല്യ കാര്യമായി പറയുന്ന സ്ഥലം, ഇവിടെ എന്താ കാണാൻ ഉള്ളത് എന്ന് ചോദിച്ചിരുന്നെന്നു. അപ്പൊ ഞാൻ പറഞ്ഞു അവിടെ എത്തട്ടെ എന്തൊക്കെ ഉണ്ടെന്നു ഞാൻ കാണിച്ചു തരാമെന്നു.

തെറ്റിക്കൊക്കൻ(Whimbrel)

ഇവിടെ നിന്നും 45 കിലോമീറ്റർ ദൂരമുണ്ട് മാടായിപാറയിലേക്കു. ഒരുപാട് തവണ അവിടെ പോയിട്ടുണ്ട് .എപ്പോഴും ഏതെങ്കിലും ഒരു പുതിയ ഇനത്തെ കാണാനും ഭാഗ്യമുണ്ടാകും. ഏകദേശം 350 ഓളം ഏക്കറിൽ പരന്നു കിടക്കുന്ന ഒരു പീഠഭൂമി .ചുറ്റും താഴ്ന്നു ഈ പ്രദേശം മാത്രം ഉയർന്നു കിടക്കുന്നു. കാണുമ്പോൾ വെറും ഒരു വിശാലമായ പാറ. പക്ഷെ അതിന്റെ ഉള്ളറയിലേക്കു ഇറങ്ങിയാൽ അപൂർവ ജൈവ വ്യവസ്ഥയുടെ അഗാധമായ രഹസ്യങ്ങൾ. കാലമാറ്റങ്ങൾക്കനുസരിച്ചു നിറം മാറുന്ന പാറ.മഴക്കാലത്ത് വെള്ളം നിറച്ചു വച്ച് ചുറ്റുമുള്ള പ്രദേശങ്ങളിൽ വേനലിൽ നീരുറവ നൽകുന്ന കനിവ്. ചിങ്ങമാസങ്ങളിൽ കാക്കപ്പൂവിന്റെ വർണ മണിഞ്ഞു നീലിമയാകുന്ന പാറ, വേനലിൽ ഉണക്കപ്പുല്ലിന്റെ നിറമണിയും. ചേരണിയും ചൂതും ഓരിലതാമരയും പേരറിയാപ്പൂവുകളും നിറം ചാർത്തി മനോഹാരിയാവുന്ന അവിടം വാനമ്പാടികളുടെ സ്വർഗമാണ്. മഞ്ഞക്കണ്ണി, ചെങ്കണ്ണി തിത്തിരികൾ, കൊമ്പൻ വാനമ്പാടി, ചെമ്പൻ പാടി, ബ്ലിത്ത് വരമ്പൻ, ചരൽ വരമ്പൻ, കൽ മണ്ണാത്തി, മണ്ണാത്തിപ്പുള്ള്, വേലിത്തത്തകൾ, സാൻഡ്‌പൈപ്പർ, മഞ്ഞക്കിളികൾ, വ്യത്യസ്ത ഇനം മൈനകൾ, പ്രാവുകൾ, വെള്ളവയറൻ കടൽ പരുന്ത്, തുടങ്ങി ഏകദേശം 200 ൽ കൂടുതൽ പക്ഷിവർഗ്ഗത്തെ കാണുന്ന ഇവിടെ പാമ്പുകൾ, മരപ്പട്ടി, വെരുക്, തുടങ്ങിയവയും ഉണ്ട്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് പുറമെ ജൂതരുടെ പഴയ ചില അവശേഷിപ്പുകളും ഇവിടെ മണ്മറഞ്ഞു പോയ ചരിത്രങ്ങളുടെ കാണാപ്പുറമായി നിലകൊള്ളുന്നു.

ഞങ്ങൾ എത്തുമ്പോൾ സമയം 4. 30 ആകുന്നു. പതിവുപോലെ കല്ലുകളിൽ അവശേഷിച്ച ജൂത കോട്ടയുടെ പരിസരത്താണ് ആദ്യം പോയത്. ചെമ്പൻ വാനമ്പാടികൾ ആകാശത്തു നൃത്തം വച്ച് കറങ്ങി താഴേക്ക് വരുന്ന രസകരമായ കാഴ്ച. അവ കൂടുകൂട്ടുന്ന കാലത്തുള്ള ഒരു സ്വഭാവം. രണ്ടു കൽമണ്ണാത്തികൾ ഇലക്ട്രിക് ലൈനിൽ ഇരിപ്പുണ്ട്. നാട്ടു വേലിത്തത്തകൾ അല്പം അകലെ ഒരു പൊന്തയിലെ ഉയർന്നൊരു തലപ്പത്ത്. പിപിറ്റുകൾ നിലത്തു ഓടി നടക്കുന്നുണ്ട്. അതിനിടെ കഴുത്തിലും തലയിലും ഒരൊറ്റ പൂടപോലുമില്ലാതെ മഞ്ഞയായി കാണപ്പെട്ട ഒരു മൈന ഒറ്റയ്ക്ക് ഇരതേടുന്നുണ്ട്. ആറു മഞ്ഞക്കണ്ണികൾ ഞങ്ങളെ കാണുമ്പൊൾ കുറച്ചകലേക്കു പറന്നു മാറി നടക്കുന്നു. ഇടയിൽ ഒരു ചെങ്കണ്ണി ഒരു പാറയിൽ അമർന്നു കിടക്കുന്നതു കണ്ടു കുറച്ചു നേരത്തെ തിരച്ചിലിനു ശേഷം കൂടില്ല എന്ന് ഞങ്ങൾ ഉറപ്പിച്ചു. തകർന്ന കോട്ട പരുന്തുകളുടെ താവളമാണ്. ചക്കി പരുന്തുകളും കൃഷ്ണ പരുന്തുകളും ഒരുപാടുണ്ട്. കോട്ടയിൽ നിന്നും താഴേക്കുള്ള ചരിവിൽ നോക്കിയാൽ വട്ടം കറങ്ങുന്ന പരുന്തുകൾ നല്ലൊരു കാഴ്ചയാണ്. അകലെ പുഴയുടെയും പച്ചപ്പിന്റെയും മനോഹര ദൃശ്യം. അതിനിടയിലൂടെ ട്രെയിൻ പോകുന്നതും കാണാമായിരുന്നു. ഉയർന്ന ആ ഭാഗത്തുള്ള ചരിവുകളിലെ മരങ്ങളിൽ തവിടൻബുൾബുൾ, മഞ്ഞച്ചിന്നൻ, അയോറ, മഞ്ഞക്കിളികൾ, നാട്ടുകുയിൽ എന്നിവയും ഉണ്ട്. പച്ചചുണ്ടനെ കുറെ തിരഞ്ഞെങ്കിലും കണ്ടില്ല. ഉയർന്ന മരങ്ങളിൽ ചക്കിപ്പരുന്തും കൃഷ്ണപ്പരുന്തും കൂടു വെച്ചിട്ടുണ്ട്.

അതിനു ശേഷം വടുകുന്ദ ക്ഷേത്രത്തിനു സമീപമുള്ള തടാകം കൂടെ ഒന്ന് കാണാമെന്നു ഉറപ്പിച്ചു. അവിടുന്ന് ഇറങ്ങുമ്പോൾ ഈ പാറയിൽ എന്താ ഉള്ളതെന്ന് മനസ്സിലായല്ലോ എന്ന എന്റെ ചോദ്യത്തോട് നല്ലൊരു ചിരിയായിരുന്നു നമ്മുടെ ഡ്രൈവർ സുഹൃത്തിന്റെ വക. തടാകക്കരയിൽ കൂടുതലൊന്നും ഉണ്ടായില്ല, സന്ധ്യ ആവാറായിരുന്നു. ഒരു ചായക്ക്‌ ശേഷം മടങ്ങി. ഇടയ്ക്കിടെ മഴയും ആസ്വദിച്ച് വീട്ടിലെത്തുമ്പോൾ സമയം 7. 40. വേഗം ഫുഡ് റെഡി ആക്കി സിദ്ധാർഥും സജീഷും 9. 30 ഓടെ കാവിലേക്കു പോയി. തിരികെ പാതിരാവായപ്പോഴാണ് വന്നത്. രാവിലെ എട്ടു കഴിഞ്ഞു രണ്ടു പേരെയും വിളിച്ചുണർത്തി പ്രാതലും കൊടുത്തു വീണ്ടും വിട്ടു കാവിലേക്കു, അതിനു മുന്നേ ഇവിടെ വരാന്തയിൽ ഇരുന്നു പക്ഷി നിരീക്ഷണം. മുന്നിലെ മൺതിട്ടയിൽ മീൻകൊത്തിയുടെ കൂടും മരങ്ങളിൽ ചിലച്ചു ബഹളം കൂട്ടുന്ന കുറെ പക്ഷികളും .ഒരു 20 മിനിറ്റ് ചുമ്മാ ബൈനോക്കുലറുമായി ഇരുന്നാൽ 20 ഓളം ഇനങ്ങൾ സുഖമായി കാണാം. അവിടെ ഉള്ള ഇരിപ്പിലാണ് എനിക്ക് 2 ചെങ്കുയിലുകളെയും കാട്ടിലക്കിളികളെയുമൊക്കെ കിട്ടിയത്. ഗരുഡൻ ചാരക്കാളി, ചാര തലക്കാളി, അയോറ, ഇലക്കിളി, വേലിത്തത്ത, സൂചി മുഖികൾ, തുന്നാരൻ, ഈറ്റ പൊളപ്പൻ തുടങ്ങിയവയൊക്കെ മുന്നിലെത്തും.

കതിരൂർ കാവിലെ തെയ്യം തീരുന്നത് വലിയ ഭഗവതിക്ക് കുരുത്തോലയും മുളംചീന്തും കൊണ്ടൊരുക്കിയ 10 മീറ്ററോളം ഉയരമുള്ള ഭരിച്ച മുടി വെച്ച് മൂന്നു തവണ കാവ് ചുറ്റുന്നതോടെയാണ്. മുടി കുറച്ചുപേർ മുള കൊണ്ട് താങ്ങി കൊടുക്കും. വിഷ്ണുമൂർത്തി, പോതി, ശ്രീ പോർക്കലി, കുട്ടിച്ചാത്തൻ, ചെറിയ ഭഗവതി, തുടങ്ങിയ തെയ്യങ്ങളും കത്തിച്ച തിരിയിട്ട മണ്കുടങ്ങൾ തലയിലേന്തിയ സ്ത്രീകളുമൊക്കെ ഈ പ്രദക്ഷിണത്തിൽ പങ്കെടുക്കും .എന്തായാലും നല്ലൊരു തെയ്യ കാഴ്ച ആയിരുന്നു സുജീഷിന്. അവിടുന്ന് ഉച്ചക്കുള്ള പ്രസാദ സദ്യയും കഴിഞ്ഞു 3. 30 നു രണ്ടുപേരും വന്നു. ഉടൻ തന്നെ നാലു മണി കഴിഞ്ഞെത്തുന്ന ട്രെയിനിൽ തിരികെ പോകാനിറങ്ങി. രണ്ടു ദിവസത്തെ ഇവിടത്തെ അനുഭവം തലശ്ശേരിയെ കുറിച്ചുള്ള മുൻ ധാരണ മാറ്റിക്കാണും, ഉറപ്പ്‌. പക്ഷികളും തെയ്യങ്ങളും കൂടിച്ചേർന്ന 2 ദിനങ്ങൾ മറക്കാനാവാത്തൊരു അനുഭവമാകും .

ലതിക കെ കെ കതിരൂർ

Back to Top