വേനലിൽ പറവകൾക്കായ്‌  ദാഹജലം..

വേനലിൽ പറവകൾക്കായ്‌ ദാഹജലം..

വീണ്ടുമൊരു ജലദിനം കൂടി കടന്നുവന്നിരിക്കുന്നു.. പ്രളയം ബാക്കി വെച്ചതും ഇനിയും വരാനിരിക്കുന്നതും അവിടെ നിൽക്കട്ടെ. ഇപ്പോൾ ഈ വേനലിൽ നമുക്ക് ചെയ്യാൻ പറ്റുന്നതുണ്ട്… ജലസ്രോതസുകൾ ഇല്ലാതാകുമ്പോൾ ദാഹിക്കുന്ന പറവകൾക്കു കുറച്ചു വെള്ളം ഒരുക്കാം. വിസ്താരമുള്ള മണ്‍പാത്രത്തിൽ എന്നും നല്ല വെള്ളം നിറച്ചു കൊടുക്കൂ.. കുട്ടികളെയും അത് പഠിപ്പിക്കൂ.. തനിയേ നിങ്ങൾ ഈ പ്രകൃതിയോടടുക്കുന്ന കാണാം. ചില അനുഭവങ്ങളിലേക്ക്…

വീട്ടിലെ കിളിവെള്ളത്തില്‍ വിരുന്നെത്തിയ കരിയിലക്കിളി (Jungle babbler), നാട്ടുമരംകൊത്തി (Black rumped flameback) and ചിന്നക്കുട്ടുറുവന്‍ (White cheeked Barbet). Image – Mukundan Kizhakkemadham

ഗ്രീഷ്മത്തിലെ പക്ഷിജീവിതം- ലതിക കതിരൂര്‍

”വേനൽ – ജലദൗർലഭ്യത്തിന്റെ കാലം”. മനുഷ്യർക്കു ആയാലും ജന്തുക്കൾക്കായാലും പക്ഷികൾക്കായാലും ജലമില്ലാത്തൊരു ജീവിതം സാധ്യമല്ല. പ്രകൃതിയിൽ തുറന്ന പ്രദേശങ്ങളിൽ വെള്ളമില്ലാതാവുന്നത് ജീവികളെ വല്ലാതെ ബാധിക്കും.

തണ്ണീർപ്പന്തൽ Thaneer Panthal
അടാട്ട് കോള്‍മേഖലയില്‍ കുറൂർ പാറയ്ക്ക് അടുത്തുണ്ടായിരുന്ന ഒരു തണ്ണീർപന്തലിന്റെ ശേഷിപ്പ്. ചിത്രം: Manoj K

പണ്ട് വാഹനങ്ങൾ കുറവുള്ള കാലത്ത്, കാൽനടയാത്രക്കാർ കൂടുതലുണ്ടായിരുന്നപ്പോൾ വഴിയരികിൽ തണ്ണീർപ്പന്തലുകൾ ഒരുക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് അതുപോലെ പ്രകൃതി സ്നേഹികൾ പക്ഷികൾക്കായി കുടിനീര് ഒരുക്കുന്ന പതിവ് തുടങ്ങീട്ടുണ്ട്.

ജലമില്ലാതെ ഒരു ജീവിക്കും നിലനിൽപ്പില്ല. ചിലവ അവയുടെ ഭക്ഷണമായ പഴങ്ങൾ, ഇലകൾ എന്നിവയിലൂടെ ജലം സ്വീകരിക്കുന്നു. യൂക്കാലിപ്റ്റസ് ഇലകൾ മാത്രം ഭക്ഷിക്കുന്ന കൊവാലയും ഒരിക്കൽ ആവശ്യത്തിന് വെള്ളം കുടിച്ചാൽ അത് കൊഴുപ്പായി സൂക്ഷിക്കുന്ന ഒട്ടകവും മറ്റും ഇതിനു ഉദാഹരണങ്ങളാണ്. ധാരാളം പഴങ്ങൾ ഭക്ഷണമാക്കുന്ന വേഴാമ്പലുകൾക്കും വെള്ളം കുറച്ചേ വേണ്ടൂ. എന്നാൽ ചൂടുള്ള അന്തരീക്ഷത്തിൽ പറന്നു നടന്നു ഇരതേടുന്ന മറ്റു പക്ഷികൾക്ക് വെള്ളമില്ലാതെ വയ്യ. വറ്റിവരളുന്ന തോടുകളും പുഴകളും ഇതിന്റെ തീവ്രത കൂട്ടുന്നു. അത്തരം ഒരു സന്ദർഭത്തിൽ അവയ്ക്കു കുടിവെള്ളം ഒരുക്കുന്നത് ഒരു സഹജീവി സ്‌നേഹം ആണ്.

Image – Ranju Unique Orkkatteri via Kole Birders Collective

വീടുകളോട് ചേർന്ന് തണലും സുരക്ഷിതത്വവുമുള്ള സ്ഥലത്ത് നിലത്തോ തൂക്കിയിടാവുന്ന തരത്തിലോ ആയി മൺചട്ടിയിൽ വെള്ളം നിറച്ചു വെക്കുന്നത് പക്ഷികളെ ആകർഷിക്കും. അധിക ആഴമില്ലാത്ത വിസ്താരം കൂടിയ മൺപാത്രങ്ങൾ കിട്ടിയില്ലെങ്കിൽ മാത്രം പ്ലാസ്റ്റിക് പത്രം ഉപയോഗിക്കാം. ദിവസവും വെള്ളം മാറ്റിക്കൊടുക്കണം. തൂക്കിയിടുന്നവ വലിയ പക്ഷികൾ പറന്നിരിക്കുമ്പോൾ മറിഞ്ഞു വീഴാതിരിക്കാൻ പാകത്തിലാവണം ഒരുക്കേണ്ടത്.

വള്ളിക്കുടിലുകളിൽ ജല സൗകര്യം ഒരുക്കുന്നത് പക്ഷികളെ കൂടുതലായി ആകർഷിക്കുന്നത് കണ്ടിട്ടുണ്ട്. ചെമ്പോത്ത്, പുള്ളി ചിലപ്പൻ, കരിംകിളി, മഞ്ഞച്ചിന്നൻ, തവിടൻ ബുൾബുൾ, മഞ്ഞക്കിളികൾ, കുയിലുകൾ, കുളക്കോഴി, തുടങ്ങി എല്ലായിനങ്ങളും കുടിക്കാനും കുളിക്കാനുമായി വരുന്നത് കാണാം. പക്ഷികൾക്ക് കുളി നിർബന്ധമാണ്‌. കോരിച്ചൊരിയുന്ന മഴയത്തു കെട്ടിനിൽക്കുന്ന വെള്ളത്തിൽ അർമാദിച്ചു കുളിക്കുന്ന കാക്കകൾ മഴക്കാല ദൃശ്യങ്ങളിൽ ഒന്നാണ്. ഉച്ചനേരത്ത് കുളികഴിഞ്ഞു വള്ളിക്കുടിലിൽ തൂവലുകൾ ചിക്കിയൊതുക്കി കിന്നാരം പറഞ്ഞിരിക്കുന്ന പൂത്താംകീരികൾ നല്ലൊരു കാഴ്ചയാണ്. സന്ധ്യയോടെ കുളികഴിഞ്ഞു വെള്ളം കുടിച്ചു കൂടണയാൻ പോകുന്നവയാണ് മണ്ണാത്തിപ്പുള്ളുകളും പഫ് ത്രോട്ടേഡ് ബാബ്ലർ എന്നിവയും.

Jeevajalam 2018 – Malabar Awareness and Rescue Centre for Wildlife

പക്ഷികൾക്ക് പുറമെ അണ്ണാൻ, കീരി എന്നിവയും രാത്രിയിൽ കുറുക്കനും മരപ്പട്ടിയും ഒക്കെ വെള്ളം കുടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. ഗ്രീഷ്മത്തിന്റെ കാഠിന്യത്തെ നേരിടാൻ, ജീവികൾക്ക് താങ്ങും തണലുമാവാൻ, ഇത്തരം പ്രവർത്തനങ്ങൾക്കാവും. നിങ്ങൾക്കും ഒരുക്കാം ഒരു തണ്ണീർപ്പന്തൽ.

ദാഹജലം ജീവജാലങ്ങൾക്കും; അഭ്യര്‍ത്ഥനയുമായി തൃശ്ശൂര്‍ ജില്ലാകളക്ടര്‍

കടുത്ത വേനലിൽ നമ്മളെ പോലെ ദാഹജലത്തിനായി പക്ഷികളും മൃഗങ്ങളും വലയുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയിൽ ജില്ലയിൽ പൊതുസ്ഥലങ്ങളിൽ ചെറിയ പാത്രങ്ങളിൽ വെള്ളം നിറച്ച് വെക്കുന്ന പദ്ധതി ഇന്ന് (10.03.2019) മുതൽ #ദാഹജലം_ജീവജാലങ്ങൾക്കും ” എന്ന പേരോടെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ചിട്ടുള്ള കാര്യം ഏവരെയും അറിയിക്കുന്നു. ഇൗ ഉദ്യമം വിജയിക്കുന്നതിന് ഇതിനോട് അനുബന്ധിച്ചു നിങ്ങളും നിങ്ങളുടെ വീടുകളിൽ കഴിയുന്നത്ര പാത്രങ്ങളിൽ ജലം വെച്ച് മാതൃക ആകണം എന്ന് അഭ്യർത്ഥിക്കുന്നു. തൃശ്ശൂര്‍ ജില്ലാകളക്റ്റര്‍ അനുപമ ഐ എ എസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൊതുജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

അപ്പൂന്റെ ലോകം

‘അപ്പൂന്റെ ലോകം’ എന്ന പരിസ്ഥിതി ഡോക്യുമെന്ററി പരിചയപ്പെടാം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വളരെ രസകരമായി ചിത്രീകരിച്ച ഒരു ഷോര്‍ട്ട് ഫിലിമാണിത്. ഒരു കുഞ്ഞും കിളികളും തമ്മിലുള്ള ബന്ധമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ ബാല്‍ക്കണിയില്‍ വരുന്ന കിളികള്‍ക്ക് വെള്ളം കൊടുത്തു അവരുടെ സുഹൃത്തുക്കളായി. ഒരു വര്‍ഷത്തോളം എടുത്താണ് ഇത് ചിത്രീകരിച്ചത്. ലോകം ബാല്‍ക്കണിയിലൊതുങ്ങിയപ്പോള്‍ കാണുന്ന മാവും അതില്‍ വന്നിരിക്കുന്ന അതിഥികളുമായി കുഞ്ഞു അപ്പുവിനും അമ്മയ്ക്കും ലോകം. അങ്ങിനെ അപ്പുവിന്റെ അമ്മ റോഷ്‌നി റോസ് ഈ കഥ ചിത്രീകരിച്ചു. നിരവധി ദേശിയ-അന്തര്‍ദേശിയ മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു ഹ്രസ്വചിത്രമാണിത്.

വീട്ടുമുറ്റത്ത് ഉമക്കുട്ടി ഒരുക്കിയ മഴനീർക്കുടം

പൊരിയുന്ന വെയിലിൽ ദാഹിച്ചു വലയുന്ന കുഞ്ഞുകിളികൾക്കായി വീട്ടുമുറ്റത്ത് ഉമക്കുട്ടി ഒരുക്കിയ മഴനീർക്കുടം.

സംഭവം ലളിതമാണ്. ഒരു മരത്തിന്റെ ശിഖരത്തിൽ പരന്ന ഒരു മൺചട്ടി നല്ല ഉറപ്പിൽ കെട്ടിവച്ച് വെള്ളം നിറച്ചു വയ്ക്കുക. കിളികൾക്ക് വന്ന് ഇരിക്കാൻ നീളത്തിൽ ഒരു കമ്പിയോ മരമോ കൂടിവേണം. വെള്ളം കുടിക്കാനും ചട്ടിയിലെ വെള്ളത്തിൽ കുളിക്കാനും കിളികൾ എത്തും.

സബ്നയുടെ ബേഡ്ബാത്ത്; യോഷിയുടേയും

എല്ലാരും ഒരു ചെറിയ പാത്രത്തിലോ പാളയിലോ ഇത്തിരി വെള്ളം വെച്ചുകൊടുക്ക്വോ, ഇവര്‍ക്ക്?
എന്റെ ബേര്‍ഡ് ബാത്തിന്റെ മൂന്നാമത്തെ വര്‍ഷമാണിത്. ഇപ്രാവശ്യം ജനുവരി മുതല്‍ക്കേ വെള്ളം വെച്ചിരുന്നു. യോഷിക്ക് ഒരു കുഞ്ഞി ബേര്‍ഡ് ബാത്തും കൂടിയുണ്ട് ഇപ്പോ.

കുടിക്കുന്നതിനേക്കാള്‍ കുളിക്കാനാണിഷ്ടം. ഈ പൊടി തട്ടലും ചെറിയൊരു കോതിമിനുക്കലും ഇല്ലെങ്കില്‍ ഇവര്‍ക്ക് പറക്കാന്‍ തന്നെ പ്രയാസമാകും. ചൂട് കുറയ്ക്കാന്‍ ഇപ്രാവശ്യം നന്നായി ശ്രമിക്കുന്നുണ്ടെന്നും തോന്നി (സ്വാഭാവികം!). ഇവര് കുളിച്ചും കുടിച്ചുമൊക്കെ പറക്കുമ്പോള്‍ നമ്മുടെ മനസ്സിനും വല്യ ഒരാശ്വാസം തോന്നും.

 

വലിയവര്‍ക്ക് വിശദമായ് മുങ്ങി കുളിക്കണമെങ്കില്‍ വലിയ പാള പാത്രം തന്നെ വേണം

ചിത്രങ്ങള്‍ – Ravindran Koolothvalappil

വേനൽക്കാല സംരക്ഷണം – ടി.ജി. അജിത

സത്യത്തിൽ പക്ഷികളെ കാണാൻ ഉള്ള കണ്ണ് തന്നത് എന്റെ ഒരു കുഞ്ഞൻ കാമറ ആണ്… ഏതാണ്ട് അഞ്ചു വര്ഷങ്ങള്ക്കു മുൻപേ . അവയെ കണ്ടത് മുതൽ ഓരോരുത്തരുടെ പേരുകളറിഞ്ഞത് മുതൽ കുറെ പക്ഷി നിരീക്ഷക സുഹൃത്തുക്കളും ഉണ്ടായി… അങ്ങനെയാണ് വേനൽക്കാല സംരക്ഷണം എന്ന തിരിച്ചറിവ് വന്നത്… എന്റെ വീടിനു മുൻപിൽ ഏറെ മരങ്ങൾ ഉള്ളതുകൊണ്ട് കാടുകളിൽ പോലും കാണുന്ന കിളികൾ എത്താറുണ്ട്. ഇവയിൽ പലതും വെള്ളം കുടിക്കാനായി വരാറുമുണ്ട്.

പക്ഷെ ഏറ്റവും അദ്‌ഭുതം തോന്നിയത് കീരിക്കുട്ടനും കുളക്കോഴിയും മൂങ്ങകളും എത്തിയപ്പോൾ ആണ്. തത്ത, ടിറ്റ് , പൂത്താങ്കീരികൾ, കുറിക്കണ്ണൻ കാട്ടുപുള്ള് , തുടങ്ങി സ്ഥിരക്കാരായ ബുൾബുളുകളും കരിയില കിളികളും, വണ്ണാത്തിപ്പുള്ളു കളും, ഓലേഞ്ഞാലികളും കുട്ടുറുവന്മാരും… ആകെ കലപിലയാണ് രാവിലെ… ഇവ തരുന്ന സന്തോഷവും സമാധാനവും ആണ് എനിക്ക് എന്റെ വീടിനെപ്പോലും പ്രിയപ്പെട്ടതാക്കുന്നത്… സങ്കടവും തോന്നും. ഒരു കുളക്കോഴിക്ക് പോലും എന്റെ വീട് തേടേണ്ടി വരുന്നത് കാണുമ്പോൾ. അവൻ ഇവിടെ സ്ഥിരക്കാരനായി. ആളുകൾ ഇടുന്ന ചോറും മറ്റു ഭക്ഷണ അവശിഷ്ടങ്ങളും മറ്റു കിളികളോടൊപ്പം കൊത്തിപ്പെറുക്കി, രാവിലെമരത്തിലും മതിലിലുമൊക്കെയായി അതിനെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.

തണ്ണീർക്കുടങ്ങൾ

കുളങ്ങൾ ഇല്ലാതായപ്പോൾ

ഞാൻ ഇടപ്പള്ളിയിൽ വന്ന കാലത്തു ഇവിടെ നിറച്ചു കുളങ്ങൾ ഉണ്ടായിരിന്നു. കുളങ്ങളെ ആശ്രയിച്ചു നീർപക്ഷികളായ കുളക്കോഴികളും കുളക്കൊക്കുകളും ചുറ്റും. കുളങ്ങൾ എല്ലാം നികത്തിപ്പോയി.  ഇപ്പോൾ ഇവർ കുടിക്കുന്നതും കുളിക്കുന്നതും എന്റെ കിളിത്തൊട്ടിയിൽ. മുകുന്ദന്‍ കിഴക്കേമഠം പറയുന്നു.

വീട്ടിലെ കിളിത്തൊട്ടിയിൽ ഇന്ന്‌ രാവിലെ വന്ന ഒരു പ്രാപ്പിടിയൻ [Shikra]
Image – Mukundan Kizhakkemadham

 

ചെമ്പൻ നത്ത് [Jungle Owlet]

ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും myijk കൂട്ടായ്മയും

കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും myijk കൂട്ടായ്മയും

ഇത്തിരി വെള്ളം.. ഒത്തിരി കാര്യം

കേരളം വരണ്ടു തുടങിയിരിക്കുന്നു.. നമളെ പോലെ തന്നെ എല്ലാ ജീവജാലകൾക്കും ദാഹിക്കുന്നുണ്ട് പറ്റുമെകിൽ കുറച്ചു വെള്ളം അവർക്കും കൂടി മാറ്റി വെച്ചൂടെ….

നിങ്ങളുടെ വീടിന്റെ മുൻപിലോ സമീപത്തോ അല്പം വെള്ളം ഒഴിച്ച് വെക്കുകയും അത് വറ്റിയിട്ടില്ല എന്ന് ദിവസവും ഒറപ്പ് വരുത്തുകയും ചെയ്യണം.. നമ്മളാൽ പറ്റുന്നത് നമുക്ക് ചെയ്തുകൂടെ.

കിളിക്കുളത്തിലെ വിരുന്നുകാർ

പക്ഷികൾ മാത്രമല്ല കീരിയും കുരങ്ങനും ഉറുമ്പും കടന്നല്ലും വരെ ദിവസവും വെള്ളം കുടിച്ചുപോകുന്നു.

വിദ്യാലയ ഉദ്യാനങ്ങളിൽ കിളികൾക്കായി ‘തണ്ണീർക്കുടങ്ങൾ‘ ഒരുക്കുക – ഡി.പി.ഐ സർക്കുലർ 2018 മാര്‍ച്ച്

വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണ്. വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക് കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അല്പം വാവട്ടമുള്ള മൺകലങ്ങളിലോ പാത്രങ്ങളിലോ വെള്ളം നിറച്ച് ഉദ്യാനത്തിലെയോ വിദ്യാലയ കാമ്പസ്സിലെ ഒഴിഞ്ഞകോണുകളിലോ ഒരുക്കിയാൽ ഈ കടും വേനലിൽ അവയ്ക്ക് അല്പമെങ്കിലും ആശ്വാസമാവും. വിദ്യാർത്ഥികൾ കഴിയുമെങ്കിൽ സ്വന്തം വീട്ടുവളപ്പിലും ഇത്തരം തണ്ണീർ പാത്രങ്ങൾ ഓരോ ദിവസവും വെള്ളം നിറച്ചു വയ്ക്കാൻ ശ്രമിക്കണം. കിളികൾക്കും ചെറുജീവികൾക്കുമായി നമ്മുടെ വക എളിയ കരുതലാവട്ടെ ഈ തണ്ണീർക്കുടങ്ങൾ. പൊതുവിദ്യഭാസ ഡയറക്ടർ പുറപ്പെടുവിച്ച നം.എസ്.എസ്(1)/2018/ഡി.പി.ഐ സർക്കുലറിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശമുള്ളത്.

 

Back to Top
%d bloggers like this: