ചിറകുകൾക്ക് കാറ്റുപിടിക്കുമ്പോൾ

ചിറകുകൾക്ക് കാറ്റുപിടിക്കുമ്പോൾ

1001 രാവുകൾ എന്ന പുസ്തകത്തിൽ ഒരു കഥയുണ്ട്, സുന്ദരിയായ ഒരു ജിന്ന് പെൺകുട്ടിയെ കല്യാണം കഴിച്ച ഒരു പാവപ്പെട്ട ചെറുക്കന്റെ കഥ. ചിറകുകൾ അണിഞ്ഞാൽ അരയന്നം ആയി പറന്നുപോകാൻ കഴിവുള്ള പെൺകുട്ടി. അവൾ ചിറകുകൾ അഴിച്ചു വച്ച് തടാകത്തിൽ കുളിക്കുന്ന സമയം ചിറകുകൾ ഒളിപ്പിച്ചുവെച്ചു അവളെ കൊണ്ടുപോയതാണ് അവൻ. അവന്റെ ഭാര്യയായി കഴിഞ്ഞ അവൾ ഒരിക്കൽ ആ ചിറകുകൾ സൂത്രത്തിൽ കൈക്കലാക്കി പോകാനിറങ്ങുമ്പോൾ അവന്റെ ഉമ്മയോട് പറയുകയാണ് “വായു എന്നെ കൊതിപ്പിക്കുന്നു, എനിക്ക് പറക്കാതെ വയ്യ, ചിറകുകൾ പറക്കാൻ പ്രേരിപ്പിക്കുന്നു, അതുകൊണ്ടു ഞാൻ പോവുകയാണ് “. അതെ, അതുപോലെയാണ് സഞ്ചാരികൾ. യാത്ര ഇല്ലെങ്കിൽ പൂർണ്ണമാകാതെ പോകുന്ന ജീവിതം അടുപ്പിച്ചു രണ്ടു ഹോളീഡേ വന്നപ്പോഴാണ് വീണ്ടും ഒരു യാത്രയെ കുറിച്ചോർത്തത്. കുറച്ചു ഫ്രണ്ട്‌സ് നോട് ചോദിക്കുകയും ചെയ്തു. അങ്ങനെ വെറുതെ ഒന്ന് വിളിച്ചതാണ് ഷോബിയെ. അപ്പൊ തന്നെ റിപ്ലൈ തന്നു. ഗിരീഷ് ചേട്ടനും ഫാമിലിയും കൂടെ വയനാട്ടിൽ പോകുന്നു, വരുന്നോ എന്ന്. ആദ്യം ഉറപ്പിച്ചു പറഞ്ഞില്ല, സിദ്ധാർത്ഥിന്റെ ലീവ് അറിയട്ടെന്നു വച്ചു. രണ്ടു ദിവസം കഴിഞ്ഞു അവൻ 20 നു രാവിലെ എത്തും എന്ന് വിളിച്ചു പറഞ്ഞപ്പോ പെട്ടന്ന് യാത്ര പ്ലാൻ ചെയ്തു. അവനു തിരികെ പോകാനുള്ള ടിക്കറ്റ് റിസേർവ് ചെയ്തു വച്ചു. വയനാട്ടിലെക്കുള്ള ബസ് സമയം അന്വേഷിച്ചു. സിദ്ധാർഥ് രാവിലെ 6 മണിക്ക് എത്തും, 8. 15 നു ഒരു ഊട്ടി ബസ് ഉണ്ട്. ഷോബിയെ വിളിച്ചു ഉറപ്പു പറഞ്ഞു. അങ്ങനെ യാത്ര പ്ലാൻ ചെയ്തു റെഡി ആയി.

20 നു രാവിലെ അവൻ ആറുമണിക്ക് തന്നെ എത്തി. അപ്പോഴേക്കും ഞാൻ പ്രാതൽ റെഡി ആക്കി കുളിയും കഴിഞ്ഞു. അവൻ വേഗം പ്രഭാതകർമങ്ങൾ തീർത്തു റെഡി ആയി, ഞങ്ങൾ ഫുഡും കഴിഞ്ഞു വീടൊതുക്കി അടച്ചു പൂട്ടി അയൽവാസിയുടെ ഓട്ടോയിൽ തലശ്ശേരിയിൽ 8 ആകുമ്പോഴേക്കും എത്തി . ഒരു മൈസൂർ ബസ് വന്നപ്പോൾ അതിൽ പോയാലോന്നു വിചാരിച്ചു അവരോടു ചോദിച്ചപ്പോൾ ആ ബസ് ഇരിട്ടി വരെ പോയി കറങ്ങിത്തിരിഞ്ഞേ മാനന്തവാടി പോകുള്ളൂ എന്ന് പറഞ്ഞതോടെ വേണ്ടെന്നു വച്ചു. കൂട്ടുപുഴ – കുടക് വഴിയുള്ള ഗതാഗതം ഇനിയും പഴയപടി ആയില്ല.അതുകൊണ്ടു മൈസൂർ, ബംഗളൂരു ബസുകൾ മാനന്തവാടി വഴിയാണ് പോകുന്നത്. ബസ് അല്പം ലേറ്റ് ആയാണ് വന്നത്. അധികം തിരക്കില്ലായിരുന്നു.

യാത്ര തുടങ്ങുന്നു, ചിറകുകളിൽ കാറ്റുപിടിച്ചാൽ പറക്കാതെ എങ്ങനെ ?
നെടുംപൊയിൽ ചുരം പകുതി ആയപ്പോഴേ പ്രളയത്തിന്റെ ശേഷിപ്പുകൾ കാണാൻ തുടങ്ങി. മണ്ണിടിഞ്ഞതിന്റെയും വെള്ളം കേറിയതിന്റെയും ലക്ഷണങ്ങൾ. കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റിയതിന്റെ അടിഭാഗം. വീണു കിടക്കുന്ന കൂറ്റൻ പാറക്കല്ലുകൾ. റോഡ്‌ മാനന്തവാടി വരെ അലങ്കോലമായി കിടക്കുന്നു. എന്തായാലും ഒരുമണിയോടെ ബത്തേരി എത്തി. ഊണ് കഴിഞ്ഞു വടുവഞ്ചാൽ ബസിൽ കേറി ഷോബിയെ വിളിച്ചു. യാത്ര തുടങ്ങുമ്പോൾ ഫോൺ ഓഫ് ചെയ്തുവച്ചിരുന്നു. അത് ഓൺ ആക്കിയപ്പോൾ ഷോബിയുടെ മെസ്സേജ് കണ്ടു. ഇടയ്ക്കു വഴിയിൽ വച്ചു വിളിച്ചപ്പോ ഏകദേശം എത്തുന്ന സമയം ഞാൻ പറഞ്ഞിരുന്നു. അങ്ങനെ രണ്ടുമണി കഴിഞ്ഞു വടുവഞ്ചാൽ ടൗണിൽ ബസ് ഇറങ്ങി വീണ്ടും വിളിച്ചപ്പോൾ ഒരു ചായയും കുടിച്ചു നില്ക്കു, വേഗം വരാമെന്നു മറുപടി. ഊണും കഴിഞ്ഞു ചായയോ ? അപ്പോൾ സിദ്ധാർഥ് പറഞ്ഞു ഒരു ജ്യൂസ് കഴിക്കാം എന്ന്. ”അതിനിടെ ഷോബിയേട്ടൻ വന്നാൽ നമുക്കും പറയാം ഒരു ചായ കുടിച്ചു നിൽക്കൂ എന്ന്”. ഒരു കാൽമണിക്കൂർ കാത്തിരിപ്പ്, ദേ ആശാൻ ജീപ്പുമായെത്തി. ഗിരീഷ് ഭായ് അവിടെ വില്ലേജ് ഓഫീസർ ആയിരുന്നപ്പോ താമസിച്ച വീട്ടിലേക്കു ഒരു സന്ദർശനം. അവിടെത്തി എല്ലാരേം ആദ്യമായി കണ്ടു, സന്തോഷം പങ്കിട്ടു. എല്ലാരും കൂടെ ശ്രീജിത്തിന്റെ ജീപ്പിലേക്കു, കാരാപ്പുഴ ഡാമിലേക്ക് പോകാൻ ഇറങ്ങി.

കാടിന്റെ ഓരം ചേർന്ന്, കാപ്പിത്തോട്ടങ്ങൾക്കിടയിൽ ഡാം റിസോർട് വരെ പോയി. നല്ല കാഴ്ച. കാപ്പിത്തോട്ടത്തിൽ വെണ് നീലി പാറ്റപിടിയന്മാർ, ഗരുഡൻ ചാരക്കാളികൾ, ചെറുതേൻകിളികൾ, ഗൗളിക്കിളികൾ,മിനിവേറ്റുകൾ, താഴെ ഡാം റീസർവോയറിൽ കാട്ടുതാറാവുകൾ, മുങ്ങാംകോഴികൾ നീലക്കോഴികൾ, മീവൽ പക്ഷികൾ ഹൂ. അടിപൊളി. വേണ്നീലിയുടെ ഒരു ഒഴിഞ്ഞ കൂടു കിട്ടി. അവിടെ കുറെ നേരം ചിലവഴിച്ചു കയ്യിലുള്ള ബിസ്കറ്റും അരിയുണ്ടയും കഴിച്ചു സന്ധ്യയോടെ തിരികെ. വഴിയിൽ നിന്നും അത്താഴം പാകം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങി. വടുവഞ്ചാൽ ടൗണിൽ നിന്നും നാലഞ്ചു കിലോമീറ്റർ അകലെയുള്ള കാപ്പിത്തോട്ടത്തിനു നടുവിലുള്ള ഒരു വീടാണ് താമസത്തിനു ഒരുക്കിയത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും റിട്ടയർ ചെയ്ത വിജയേട്ടന്റെതാണ് വീട്. ടാർ റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മൺപാത. വഴി കഠിനം. ചിലപ്പോൾ ആനയിറങ്ങുന്ന വഴി. കാട്ടുപന്നികളെയെങ്കിലും കാണാമെന്നു മോഹിച്ചു എന്തായാലും വഴിയിൽ ഞങ്ങളെ കാത്തു ആരും ഉണ്ടായിരുന്നില്ല. വീടെത്തി. മനോഹരമായൊരു പ്രദേശം. ചുറ്റും കാപ്പിച്ചെടികൾ മാത്രം. അടുത്തെങ്ങും വേറെ വീടുകൾ ഇല്ല, ഇതിനോട് ചേർന്നുള്ള ചെറിയ വീട്ടിൽ തോട്ടം നോക്കുന്ന ദമ്പതികൾ താമസിക്കുന്നുണ്ട്. ഞങ്ങൾ വേഗം തന്നെ അത്താഴം ഒരുക്കാനുള്ള പണി തുടങ്ങി. ചിക്കൻറെ കാര്യം ഞാൻ ശരിയാക്കാൻ ഉറപ്പിച്ചു. പ്രിയ ആട്ട കുഴച്ചു. സവാളയും ഞാനും കീരീം പാമ്പുംപോലെ ആയതുകൊണ്ട് അത് അരിയാൻ സിദ്ധാർഥും ഗിരീഷ് ഭായിയും സഹായിച്ചു. ചപ്പാത്തി പരത്തി നല്ല ശീലം ഉണ്ടെന്നു ഷോബി തെളിയിച്ചു. ഒൻപതരയോടെ ചിക്കൻ കറീം ചപ്പാത്തിയും റെഡി. ഭക്ഷണം കഴിഞ്ഞു കുട്ടികൾ ഉറക്കമായി. ഞങ്ങൾ പുറത്തെ ശബ്‍ദം വേർതിരിക്കാനും. രാച്ചുക്കിന്റെ കരച്ചിൽ ഇടതടവില്ലാതെ കേൾക്കുന്നുണ്ട്. ഇടയ്ക്കു ടോർച്ചു അടിച്ചു നോക്കിയാൽ നിലക്കും. അതുകൊണ്ടു ആളിനെ കണ്ടെത്താൻ പണിയായി. ചെവിയൻനത്തിന്റെയും വെള്ളിമൂങ്ങയുടെയും ശബ്‍ദവും ഇടയ്ക്കു കേൾക്കാം. പുലർച്ചെ 5 നു ഊട്ടിക്ക് പോകാൻ ജീപ്പ് വരും. അപ്പോഴേക്കും തയ്യാറാവണം. അതുകൊണ്ടു പതിനൊന്നരയോടെ അന്നത്തെ ദിവസത്തിന് തിരശീലയിട്ടു. കിടന്നതേ ഓർമയുണ്ടായുള്ളൂ പുലർച്ചെ മൂന്നിന് അലാറം കേട്ടുണർന്നു ദിനകൃത്യങ്ങൾ കഴിച്ചു ,സിദ്ധാർത്ഥിനെ വിളിച്ചു എഴുന്നേൽപ്പിച്ചു കട്ടൻകാപ്പി ഉണ്ടാക്കി കൊണ്ടുപോയ ഉണ്ടയും ബിസ്കറ്റും കിണ്ണത്തപ്പവും കഴിച്ചു എല്ലാരും ഉഷാറായപ്പോഴേക്കും ജീപ്പ് എത്തി. വടുവഞ്ചാൽ നിന്നും ശശിയേട്ടനും കേറിയതോടെ ജീപ്പ് ഫുൾ ആയി. തണുപ്പിനെ വകഞ്ഞുമാറ്റി ജീപ്പ് ഗുഡല്ലൂർ വഴി ഊട്ടിയിലേക്ക്. കൊടും തണുപ്പ് എന്ന് പറയാനില്ല. വെളിച്ചം പരന്നതോടെ തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ചു മുന്നോട്ടു. ഇടയ്ക്കു ഒന്നു രണ്ടു സ്ഥലത്തു നിർത്തി കുറച്ചു കിളി നിരീക്ഷണം. ഇവിടെ എത്തിയില്ലെങ്കിലും ഊട്ടിയിൽ പച്ചപ്പൊടിക്കുരുവികൾ നിറയെ ഉണ്ട്. ഒന്പതുമണിയോടെ വഴിയിൽ ഒരിടത്തു നിർത്തി കൊണ്ടുപോയ ചപ്പാത്തിയും ചിക്കനും കഴിച്ചു. വീണ്ടും മുന്നോട്ടു. വഴി ചോദിച്ചു ചോദിച്ചു അവസാനം കൂനൂർ സിംസ് പാർക്കിന്റെ സൗന്ദര്യത്തിലേക്കു ഇറങ്ങിയപ്പോൾ തന്നെ നീലഗിരി പാറ്റപിടിയൻ, ചാരമരപ്പൊട്ടൻ, ആട്ടക്കാരൻ തുടങ്ങിയവർ വരവേറ്റു. ആട്ടക്കാരന്റെ നൃത്തം കണ്ടു മയങ്ങിയ ഞങ്ങൾ കുറേനേരം അതിനു പുറകെ ആയിരുന്നു. പൈഡ് ബുഷ് ചാറ്റ്, ചെറുതേൻകിളി, വെള്ളിക്കണ്ണി, കറുപ്പും ഓറഞ്ചും ചേർന്ന സുന്ദരനായ പാറ്റപിടിയൻ, കരിമ്പൻ കാട്ടുബുൾബുൾ, കാനറി ഫ്ലൈ ക്യാച്ചർ ഇങ്ങനെ നല്ലൊരു കാഴ്ചക്ക് ശേഷം മൂന്നു മണിയോടെ വിട. വഴിയിൽ വച്ചു ഫുഡ് കഴിഞ്ഞു നേരെ പഴയ താവളത്തിലേക്ക്. നാടുകാണിയിൽ മണിക്കൂറുകൾ കാത്തു നിന്ന് മടുത്ത ഡിവിൻ കുട്ടനെയും കൂട്ടി വീടണഞ്ഞപ്പോൾ പത്തുമണി ആവാറായി. ആർക്കും അത്താഴം വേണ്ട എന്നായി. എന്നാലും ബ്രെഡും മുട്ടയും വാങ്ങിയിരുന്നു. ഞങ്ങൾ എത്തുമ്പോൾ വീട്ടുടമസ്ഥൻ വിജയേട്ടൻ ഹാപ്പി ആയി നിൽക്കുന്നു. പുള്ളിക്ക് ആരെയെങ്കിലും സംസാരിക്കാൻ കിട്ടാൻ കാത്തിരിക്കുവായിരുന്നു. രണ്ടു പൊറോട്ടയും കുറച്ചു കറിയും ഉണ്ട്. രണ്ടു മൂന്നു ചപ്പാത്തിയും കൂടെ ആയപ്പോൾ ഡിവിൻ ഹാപ്പി. കുറച്ചു നേരം സംസാരിച്ചു നാളത്തെ പ്രോഗ്രാം തീരുമാനിച്ചു കിടന്നു.

മൂന്നാം ദിവസം വീടിന്റെ പരിസരം കറങ്ങാനായിരുന്നു പ്ലാൻ, പുലർച്ചെ കാട്ടുകോഴികൾ ആണ് വിളിച്ചുണർത്തിയത്. ഇടയ്ക്കു മയിലിന്റെ ”മിയാവോ”. ആറുമണിയോടെ എഴുന്നേറ്റു പല്ലു തേപ്പൊക്കെ കഴിഞ്ഞു മുറ്റത്തിറങ്ങി. ഹാവൂ, നല്ല സുന്ദരൻ ദ്ര്യശ്യം. ചോലക്കുടുവനും വെള്ളിക്കണ്ണിയും പൂന്തത്തയും ഒന്നും പറയണ്ട, മുട്ടക്കറി ഉണ്ടാക്കുന്നത് പാതി വഴിയിൽ നിർത്തി ഓടി. പ്രാതൽ ഒരുക്കാൻ ലേറ്റ് ആയി, നല്ലൊരു ബിർഡിങ്. എന്തായാലും കുളീം കഴിഞ്ഞു ഒൻപതോടെ പ്രാതൽ കഴിച്ചു ചുമ്മാ കാപ്പിച്ചെടികൾക്കിടയിലേക്കു ഇറങ്ങി. ഒരു കറക്കം കഴിഞ്ഞു പതിനൊന്നരയോടെ തിരികെ. വെള്ളിക്കണ്ണികൾ, ബുൾബുളുകൾ, ഇത്തിക്കണ്ണികൾ, ഒരു മയിൽ, സ്പൈഡർ ഹണ്ടർ. … മുറ്റത്തു എത്തുമ്പോ ജീപ്പ് വന്നു കിടപ്പുണ്ട്. ഇനി ഞങ്ങൾക്ക് മടങ്ങണം. നാളെ വൈകിട്ട് സിദ്ധാർത്ഥിന് തിരിച്ചു പോകണം. ഉച്ചക്ക് അയലത്തെ പെൺകുട്ടിയുടെ എൻഗേജ്മെന്റ്. അതിനു പോകാതെ പറ്റില്ല. അതുകൊണ്ടു ഇന്ന് മടങ്ങുകയേ വഴിയുള്ളൂ. ബാഗ് എടുത്തു വരുമ്പോ ചുമ്മാ ചോദിച്ചു, ആരെങ്കിലും കരയുന്നുണ്ടോ, ”വിട പറയുകയാണോ. ….” പാവം ഗിരീഷ് ഭായ് – പ്രിയയുടെ കൊച്ചുമോൾക്കു സങ്കടം. സിദ്ധാർത്തേട്ടനും ടീച്ചറമ്മയും പോകുന്നു. മനസ്സിൽ എനിക്കും ഉണ്ട് സങ്കടം. നല്ല രണ്ടു ദിവസങ്ങൾ കഴിഞ്ഞുപോയത് അറിഞ്ഞില്ല. സാരമില്ല. ഇനീം കാണാലോ. കാപ്പിച്ചെടികളോടും വീടിനോടും കിളികളോടും യാത്ര ചൊല്ലി, നാട്ടിലേക്കു. ഒരു ഫാമിലിയിൽ നിന്നും പിരിഞ്ഞു പോകുന്ന വേദന അടുക്കി ബത്തേരിക്ക്, അവിടെനിന്നും ഉച്ച ഭക്ഷണവും കഴിച്ചു 2.30 നുള്ള ബസിൽ തലശ്ശേരിക്ക്. …..

Back to Top
%d bloggers like this: