ഇയ്യുണ്ണിയേട്ടന് ബാഷ്പാഞ്ജലി

ഇയ്യുണ്ണിയേട്ടന് ബാഷ്പാഞ്ജലി

ജൈവകൃഷിയുടെ പ്രായോഗികാനുഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് കർഷകർക്ക് പകർന്നു നൽകിയ പ്രകൃതികർഷകനായിരുന്നു
ഇയ്യുണ്ണിയേട്ടൻ. പ്രകൃതി കൃഷിയുടെ ആദ്യകാല പ്രയോക്താക്കളിൽ ഒരാൾ.
2002 ൽ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന ജൈവകർഷക സമിതിയുടെ സംസ്ഥാന സംഗമത്തിൽ വെച്ചാണ് ഇയ്യുണ്ണിയേട്ടനെ ആദ്യമായി പരിചയപ്പെടുന്നത്.

എപ്പോഴും ചുണ്ടിൽ പുഞ്ചിരി തൂകുന്ന നിഷ്കളങ്ക ഭാവവും സ്നേഹവും.
അന്ന് ക്ലാസിൽ ദയാലണ്ണൻ ഇയ്യുണ്ണിയേട്ടന്റെ കൃഷിയിടത്തെ കുറിച്ച് വിവരിക്കുകയുണ്ടായി.. രാസകൃഷി ചെയ്ത് നഷ്ടം വന്ന് മുടിഞ്ഞതിനു ശേഷമായിരുന്നു ഇയ്യുണിയേട്ടൻ ജൈവകൃഷിയിലേക്ക് തിരിയുന്നത്. കോണത്തുകുന്നിൽ വെച്ച് നടന്ന സംസ്ഥാന സംഗമമായിരുന്നു ഇയ്യുണ്ണിയേട്ടന്റെ ജീവിതം മാറ്റിമറിക്കുന്നത്. തുടക്കത്തിൽ നാട്ടുകാരിൽ നിന്ന് കുറേ ‘വട്ടൻ’ വിളികൾ കേൾക്കേണ്ടി വന്നെന്ന് ഇയ്യുണ്ണിയേട്ടൻ പറയുമായിരുന്നു..
ഫുക്കുവോക്കയുടെ പ്രകൃതി കൃഷിയുടെ ദർശനങ്ങൾ ഉൾക്കൊണ്ടതായിരുന്നു ഇയ്യുണ്ണിയേട്ടന്റെ കൃഷിയിടം. ആദ്യത്തെ 3 വർഷം പരീക്ഷണ കാലഘട്ടമായിരുന്നു.

കൊത്തലും കിളയ്ക്കലുമെല്ലാം നിർത്തി. കളകൾ വെട്ടിയരിഞ്ഞിടും. തടം തുറക്കൽ അവസാനിപ്പിച്ചു. പരമാവധി ജൈവ വസ്തുക്കൾ തെങ്ങിന്റെ ചുറ്റും പുതപ്പിച്ചു. തെങ്ങിന്റെ തന്നെ ഓലയും മടലും ചകിരിയും ചിരട്ടയുമെല്ലാം തെങ്ങിന് വളമായി മാറി. വീട്ടിലെ ആട്ടിൻ കാഷ്ഠം അതിനുമുകളിൽ വിതറി കൊടുക്കും. പുറത്ത് നിന്നും വളമൊന്നും വാങ്ങിയിടില്ല. വിളവല്ലാതെ പുറത്തേയക്കൊന്നും കൊടുക്കുകയുമില്ല.
തികച്ചും സ്വയംപര്യാപ്തം. സീറോ ബഡ്ജറ്റ് ഫാമിംഗ് കേരളത്തിൽ പ്രചരിക്കുന്നതിനു മുമ്പ് ജൈവകൃഷി സീറോ ബഡ്ജറ്റിൽ പ്രാവർത്തികമാക്കിയ കർഷകനായിരുന്നു ഇയ്യുണ്ണിയേട്ടൻ.

രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും മാറ്റങ്ങൾ ദൃശ്യമായി. കാറ്റുവീഴ്ച വന്നു നശിച്ചു പോയി എന്നു കരുതിയ തെങ്ങുകൾ ആരോഗ്യം വീണ്ടെടുത്തു. തെങ്ങിന്റെ മണ്ടയിൽ തേങ്ങ തിങ്ങാൻ തുടങ്ങി. ആകെയുണ്ടായിരുന്ന പ്രശ്നം നിറച്ചും കാടായതിനാൽ പാമ്പിനെ പേടിച്ച് തെങ്ങു കയറ്റക്കാർ പറമ്പിലേക്ക് കയറാൻ മടിച്ചു എന്നതായിരുന്നു.
അവസാനം ഇയ്യുണ്ണിയേട്ടന് കള്ള് വാങ്ങി കൊടുത്ത് തെങ്ങു കയറ്റക്കാരെ കൈയ്യിലെടുക്കേണ്ടി വന്നു. ഇയ്യുണ്ണിയേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ “വെള്ളമടിച്ച് അവർ പാമ്പായി കഴിഞ്ഞാൽ പിന്നെ പാമ്പിനെയും ചേരയെയുമൊന്നും പേടിക്കേണ്ടല്ലോ”
ഇയ്യുണ്ണിയേട്ടന് തന്റെ പറമ്പിൽ നിന്നും നല്ല വിളവ് ലഭിച്ചു കൊണ്ടിരുന്നപ്പോളും തൊട്ടടുത്തുള്ള പറമ്പുകൾ വെട്ടി വെളുപ്പിച്ച് കേരകൃഷി അപ്പോഴും തുടർന്നു പോരുകയാണ് ചെയ്തത്. എങ്കിലും ഒന്ന് രണ്ടു ‘ശിഷ്യൻമാർ’ നാട്ടിൽ ഇയ്യുണ്ണിയേട്ടനെ പിന്തുടർന്നിരുന്നു. അവർക്ക് വേണ്ട എല്ലാ പിന്തുണകളും ഇയ്യുണ്ണിയേട്ടൻ നൽകി.

അന്തിക്കാട് പുത്തൻപീടികയിലെ വീടിനോട് ചേര്‍ന്നുള്ള ഒരേക്കർ കൃഷിയിടം ഏദൻ തോട്ടമാക്കി മാറ്റിയിരുന്നു ഇയ്യുണ്ണിയേട്ടൻ. വിവിധ തരത്തിലുള്ള മരങ്ങളും തെങ്ങും കവുങ്ങും കുരുമുളകും കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറികളും ഇലക്കറികളികളുമെല്ലാം തിങ്ങിനിറഞ്ഞ ജൈവവനം തന്നെയാണ് ഇത്. കൂടാതെ വീട്ടിൽ നിന്നും കുറച്ചകലെ രണ്ടേക്കറിനു മുകളിൽ തെങ്ങിൻ തോട്ടമുണ്ട്.
(ഇയ്യുണ്ണിയേട്ടന്റെ കൃഷിയിടത്തെ കുറിച്ചും തെങ്ങിൻ തോട്ടത്തിലെ വിളവിനെ കുറിച്ചും മുമ്പൊരിക്കൽ വിശദമായി ഞാൻ മാസികയിൽ എഴുതിയിട്ടുണ്ട്.)

അത് കൂടാതെ കോൾപ്പാടത്തിനു നടുവിൽ ഒരു ദ്വീപ് പോലെ ഒരേക്കർ പറമ്പുണ്ടായിരുന്നു. അതൊരു കാർഷിക ആവാസ വ്യവസ്ഥയുടെ കേന്ദ്രം തന്നെയായിരുന്നു. മഴക്കാലത്ത് തോണിയിൽ മാത്രമേ അങ്ങോട്ട് പോകാൻ പറ്റൂ. ചുറ്റിലും വെള്ളമായിരിക്കും. കോൾപ്പാടത്തെ പറവകൾക്കും പാമ്പുകൾക്കും ചേക്കേറാനുള്ള ഒരിടം. തെങ്ങുകൾക്കൊപ്പം തന്നെ പ്ലാവും മാവും മറ്റു മരങ്ങളും തിങ്ങിയ ഒരു പറമ്പായിരുന്നു ഇത്.

ഇയ്യുണ്ണിയേട്ടന്റെ വീട്ടിൽ ആദ്യം പോയത് എപ്പോഴാണെന്ന് കൃത്യമായി ഓർക്കുന്നില്ല.
2005 ലോ 2006 ലോ ആണെന്നു തോന്നുന്നു. 2009 ൽ മണ്ണുത്തിയിലെ ‘സ്വപ്ന’ ത്തിൽ വെച്ച് ഒരേ ഭൂമി ഒരേ ജീവൻ ചെറുപ്പക്കാർക്കായി നടത്തിയ ജലസംരക്ഷണത്തെ കുറിച്ചുള്ള ക്യാമ്പിൽ ഇയ്യുണ്ണിയേട്ടൻ പങ്കെടുത്ത് തന്റെ കൃഷിരീതികളെക്കുറിച്ച് സംസാരിച്ചിരുന്നു.
ആ ക്യാമ്പിനു ശേഷം ഞങ്ങൾ ചെറുപ്പക്കാരെല്ലാവരും ‘സ്വപ്നത്തിൽ’ നിന്നും നേരെ പോയത് ഇയ്യുണ്ണിയേട്ടന്റെ കൃഷിയിടത്തിലേക്കായിരുന്നു.
അത് എല്ലാവർക്കും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം തന്നെയായിരുന്നു.

ജൈവകൃഷിയോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും കാരുണ്യ പ്രവർത്തനവും സാമൂഹിക പ്രവർത്തനവുമുണ്ടായിരുന്നു ഇയ്യുണ്ണിയേട്ടന്.
2000 ത്തിൽ അന്തിക്കാട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇയ്യുണ്ണിയേട്ടൻ മൽസരിച്ചിരുന്നു. അന്ന് തോറ്റുപോയി.

“എന്നെ കണ്ടാൽ എല്ലാവരും ചിരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയൊക്കെ ചെയ്യും.
ഞാൻ കരുതി ഇതെല്ലാം വോട്ടായി മാറുമെന്ന്. എന്നാൽ ജനങ്ങൾ വോട്ട് ചെയ്തപ്പോൾ ആ സ്നേഹമൊന്നും കാണിച്ചില്ല.
രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർത്ഥികൾക്കാണ് കുത്തിയത്.” പിന്നീട് 2005 ൽ ഇയ്യുണ്ണിയേട്ടൻ കോൺഗ്രസ്സ് ബാനറിൽ മൽസരിച്ച് ജയിച്ച് വാർഡുമെമ്പറായി. ജൈവകർഷകപ്രസ്ഥാനത്തിന് ലഭിച്ച ആദ്യത്തെ പഞ്ചായത്ത് വാർഡ് മെമ്പർ. ഇയ്യുണ്ണിയേട്ടൻ വാർഡ് മെമ്പറായെന്ന വാർത്ത ജൈവകർഷക സമിതി, ഒരേ ഭൂമി ഒരേ ജീവൻ പ്രവർത്തകർക്ക് അഭിമാനം നൽകുന്നതായിരുന്നു. ഏറെ കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ഇയ്യുണ്ണിയേട്ടൻ മെമ്പറാകാൻ താൽപര്യം കാണിച്ചതും. എന്നാൽ ചട്ടപ്പടി വ്യവസ്ഥകൾ മടുപ്പിക്കുന്നതായിരുന്നു. ഒരു വാർഡ് മെമ്പർക്ക് പഞ്ചായത്തിൽ എന്തോരം അധികാരമുണ്ടെന്നുള്ള കാര്യം നമുക്കറിയാവുന്നതല്ലേ.! ചിലതൊക്കെ ചെയ്യാൻ ശ്രമിച്ച് ഇയ്യുണ്ണിയേട്ടൻ ഒറ്റപ്പെടുകയാണ് ഉണ്ടായത്. അതു കൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ഇയ്യുണ്ണിയേട്ടൻ മൽസരിച്ചില്ല. പിന്നീട് നാട്ടിലെ മാനസികപ്രശ്നമുള്ള കുട്ടികളുടെ ഒരു സ്കൂളിന്റെ പ്രവർത്തനത്തിൽ വ്യാപൃതനാകുകയാണുണ്ടായത്.

സി. പി ഗംഗാധരൻ മാഷ് എപ്പോഴും പറയും. “ഒരു ജൈവകർഷനാകുക എന്നാൽ ഒരു നല്ല മനുഷ്യനാകുക എന്നാണ്”
ഇയ്യുണ്ണിയേട്ടൻ അതിനൊരു ഉത്തമോദാഹരണമായിരുന്നു. എപ്പോഴും പോസിറ്റീവ് ആയ മനുഷ്യൻ.
അന്തിക്കാട്ടെ അദ്ദേഹത്തിന്റെ ജൈവകൃഷിയിടം എന്നും ഒരു വിസ്മയമാണ്.

ഇന്ന് കേരളത്തിൽ ജൈവകൃഷി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് പുതിയ ആളുകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നു. അവരിൽ പലരും ഇയ്യുണ്ണിയേട്ടനെക്കുറിച്ച് കേട്ടു കാണില്ല. ഏറെ പരിഹസങ്ങൾ സഹിച്ച് ജൈവകൃഷി കേരളത്തിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിച്ച ഇയ്യുണ്ണിയേട്ടനെപ്പോലെയുള്ള സുമനസ്സുകളെ കുറിച്ച് പുതിയ തലമുറ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഒരിക്കൽ ബി.ബി.സി വേൾഡ് പോലും ഇയ്യുണ്ണിയേട്ടന്റെ കൃഷിയിടത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയായ സുപ്രിയ മേനോനാണ് അന്ന് ബി.ബി.സി വേൾഡിനു വേണ്ടി ഇയ്യുണ്ണിയേട്ടന്റെ കൃഷിയിടം ഷൂട്ട് ചെയ്തത്. ജൈവകൃഷിയിടങ്ങളെ കുറിച്ച് മലയാളചാനലുകൾ പോലും കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്ന കാലത്താണ് ബി.ബി.സി വേൾഡ് റിപ്പോർട്ട് ചെയ്തത്.

അത്രയ്ക്കും കാമ്പുള്ളതായിരുന്നു ആ കൃഷിയിടം.

ഒരേ ഭൂമി ഒരേ ജീവൻ 2018 മേയ് ലക്കം

 

Back to Top