നവംബർ 16, 2017-അന്നായിരുന്നു നിശാശലഭ ലോകത്തേക്ക് ചിറകുവിരിച്ച് പുത്തൻ അതിഥി വന്നത്. സ്കൂൾ ക്യാമ്പസ്സിലെ നീർമരുതിൽ നിന്നാണ് ആ കൊക്കൂൺ ലഭിച്ചത്. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ അനേകം കൊക്കൂണുകളും പച്ച നിറത്തിലുള്ള തടിച്ചു കൊഴുത്ത പുഴുക്കളും. ആ നിശാശലഭത്തിന്റെ പേര് കണ്ടെത്തി. പേര് ടെസർ സിൽക്ക് മോത്ത്!.
നിശാശലഭങ്ങൾക്ക് പാരിസ്ഥിതികമായും വാണിജ്യപരമയും നോക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ വലിയ പ്രാദാന്യം അർഹിക്കുന്നുണ്ട്. അതിനൊരുദാഹരണമാണ് ടെസർ സിൽക്ക് മോത്ത്. ലോകത്തിലെ വലിയ നിശാശലഭങ്ങൾ ഉൾപ്പെട്ട കുടുംബമായ Saturnidae കുടുംബത്തിലെ saturniinae ഉപകുടുംബത്തിൽ പെടുന്നു.ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ Atlas moth ഉം ഇതേ കുടുംബത്തിലാണ്. ഈ ശലഭങ്ങൾക്ക് രോമവൃതമായ വലിയ സ്പർശനികൾ ഉണ്ട്. ഇത് ആൺ ശലഭങ്ങളിലാണ് കാണുക. സ്പർശനികളുടെ ഉപയോഗം നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നു. രണ്ടു കിലോമീറ്റർ വരെ ദൂരത്തുള്ള പെൺ ശലഭങ്ങളെ കണ്ടെത്താൻ ഇവ സഹായിക്കുന്നു.
ടെസർ സിൽക്ക് മോത്ത് (Antheraea spp)-പേര് സൂചിപ്പിക്കുംപോലെ ഇവയെ ടെസർ സിൽക്കിന്റെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ലാർവകൾ തങ്ങളുടെ സിൽക്ക് ഗ്രന്ഥികളുടെ സഹായത്തോടെ കൊക്കൂണുകൾ നിർമ്മിക്കുന്നു. ഈ കൊക്കൂണുകളാണ് സിൽക്ക് നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന നീർമരുത് (Terminalia arjuna),ബദാം (Terminalia catappa)തുടങ്ങിയ മരങ്ങളുടെ ഇലകളനിവ ലാർവ ദശയിൽ ഭക്ഷിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ ഈ മരങ്ങളിൽ ഇവയുടെ പുഴുവിനെ ധാരാളമായി കാണാം. ഇതിനൊരു കാരണവുമുണ്ട്.
ഓരോ നിശാശലഭത്തെയും നമുക്ക് വർഷത്തിൽ എല്ലാ സമയത്തും കാണാൻ കഴിയും. എന്നാൽ മഴയ്ക്ക് മുൻപും പിൻപുമുള്ള സമയമാണ് ഇവയുടെ പ്രജനന കാലം. അതുകൊണ്ട് ഇവയെ ഈ മാസങ്ങളിൽ ധാരാളമായി കാണുന്നു. പുഴുവായിരിക്കെ തന്നാൽ കഴിയുന്നതിന്റെ പരമാവധി ഇലകൾ ഇവ തിന്നുന്നു. കാരണം കൊക്കൂണുകളിൽ നിന്ന് പുറത്തുവരുന്ന നിശാശലഭങ്ങൾക്ക് തുമ്പിക്കൈ(proboscis)ഉണ്ടാവില്ല. അതുകൊണ്ട് കൊക്കുണിൽ നിന്നും പുറത്തുവരുന്ന നിശാശലഭങ്ങൾ തേൻ കുടിക്കാറില്ല. പ്രജനനത്തിന് വേണ്ടിയാണ് പിന്നീടുള്ള ജീവിതം.
ചിറകുകൾക്ക് ഏകദേശം 150mm നീളമുണ്ട്.ഇവ നമ്മുടെ കൈപ്പത്തിയോളം വലുപ്പം വരും. ചിറകുകളിൽ ശത്രുക്കളെ പേടിപ്പിക്കുവാൻ കണ്ണുകൾ കാണാം. ഓറഞ്ച് നിറത്തിലാണ് ചിറകുകൾ.
ഇവയ്ക്ക് ആയുസ്സ് വളരെ കുറവാണ്. ടെസർ സിൽക്ക് നിർമ്മാണത്തിൽ കൊക്കൂണുകൾ ചൂടുവെള്ളത്തിലൊക്കെ ഇടുമ്പോൾ അതിൽ ഒരു ജീവൻ പിടയുന്നുണ്ടെന്ന് നാം അറിയണം. നീർമരുതും ബദാംമും ഈ നിശാശലഭങ്ങളുടെ ജീവിതത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.ഈ സസ്യങ്ങൾ ഒട്ടേറെ നിശാശലഭങ്ങളുടെ ലാർവ ഭക്ഷണ സസ്യമാണ്.
ലാർവ്വകൾക്ക് പച്ച നിറമാണ്. മറ്റു നിശാശലഭങ്ങളെ പോലെ ഇവയുടെ ശരീരത്തിൽ രോമങ്ങളില്ല. മിനുസമുള്ള ശരീരമാണ്. പൊതുവെ രോമമുള്ള പുഴുക്കൾ മാത്രമാണ് നിശശാലഭ പുഴു എന്ന തെറ്റിദ്ധാരണ ഉണ്ട്. ഇവ ഇലകളെ കാർന്നു തിന്നുന്നു. അതുകൊണ്ട് തന്നെ മരത്തിന്റെ ഇലകളിൽ വിള്ളൽ ഉണ്ടാകും. ഈ നിശാശലഭത്തെ പലരും കണ്ടുകാണും.
സൂചിമുഖി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം