മഹാരാഷ്ട്ര ( Blue mormon – കൃഷ്ണ ശലഭം ), ഉത്തരാഖണ്ഡ് (Common Peacock), കർണാടകം (Southern Birdwing – ഗരുഡ ശലഭം ) , കേരളം ( Budha Peacock – ബുദ്ധമയൂരി ) എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം തമിഴ്നാടും തങ്ങളുടെ സംസ്ഥാന ശലഭത്തെ തിരഞ്ഞെടുത്തു.

ആദ്യത്തെ നാല് സംസ്ഥാനങ്ങളും കിളിവാലൻ (പാപ്പിലിയോണിഡേ)വിഭാഗത്തിലെ ശലഭങ്ങളെ തങ്ങളുടെ സംസ്ഥാന ശലഭമായി തിരഞ്ഞെടുത്തപ്പോൾ തമിഴ്നാട് നിംഫാലിഡേ എന്ന ചിത്രശലഭക്കുടുംബത്തിലെ മരോട്ടി ശലഭത്തെ (Cirrochroa thais – Tamil Yeoman) സംസ്ഥാന ശലഭമായി തിരഞ്ഞെടുത്ത് വ്യത്യസ്തത പുലർത്തി .

പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവാസിയായ മരോട്ടി ശലഭം പേരു സൂചിപ്പിക്കുന്നതു പോലെ മരോട്ടിമരത്തിലാണ് ( Hydnocarpus pentandrus – Jungle badam)മുട്ടയിടുന്നത് . മറ്റു ശലഭങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നിനു മീതേ ഒന്നായി മുട്ടയിടുന്ന ഒരു ശലഭമാണ് മരോട്ടി ശലഭം . കുഷ്ഠരോഗ സംഹാരിയായും ,പണ്ടു കാലത്ത് വിളക്കെണ്ണ നിർമ്മിക്കുന്നതിനും ഉപയോഗിച്ചിരുന്ന മരോട്ടിമരം പശ്ചിമഘട്ടത്തിലെ കാടുകളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നു . ചുറ്റും പറക്കുന്ന ശലഭങ്ങളെ തുരത്തിയോടിക്കുന്ന സ്വഭാവമുള്ള മരോട്ടി ശലഭത്തെ തമിഴരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി പോരാളി എന്നർത്ഥം വരുന്ന തമിഴ് മരവൻ (தமிழ் மறவன்) എന്ന പേരിലാണ് തമിഴ്നാട്ടിൽ അറിയപ്പെടുന്നത് .






ഒരു ശലഭത്തെ സംസ്ഥാന ശലഭമായി പ്രഖ്യാപിക്കുന്നതിലൂടെ ആ ശലഭത്തേയും അതോടൊപ്പം മറ്റു ശലഭങ്ങളെയും , അവയുടെ ലാർവാ ഭക്ഷണ സസ്യങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തിലേക്കെത്തിക്കാൻ സാധിക്കുന്നു . മരോട്ടി ശലഭത്തെ സംസ്ഥാന ശലഭമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച തമിഴ്നാട്ടിലെ എല്ലാ ശലഭ പ്രേമികൾക്കും അഭിനന്ദനങ്ങൾ …
(ചിത്രങ്ങളിൽ മരോട്ടി ശലഭത്തിന്റെ ജീവിതചക്രം നിലമ്പൂരിൽ നിന്നും പകർത്തിയത്)