കേരളത്തിന്റെ സ്വന്തം പൂമ്പാറ്റയാവാൻ ബുദ്ധമയൂരി

കേരളത്തിന്റെ സ്വന്തം പൂമ്പാറ്റയാവാൻ ബുദ്ധമയൂരി

കേരളത്തിന് അഭിമാനമുദ്രയായി ഒരു ശലഭം കൂടി; സംസ്ഥാന വന്യജീവി ബോർഡ് ബുദ്ധമയൂരിയെ (Malabar Banded peacock , Papilio buddha ) ഔദ്യോഗികമായി സംസ്ഥാന ശലഭമായി നിർദ്ദേശിച്ചിരിക്കുന്നു. ഇനി സംസ്ഥാന സർക്കാർ ഈ നിർദ്ദേശം അംഗീകരിക്കുക എന്ന സാങ്കേതികമായ ഒരു ഘട്ടം കൂടിയേ ബാക്കിയുള്ളൂ.

Papilio buddha by Vinayaraj [CC BY-SA 4.0], from Wikimedia Commons
ഇതിനു മുൻപ്‌ മഹാരാഷ്ട്രയും (Blue Mormon, കൃഷ്ണശലഭം ) കർണാടകയും (Southern Birdwing, ഗരുഡശലഭം ) അവരുടെ സംസ്ഥാന ശലഭങ്ങളെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് ഒരു സംസ്ഥാന ശലഭം എന്നത് പ്രകൃതി സ്നേഹികളിൽ നിന്നും കുറച്ചുകാലമായി ഉയരുന്ന ഒരു ആവശ്യമായിരുന്നു.

ഔദ്യോഗിക സംസ്ഥാന ശലഭമെന്ന സ്ഥാനം കൊണ്ടുള്ള മെച്ചങ്ങൾ എന്തെല്ലാം ?

  1. പ്രാഥമികമായി ഇത് ആ ശലഭത്തിനു ഗുണം ചെയ്യണം, അതിൻ്റെ ആവാസവ്യസ്ഥ സംരക്ഷിക്കപ്പെടുകയും അതുവഴി ശലഭത്തിനെ വംശനാശത്തിൽനിന്നും രക്ഷിക്കുകയും വേണം.
  2. ഒരു സംസ്ഥാന ശലഭം എന്നത് ഒരു അഭിമാനമുദ്രയാണ്; അത് ശലഭങ്ങളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും ജനങ്ങളിൽ ഉദ്‌ബോധനം സൃഷ്ടിക്കാൻ സഹായിക്കും.
  3. ശലഭത്തിന്റെ ഭക്ഷണസസ്യങ്ങളും പരിസരവും സംരക്ഷിക്കുകവഴി പരിസ്ഥിതിക്ക് മൊത്തത്തിൽ സംരക്ഷണം ലഭിക്കും.
  4. ടൂറിസം ഭൂപടങ്ങളിലും മറ്റും ഈ ഭൂപ്രദേശങ്ങൾക്ക് പ്രത്യേക സ്ഥാനം ലഭിക്കും.
Malabar Banded Peacock by Balakrishnan Valappil [CC BY-SA 2.0], via Wikimedia Commons

ഏതൊക്കെ ശലഭങ്ങളെയാണ് ഈ പട്ടത്തിനു പരിഗണിച്ചിരുന്നത്?

പുള്ളിവാലൻ (Malabar Banded Swallowtail) , വനദേവത (Malabar Tree Nymph) മലബാർ റോസ് (Malabar Rose) എന്നീ ശലഭങ്ങളാണ് ബുദ്ധമയൂരിയുമായി മത്സരത്തിനുണ്ടായിരുന്നത്. ഈ ശലഭങ്ങളെല്ലാം ചുരുങ്ങിയ ഭൂപ്രദേശത്തുകണ്ടുവരുന്നതും ഭംഗിയേറിയതും വലുതുമായ ശലഭങ്ങളാണ്. പക്ഷെ ബുദ്ധമയൂരി കൂട്ടത്തിൽ കൂടുതൽ സുന്ദര്യമുള്ളതും സംരക്ഷണം കൂടുതൽ ആവശ്യമുള്ളതുമാണ്.

പുള്ളിവാലൻ Malabar Banded Swallowtail by Praveen J <paintedstork(at)gmail.com> [CC BY-SA 2.5 in], via Wikimedia Commons
വനദേവത  Malabar tree nymph seen in Malabar Wildlife Sanctuary , Kakkayam,Kozhikode. by Uajith [CC BY-SA 3.0 or GFDL], from Wikimedia Commons
Pachliopta pandiyana – മലബാർ റോസ് Malabar Rose by Vinayaraj [CC BY-SA 4.0], from Wikimedia Commons

ബുദ്ധമയൂരിയെക്കുറിച്ച് കുറച്ചുകൂടി

Budha Peacock_egg and egg larva by Balakrishnan Valappil [CC BY-SA 2.0], via Wikimedia Commons

പശ്ചിമഘട്ടപ്രദേശത്ത് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ല മുതൽ കേരളത്തിലെ എറണാകുളം വരെയുള്ള സ്ഥലങ്ങളിൽ മാത്രമേ ഈ ശലഭത്തെ കാണുവാൻ കഴിയൂ. സാധാരണയായി മൺസൂണിനുശേഷം ജൂലൈ മുതൽ ജനുവരിവരെയുള്ള മാസങ്ങളിലാണ് ഇവയെ കൂടുതലായികണ്ടുവരുന്നത്. ബുദ്ധമയൂരിയുടെ ചിറകുകളുടെ അറ്റങ്ങൾ തമ്മിലുള്ള അകലം 9 മുതൽ 10 സെന്റീമീറ്റർ വരെയാണ്. വളരെവേഗത്തിൽ പറക്കുന്ന ഈ ശലഭങ്ങൾ തേൻനുകരുവാനായി തെച്ചിപ്പൂക്കളും വെള്ളിലപ്പൂക്കളും സന്ദർശിക്കാറുണ്ട്. വെയിലിൽ തിളങ്ങുന്ന മയിൽവർണ്ണങ്ങൾതന്നെയാണ് ഈ ശലഭത്തെ കൂടുതൽ സുന്ദരിയാക്കുന്നത്.
Budha Peacock_caterpillar fourth instar by Balakrishnan Valappil [CC BY-SA 2.0], via Wikimedia Commons
Budha Peacock Pupa by Balakrishnan Valappil [CC BY-SA 2.0], via Wikimedia Commons

ബുദ്ധമയൂരി നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ് ?

1972 ലെ വന്യജീവി സംരക്ഷണനിയമപ്രകാരം രണ്ടാം ഷെഡ്യൂളിൽപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള ശലഭമാണ് ബുദ്ധമയൂരി. പ്രജനനത്തിനു ഒരേയൊരു സസ്യമാത്രമാണ് ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. മലബാറിലെ ചെങ്കൽപ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളിലം (Zanthoxylum rhetsa) എന്ന മരത്തിന്റെ ഉയർന്നശാഖകളിലെ ഇലകളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ശലഭപ്പുഴുക്കൾ മുള്ളിലത്തിൻറെ ഇലകൾ മാത്രം ഭക്ഷിച്ചു പ്യൂപ്പയായിമാറുന്നു. മുട്ടയിൽ നിന്നും ശലഭമായി മാറാൻ ഏകദേശം 40-45 ദിവസങ്ങൾ ഇരപിടിയന്മാരുടെയും പരാദകടന്നലുകളുടെയും കണ്ണിൽപ്പെടാതെ കഴിയണം. കുന്നുകൾ ഇടിച്ചുള്ള വികസനവും അവിടെ വളരുന്ന നിറയെ മുള്ളുകളുള്ളതും വലിയ വിപണനമൂല്യമില്ലാത്തതുമായ മുള്ളിലം വെട്ടിക്കളയുന്നതുമാണ് ഇവയുടെ നിലനില്പിനുള്ള പ്രധാന ഭീഷണി.

MALABAR BANDED PEACOCK (Papilio budha) A butterfly endemic to the Westernghats (South west coast) of India.Shot at a Butterfly Garden in Malappuram District of Kerala State by Balakrishnan Valappil [CC BY-SA 2.0], via Wikimedia Commons
Imago (lateral view) by Balakrishnan Valappil [CC BY-SA 2.0], via Wikimedia Commons

സംസ്ഥാന ശലഭപ്പട്ടം ബുദ്ധമയൂരിയെ തുണയ്ക്കുമോ?

ഈ ശലഭത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട അറിവും ഇവയുടെ ഭക്ഷണസസ്യങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണവും ഈ ശലഭത്തിന്റെ അതിജീവനത്തിനു സഹായിക്കുമെന്നു കരുതുന്നു. അല്ലെങ്കിൽ ഈ ശലഭങ്ങളുടെ സംരക്ഷണം ഇനി ഈ സംസ്ഥാനത്തെ എല്ലാ പൗരന്മാരുടെയും പ്രത്യേക കടമയാണ്.

തേന്‍ നുകരുന്ന ബുദ്ധമയൂരി by Vengolis [CC BY-SA 3.0], from Wikimedia Commons
Papilio buddha (Malabar banded peacock) by Jameela P. [CC BY-SA 4.0], from Wikimedia Commons
Back to Top