മടങ്ങാം, വലിച്ചെറിയൽ ഇല്ലാത്ത സംസ്കാരത്തിലേക്ക്‌

മടങ്ങാം, വലിച്ചെറിയൽ ഇല്ലാത്ത സംസ്കാരത്തിലേക്ക്‌

തലമുറ മാറിയിരിക്കുന്നു; ജീവിതവും. ഒരു ഉൽപന്നം വാങ്ങി പരമാവധി ഉപയോഗിച്ച്, കഴിയുമെങ്കിൽ അത് പുനരുപയോഗിച്ച്, മാലിന‍്യങ്ങൾ യഥാവിധം സംസ്കരിക്കുന്ന ഒരു തലമുറ നമുക്കു മുൻപേ നടന്നു പോയിരുന്നു. ഇപ്പോഴുള്ളത് ആവശ‍്യം കഴിയുമ്പോൾ വസ്തുക്കൾ വളരെ ലാഘവത്തോടെ തെരുവുകളിലേക്കും സ്വന്തം വീടിന്റെ തന്നെ പരിസരപ്രദേശങ്ങളിലേക്കും തണ്ണീർത്തടങ്ങളിലേക്കും വലിച്ചെറിയുന്ന സംസ്കാരം. വലിച്ചെറിയുന്ന മാലിന‍്യങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വില്ലൻ പ്ലാസ്റ്റിക് തന്നെയാണ്. ഭ‍ക്ഷ‍്യവസ്തുക്കൾ പൊതിയാനുപയോഗിക്കുന്ന  പ്ലാസ്റ്റിക് റാപ്പറുകൾ, പൊളിത്തീൻ കവറുകൾ, സ്ട്രോകൾ,  പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്ലാസ്റ്റിക് മാലിന‍്യങ്ങൾ മണ്ണിനും മനുഷ‍്യനും മൃഗങ്ങൾക്കും വരുത്തി വയ്ക്കുന്ന വിനയ്ക്ക് കയ്യും കണക്കുമില്ല.
World-Environment-Day
‌ഇന്ന് ജൂൺ അഞ്ച് – ലോക പരിസ്ഥിതി ദിനം. ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഐക‍്യരാഷ്ട്രസഭയുടെ മുദ്രാവാക‍്യം. ഭൂമിയുടെ സമസ്ത ഭാഗങ്ങളിലും പ്ലാസ്റ്റിക് നാശം വിതച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നമ്മുടെ സമുദ്രങ്ങളേയും അവയുടെ ആവാസവ‍്യവസ്ഥകളേയുമാണ്  പ്ലാസ്റ്റിക് ഏറ്റവും കൂടുതൽ കാർന്നു തിന്നുന്നത്. പല സ്രോതസ്സുകളിൽ നിന്നായി കടലിലെത്തുന്ന പ്ലാസ്റ്റിക് ചെറു കഷ്ണങ്ങളായി പൊടിഞ്ഞ് ജന്തുക്കളാൽ ഉപയോഗിക്കപ്പെടുകയും ബാക്കി  സമുദ്രാന്തർഭാഗത്തേക്ക് താഴ്ന്നു പോകുകയും ചെയ്യുന്നു. 2014 ലെ കണക്കുപ്രകാരം വർഷം തോറും കടലിലെത്തുന്നത് 800 കോടി ടൺ പ്ലാസ്റ്റിക് മാലിന‍്യമാണ്. ഇപ്പോൾ ഒരു കണക്കെടുത്തു നോക്കിയാൽ അതിലുമെത്രയോ ഏറെ വരും.
final
രണ്ടു മാസം മുമ്പ് സ്പെയിനിന്‍റെ തെക്കുകിഴക്കൻ പ്രദേശമായ കാബോ ഡി പലോസയിൽ തീരത്തടിഞ്ഞ തിമിംഗലത്തിന്‍റെ മൃതദേഹം പരിശോധിച്ചപ്പോൾ 30 കിലോയോളം പ്ളാസ്റ്റിക് മാലി‍ന‍്യങ്ങളാണ് വയറ്റിൽ നിന്ന് കണ്ടെത്തിയത്. ഇവ ദഹിക്കാതെയും പുറന്തള്ളാന്‍ കഴിയാതെയും വയറ്റിൽ കെട്ടിക്കിടന്നാണ് അത് ജീവൻ വെടിഞ്ഞത്. കടലാമകൾ ജെല്ലിഫിഷുകളെന്നു കരുതി സുതാര‍്യമായ പ്ലാസ്റ്റിക് കവറുകൾ ഭക്ഷിക്കുന്നതും കടൽപ്പക്ഷികൾ ചെറുമീനുകളെന്നു കരുതി കടലിൽ ഉപേക്ഷിക്കപ്പെട്ട സിഗററ്റ് ലൈറ്ററുകളും ടൂത്ത് ബ്രഷുകളും കൊത്തിവിഴുങ്ങുന്നതും സാധാരമാണ് ഇപ്പോൾ. ലോകത്താകമാനമുള്ള 7 കടലാമവർഗങ്ങളുടേയും നിലനിൽപിനുള്ള ഏറ്റവും വലിയ ഭീഷണിയാണ്  പ്ലാസ്റ്റിക് മാലിന‍്യങ്ങൾ. വടക്കൻ പസഫിക്കിന്‍റെ കാലിഫോർണിയൻ തീരത്തെ ‘ഗ്രേറ്റ് പപസഫിക്ക് ഗാർബേജ് പാച്ചി’ൽ കൊഞ്ചാണെന്നു കരുതി ആൽബട്രോസുകൾ കൊത്തിയെടുക്കുന്നത് ചുവപ്പ്, പിങ്ക്, ബ്രൗൺ നിറങ്ങളിലുള്ള പ്ലാസ്റ്റിക് ആണെന്ന് സമുദ്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. “മൈക്രോബീഡുകൾ’ എന്നു വിളിക്കുന്ന പ്ലാസ്റ്റിക് നുറുങ്ങുകൾ സീലുകളുടെയും മത്സ‍്യങ്ങളുടെയും മറ്റും വയറ്റിനുള്ളിൽ നിന്ന് വൻതോതിൽ സ്ഥിരമായി കണ്ടെത്താറുണ്ട്.
thefutureofp-min (1)
ചില പ്ലാസ്റ്റിക് വസ്തുതകൾ :
 •  1000 വർഷം കഴിഞ്ഞാലും മണ്ണിലലിയാത്തവയാണ് പ്ലാസ്റ്റിക്കുകൾ.
 •  38,000 ടൺ പ്ലാസ്റ്റിക് മാലിന‍്യം സമുദ്രാന്തർഭാഗത്ത് കെട്ടിക്കിടക്കുന്നു.
 •  പ്രതിവർഷം 1 ലക്ഷം കടൽസസ്തനികളും ദശലക്ഷക്കണക്കിന് മത്സ‍്യങ്ങളും കടൽപക്ഷികളും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തിന്നോ പ്ലാസ്റ്റിക് മാലിന‍്യങ്ങളിൽ കുടുങ്ങിയോ ചാകുന്നു.
 •  സമുദ്രത്തിന്‍റെ ഓരോ ചതുരശ്ര മൈലിലും ശരാശരി 46,000 പ്ലാസ്റ്റിക് കഷ്ണങ്ങൾ ഒഴുകി നടക്കുന്നു.
 • ആകെയുള്ള മത്സ‍്യസമ്പത്തിൽ മൂന്നിൽ രണ്ടുഭാഗവും കടൽപ്പക്ഷികളിൽ 80%വും പ്ലാസ്റ്റിക് വയറ്റിലാക്കുന്നു.
 •  3200 സ്പിഷീസുകൾ പ്ലാസ്റ്റിക് മൂലം നേരിട്ടോ അല്ലാതെയോ ഇല്ലാതാകുന്നു.
 •  ലോകത്തിൽ ആകെയുള്ള പ്ലാസ്റ്റിക്കിന്‍റെ അഞ്ചിലൊന്നിൽ താഴെ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്.
2.turtle (1)
ചെയ്യാവുന്നത് :
  • മേലിൽ പ്ലാസ്റ്റിക് കൂടുകൾ ഉപയോഗിക്കില്ല എന്നു തീരുമാനിക്കാം. പ്ലാസ്റ്റിക് കൂടുകൾക്കു പകരം തുണിസഞ്ചി ഉപയാഗിച്ചു ശീലിക്കാം.
  • പ്ലാസ്റ്റിക് കുപ്പികൾക്കു പകരം സ്റ്റെയിൻലെസ് സ്റ്റീലിന്‍റെയോ ചില്ലിന്‍റെയോ കുപ്പികൾ  ഉപയോഗിക്കാം. ആരോഗ‍്യത്തിനും അതാണുത്തമം.
  • ജൈവമാലിന‍്യങ്ങൾ, അജൈവമാലിന‍്യങ്ങൾ എന്നിവ വെവ്വേറെ തരം തിരിച്ച് സംസ്കരിക്കാം.
  • പ്ലാസ്റ്റിക് പുനരുപയോഗിക്കാനായി റീസൈക്ലിങ് യൂണിറ്റുകളിലും ബാക്കിയുള്ളവ ഇൻസിനറേഷൻ കേന്ദ്രങ്ങളിലും എത്തിക്കാം.

ഇനി നിങ്ങളുടെ കയ്യിലുള്ള പൊട്ടറ്റോ ചിപ്സിന്‍റെ ഒഴിഞ്ഞ കൂടോ പ്ലാസ്റ്റിക് കുപ്പിയോ വലിച്ചെറിയുന്നതിനു മുമ്പ് ഒന്നോർക്കുക –  മണ്ണിനെപ്പറ്റി, അതിൽ വളരുന്ന ചെടികളെപ്പറ്റി, അവയെ ആശ്രയിക്കുന്ന ജീവജാലങ്ങളെപ്പറ്റി, ഇവയെയെല്ലാം ആശ്രയിക്കുന്ന നമ്മെപ്പറ്റി. സ്വയം കുഴി തോണ്ടാതിരിക്കാനെങ്കിലും നമുക്ക് ഒന്നിച്ചു കൈകോർക്കാം.

Back to Top
%d bloggers like this: