കുമ്പളങ്ങി നൈറ്റ്സ് പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും ഇതിനോടകം വളരെയധികം ജനശ്രദ്ധ പിടിച്ചെടുത്തു കഴിഞ്ഞ ചിത്രമാണ്, തീയറ്ററില്‍ നിറഞ്ഞു ഓടിയത്തിനു ശേഷം ഇപ്പോള്‍ ആമസോണ്‍ പ്രൈം ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഇടങ്ങളിലും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
ചിത്രത്തിലെ ഏറ്റവും മനോഹരമായ ദ്രിശ്യങ്ങളില്‍ ഒന്നായിരുന്നു ”കവര്‍ പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിക്ക്” എന്നു ബോബി പറഞ്ഞത് അനുസരിച്ചു ബോണി തന്റെ കൂട്ടുകാരിയായ നൈലയെ കൂട്ടി ജലത്തില്‍ എത്തി ചേര്‍ന്ന നീലവെളിച്ചത്തിനെ കണ്ടെത്തുന്നത്. വളരെയധികം കൌതകവും കുളിര്‍മ്മയും ഏകുന്ന ഒരു പ്രണയ രംഗമായിരുന്നു അത്. ബോണിയും കൂട്ടുകാരിയും കാണുന്ന നീലവെളിച്ചത്തിന്റെ ശാസ്ത്രീയ വശം വിശദീകരിക്കാനുള്ള ഒരു ശ്രമാണ് ഈ ലേഖനം.
ജലത്തില്‍ കാണുന്ന ലളിതവും ഏകകോശധാരികളുമായ സസ്യപ്ലാങ്ക്ടർ വിഭാഗത്തില്‍ വരുന്ന നൊക്റ്റിലൂക്ക സിന്റിലൻസ് എന്നയിനം ജീവികളുടെ ജൈവ ദീപ്തിയാണ് കവര്‍. ഇവയുടെ കോശത്തില്‍ അനേകായിരം ചെറു പൊട്ടുകള്‍ പോലെ കാണുന്ന സിന്റ്റിലന്‍സ് എന്നതരം കോശാംഗങ്ങളാണ് ഈ ജൈവ ദീപ്തിയുടെ പുറകില്‍, അവയുടെ ശാസ്ത്രീയ നാമം വരുന്നതും ഈ കോശാംഗങ്ങളില്‍ നിന്നാണ്.
സസ്യങ്ങളില്‍ സൂര്യപ്രകാശത്തെ ഉപയോഗിച്ചുള്ള ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന് അനിവാര്യമായ ഒരു രാസപദാര്‍ത്ഥമാണ് ക്ലോറോഫിലെന്നു അറിയാമെല്ലോ ? ഈ ക്ലോറോഫിലിൽ കുറച്ചു രൂപമാറ്റമുണ്ടാക്കി നിര്‍മ്മിച്ചെടുക്കുന്ന ലൂസിഫെറിന് എന്നൊരു രാസപദാര്‍ത്ഥമാണ് സിന്റ്റിലന്‍സ് കോശാംഗങ്ങള്‍ നീലജ്യോതി നല്കാന് പ്രധാനമായും ഉപയോഗിക്കുന്നത്. ലത്തീന്‍ ഭാഷയില്‍ പ്രകാശദൂതനെന്നാണ് ലൂസിഫെറിന്റെ അര്‍ത്ഥം. മിന്നാമിനുങ്ങുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി കവരുകള്‍ ജൈവ ദീപ്തി ചൊരിയുന്നത് ഏതെങ്കിലും വിധത്തില്‍ ഇളക്കം നേരിടുമ്പോളാണ്, ഇവ ആയിരിക്കുന്ന കടലിലെ ഭാഗത്തിലൂടെ ബോട്ടുകള്‍ പോകുക, തിരകളിലൂടെ ഓളം തടുക, അല്ലായെങ്കില്‍ ബോണിയും കൂട്ടുകാരിയും ചെയ്തത് പോലെ കവര്‍ പൂത്ത് നില്കുന്ന ജലത്തിന്റെ ഭാഗത്തിലൂടെ ഓളം ഉണ്ടാക്കി നടക്കുകയോ കൈകള്‍ ഇട്ടു ഇളക്കുകയോ ചെയ്യുമ്പോള്‍!
സാധാരണ ഗതിയില്‍ അലസമായി ഇരിക്കുന്ന ലൂസിഫെറിനെ ഉത്തേജിപ്പിച്ചു പ്രകാശം ചോരിപ്പിക്കുന്നത് സിന്റ്റിലന്‍സ് കോശാംഗങ്ങളില്‍ തന്നെ ഇരിക്കുന്ന ലൂസിഫെറൈസ് എന്നയിനം രാസാഗ്നികളാണ്, ചുറ്റും ഇളക്കം തോന്നിയാല്‍ ഇവ ലൂസിഫെറിനെ ഓക്സിജനുമായി പ്രവര്‍ത്തിപ്പിച്ചു ഓക്സിഡൈസ് ചെയ്യിപ്പിക്കും, ഈ അവസരത്തിലാണ് നീലവെളിച്ചം നമ്മള് കാണുന്നത്. കേവലം ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് ദൈര്‍ഘ്യം മാത്രം നിലനില്‍ക്കുന്ന നീലഫ്ലാഷിംഗ്, ലക്ഷക്കണക്കിന് നൊക്റ്റിലൂക്ക സിന്റിലൻസുകളില് നിന്നും ഒരേ സമയം വരുമ്പോളാണ് ജൈവ ദീപ്തിയായി നമ്മള് കാണുന്നത്. ഒറ്റയ്ക്കു നോക്കിയാൽ ഈ ജീവിയ്ക്കു എഴുനൂറോളം മൈക്രോമീറ്ററെ വലിപ്പമുള്ളൂ, അതായത് നമ്മുടെ തലമുടി നാരിന്റെ വ്യാസത്തിന്റെ പത്തിലൊന്നിൽ കുറവ്. ഇവയുടെ ബന്ധുകളായ മറ്റ് ചില ഡൈനോഫ്ലജെല്ലേറ്റുകള്ക്കും ഈ കഴിവുണ്ട്.
സത്യത്തില്‍ തങ്ങളെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ശത്രുകളെ ഭയപ്പെട്ടുത്താനുള്ള ഒരു മാര്‍ഗ്ഗമാണ് ഇവയുടെ ജൈവ ദീപ്തി, ആസിഡ് സ്വഭാവം കൂടുതലുള്ള ഇടങ്ങളിലും ലൂസിഫെറിന് ആക്ടീവ് ആകാറുണ്ട്. നീലവെളിച്ചം കാണിച്ചു ശത്രുകളെ, പ്രത്യേകിച്ചു ഇരപിടിയന്മാരെ ഞെട്ടിക്കാനുള്ള വിദ്യ രാത്രി സമയങ്ങളില്‍ ആണല്ലോ അധികം ഫലിക്കുക! ഇതിനാല്‍ തന്നെ രാത്രി കാലങ്ങളില്‍ മാത്രമാണ് ഈ ജൈവ ദീപ്തി വരുക, അത് നിയന്ത്രിക്കാനൊരു ജൈവക്ലോക്കും ഇവയുടെ ഒറ്റകോശ ശരീരത്തിലുണ്ട്. ജീവപരിണാമത്തിലൂടെ തങ്ങളുടെ ശത്രുകളെ ഞെട്ടിക്കാന്‍ മാത്രമല്ല ശത്രുകളുടെ ഇരപിടിയന്മാരെ വിളിച്ചു കൂട്ടാനും ഈ നീലവെളിച്ചം ഉപയോഗിക്കാന്‍ ഇവ സിദ്ധിച്ചിട്ടുണ്ട്. ശത്രുവിന്റെ ശത്രുമിത്രമെന്നാണല്ലോ പ്രമാണം.
നൊക്റ്റിലൂക്ക സിന്റിലൻസ് ലളിതമായ സസ്യപ്ലാങ്ക്ടർ വിഭാഗത്തില്‍ വരുന്ന ജീവിയാണെങ്കിലും പൊതുവേയുള്ള സസ്യങ്ങളെ പോലെ സ്വയം ആഹാരനിർമ്മാണത്തിനു ഒന്നും ബുദ്ധിമുട്ടാറില്ല, ജലത്തില്‍ ഉള്ള മറ്റ് സസ്യപ്ലാങ്ക്ടർ ഇനങ്ങളെ, ബാക്ടീരികളെ, കുഞ്ഞന്‍ കടല്ജന്തുകളുടെ ലാര്‍വകളെ മുട്ടകളെയുമെല്ലാം ഇവയുടെ കോശത്തില്‍ നിന്നുള്ള ചൂണ്ട പോലെയുള്ള അവയങ്ങള്‍ നീട്ടി പിടിച്ചെടുത്തു കഴിക്കുകയാണ് രീതി. ചില അവസരത്തില്‍ പ്രകാശസംശ്ലേഷണത്തിനു കഴിവുള്ള ചില ആല്‍ഗകളെ പിടിച്ചുക്കൂട്ടി തങ്ങളുടെ കോശ അറകളില്‍ പൂട്ടിയിട്ടു അവയില്‍ നിന്ന് ആഹാരം ഉണ്ടാക്കുന്ന പതിവും ഇവയ്ക്കുണ്ട്. ഇവയുടെ ഭക്ഷണവും അനുകൂല കാലാവസ്ഥയും അധികമുള്ള ഇടങ്ങളില്‍ വലിയ കൂട്ടമായി ‘പെറ്റുപ്പെരുകി’ നൊക്റ്റിലൂക്ക സിന്റിലൻസ് കൂട്ടമായി എത്താറുണ്ട്, കവര്‍ പൂത്തുവെന്ന് പറയുന്നത് ഇങ്ങനെ ഉള്ള സാഹചര്യങ്ങളിലാണ്.
കവരുകള്‍ പൊതുവെ മനുഷ്യര്‍ക്ക് നേരിട്ട് യാതൊരുവിധ അപകടവും ഉണ്ടാക്കുന്ന വിഷകാരിയല്ല, പക്ഷെ വളരെയധികമായി ഒരു പ്രദേശത്ത് കൂടുതല്‍ കാലം കവര്‍ പൂത്ത് നില്ക്കുന്നുവെങ്കില് ഇവയുടെ ജൈവപ്രക്രിയുടെ ഭാഗമായി വരുന്ന അമോണിയവെസ്റ്റുകള് ചുറ്റുമുള്ള ജലജീവികള്‍ക്ക് ചിലപ്പോള്‍ പ്രയാസം നല്‍കാവുന്നതാണ്, അതോടൊപ്പം ഇവ ആ പ്രദേശത്തെ ചിലജീവികളുടെ എണ്ണവും അമിതമായ ആഹരിക്കല്‍ വഴി കുറയ്ക്കാന്‍ ഇടയുണ്ട്, പല കടല്‍ ജീവികളുടെയും ലാര്‍വകളും മുട്ടകളും ഇവ അക്കത്ത് ആകുന്നതിനെ പറ്റി മുന്‍പ് സൂചിപ്പിച്ചിരുന്നുവെല്ലോ, എന്തായാലും മനുഷ്യര്‍ക്കെന്നും കൌതകം ഉണര്‍ത്തുന്ന, കുളിര്‍മ്മയുള്ള ഒരു അനുഭവം ആണ് കവര്‍ പൂക്കുന്നത് കാണുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ നിര്‍മ്മാണ വീഡിയോകളുടെ കുറച്ചു ഭാഗങ്ങള്‍ പങ്കുവച്ചത് കണ്ടിരുന്നു, അതില്‍ നിന്ന് ഈ കവര്‍ പൂത്ത ഭാഗം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമം ആയി ചെയ്തത് ആണെന്ന് മനസ്സിലായി. ഒരു ജന്തുശാസ്ത്രവിദ്യാര്ഥി എന്ന നിലയില്‍ പല തവണ കവര്‍ പൂക്കുന്നത് ദ്രിശ്യക്കാന് ഭാഗ്യം ലഭിച്ച അനുഭത്തില്‍ നിന്ന് , യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്ത് നില്ക്കുന്ന രീതിയലാണ് ഈ ഭാഗം ചെയ്തത് എന്ന് അംഗീകരിക്കാതെ വയ്യ! ചിത്രത്തിന്റെ സംവിധായകന് മധു നാരായണനും എഡിറ്റിംഗ് ടീമും പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. കേരളത്തിന്റെ ഉൾപ്പെടെയുള്ള ദക്ഷിണാന്ത്യൻ തീരഭാഗങ്ങളിൽ ജൂണ്‍-ഓഗസ്റ്റ് കാലങ്ങളിൽ കവര്‍ പൂക്കുന്നത് പലപ്പോഴും കാണാവുന്നതാണ്.