കടുവ – പോപ്പുലേഷൻ വളർച്ചാനിരക്കിലെ പൊള്ളത്തരങ്ങൾ

കടുവ – പോപ്പുലേഷൻ വളർച്ചാനിരക്കിലെ പൊള്ളത്തരങ്ങൾ

എല്ലാ കടുവാ പ്രേമികളും രണ്ട് ദിവസമായി സന്തോഷ തിമർപ്പിലാണ് കാരണം, കണക്കുകൾ പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ എണ്ണം കുതിച്ചുയർന്ന് 2967 ൽ എത്തിയിരിക്കുന്നു.. മാധ്യമങ്ങളെല്ലാംതന്നെ ഈ കാര്യം നന്നായി കവർ ചെയ്യാനും ശ്രമിക്കുന്നുണ്ട്. ഇത്രയും കടുവകൾക്ക് ഇന്ത്യൻ കാടുകൾ അഭയമരുളുന്നുണ്ടെന്ന് അറിയുന്നതിൽ മറ്റെല്ലാരെയും പോലെ ഈ ഉള്ളവനും സന്തോഷമുണ്ടെന്ന് മാത്രമല്ല കാര്യങ്ങൾ ഇതുപോലെ പോകുകയാണെങ്കിൽ അടുത്ത കണക്കെടുപ്പിൽ മുവായിരത്തിന് മുകളിലായി നല്ലൊര് നമ്പറിൽ എത്തുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

കാര്യം അതല്ല, ഇവർ ഈ പറയുന്ന ‘വളർച്ചാ നിരക്ക്‘ കണക്ക് ശരിക്കും ഉള്ളതാണൊ എന്നതാണ്..

Visualisation attribution : forbes india

2006 ൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം 1411 ആയിരുന്നു അത് 2010ൽ 21% ഉയർന്ന് 1706ആയും 2014ൽ 30% ഉയർന്ന് 2226ആയും 2018ൽ 33% ഉയർന്ന് 2967ലും എത്തി. കഴിഞ്ഞ 12 വർഷംകൊണ്ട് ഇരട്ടിയിൽ അധികം വളർച്ച!

Tiger & Tigress – Kanha National Park. Image : Ashishmahaur [CC BY-SA 4.0] via Wikimedia Commons

കേരളത്തിലെ സ്ഥിതി കുറച്ച്കൂടി കൗതുകകരമാണ് 2006 ൽ വെറും 46 എണ്ണം ഉണ്ടായിരുന്നത് 2018ൽ 190 എണ്ണമായി, കഴിഞ്ഞ 12 കൊല്ലംകൊണ്ട് 4 ഇരട്ടിയിലധികം വളർച്ചയിൽ എത്തി!

ഇതിന്റെ പുറകിലെ കുറച്ച് വസ്തുതകളിലേക്ക് വരാം: മുൻപ് കടുവകളുടെ എണ്ണമെടുത്തിരുന്നത് ആളുകൾ കാടുകൾതോറും നടന്ന് സർവ്വേ ചെയ്തായിരുന്നു, നേരിട്ട് കാണുന്ന കടുവകളുടെ എണ്ണം അല്ലെങ്കിൽ കടുവയുടെ കാൽപ്പാടുകൾ, കടുവാ കാഷ്ഠം, മാന്തിയിട്ട മാർക്കുകൾ തുടങ്ങി പലകാര്യങ്ങൾ പരിശോധിച്ച് വിലയിരുത്തി ഒര് നിഗമനത്തിൽ എത്തലായിരുന്നു പതിവ്. ഏകദേശ ധാരണ കിട്ടുമെന്നല്ലാതെ ഇത്കൊണ്ട് കാര്യമായ രൂപമൊന്നും കിട്ടിയിരുന്നില്ല.

Tiger Kanha National Park. Image : David V Raju CC BY-SA 4.0] via Wikimedia Commons

ക്യാമറാ ട്രാപ്പ് മുൻപ് ഉപയോഗത്തിൽ ഉണ്ടെങ്കിലും 2006 ന് ശേഷമാണ് ക്യാമറകൾ (camera traps) ഉപയോഗിച്ച് കാര്യമായി കണക്കെടുത്ത് തുടങ്ങുന്നത്. ഉദ്ധേശം 2010 ന് ശേഷം ഇന്ത്യയിലെ ഗവൺമെന്റ് ഏജൻസികളും, WWF, WCS തുടങ്ങിയ സംഘടനകളും രാജ്യത്തുടനീളമുള്ള പ്രധാനപ്പെട്ട കടുവാ ഹാബിറ്റാറ്റുകളിലൊക്കെ ക്യാമറ ട്രാപ്പ് ഉപയോഗിക്കാൻ തുടങ്ങി. കടുവകൾ വഴിത്താരകളിലൂടെയാണ് കൂടുതലും നടക്കാറുള്ളത് എന്നത് ഈ മെത്തേഡ് ഉപയോഗിച്ചുള്ള കണക്കെടുപ്പ് കൂടുതൽ എളുപ്പമുള്ളതാക്കി. കടുവയുടെ ആക്ടിവിറ്റി കൂടുതൽ ഉള്ള സ്ഥലങ്ങളിലും കടുവ നടക്കാൻ സാധ്യതയുള്ള ഇടങ്ങളിലും ക്യാമറ ട്രാപ്പ് സ്ഥാപിച്ച് ഒര് നിശ്ചിത ദിവസം കൂടുമ്പോൾ ചിത്രങ്ങൾ ശേഖരിക്കലാണ് രീതി. രാത്രി-പകൽ- വിത്യാസമില്ലാതെ വിവരങ്ങൾ ശേഖരിച്ച് ക്യാമറവെച്ച ഹാബിറ്റാറ്റിലെ ഒരുവിധം കടുവകളെയൊക്കെ ഐഡൻറിഫൈ ചെയ്യാൻ പറ്റുന്നു എന്നത് ഈ മെത്തേഡ്‌ പാരമ്പര്യ ട്രാൻസക്ട് മെത്തേഡിനേക്കാൾ പതിൻമടങ്ങ് സ്വീകാര്യതയുള്ളതാക്കി.

നിലവിൽ ഈ രീതി ഉപയോഗിച്ച് ഇന്ത്യയിലെ കടുവാ സങ്കേതങ്ങളും, കടുവകൾ ഉള്ള പ്രധാനപ്പെട്ട ഒരുവിധം സംരക്ഷിത വനപ്രദേശങ്ങളുമൊക്കെ സർവ്വേ ചെയ്യാമെന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. 2006 ന് ശേഷം കാമറാട്രാപ്പ് ഉപയോഗിച്ചുള്ള കണക്കെടുപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ച് വന്നതിനനുസരിച്ച് മേൽപറഞ്ഞ എണ്ണത്തിലുള്ള ‘വളർച്ചാനിരക്കും’ നമ്മളിപ്പോൾ കണ്ട്കൊണ്ടിരിക്കുന്നത് പോലെ കൂടി കൂടി വന്നു!! അത്രെയുള്ളു കണക്കിലെ കാര്യം. എണ്ണം കൂടുന്നില്ല എന്നൊന്നും ഞാൻ പറയുന്നില്ല, ഈ കാണുന്ന വളർച്ചാ നിരക്കിൽ വിശ്വാസമില്ലെന്നെയുള്ളു.

Tiger Kanha National Park. Image : David V Raju CC BY-SA 4.0] via Wikimedia Commons

ഇനി കാര്യങ്ങൾ ഒന്ന്കൂടെ വ്യക്തമാവാൻ ഒന്ന് കേരളത്തിലേക്ക് വരാം, കേരളത്തിൽ 2010 ന് ശേഷമാണ് ക്യാമറാട്രാപ്പ് പരുപാടി സജീവമാകുന്നത്. ആ സമയത്ത് വയനാട് വന്യജീവി സങ്കേതത്തിൽ ഉദ്ധേശം 20-24 മറ്റോ ഉണ്ടായിരുന്ന(കൃത്യം കണക്ക് കിട്ടിയില്ല) കടുവകൾ WWF ക്യാമറ വെച്ചപ്പോൾ പെട്ടെന്ന് 75 ആയി! അക്ഷരാർത്ഥത്തിൽ അവർ തന്നെ ഞെട്ടി, ഇന്ത്യയിലെ വന്യ ജീവി ശാസ്ത്ര സമൂഹത്തിൽ ഇത് ചൂടുള്ള ഒരു ചർച്ച ആയിരുന്നു. ഇതാണ് നമ്മൾ ഈ കാണുന്ന population growth magicന്റെ പിന്നാമ്പുറകഥ. (ഇന്ത്യയിൽ പല സ്ഥലങ്ങളിലും സമാന കഥകൾ കണ്ടെത്താൻ പറ്റിയേക്കും) ഇപ്പോൾ കേരളത്തിൽ ഒരുവിധം സ്ഥലങ്ങളൊക്കെ ക്യാമറ വെച്ച് പഠിച്ച് നമ്മൾ ശരിക്കുമുള്ള നമ്പറിനടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. (ശരിക്കുള്ളത് അങ്ങനെ എളുപ്പത്തിൽ കിട്ടാൻ പോകുനില്ല എന്നത് വേറെ കാര്യം) ഇനി അടുത്ത തവണ ബാക്കിവന്ന സ്ഥലങ്ങൾകൂടെ ക്യാമറ വെക്കാൻ കഴിഞ്ഞാൽ എണ്ണം 200ൽ എത്തിയേക്കാം.

Image : Pratip Kr. Mukhopadhyay [CC BY-SA 4.0)] via Wikimedia Commons

സംരക്ഷണ പ്രവർത്തനങ്ങൾ വഴി എണ്ണം കൂടികൊണ്ടിരിക്കുന്നു എന്നൊര് പ്രതീതി ആണ് എല്ലാ കോണുകളിൽ നിന്നും പ്രതിഫലിച്ച് കൊണ്ടിരിക്കുന്നത്. ശരിക്കും 2006ലും നമ്മുടെ രാജ്യത്ത് നല്ലൊര് നമ്പർ കടുവകൾ കാട്ടിൽ ഉണ്ടായിരുന്നിരിക്കാം (2000ൽ കൂടുതൽ എണ്ണം), എണ്ണവും കൂടുന്നുണ്ടാവാം(അതിൽ എതിരഭിപ്രായമൊന്നുമില്ല) നമ്മുടെ കണക്കെടുപ്പു രീതികളുടെ പരിമിതിമൂലം അന്ന് തിരിച്ചറിയാൻ പറ്റിയില്ലെന്ന് മാത്രം.. വരും വർഷങ്ങളിലെ ‘വളർച്ചാ നിരക്കും’ മോശമാവില്ല കാരണം ഇനിയും കുറേ സ്ഥലങ്ങൾ ക്യാമറ വെക്കാനായി ബാക്കിയുണ്ട്! എല്ലായിടത്തും ക്യാമറ വെക്കുന്നതോടെ നമുക്ക് കുറച്ച് കൂടെ കൃത്യതയാർന്ന എണ്ണവും തുടർ വർഷങ്ങളിൽ ‘യഥാർത്ഥ വളർച്ചാ നിരക്കും ‘ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..

Tiger Kanha National Park. Image : David V Raju CC BY-SA 4.0] via Wikimedia Commons

സർക്കാർ വൃത്തങ്ങൾക്ക് ഈ കാര്യങ്ങളൊന്നും അറിയാൻ സാധ്യതയില്ല, പക്ഷെ ബന്ധപ്പെട്ട ഗവേഷകർ എന്തുകൊണ്ട് ഈ കാര്യങ്ങൾ പറയാതിരിക്കുന്നു എന്ന് മനസ്സിലാവുന്നില്ല. അവരുടെ കഞ്ഞികുടി വിഷയമാവാം കാരണം!

-സുജിൻ. എൻ.എസ്

Back to Top