പാരിസ്ഥിതികവും ചരിത്രപരവുമായി ഏറെ പ്രാധാന്യമുള്ള ശാന്തിവനത്തെ സംരക്ഷിക്കുന്നതിനായി ഇടപെടുക

പാരിസ്ഥിതികവും ചരിത്രപരവുമായി ഏറെ പ്രാധാന്യമുള്ള ശാന്തിവനത്തെ സംരക്ഷിക്കുന്നതിനായി ഇടപെടുക

നോർത്ത്‌ പറവൂരിലെ വഴിക്കുളങ്ങരയിലെ രണ്ടേക്കർ വിസ്തൃതിയുള്ള ശാന്തി വനം എന്ന കാവ് KSEB 110 കെ.വി.ലൈൻ വലിക്കുന്നതിനായി നിഷ്കരുണം വെട്ടി നശിപ്പിക്കുകയാണ്. മൂന്ന് കാവും മൂന്ന് കുളവും ചേർന്ന ഈ സൂക്ഷ്മ ആവാസസ്ഥാനം നില്ക്കുന്ന പുരയിടമൊട്ടാകെ ഹരിതവനമായി നിലനിർത്തിയിരിക്കുകയാണ്. ആഗോള താപനത്തിന്റെ പ്രാദേശിക പ്രതിഫലനങ്ങൾ രൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാട്ടുപച്ചത്തുരുത്തുകൾ സംരക്ഷിക്കേണ്ടത് എന്തിനെന്നും ഇനിയങ്ങോട്ട് നാം സ്വീകരിക്കേണ്ടുന്ന പാർപ്പിട – പുരയിടമാതൃക എന്തായിരിക്കണമെന്നതിന് സാക്ഷ്യം പറയുന്നു മീനാമേനോന്റെ ഈ വീട്ടുവനം.

ശാന്തിവനം

പ്രകൃതി സ്നേഹിയായ പിതാവ് രവീന്ദ്രനാഥ് കാണിച്ച പരിരക്ഷണതാത്പര്യം മകൾ മീന മേനോൻ ഏറ്റെടുത്തിരിക്കയാണ് ഇവിടെ. നാടിന്റെന്റെയീ ശ്വാസകോശം ഒരു സ്വകാര്യ സ്വത്ത് എന്നതിനപ്പുറം പ്രകൃതി പഠനത്തിനായുള്ള ഒരു കേന്ദ്രമായി മാറിയിരിക്കുകയായിരുന്നു.

ഈ ജൈവ പൈതൃകത്തിനു മേലാണ് ഹൈടെൻഷൻ വൈദ്യുത വിതരണത്തിനായുള്ള ടവർ പണി തുടങ്ങിയിരിക്കുന്നത്. ലൈൻ സ്ഥാപിക്കാൻ ഇതിനെക്കാൾ എളുപ്പത്തിലും സൗകര്യത്തിലും വേറെയും മാർഗങ്ങളുണ്ടെങ്കിലും സ്ഥലത്തെ ഒരു പ്രമുഖന്റെ സ്വത്ത് സംരക്ഷിക്കാനായി കാവിനു നടുവിൽ തന്നെ തൂണിടുകയാണ് ചെയ്തിരിക്കുന്നത്.

ലോകമെമ്പാടും വിശുദ്ധ വനങ്ങളുടെ പാരിസ്ഥിതികവും സാംസ്ക്കാരികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയെ കമ്യൂണിറ്റി ഫോറസ്ററായും ഹെറിറ്റേജ് സൈറ്റായും സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്.

ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഭോപ്പാലിൽ കല്പവൃക്ഷയുടെ ആഭിമുഖ്യത്തിൽ നടന്ന കമ്യൂണിറ്റി കൺസർവേഷൻ ഏരിയകളുടെ പരിരക്ഷണത്തെ മുൻനിർത്തിയുള്ള ഒരു ശില്പശാലയുടെ തുടർച്ചയായാണ് കാവുകൾ പോലുള്ള വനേതര പച്ചത്തുരുത്തുകളുടെ സംരക്ഷണം ഔദ്യോഗിക നയപരിപാടികളുടെ ഭാഗമാകുന്നത്. കടലുണ്ടിയിലെ പക്ഷി സങ്കേതവും കൊളാവിയിലെ ആമ പ്രജനന തീരവും ജനപങ്കാളിത്തത്തോടെയുള്ള പരിപാലന സംരംഭമായി മാറി. 1990 മുതൽ ഞാനടക്കം ഒട്ടേറെ ഗവേഷകർ കേരളത്തിലെ കാവുകളെപ്പറ്റി പഠിക്കുകയും അവയുടെ സാമൂഹികവും ചരിത്രപരവും പ്രകൃതി കാരുണ്യപരവുമായ പ്രാധാന്യത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി വിശുദ്ധ വനങ്ങളുടെ പരിരക്ഷണം വനം വകുപ്പിന്റെ കർമ്മ പരിപാടിയായി ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്.

ശാന്തിവനം

ദേശീയ ജൈവവൈവിധ്യ നിയമത്തിന്റെ ഭാഗമായി കേരളത്തിൽ ജൈവവൈവിധ്യ ബോർഡും പഞ്ചായത്തുതലത്തിൽ ബയോഡൈവേഴ്സിറ്റി മോണിറ്ററിംഗിനായി സമിതിയും നിലവിൽ വന്നതോടെ പ്രാദേശിക ജൈവവൈവിധ്യ കേന്ദ്രങ്ങളായ കാവുകളുടെ സംരക്ഷണത്തിന് പ്രാധാന്യം കൈവന്നു. ഇത്തരം സൂക്ഷ്മ ആവാസസ്ഥാനങ്ങളെ പൈതൃക കേന്ദ്രങ്ങളായി സംരക്ഷിക്കുന്നതിന് ബയോഡൈവേഴ്സിറ്റി ബോർഡ് ആദ്യമായി തിരഞ്ഞെടുത്തത് തൃശൂരിലെ കലശമല വിശുദ്ധവന മെന്ന മിരിസ്റ്റിക്കച്ചതുപ്പ് കാടിനെയാണ്.

ഇത്തരത്തിൽ ജൈവവൈവിധ്യ പരമായും പാരിസ്ഥിതികമായും കാവുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന കാലത്താണ് ശാന്തി വനത്തെ അശാന്തമാക്കിക്കൊണ്ട് യന്ത്രങ്ങൾ മുരളാൻ തുടങ്ങിയിരിക്കുന്നത്.

തീരദേശ ലോ ലാന്റ് ഫോറസ്റ്റിന്റെ അനന്യമായ ഒരു ലാക്ഷണിക മാതൃകയാണ് ശാന്തി വനം. കേരള വന ഗവേഷണ കേന്ദ്രം നടത്തിയ ഒരു കണക്കെടുപ്പിൽ 124 സ്പി ഷീസ് സസ്യങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. വെള്ളപ്പയിൻ (വറ്റീരിയ ഇൻഡിക്ക ) ആഞ്ഞിലി, ചേര്, വല്ലഭം, ഇരുമ്പൂന്നി (ഹോ പിയ പൊംഗാ) തുടങ്ങി തീരദേശ നിത്യഹരിത കാവുകളുടെ ലാ ക്ഷണിക വൃക്ഷങ്ങളുടെ മേലാപ്പാണ് ഈ കാവിലുള്ളത്. ഇതിലെ ആഞ്ഞിലി, ചേര്, മരോട്ടി, തുടങ്ങി പല വൃക്ഷങ്ങളും പശ്ചിമഘട്ടത്തിന്റെ തനതുമരങ്ങളാണ്.നായുരിപ്പിനെയും മരച്ചെക്കിയെയും (ഇക് സോറ മലബാറിക്ക) IUCN സംരക്ഷണമുൻഗണന “വൾന റബിൾ ” എന്ന വിഭാഗത്തിലാണ് പരിഗണിച്ചിരിക്കുന്നത്. ഹോർത്തൂസ് മലബാറിക്കൂസിൽ ചൊറിയൻ കൊട്ടമായി പരാമർശിച്ച അമ്മിമുറിയൻ (എംബീലിയ ജെറാംകൊട്ടം) പോലുള്ള നിരവധി ഔഷധച്ചെടികൾ ഇവിടെയുണ്ട്.’ RET കാറ്റഗറിയിൽ പെട്ടന്ന കൂവച്ചെക്കി (മെമിസിലോൺ റാൻഡേറിയാനം) യെന്ന കാശാവ് ചെടി,സ്മിത്സോണിയ എന്ന അപൂർവവും എൻഡമിക്കുമായ ഓർക്കിഡ് തുടങ്ങി സമാനതയില്ലാത്ത സസ്യ വൈവിധ്യമാണിവിടെ. കുർകുമ ഹ രീത, കുർകുമ ഇക്കൽകുറേറ്റ തുടങ്ങി മഞ്ഞളിന്റെ തന്നെ പല വന്യ ഇനങ്ങളും ഇവിടെയുണ്ട് എന്നത് ഈ ജീൻപുൾ ഭാവിയുടെ ഭക്ഷ്യ സുരക്ഷയ്ക്കു കൂടി എത്രത്തോളം പ്രയോജനപ്പെടുമെന്ന് ഓർമിപ്പിക്കുന്നു. സ്ഥിരവാസികളും ദേശാടകരും കാടുകളിൽ മാത്രം പ്രജനനം നടത്തുന്നവയായി കരുതപ്പെടുന്നവരുമുൾപ്പെടെ എഴുപതിലേറെ പക്ഷികളെയും അപൂർവ പൂമ്പാറ്റയിനങ്ങളെയും പ്രകൃതി വിദ്യാർത്ഥികൾ ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്.

കാവുകൾ മിക്കവാറും പ്രൈവറ്റ് പ്രോപർട്ടിയാക കൊണ്ട് സ്വകാര്യ ആവശ്യത്തിനായി അവ നശിപ്പിക്കപ്പെടുകയാണ് പതിവ്. ഇവിടെ അതിനെ നാടിനായി സമർപ്പിച്ചു കഴിഞ്ഞ – കമ്യുണിറ്റി ഫോറസ്ട്രായി പരിവർത്തനപ്പെടുത്തിയ കാവുടമ തന്നെയാണ് അതിന്റെ രക്ഷക്കായി KSEB ക്കുമ്പിൽ യാചിച്ചു നില്ക്കുകയും നിയമ പരിരക്ഷ തേടി കോടതി കയറിയിറങ്ങുകയും ചെയ്യുന്നത്. ഉച്ചിക്കു വെക്കേണ്ട കൈ ഉദകക്രിയ ചെയ്യുന്ന കാഴ്ച കണ്ട് _ സർക്കാർ തന്നെ കാടിന് കാലനാവുന്നതുകണ്ട് പച്ചപ്പിനായി സമരം തുടരുന്ന മീനയ്ക്ക് ഒപ്പം നിൽക്കേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ വ്യക്തിയുടെയും പ്രസ്ഥാനങ്ങളുടെയും കടമയാണ്. ഹരിത കേരളവും ജൈവ വൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, പ്രളയാനന്തര കേരളത്തെ മാറ്റിപ്പണിയാൻ യത്നിക്കുന്ന സർക്കാർ ഏജൻസികളുടെ ബാധ്യതയാണ് ഇത് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇത്തരുണത്തിൽ പാരിസ്ഥിതികവും ചരിത്രപരവുമായി ഏറെ പ്രാധാന്യമുള്ള ശാന്തിവനത്തെ സംരക്ഷിക്കുന്നതിനായി ഇടപെടുക.
എപ്രിൽ 22 ന് ഹരിത മനസുകൾ അവിടെ ഒത്തുചേരുകയാണ്.
കാവുകളും കാനങ്ങളും പള്ളവും പോലുള്ള സൂക്ഷ്മ ആവാസസ്ഥാനങ്ങൾ സംരക്ഷിക്കുന്നതിന് ഫലപ്രദമായ നിയമങ്ങൾ ഉണ്ടാക്കാനും ജനകീയ ഇടപെടലുകൾക്കും ശാന്തി വനത്തിന്റെ ഹരിത പ്രതിരോധം പ്രേരകമാകട്ടെ.

ഡോ.ഇ.ഉണ്ണികൃഷ്ണൻ
(കാവുണ്ണി)

Back to Top