അവശേഷിക്കുന്ന കണ്ടല്‍ കാടുകള്‍ സംരക്ഷിക്കപ്പെടണം

അവശേഷിക്കുന്ന കണ്ടല്‍ കാടുകള്‍ സംരക്ഷിക്കപ്പെടണം

1989-90 കാലഘട്ടത്തില്‍ വനഗവേഷണ careerന് തുടക്കം കുറിക്കുന്നത് കണ്ടല്‍കാടുകളുടെ പഠനത്തിലൂടെയാണ്.. ഏകദേശം 6 മാസത്തോളം പുതുവൈപ്പിനിലെ കണ്ടല്‍ കാടുകളെക്കുറിച്ചുള്ള പഠനം.. അരയ്ക്കൊപ്പം ചളിയില്‍ ഇറങ്ങിനിന്നുള്ള ഫീല്‍ഡ് വര്‍ക്കിന്റെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ വളരെ പുതുമയോടെ നിലകൊള്ളുന്നു..

അങ്ങനെയിരിക്കെയാണ് ചേറ്റുവയിലെ കണ്ടലുകളുടെ പക്ഷികളെക്കുറിച്ച് പഠനം നടത്തണമെന്ന് വനം വകുപ്പ് ആവശ്യപ്പെടുന്നത്. ചേറ്റുവ കായലിന്‍റെ നടുക്കുള്ള ഏകദേശം 8 ഏക്കറോളം വരുന്ന തുരുത്തു പൂര്‍ണമായും കണ്ടല്‍കാടുകള്‍.. അവിടെ ഇറങ്ങി നടന്നു വീണ്ടും കണ്ടലിനെ അടുത്തറിയാന്‍ 27വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയ അസുലഭ അവസരം നന്നായി ഉപയോഗിച്ചു…

പരിസ്ഥിതി പ്രവര്‍ത്തകരായ രവി പനക്കല്‍, മനോജ്‌ കരിങ്ങമഠത്തില്‍ തൃശൂര്‍ സാമൂഹ്യവനവല്‍കരണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, കേരള കാര്‍ഷിക സര്‍വകലാശാല വനശാസ്ത്ര കോളേജിലെ വിദ്യാര്‍ത്ഥികളായ ശ്രീകുമാര്‍, വിഷ്ണു, അശ്വിന്‍, ശ്യാമിലി എന്നിവരോടൊപ്പം ആ കണ്ടല്‍ തുരുത്തിലെ പക്ഷികളുടെയും കണ്ടലിന്റെയും ഒരു സര്‍വ്വേ നടത്തുകയുണ്ടായി… മഴയെയും അവഗണിച്ചു കൊണ്ട് ഞങ്ങള്‍ എല്ലാവരും ആ തുരുത് മുഴുവന്‍ നടന്നു കണ്ടു..

 

ആ തുരുത്തിന്‍റെ 90 ശതമാനത്തോളവും പ്രാന്തന്‍ കണ്ടല്‍ എന്ന് വിളിക്കപ്പെടുന്ന പനച്ചികണ്ടല്‍ (Rhizophora mucronata) ചെടികളാണ്. ഇത് കൂടാതെ കുറച്ചു കുറ്റികണ്ടലും (Bruguiera cylindrical), ഉപ്പട്ടിയും (Avicennia officinalis), ചുള്ളിയും (Acanthus ilicifolius) അങ്ങിങ്ങായി കാണാം.

പാതിരാകൊക്കാണ്‌ (Night Heron) കൂടുതലായി കാണപ്പെടുന്ന പക്ഷി. കൂടാതെ നീര്‍കാക്ക (Cormorants), കുളകൊക്ക് (Pond Herons), വെള്ളരി കൊക്കുകള്‍ (Egrets), ചായമുണ്ടി (Purple Heron), ചാരമുണ്ടി (Grey Heron), മീന്‍ കൊത്തികള്‍ (Kingfishers), വെള്ള ഐബിസ് (White Ibis), ശ്രീകൃഷ്ണപ്പരുന്ത് (Brahminy Kite) എന്നിവയും അവിടെ കണ്ടു. ഇവയില്‍ മിക്കതും അവിടെ കൂട് കൂട്ടി പാര്‍ക്കുന്നുണ്ട്..

കേരളത്തില്‍ അവശേഷിക്കുന്ന കണ്ടല്‍ കാടുകളെ സംരക്ഷിക്കുന്നതിനു വനം വകുപ്പ് ചെയ്യേണ്ടത് അവയെ Reserve Forest കളായി notify ചെയ്യുക എന്നതാണ്. കണ്ണൂരില്‍ വനം വകുപ്പ് ഇത് ചെയ്തിട്ടുണ്ട്.. തൃശ്ശൂരും മറ്റു സ്ഥലങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്നു നമുക്ക് ആശിക്കാം.

ഈ പഠനത്തിനു വേണ്ട സഹായം ചെയ്തുതന്ന തൃശൂര്‍ സാമൂഹ്യവനവല്‍കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജയമാധവനും മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമുള്ള നന്ദി ഇവിടെ സൂചിപ്പിക്കുന്നു..

Back to Top