കോളേജ് ഓഫ് ഫോറസ്ട്രിയിലെ പഠന പരിശീലനത്തിന്റെ ഭാഗമായി ഡോ. പി ഒ നമീർന് ഒപ്പം ലക്ഷദ്വീപ് സന്ദർശിക്കാൻ എനിക്കും എന്റെ സഹപാടികള്‍ക്കും അവസരം ലഭിച്ചു. മേല്പറഞ്ഞ യാത്രയുടെ ഭാഗമായി ഇന്ത്യയിലെ അധികം അറിയപ്പെടാത്ത എന്നാൽ പ്രാധാന്യം ഏറെയുള്ള പിറ്റി പക്ഷി സങ്കേതം ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. 0.036 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഏറ്റവും ചെറിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് പിറ്റി പക്ഷി സങ്കേതം. പക്ഷി സങ്കേതം ആയി പ്രഖ്യാപിച്ചതിനു പുറമേ ഒരു പ്രധാന പക്ഷി മേഖല (Important Bird Area) കൂടി ആണ് അത്. പക്ഷികളുടെയും മറ്റ് ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടി തരം തിരിക്കപ്പെട്ടിട്ടുള്ള അന്തർദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് പ്രധാന പക്ഷി മേഖല.
പിറ്റിയിലേക്കുള്ള യാത്ര കവരത്തി ദ്വീപിൽ നിന്നാണ് ആരംഭിച്ചത് . തികച്ചും ഒരു സാഹസിക യാത്ര ആയിരുന്നു അത്. ലക്ഷദ്വീപിലെ ഫോറസ്റ്റ് അധികൃതരുടെ കൂടെ ഒരു ഇടത്തരം മീൻ പിടുത്തബോട്ടില്‍ ഉച്ചയ്ക്ക് 2.00 മണിക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. ലക്ഷദ്വീപ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദു റഹീമും അവിടെ പവിഴ പുറ്റുകളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്തികളായ കെവിനും നീനയും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. പിറ്റിയിൽ എത്തിച്ചേരാൻ ഏകദേശം രണ്ടര മണിക്കൂർ സമയം എടുത്തു.
പിറ്റിയിലേക്കുള്ള വഴിയിൽ ഡോൾഫിനുകളും ഒട്ടേറെ പറക്കുന്ന മത്സ്യങ്ങളും കണ്ടിരുന്നു. യാത്രയ്ക്കിടയിൽ റെയിന്‍ ബോ റണ്ണർ (Rainbow Runner), ഗ്രൂപ്പർ മത്സ്യം (Grouper Fish) തുടങ്ങിയവ ഞങ്ങളുടെ ചൂണ്ടയിൽ പെട്ടു. വൈകിട്ട് 4.30ന് ഞങ്ങൾ പിറ്റിയിൽ എത്തിചേർന്നു. സമുദ്രത്തിന് അവിടെ ആഴം കുറഞ്ഞതിനാൽ ബോട്ട് പിറ്റി ദ്വീപിനോട് അടുത്തില്ല. ദ്വീപിൽ നിന്നും 200 മീറ്റർ അകലെ മാറി ആണ് ബോട്ട് നങ്കൂരമിട്ടത്. ദ്വീപില്‍ കാൽ കുത്തണമെങ്കിൽ നീന്താതെ പറ്റില്ല എന്ന് ബോധ്യമായി. ഞങ്ങൾ ബോട്ടിൽ നിന്ന് കടലിലേക്ക് ചാടി കൂടെ വന്ന ഒരു ഡൈവറെ പിന്തുടർന്നു പോയി. സ്നോർകൽ കിറ്റ് (Snorkel Kit) ഉപയോഗിച്ചാണ് ഞങ്ങള്‍ നീന്തിയത്. കടലിൽ നീന്തുമ്പോൾ ശ്വാസതടസ്സം ഇല്ലാതിരിക്കാൻ അത് സഹായിച്ചു. പിറ്റിയിലേക്ക് നീന്തി കയറുക എന്നത് അല്പം സാഹസികമായ ഉദ്യമം തന്നെയാണ്. പിറ്റിയുടെ തീരത്തു മുഴുവൻ പാറക്കെട്ടുകൾ പോലുള്ള ഘടനകളാണ്.തിരമാലയുടെ ശക്തിയിൽ അത്തരം ഇടങ്ങളിലേക്ക് എത്തി പെട്ടാൽ അത് ഏറെ അപകടകരമാണ്. അത്തരം പ്രതിബന്ധങ്ങളിൽ തളരാതെ ഒടുവിൽ ഞങ്ങള്‍ പിറ്റിയിൽ കാലുക്കുത്തി.
പിറ്റി പക്ഷി സങ്കേതത്തിൽ സസ്യജാലങ്ങളുടെ സാന്നിധ്യം ഇല്ല, വെറും മണൽപരപ്പ് മാത്രം ആണ് ഉള്ളത്. പിന്നെ ചിതറി കിടക്കുന്ന കുറച്ച് പാറകളും ഉണ്ട്. നിരവധി പക്ഷികൾ പാറിപ്പറന്നു നടക്കുന്നത് ഞങ്ങള്‍ കണ്ടു. 4 സ്പിഷീസില് പെടുന്ന കുറഞ്ഞത് 5000 പക്ഷികള്‍ എങ്കിലും അവിടെ ഉണ്ടാവും. വലിയ കടലാള (Greater crested Tern), തവിടന്‍ കടലാള (Bridled Tern), തവിടന്‍ നോടി ആള (Brown Nody Tern), കറുത്ത കടലാള (Sooty Tern) എന്നിവയാണ് ഈ 4 ഇനം. ഈ പക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും അവിടെ ഉണ്ട് . വെള്ള നിറത്തില്‍ പിങ്ക് പുള്ളികള്‍ ഉള്ള മുട്ടകള്‍ ആണ് കൂടുതലും കാണാൻ സാധിച്ചത് . കറുത്ത കടലാളയുടെ മുട്ടകള്‍ ആണ് ഇവ. പിറ്റിയിലെ മണ്ണ് പുറമെ വെള്ള നിറത്തില്‍ ആണ് കാണുന്നതെങ്കിലും ഒരു 3-5 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ച് നോക്കിയാല്‍ വളരെയധികം വളക്കൂറുള്ള കറുത്ത നിറമുള്ള മണ്ണ് ദൃഷ്ടിയിൽ പെടും. ഉയർന്ന അളവില്‍ പക്ഷികളുടെ കാഷ്ടം നിക്ഷേപിക്കപ്പെട്ടാണ് ഇങ്ങനെ ആവുന്നത്. ഗുവാനോ (Guano) എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
പിറ്റിക്ക് ചുറ്റും മത്സ്യബന്ധനം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടുത്തെ അനധികൃതമായ മീൻപിടുത്തം ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നു. മീൻ പിടിക്കാൻ എത്തുന്നവർ കടലിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ദ്വീപിന്റെ പലയിടങ്ങളിലും കാണാം.
ആഹാരത്തിനായുള്ള മുക്കൂവരുടെ മുട്ടശേഖരണമാണ് പിറ്റിയിലെ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള സംരക്ഷണപ്രവർത്തനങ്ങളും ഇവിടെ നടക്കുന്നില്ല. അവിടുത്തെ പ്രശ്നങ്ങളെ കുറിച്ച് വനംവകുപ്പ് അധികൃതർ ബോധവാന്മാർ ആണെങ്കിലും ശാസ്ത്രീയമായ പ്രശ്നപരിഹാരം നടത്താൻ അവർക്ക് സാധിക്കുന്നില്ല. പക്ഷി മുട്ടകളുടെ പ്രകൃത്യാ ഉള്ള ശത്രു കരയിൽ കാണുന്ന സന്യാസി ഞണ്ടുകൾ (Land Hermit Crab) ആണ്. പിറ്റിയുടെ കര മുഴുവനും ഇത്തരം സന്യാസിഞണ്ടുകളാൽ പൂരിതമാണ്. ദ്വീപ് മുഴുവൻ ചുറ്റി നടന്നു കണ്ടതിനു ശേഷം 6 മണിയോടെ ഞങ്ങൾ ബോട്ടിലേക്ക് തിരിച്ചു നീന്തി. മടക്കയാത്രയിൽ നേരത്തെ ചൂണ്ടയിട്ട് പിടിച്ച മീനിനെ പാകം ചെയ്തു സ്വാദിഷ്ടമായ അത്താഴം കഴിച്ചു. ഉദ്ദേശം 8.30 ഓടെ ഞങ്ങൾ കവരത്തിയിൽ തിരിച്ചു എത്തിചേർന്നു.
എഴുതിയത്: അഫ്താബ് ഫൈസല്‍ കെ.
കൂട് മാസിക 2018 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ്