പ്രകൃതിയെ കോളങ്ങളിട്ട് വിഭജിക്കാതെ സ്നേഹിക്കുകയും യാത്രകളെ പ്രണയിക്കുകയും എവിടെയും ചങ്ങാത്തങ്ങളെ കണ്ടെത്താൻ ശ്രമിക്കുകയും പലപ്പോഴും വിജയിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. നിങ്ങളുടേതായ ആശയങ്ങളും ചേർത്താവണം ഇത് വായിക്കേണ്ടത്. എതിരഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു.
പ്രകൃതിസംരക്ഷണത്തെ കുറിച്ച് ഒരുപാട് കേൾക്കുന്ന കാലമാണ്. പക്ഷേ അതിന്റെ അർത്ഥം അറിഞ്ഞാണോ അത് പ്രയോഗിക്കപ്പെടുന്നതെന്ന് പുനർവിചിന്തനം നടത്തേണ്ട കാലമായിരിക്കുന്നു. ഞങ്ങൾ നടത്തുന്നതു മാത്രമാണ് യഥാർത്ഥ സംരക്ഷണമെന്ന് കൂട്ടം തിരിഞ്ഞുള്ള ആക്രോശങ്ങളാണെങ്ങും.
വന്യജീവി ഫോട്ടോഗ്രഫി മേഖലയിൽ ഒട്ടുമുക്കാലും ആളുകൾ ചെയ്യുന്നത് പക്ഷി ഫോട്ടോഗ്രഫിയാണ്. കണ്ടെത്താനും പകർത്താനും താരതമ്യേന എളുപ്പമാണെന്നും ശ്രദ്ധിച്ചാൽ വീട്ടുപരിസരങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമൊക്കെ നല്ല പക്ഷിച്ചിത്രങ്ങൾ ലഭിക്കുമെന്നതുമൊക്കെ ഇതിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
അതോടൊപ്പം മത്സരവും കൂടുന്നു. മറ്റവൻ എടുത്തതിനെക്കാൾ വലിയ ലെൻസ്, കൂടിയ ബോഡി, മറ്റവനെക്കാൾ നല്ല പടം, മറ്റവൻ ബഫർ സോണിൽ പോയെങ്കിൽ എനിക്ക് കോർ ഏരിയയിൽ പോകണം എന്നിങ്ങനെ വാശിയുടെ ഗ്രാഫ് മാറുകയാണ്. കാശും സ്വാധീനവുമുള്ളവന് കാട്ടിൽ കൂടുതൽ യാത്ര ചെയ്യാം. ഉൾക്കാട്ടിൽ കയറാം. അവരങ്ങനെ കാനന രാജാക്കൻമാരാകുന്നു.
പിന്നെ അതവരുടെ ടെറിട്ടറിയായി മാറുന്നു. മറ്റൊരുത്തനും പിന്നെ അവിടെ വരരുത്. എന്നാലല്ലേ മാന്യന് അസ്തിത്വമുള്ളൂ. അതിനുള്ള ഗീർവാണം കത്തിക്കലാണ് തുടർന്ന്. കാട് പാവനമാണ്. നമ്മുടെ യാത്രകൾ കാടിന്റെ ചാരിത്ര്യശുദ്ധി തകർക്കും. ജീവികൾ അസ്വസ്ഥരാവും. കാടിനെ കുറിച്ച് എല്ലാമറിയുന്ന ഞാൻ പറഞ്ഞുതരാം. നിങ്ങൾ അതങ്ങ് കേട്ടാൽ മതി. അങ്ങനങ്ങനെ.
ഏതൊരു ജീവിയ്ക്കും അതിന്റെ സേഫ് സോൺ അറിയാം. അതിനുള്ളിലേക്ക് കടന്നാൽ അത് പ്രതികരിക്കും. ഒന്നുകിൽ അവ അപ്പുറത്തേക്ക് മാറും. അല്ലെങ്കിൽ നമ്മെ അപ്പുറത്തേക്ക് മാറ്റും. അതിന് വലിയ വിദഗ്ധനൊന്നുമാകണ്ട. കാക്ക, മൈന, പൊൻമാൻ എന്നിങ്ങനെ ചുറ്റുപാടുമുള്ള ജീവികളുടെ സേഫ് സോൺ പരീക്ഷിച്ചാൽ തന്നെ മനസ്സിലാവും.
എന്നുവെച്ച് ഏതൊരുത്തനും തോന്നുംവിധം ജീവികളെയും കാടിനെയും സമീപിക്കാമെന്നല്ല. പക്ഷേ എല്ലാവരും തുല്യരാണ് എന്നതാണ്. ചിലർ കൂടുതൽ തുല്യരാണ് എനർത്ഥമില്ല.
പക്ഷികളുടെ കാര്യത്തിൽ ഗൈഡുകളെ ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷവും. ഇത് വലിയ തമാശകളിലൊന്നാണ്. ഒരു പക്ഷിയെ കാണാതെ വരുമ്പോൾ അതിന്റെ കോൾ വെച്ച് കിളിയെ കണ്ടെത്തുന്ന നിരവധി പേരുണ്ട്. എന്നിട്ട് പടവും പിടിച്ച് പോയശേഷം പിന്നെ എത്തിക്സിനെ കുറിച്ചുള്ള ഇതിഹാസ കഥനം നടത്തുകയും ചെയ്യും.
എത്തിക്സിന്റെ കാര്യവും അവനവന്റെ കാര്യത്തിലേക്ക് എത്തിക്കില്ല. ഉദാഹരണത്തിന് നമ്മളെങ്ങാൻ രാത്രിയിൽ പക്ഷികളുടെ പടമെടുക്കുമ്പോൾ ഫ്ലാഷ് ഇടുന്നതു കണ്ടാൽ ട്രൈപ്പോഡിന് തല്ലാൻ വരുന്നവൻ പക്ഷേ പടമെടുക്കുന്നത് ടോർച്ച് അടിച്ചിട്ടാണ്. ടോർച്ച് പ്രശ്നമില്ലെന്ന് പക്ഷി അവരോട് പറഞ്ഞതു പോലെയാണ് നമുക്ക് തോന്നുക. ഈ ടോർച്ചിന്റെ വെട്ടത്തെ കുറിച്ച് പറയുകയാണെൽ അത് ഓണാക്കിയിട്ട് ചില്ലിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചാൽ ബുൾസ് ഐ കഴിക്കാവുന്നത്ര മികവുറ്റ ഒരുപകരണമാണ്.
വന്നുവന്ന് ഗൈഡുകൾ ഉള്ള ചില വനപ്രദേശങ്ങളിലെ മൂങ്ങകളും മറ്റും രാത്രിയായാൽ കണ്ണും പൊത്തിയിരിപ്പാണ്. ഈ ഗൈഡുകൾ തന്നെ എലിയെ പിടിച്ച് കൊടുക്കുന്നതിനാൽ പട്ടിണി കിടക്കേണ്ടി വരുന്നില്ലെന്നു മാത്രം. ബന്ധനത്തിലുള്ള ഇരയെ തിന്നുശീലിച്ചാൽ ഇവയുടെ സ്വാഭാവിക അതിജീവനം എത്രനാൾ തുടരുമെന്നത് എത്തിക്സിനും അപ്പുറത്താണ്.
മറ്റൊന്ന്, പ്രിയപ്പെട്ട ധനാഢ്യരേ, നിങ്ങൾ ഗൈഡുകൾക്ക് കൊടുക്കുന്ന ഭീമമായ ടിപ്പ് അൽപം കുറച്ചാൽ എന്നെ പോലുള്ള ദരിദ്രർക്ക് എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടായിരുന്നു. നിങ്ങൾ ആ ചെയ്യുന്നതിലൂടെ രണ്ട് കാര്യങ്ങളാണ് നേടുന്നതെന്നറിയാം. ഒന്നാമതായി ഗൈഡുകളെ ഏത് പാതിരായ്ക്കും നിങ്ങൾക്ക് കിട്ടത്തക്കവിധം പ്രീണിതരാക്കി നിർത്തുക. രണ്ടാമതായി പറഞ്ഞുറപ്പിച്ചുവെച്ചാൽ പോലും ഒരു ഗൈഡ് ഞങ്ങളെ പോലുള്ളവരെ അവഗണിച്ച് നിങ്ങൾക്കു വേണ്ടി ഒളിച്ചുമാറുക. ഏതാണ് എത്തിക്സ്.
പിന്നെയുള്ളത് താരതമ്യേന കുറഞ്ഞ ശല്യങ്ങളാണ്. സ്വയം പ്രകീർത്തിക്കുന്ന ലേഖനങ്ങളും ഫോട്ടോകളും യോഗങ്ങളുമൊക്കെ ചിത്രീകരിച്ച് പ്രദർശിപ്പിക്കൽ. ‘എന്നെ മറ്റവർ ആദരിച്ചത് കണ്ടിട്ട് നിനക്കൊന്ന് ആദരിച്ചൂടേടാ ജാഡത്തെണ്ടീ’ എന്ന ഒരു ലൈനാണത്. അതൊക്കെ നമുക്ക് അവരെ കാണുമ്പോൾ മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന് അവഗണിക്കാവുന്നതേയുള്ളൂ.
പക്ഷേ വേദന തോന്നുന്നത് സംരക്ഷകരുടെ തമ്മിൽത്തല്ല് കാണുമ്പോഴാണ്. സമാധാനത്തിനു വേണ്ടിയുള്ള യുദ്ധം എന്ന് പറയുമ്പോലെ അപഹാസ്യം. പത്രത്താളിൽ പേരുവരുന്നത് അത്ര വലിയ സംഭവമാണോ.?
അതേ പേജിൽ തന്നെയല്ലേ ബലാൽസംഗവും തീവെട്ടിക്കൊള്ളയും അച്ചടിച്ചുവരുന്നതും. ആദ്യം വായിക്കപ്പെടുന്നത് അതാണുതാനും. സ്വന്തം പേരോ സംഘടനയുടെ പേരോ എങ്ങും കാണുമ്പോളല്ല ആനന്ദം വേണ്ടത്. അതിലുപരി കാലുഷ്യമില്ലാതെ അന്യോന്യം പുഞ്ചിരിക്കുമ്പോഴും പുണരുമ്പോഴുമാണ്.
സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന് പറയുന്നവർ അന്യോന്യം പോരടിക്കുന്നത് ആശാസ്യമല്ല. എതിരെ നിൽക്കുന്നവന്റെ മുഖത്തെറിഞ്ഞ് നാറ്റിച്ചെന്ന് ഊറ്റം കൊള്ളുന്നവർ ആ അമേദ്യം സ്വന്തം ശരീരത്തിൽ നിന്ന് വന്നതാണല്ലോയെന്ന് മാത്രം ചിന്തിക്കുക. മറ്റു ജീവികൾക്കായി അലമുറയിടുന്നതിന്റെ കൂടെ സാധുക്കളായ മനുഷ്യരും ഭൂമിയിലുണ്ടെന്നത് മറക്കാതിരിക്കുകയും വേണം.
സഹജീവി സംരക്ഷണത്തെ കുറിച്ചുള്ള വാർത്തകൾ ആനന്ദകരമാണ്. ചെറുകണ്ണികൾ ചേർന്നാണ് കരുത്തുറ്റ ചങ്ങലയുണ്ടാകുന്നത്. പക്ഷേ അവ വേറിട്ടുനിന്നാൽ അക്രമികളെ വരിഞ്ഞുകെട്ടാൻ നമുക്ക് കഴിയില്ല. ചിതറിയതല്ല ലക്ഷ്യം. അത് ഒന്നാണ്.. ഒന്നു മാത്രമാണ്. പുതുവർഷം കൂടുതൽ തെളിഞ്ഞ കാഴ്ചകൾ എല്ലാർക്കും നൽകട്ടെയെന്ന് ആശംസിക്കുന്നു.