പത്തിരിപ്പത്തായം

പത്തിരിപ്പത്തായം

എഴുതിയത്: സ്റ്റെഫിൻ സണ്ണി (നെസ്റ്റ് കൂട്ടം)

ഒരു കഥൈ സൊല്ലട്ടുമാ…? കളിയോടും പഠനത്തോടുമൊപ്പം മണ്ണിനേയും പ്രണയിച്ച., പൊരിവെയിലിൽ വിയർപ്പിന്റെ ഉപ്പറിഞ്ഞ., ഒരു കൂട്ടം കുരുന്നുകളുടെ അർപ്പണബോധത്തിന്റെ.., അവർ ഉഴുതുമറിച്ച നെൽപ്പാടത്തിന്റെ., കൊയ്തെടുത്ത നെന്മണികളുടെ., അത് പൊടിച്ചെടുത്ത മില്ലിന്റെ., കുഞ്ഞിക്കൈകൾ പൊള്ളിച്ച് അവർ ഉണ്ടാക്കിയ പത്തിരിയുടെ കഥ.

വയനാടിന്റെ അഭിമാനമായ ചെറുവയൽ രാമേട്ടന്റെ കയ്യിൽ നിന്നും “കടമെടുത്ത” 7 ഇനം പരമ്പരാഗത നാടൻ നെൽവിത്തിനങ്ങൾ വിതച്ച് 2016 ലാണ് Nest ൽ കരനെൽ കൃഷിയ്ക്ക് തുടക്കമിടുന്നത്. അന്ന് സായാഹ്നങ്ങളിൽ ഗന്ധകശാല വിളഞ്ഞ പാടവരമ്പിൽ നിന്ന് ആവോളം ആസ്വദിച്ചിരുന്ന ബിരിയാണിയുടെ അസാധ്യമായ മണം… ഹോ.. അന്ന് പക്ഷേ., പ്രതികൂലമായ കാലാവസ്ഥയും പരിചയക്കുറവും മൂലം വിളവ് തീരെ മോശമായിരുന്നു. ഏറെ പ്രതീക്ഷിച്ചിട്ടും കഠിനമായി പണിയെടുത്തിട്ടും ഫലമുണ്ടാവാതായപ്പോൾ കുട്ടികൾ പിന്മാറിക്കാണുമെന്നാണ് ഞാനും കരുതിയത്. എന്നാൽ തോൽവി വിജയത്തിലേക്ക് എളുപ്പമെത്താനുള്ള ചവിട്ടുപടി തന്നെയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് , നെൽക്കൃഷിയിൽ പിറകോട്ടില്ലെന്നുറപ്പിച്ച് ടീം നെസ്റ്റ് വീണ്ടുമെത്തി. പേന പിടിയ്ക്കുന്ന കൈകളിൽ കലപ്പയേന്തി അവർ നിലമുഴുതുമറിച്ചു. മണ്ണിന്റെ മണമുള്ള രാവുകളെ ചെളിപ്പത തട്ടിച്ചിതറിച്ച് അവർ പകലുകളാക്കി. കള പറിയ്ക്കലും ഞാറു നടീലിനുമൊക്കെ നാടൻപാട്ടിന്റെ അകമ്പടിയോടെ തന്നെയായിരുന്നു. കുരുന്നുമെയ്യുകളും മനസ്സുകളും നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത വിധം ഒത്തൊരുമിച്ച് അധ്വാനിച്ച് അവിടെ., നെസ്റ്റിന്റെ മണ്ണിൽ അവർ പൊന്നു വിളയിച്ചു. 2017 ലെ പ്രധാന വിത്ത് “അന്നപൂർണ്ണ” ആയതു കൊണ്ട് തന്നെ ഇത്തവണ ഓപ്പറേഷൻ അന്നപൂർണ്ണ (ഈ വിശേഷങ്ങൾ പിറകെ) എന്ന പേരാണ് നെൽകൃഷിയ്ക്കിട്ടത്. കഴിഞ്ഞ ജൂണിൽ വിതച്ച് ഞാറും നട്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൊയ്ത്തുത്സവമുണ്ടായിരുന്നത്. എട്ടാം ക്ലാസിലെ കുട്ടികൾ മുതൽ രെഞ്ജുവും അജിത്തേട്ടനും ബിൻസണും അക്ഷയും വരെയും കണ്ടം ഉഴുതു മറിയ്ക്കുന്നതു തൊട്ട് നെല്ല് കൊയ്ത് മെതിച്ച് നെല്ലാക്കുന്ന വരെ സജീവമായി തന്നെ നിന്നു. ഒരു മണി നെല്ലു പോലും പാഴാക്കാതെ മുഴുവൻ നെസ്റ്റിയൻസും അരിവാളും കയ്യിലേന്തി നെല്ല് കൊയ്തു. ഞാനടക്കം ഒരാൾ പോലും ഒഴിവാകാതെ എല്ലാവരും. അതുകൊണ്ട് തന്നെയാണ് അതിനെ കൊയ്ത്തുത്സവം എന്ന് വിശേഷിപ്പിച്ചത്. സ്വയം വിളയിച്ച അരിയുടെ പൊടി കൊണ്ട് പത്തിരിയുണ്ടാക്കി എല്ലാവർക്കും കൊടുക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് “പത്തിരിപ്പത്തായം” എന്ന ആശയം ഉരുത്തിരിയുന്നത്. അങ്ങനെ കൊയ്തെടുത്ത നെല്ല് കുത്തി നെസ്റ്റിയൻസ് കൈയ്യേറിയ അജിത്തേട്ടന്റെ ഫ്ലവർ മില്ലിൽ (ഈ കഥയും വഴിയേ പറയാം) പൊടിച്ച് പൊടിയാക്കി. കഴിഞ്ഞ 28 നായിരുന്നു പത്തിരിപ്പത്തായം. 8 മുതൽ 12 ക്ലാസുകൾ വരെയുള്ള കുട്ടികളെ 5 ടീമുകളായി തിരിച്ചിരുന്നു. ഓരോ ടീമിനേയും ശ്രദ്ധിക്കാൻ അധ്യാപകരും ഉണ്ടായിരുന്നു.. വെള്ളം ചൂടാക്കുന്ന പാത്രം മുതൽ പത്തിരി പരത്താനുള്ള തട്ടും കോലും വരെ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്നു. അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച് വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പുമൊക്കെ ചേർത്ത് ഉണ്ടകളാക്കി., അത് പരത്തി ഓരോ ടീമും പത്തിരി ചുട്ടെടുക്കുന്നതിങ്ങനെ ആസ്വദിച്ചിരിക്കുമ്പോഴാണ് പത്തിരിക്കുള്ള ബീഫ് വെന്ത മണം അടിച്ചു കേറിയത്. ബീഫും കായയും കറി നൈസ് ആയി… പറയാൻ വിട്ടു പോയി., പത്തിരി ചുടാനായി ഞങ്ങടെ കുട്ടൂസിന്റെ സ്പെഷ്യൽ ഡിസൈനിൽ തയ്യാറാക്കിയ അടുപ്പുകൾ വെറൈറ്റി ആയിരുന്നു കേട്ടോ.

ഇതിപ്പോ എന്താ., നിങ്ങൾ കൊറച്ചു പത്തിരി തിന്നു., അത്രയല്ലേ ഉള്ളൂ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷേ., നമ്മിൽ ചിലർക്കെങ്കിലും അന്യമായിക്കൊണ്ടിരിക്കുന്ന പലതും നെസ്റ്റിയൻസ് അനുഭവിക്കുന്നുണ്ട്. ഉറപ്പാണ്. ഇവിടത്തെ കുട്ടികൾക്ക് ചേറിന്റെ മണമടിച്ചാൽ ഓക്കാനം വരില്ല., എരിവെയിലത്തോ പേമാരിയിലോ അവർ വാടുകയില്ല., അംബേദ്ക്കറും നെഹ്റുവും എം.എൻ. റോയിയുമൊക്കെ ആരാണെന്നറിയാൻ അവർക്ക് ഗൂഗിളിൽ തിരയേണ്ട കാര്യമില്ല.., കഠിനാദ്ധ്വാനത്തിന്റെ അർത്ഥമറിയാൻ അവർക്ക് നിഘണ്ടു നോക്കേണ്ട കാര്യമില്ല.., കാരണം അവർ എന്നും വിദ്യാർത്ഥികളാണ്., പൂക്കളെ അന്വേഷിച്ചു പോവാതെ പോവുന്നിടത്തെല്ലാം വസന്തം തീർക്കുന്ന നാളത്തെ ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടാൻ നിരന്തരം പരിശ്രമിക്കുന്ന ഇന്ത്യയുടെ വിദ്യാർത്ഥികൾ…

Back to Top