കോളിലെ കിളിയൊച്ചകൾക്ക് കാതോർത്ത്….

കോളിലെ കിളിയൊച്ചകൾക്ക് കാതോർത്ത്….

ഭൂമിയുടെ ശ്വാസകോശങ്ങൾ മഴക്കാടുകളെങ്കിൽ, ഭൂമിയുടെ വൃക്കകളാണ് തണ്ണീർത്തടങ്ങൾ. തണ്ണീർത്തടങ്ങളുടെ ഈ പ്രാധാന്യത്തെക്കരുതിയാണ് 1971ൽ ഇറാനിലെ റാംസാറിൽ നടന്ന യുനെസ്കോയുടെ ഉടമ്പടി പ്രകാരം ചില തണ്ണീർത്തടങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് പരിപാലിച്ച് പോരുന്നത്. അത്തരമൊരു പ്രദേശമാണ് വർഷത്തിൽ ഏതാണ്ട് ആറ് മാസവും കോൾകൃഷിക്കായി പ്രയോജനപ്പെടുത്തുന്ന തൃശൂർ കോൾമേഖലയിലുൾപ്പെട്ട മുരിയാട് കായൽ. വർഷക്കാലത്തു പെയ്യുന്ന മഴയെ മുഴുവൻ സംഭരിച്ച്, വൃക്കകളെന്ന പോലെ ശുദ്ധീകരിച്ച്, പുഴയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ഒഴുക്കിനെ നിയന്ത്രിച്ച് പരിരക്ഷിക്കുന്ന ഈ ശുദ്ധജലതടാകം ഒട്ടനേകം ജീവികളുടെ ആവാസവ്യവസ്ഥയാണ്, ജൈവവൈവിധ്യത്തിന്റെ കലവറയാണ്.

ഇരിങ്ങാലക്കുടയിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ മാറിയാണ് മുരിയാട്-തൊമ്മാന കോള്‍പാടങ്ങൾ സ്ഥിതി ചെയുന്നത്. പക്ഷികളുടെ പറുദീസ എന്ന് തന്നെ ഈ പ്രദേശത്തെ നമുക്ക് വിശേഷിപ്പിക്കാം. ഇവിടെ വന്നാല്‍ കൊക്കലുകളും കുറുകലുകളും മൂളലുകളും ചിലയ്ക്കലുകളും ചൂളം വിളികളും ചേര്‍ന്ന കോള്‍പക്ഷികളുടെ ജുഗല്‍ബന്ദി കേള്‍ക്കാം. ജലപ്പരപ്പിലൂടെ തെന്നിത്തെറ്റിപ്പായുന്ന നാടന്‍ താമരക്കോഴിയെയും, കായല്‍ക്കാറ്റിനോട് ചെറുത്ത് നീണ്ട പുല്‍നാമ്പിന്‍ തലപ്പത്ത് ആടിക്കളിക്കുന്ന താലിക്കുരുവിയെയും, ഏകാഗ്രചിത്തനായി വെള്ളത്തില്‍ തപസ്സു ചെയ്യുന്ന ചായമുണ്ടിയെയും, മുങ്ങാംകുഴിയിട്ടു മീനിനെ കുത്തിക്കോർത്തെടുത്ത്‌ മുകളിലേക്ക് എറിഞ്ഞു പിടിച്ച് വായിലാക്കുന്ന ചേരക്കോഴികളെയും, ഇമ വെട്ടാതെ കാത്തിരുന്ന് വെള്ളത്തിലേക്ക്‌ കൂപ്പു കുത്തി ഇരയുമായി ഉയര്‍ന്നു പൊങ്ങുന്ന പോടിപ്പൊന്മാനിനെയും, സംഗീതസദിര് തീര്‍ക്കുന്ന ബുൾബുളുകളെയും, സദാസമയ ബഹളക്കാരായ തിത്തിരിപ്പക്ഷികളെയും, ചൂളം കുത്തിപ്പറക്കുന്ന ചൂളന്‍ എരണ്ടകളെയും നീന്തിത്തിമിര്‍ക്കുന്ന പച്ച എരണ്ടകളെയും കാണാം.

ചേരക്കോഴി (Oriental Darter) by Mini Anto Thettayil

മഴക്കാലത്തു കിഴക്കന്‍ മലനിരയിലൂടെയും കുറുമാലിപ്പുഴയിലൂടെയും ഒഴുകി വരുന്ന വെള്ളം ഫലഭൂയിഷ്ടമായ എക്കല്‍മണ്ണ്‍ വഹിച്ചു കൊണ്ടാണ് വരുന്നത് . ഒഴുക്കുവെള്ളത്തോടൊപ്പം സമൃദ്ധമായി ഊത്തമീനുകള്‍, ഞണ്ട്, ഞവണിക്ക തുടങ്ങിയ ജലജീവികളും മറ്റു കീടങ്ങളും മുരിയാട് കായലിലേക്ക് യഥേഷ്ടം വന്നു ചേരുന്നു. ഇവയെല്ലാമാണ് നൂറു കണക്കിന് കോള്‍പക്ഷികള്‍ക്ക് സദ്യയൊ രുക്കുന്നത്. കണക്കു പരിശോധിക്കുകയാണെങ്കില്‍ തദ്ദേശവാസികളും ദേശാടകരുമായി 250ല്‍ പരം സ്പീഷീസ് പക്ഷികളെയാണ് മുരിയാട്-തൊമ്മാന കോള്‍പ്പടവുകളില്‍ കണ്ടെത്തിയിട്ടുള്ളത്.

വെൺബകം (White Stork) by Mini Anto Thettayil

ആര്‍ടിക് സമുദ്രം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള യൂറേഷ്യന്‍ ഭൂഖണ്ഡപ്രദേശം ഉള്‍പ്പെടുന്ന, ദേശാടനപ്പക്ഷികളുടെ ആകാശവഴിത്താരയായ സെന്‍ട്രല്‍ ഏഷ്യന്‍ ഫ്ലൈവേയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് മുരിയാട് കായല്‍. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ പുതിയതായി എട്ടിനം ദേശാടനപക്ഷികളെ പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കോമണ്‍ കുക്കൂ(Common cuckoo), ഹ്യൂംസ് വൈറ്റ് ത്രോട്ട് (Hume’s whitethroat) , യൂറേഷ്യന്‍ റൈനെക്ക്  (Eurasian wryneck) അഥവാ കഴുത്തു പിരിയന്‍ പക്ഷി, സൈബീരിയന്‍ സ്റ്റോണ്‍ ചാറ്റ് (Siberian stonechat), ബ്ലൂ ത്രോട്ട്  (Bluethroat), കോംബ് ഡക്ക്(Comb duck) എന്ന മുഴയന്‍ താറാവ്, വൈറ്റ് സ്റ്റോര്‍ക്ക് (White stork) , യൂറേഷ്യന്‍ വിജന്‍ (Eurasian wigeon) എന്നിവയാണ് അവ.

പ്രശസ്ത ഐറിഷ് സാഹിത്യകാരന്‍ റോബര്‍ട്ട്‌ ലിന്‍ഡ് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ – “പക്ഷികളെ ദര്‍ശിക്കണമെങ്കില്‍ നിശബ്ദതയുടെ ഒരു ഭാഗമാകുക തന്നെ വേണം”. വരൂ, നമുക്കാ നിശബ്ദതയുടെ ഭാഗമാകാം. ശാന്തരായി ശ്രവിക്കാം. കോളിലെ കിളിയൊച്ചകള്‍ക്ക് കാതോര്‍ത്തിരിക്കാം.

Back to Top