വെള്ളത്തിൽ ചാഴി; കീടലോകത്തെ വിചിത്ര വിശേഷങ്ങൾ

വെള്ളത്തിൽ ചാഴി; കീടലോകത്തെ വിചിത്ര വിശേഷങ്ങൾ

സന്താനോത്പാദനവും ശിശുപരിചരണവുമെല്ലാം അച്ഛനമ്മമാരുടെ കൂട്ടുത്തരവാദിത്തമാണല്ലോ. എന്നാൽ ഒരു ഗർഭകാലം സമ്മാനിക്കുന്ന ശാരീരികമായ അസ്വാസ്ഥ്യങ്ങൾ, ആലസ്യം, അസ്വാതന്ത്ര്യം എല്ലാം അമ്മയ്ക്കു മാത്രം സ്വന്തം. മാതൃത്വമെന്ന ‘അദ്വയാനുഭൂതി’ അതെല്ലാം സഹർഷം സഹിക്കാൻ അവളെ പ്രാപ്തയാക്കുന്നു.

അസ്വതന്ത്രമെങ്കിലും അനുഭൂതിദായകമായ ഗർഭാവസ്ഥയെ തന്റെ പങ്കാളിക്കും അനുഭവവേദ്യമാക്കുന്ന ഒരു കീടത്തെ നമുക്കൊന്നു പരിചയപ്പെടാം.

Male belostomatid (Marshal Hedin) by Marshal Hedin [CC BY-SA 2.5], via Wikimedia Commons
വെള്ളത്തിൽ ചാഴി ( Giant water bug ) എന്നറിയപ്പെടുന്ന ഈ ഇരപിടിയൻ ചാഴി നമ്മുടെ നെല്പാടങ്ങളിലെ സ്ഥിര സാന്നിധ്യമാണ്. നെല്ലിനെ ആക്രമിക്കുന്ന വിവിധ കീടങ്ങളെ ആഹരിക്കുക വഴി ഇത് കർഷകർക്ക് ഏറെ ഉപകാരിയുമാണ്.
എന്നാൽ ഇതര കീsജീവിതങ്ങളിൽ നിന്ന് ഇവ വ്യത്യസ്തരാകുന്നത് പങ്കാളികൾക്കിടയിലുള്ള അത്ഭുതാവഹമായ പാരസ്പര്യത്താലത്രേ. എങ്ങനെയെന്നു നോക്കൂ……

Giant Water Bug Abedus herberti at Cincinnati Zoo by Ltshears [CC BY-SA 3.0], from Wikimedia Commons
സാധാരണയായി ഇണചേരുമ്പോൾ മാത്രമേ കീടങ്ങളിലെ ആൺ-പെൺ ജാതികൾ തമ്മിലുള്ള ചാർച്ച നിലനിൽക്കാറുള്ളൂ. എന്നാൽ ഈ വെള്ളത്തിൽ ചാഴിയുടെ പെൺകീടം കരുതലിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ്. ഇണചേരലിന് ശേഷം തന്റെയുള്ളിലുരുവമാവുന്ന മാതൃചോദനകളെ അപ്പാടേ തന്റെ പങ്കാളിക്കായി പകർന്നേകുകയാണ് അവൾ. തന്നെ ഒരമ്മയാക്കിയ അരുമ മുട്ടകൾ, അവയുടെ തുടർ സ്പന്ദനങ്ങൾ അവൻ കൂടി അറിയണം, അപ്പോൾ മാത്രമേ അവൻ ശരിക്കും അച്ഛനാവൂ… അതെ, തന്നെ അമ്മയാക്കിയ ‘കുഞ്ഞു ‘ മുട്ടകളത്രയും അവൾ തന്റെ പങ്കാളിയുടെ (മുൻ) ചിറകുകളിൽ തന്നെ നിക്ഷേപിക്കുന്നു. അങ്ങനെ തന്റെ പങ്കാളിയെ അവൾ തന്റെ കുട്ടികളുടെ അച്ഛനായി സ്വയം പ്രതിഷ്ഠിക്കുന്നു… അവനോ….?

Diplonychus japonicus by Dieno [Public domain], from Wikimedia Commons
ഇനി ആ മുട്ടകളത്രയും വിരിഞ്ഞിറങ്ങുന്നതുവരെ അവന് സ്വന്തം ചിറകുകൾ അനക്കാൻ പോലുമാവില്ല…
അസ്വാതന്ത്ര്യത്തിന്റെ, അതേസമയം സ്നേഹത്തിന്റേയും കരുതലിന്റേയും കാണാപ്പശയാൽ ബന്ധിക്കപ്പെട്ട അവന്റെ ചിറകുകൾ…. അവയിൽ നിന്നുയരുന്ന ഒരു പിടി ജീവസ്പന്ദനങ്ങൾ…. നീ…ഞാൻ…നമ്മൾ…. അതെ, നിന്നിൽ നിന്നും എന്നിലൂടെ നമ്മളിലേക്കെത്തുന്ന പ്രാണപാശത്തിന്റെ ഇഴച്ചുറ്റുകൾ …
അതിന്റെ ബന്ധന സ്പർശത്തിൽ നിന്നും ഒടുവിൽ അവൻ മോചിപ്പിക്കപ്പെടുക, സംയമിയുടെ സർവ്വ സ്വാതന്ത്ര്യത്തിലേക്കാണ്… ഉൾക്കൊള്ളലിന്റെ പരമകാഷ്ഠയിൽ മാത്രം പ്രാപ്തമാവുന്ന പൂർണ്ണമായ സ്വാതന്ത്ര്യം…
അവന്റെ ഈ പരുവപ്പെടൽ തന്നെയാവണം പകരം വയ്ക്കാനാവാത്ത പങ്കുവയ്ക്കലിലൂടെ അവൾ ഉദ്ദേശിച്ചതും…

അച്ഛന്റെ തപഃ സാധനയിലൂടെ മുട്ടയുടെ ബന്ധനച്ചുവരുകളുടച്ച് ജീവിതത്തിലേക്ക് വിരിഞ്ഞിറങ്ങുന്ന കുഞ്ഞൻ ചാഴികൾ… ഇരപിടിയന്മാരായി ജീവിതം ആഘോഷിക്കുമ്പോഴും അവരുടെ ജനിതകച്ചരടുകളിലെ ചില കണ്ണികൾ ചില നേരങ്ങളിൽ അനക്കമറ്റ്, സ്വയം ബന്ധനസ്ഥമാവാറുണ്ടാവും… ‘അച്ഛനോർമ്മകളിലെ അരുതാ ചിറകനക്കങ്ങളിൽ’ ………

Back to Top