ഭക്ഷണത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടുന്നതിനുമായി ചില പക്ഷികളും മൃഗങ്ങളും ദേശാടനം നടത്തുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ദേശാടനം നടത്തുന്ന ദൂരത്തിന്റെ കാര്യത്തിൽ പക്ഷികളും തിമിംഗലങ്ങളും ആണ് മുൻപന്തിയിൽ. എന്നാൽ ചില ഷഡ്പദങ്ങളും ദേശാടനത്തിൽ പിന്നിലല്ല, വടക്കൻ അമേരിക്കയിലെ മൊണാർക് ശലഭങ്ങൾ ഒരു വർഷത്തിൽ എണ്ണായിരത്തോളം കിലോമീറ്റർ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
![](https://i0.wp.com/blog.kole.org.in/wp-content/uploads/2018/10/wandering-glider.jpg?resize=640%2C450&ssl=1)
പക്ഷെ ഷഡ്പദങ്ങളിൽ ഏറ്റവും വലിയ ദേശാടനക്കാരെ നിങ്ങൾക്കറിയാം; ഈ മാസങ്ങളിൽ വെയിലുള്ള സമയത്ത് പുറത്തോട്ടുന്നു നോക്കിയാൽ മതി. വലിയ കൂട്ടമായി ഒഴിഞ്ഞ സ്ഥലങ്ങളിൽ ചുറ്റിത്തിരിയുന്ന തുലാത്തുമ്പികളാണത്. ഗ്ലോബൽ സ്‌കിമ്മേഴ്‌സ് (ആഗോളത്തുമ്പി), ഗ്ലോബൽ വാണ്ടറർ (ലോകസഞ്ചാരി), വാണ്ടറിങ് ഗ്ലൈഡർ (നാടോടി) എന്നൊക്കെ അറിയപ്പെടുന്ന തുലാത്തുമ്പികകളുടെ ശാസ്ത്രീയനാമം Pantala flavescens എന്നാണ്.
![](https://i0.wp.com/blog.kole.org.in/wp-content/uploads/2018/10/WhatsApp-Image-2018-10-22-at-3.44.40-PM.jpeg?resize=640%2C480&ssl=1)
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തുലാത്തുമ്പികൾ കാണപ്പെടുന്നു. അടുത്തകാലത്തു നടത്തിയ ചില ഗവേഷണങ്ങളിൽ ലോകത്തെല്ലായിടത്തുമുള്ള ഈ തുമ്പികളെല്ലാം ഒരൊറ്റയിനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്; അതായത് അവ ലോകം മൊത്തം ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഈ തുമ്പികൾ ഒരു വർഷത്തിൽ പല തലമുറകളായി പതിനാലായിരം മുതൽ പതിനെട്ടായിരം കിലോമീറ്റർ വരെ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രയിൽ കാടും മേടും സമുദ്രവും ഇവയ്ക്ക് ഒരു തടസ്സമല്ല, വടക്കേ ഇന്ത്യയിൽനിന്നും അറബിക്കടൽ താണ്ടി കിഴക്കേ ആഫ്രിക്കവരെയുള്ള മൂവായിരത്തിഅഞ്ഞൂറോളം കിലോമീറ്റർ ഇവ ഒരു യാത്രയിൽ താണ്ടാൻ ഇവയ്ക്ക് കഴിയുന്നു.
ഈ ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ വ്യാപകമായി തുലാത്തുമ്പികളെ വലിയ കൂട്ടമായി കാണുന്നുണ്ട്. ഈ വലിയ യാത്രക്കാരെ ഒരല്പം ബഹുമാനത്തോടെ നമുക്കും നിരീക്ഷിക്കാം.