by അഭിനവ് ബിമൽ
തീരദേശമേഖലകളിൽ കണ്ടൽ കാടുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം നമ്മുടെ തോടുകളിൽ കാണുന്ന കൈതക്കാടുകൾക്കുമുണ്ട്.. നമ്മുടെ നാട്ടിലെ തോടുകളുടെ വശങ്ങളിൽ പൊതുവെ കാണപ്പെടുന്ന ഒരു സസ്യമാണ് കൈത Pandanus odorifer എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന Indian screw pine. കൂട്ടങ്ങളായി വളരുന്ന കൈത തോടുകളിൽ വളരെ അധികം ജൈവവൈവിധ്യം നിറഞ്ഞ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നു. കൈതവേരുകൾ മണ്ണിൽ പടർന്നിറങ്ങി തോടിന്റെ ഇരുവശങ്ങളും എത്ര വലിയ വെള്ളപ്പൊക്കം വന്നാലും ഇടിയാതെ മണ്ണിനെ സംരക്ഷിക്കും അതോടൊപ്പം തോട്ടിലെത്തുന്ന വെള്ളം ശുദ്ധീകരിക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെ ഒഴുക്കിനെ കൃത്യമായി നിയന്ത്രിക്കുന്ന ഒരു സംവിധാനം കൂടിയാണ് കൈതക്കൂട്ടങ്ങൾ.

2017 ൽ ശ്രീ തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന കാലത്താണ് കയർ തൊഴിലാളികളുടെ ക്ഷേമവും തൊഴിലും സംരക്ഷിക്കാൻ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മണ്ണ്-ജല സംരക്ഷണ പദ്ധതികൾക്ക് ആവശ്യമായ കയർ ഭൂവസ്ത്രം വിതരണം ചെയ്യാനുള്ള കരാർ ഒപ്പുവെച്ചത്. കേരളത്തിൽ ഉടനീളം ജലാശയങ്ങളുടെ കരകൾ ഭൂവസ്ത്രമണിഞ്ഞു. മാലിന്യവും കളച്ചെടികളും നിറഞ്ഞു നശിച്ചുകൊണ്ടിരുന്ന തോടുകൾക്ക് ഇത് പുതുജീവൻ നൽകിയ അനുഗ്രഹം ആയെങ്കിലും ഇത് സാരമായി ബാധിച്ചത് സ്വാഭാവിക കൈതക്കാടുകൾ ഉണ്ടായിരുന്ന തോടുകളെയാണ്. വേണ്ടത്ര പഠനമില്ലാതെ പലയിടത്തും അശാസ്ത്രീയമായ ഇത്തരം ഇടപെടലുകൾ മൂലം നശിച്ചത് ജൈവവൈവിധ്യത്തിന്റെ കലവറകളാണ്..

ശാന്തിയൻ തോടിന്റെ കഥ
ഏലംകുളം പാലത്തോൾ പാടത്തെ ‘ശാന്തിയൻ തോടി’നും പറയാനുള്ളത് ഇത്തരം ഒരു അശാസ്ത്രീയ നവീകരണത്തിന്റെ കഥയാണ്. പാലത്തോൾ പാടത്തെ കുന്തിപ്പുഴയുമായി ബന്ധിപ്പിക്കുന്ന ഈ തോടിന് കഷ്ടിച്ച് 700 മീറ്റർ നീളം മാത്രമാണുള്ളതെങ്കിലും, പ്രകൃതിദത്തമായി ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്.

2018 വരെ ശാന്തിയൻ തോടിന്റെ ഇരു വശങ്ങളിലും കൈതക്കാടുകൾ നിറഞ്ഞു നിന്നിരുന്നു. എത്ര കടുത്ത വേനലിലും തോട്ടിലെ വെള്ളം വറ്റിയിരുന്നില്ല. വെള്ളത്തിലും കരയിലും കൈതയുടെ മേലാപ്പിലുമായി അനേകം ജീവജാലങ്ങൾ വസിച്ചിരുന്ന വളരെ വൈവിധ്യം നിറഞ്ഞ ഒരു ആവാസവ്യവസ്ഥയുണ്ടായിരുന്നു. കുളക്കോഴി,മീൻകൊത്തിചാത്തൻ, പാതിരാ കൊക്ക്,ഇരണ്ട താറാവ് പോലുള്ള പക്ഷികളുടെ ഒരു പ്രധാന സങ്കേതമായിരുന്നു ശാന്തിയൻ തോടിന്റെ കൈതക്കാടുകൾ.

അതുപോലെ ആമകളും പാമ്പുകളും എല്ലാം സഹവസിച്ചിരുന്ന ഒരിടം.കൈതക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിലാണ് ഏറ്റവും അധികം വൈവിധ്യം കണ്ടിരുന്നത്.കൈതവേരുകൾ ഒരുക്കുന്ന പൊത്തുകൾ വലിയ മനഞ്ഞിൽ മത്സ്യങ്ങളുടെ പ്രധാന ഇടമായിരുന്നു.
കൈതയെ ചുറ്റിപ്പറ്റി വസിക്കുന്ന ഒരുപാടിനം പരൽ മീനുകളും അവയെ ഇരയാക്കുന്ന നാടൻ വരാൽ,ചേറാൻ,വാളക്കടു പോലുള്ള ഇര പിടിയന്മാരും തോട്ടിൽ സുലഭമായിരുന്നു.

നവീകരണത്തിന്റെ പേരിൽ നടന്ന നാശം
ഇത്രത്തോളം ജൈവവൈവിധ്യത്തിനും മണ്ണിനും ജലത്തിനും പ്രാധാന്യമുള്ള കൈതക്കാടുകളാണ് 2018 തൊട്ട് നാശം കണ്ടത് .തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവയെല്ലാം വെട്ടിമാറ്റി ഭൂവസ്ത്രം വന്നു. അതേ വർഷം തന്നെ ഉണ്ടായ മഹാപ്രളയത്തിൽ “മണ്ണ് ഒലിച്ചു പോകാതെ ഇരിക്കാൻ” വിരിച്ച ഭൂവസ്ത്രവും മണ്ണും പലയിടത്തും ഒലിച്ചു പോയി. ശാന്തിയൻ തോട്ടിൽ എത്ര വലിയ ഒഴുക്കും വെള്ളവും ചെറുത്തു നിന്നിരുന്ന ഒന്നാണ് കൈതകൾ.

2 വർഷം കഴിഞ്ഞപ്പോൾ അന്നു കളഞ്ഞ കൈതകൾ വീണ്ടും കിളർത്തുവന്നു.വരും വർഷങ്ങളിലും ഇതേ പ്രവൃത്തി ആവർത്തിച്ചു. എന്നാൽ 2022ലാണ് കൈതക്കാടുകൾക്ക് പൂർണമായും അന്ത്യമിട്ടത്. ആഴ്ചകളോളം നീണ്ട അന്നത്തെ “തോട് നവീകരണത്തിൽ” ശാന്തിയൻ തോട്ടിലെ അവശേഷിക്കുന്ന കൈതക്കാടുകൾ മുഴുവൻ വേരോടെ പിഴുതെടുക്കപ്പെട്ടു. ആഴത്തിലുള്ള വേരുകൾ ഡീസൽ ഒഴിച്ചു നശിപ്പിച്ചു. കൈത എന്ന വംശത്തെ തന്നെ അന്ന് ശാന്തിയൻ തോട്ടിൽ നിന്നു തുടച്ചു നീക്കി.. പിന്നീടുള്ള വർഷങ്ങളിൽ തോടിനും ജൈവവൈവിധ്യത്തിനും വന്ന മാറ്റം ചെറുതായിരുന്നില്ല. കൈതകൾ പോയതോടെ തോടിന്റെ കരകൾ പാരഗം എന്ന കള സസ്യം കയ്യേറി. തോട്ടിൽ ഒഴുക്ക് വർധിച്ചു അതോടൊപ്പം മണ്ണൊലിപ്പും. ചകിരി ഭൂവസ്ത്രം ഏതാണ്ട് ഒരുവർഷം കഴിയുമ്പോഴേക്കും മണ്ണിൽ അലിഞ്ഞു തുടങ്ങും. അപ്പോഴാണ് അതിലെ ഏറ്റവും ആശങ്കയുണർത്തുന്ന ഒരു കാര്യം കണ്ടത്. 100% മണ്ണിൽ അലിയുന്ന ചകിരി കൊണ്ടുള്ള ഭൂവസ്ത്രത്തിൽ അനേകം പ്ലാസ്റ്റിക് നൂലുകൾ ഉണ്ടായിരുന്നു!. ലക്ഷകണക്കിന് നൂലുകൾ ഇന്നും തോടിന്റെ വശങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.

40 ഇനത്തോളം നാടൻ മത്സ്യങ്ങളെ കണ്ടിരുന്ന ശാന്തിയൻ തോട്ടിൽ ഏതാണ്ട് 15 ഇനത്തെ മാത്രമാണ് ഇന്ന് സ്ഥിരമായി കാണാൻ സാധിക്കുന്നത്. തോട്ടിൽ ഒരുകാലത്ത് സുലഭമായിരുന്ന ചെമ്പടയും വാളക്കടുവും,പൂഴാനും ഇന്ന് മഷിയിട്ടാൽ പോലും കിട്ടാതെയായി .
ഒളിച്ചിരിക്കാനുള്ള പൊത്തുകളും വസിക്കാൻ പാകത്തിനുള്ള തളങ്ങളും പോയതോടെ പല മത്സ്യങ്ങളും തോട് പൂർണ്ണമായും ഉപേക്ഷിച്ചു. പുഴയിൽ നിന്നും പാടത്തേക്കും തിരിച്ചുമുള്ള ഒരു പാത മാത്രമായി ശാന്തിയൻ തോട്. മത്സ്യങ്ങളിൽ മാത്രമല്ല തോട്ടുവക്കത്തെ പക്ഷികളിലും ഉരഗങ്ങളിലും ഗണ്യമായ കുറവ് തന്നെയാണ് കണ്ടത്. കൈതകൾ പോയതോടെ വേനലിന്റെ തുടക്കത്തിൽ തന്നെ ശാന്തിയൻ തോട് പൂർണ്ണമായും വറ്റാൻ തുടങ്ങി. വേനലിൽ കൈതപൊന്തകൾക്കടിയിൽ അഭയം തേടിയിരുന്ന മീനുകൾ ഇന്ന് വേനലിനു മുൻപ് തന്നെ പുഴയിലേക്ക് നീങ്ങും.
കൈതോല പായകൾ ഇന്ന് പ്ലാസ്റ്റിക്കിൽ കിട്ടിതുടങ്ങിയപ്പോൾ കൈത എന്ന സസ്യത്തിന്റെ ആവശ്യം നമുക്ക് പാടെ ഇല്ലാതായി.. പക്ഷെ തോട്ടുവക്കുകളിൽ അതിന്റെ പ്രാധാന്യം ആരും ചർച്ച ചെയ്തില്ല എന്നത് ഒരു വലിയ വീഴ്ച്ചയാണ്. തോടിന്റെ അരുകിൽ നിന്ന് കൈത പോയപ്പോൾ വരമ്പുകൾക്ക് വന്ന ബലക്ഷയം ചെറുതല്ല.മണ്ണിനെ പിടിച്ചു നിർത്തിയിരുന്ന വേരുകൾ പിഴുതെറിയപ്പെട്ടപ്പോൾ ഓരോ മഴയത്തും തോട്ടുവരമ്പുകൾ ഇടിഞ്ഞു തുടങ്ങി.. സത്യത്തിൽ നവീകരണം എന്ന പേരിൽ നടന്ന ഈ നശീകരണം യാതൊരു തരത്തിലുള്ള പഠനവും നടത്താതെ ചെയ്ത ഒരു വിഡ്ഢിത്തമാണ്.കാലങ്ങളായി തോടിനെയും മണ്ണിനേയും ജലത്തിനെയും സംരക്ഷിച്ചു വന്ന കൈതകൾ നശിപ്പിച്ചുകൊണ്ട് മണ്ണും ജലവും സംരക്ഷിക്കാൻ ഒരുവർഷം മാത്രം ആയുസ്സുള്ള പ്ലാസ്റ്റിക് നൂലുകൾ അടങ്ങിയ ഭൂവസ്ത്രം വിരിക്കുന്നു.. അതായത് കാലങ്ങളായി പ്രകൃതി ചെയ്തുവന്ന ഒരു കാര്യം പ്രകൃതിയെ നശിപ്പിച്ചു മനുഷ്യൻ കഷ്ടപ്പെട്ടു ഏറ്റെടുക്കുന്നു സത്യത്തിൽ ഇതിന്റെ ആവശ്യം ഉണ്ടോ?.പ്രകൃതിയെ അതിന്റെ വഴിക്ക് വിട്ടാൽ പോരെ?. അത്രയും ജൈവവൈവിധ്യം നിറഞ്ഞ ഒരു ആവാസവ്യവസ്ഥയാണ് ഇതിന്റെ പേരിൽ നശിച്ചു പോകുന്നത് എന്ന കാര്യം ഏറെ വിഷമകരമാണ്.
കൈതക്കാടുകൾ എന്ന ഈ ആവാസവ്യവസ്ഥ നമുക്ക് വീണ്ടെടുക്കാൻ കഴിയുന്ന ഒന്നാണ്. ഉണ്ടായിരുന്ന ഇടങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കുക പാരഗം പോലുള്ള ചെടികളെ നിയന്ത്രിക്കുക,കൈതക്കാടുകൾ വളരാൻ സമയം കൊടുക്കുക എന്നാൽ ആ സുവർണ്ണ കാലം തിരികെ വരും എന്നത് തീർച്ച.. അതുമൂലം നമ്മൾ സംരക്ഷിക്കുന്നത് ഒരു വലിയ ജൈവവൈവിധ്യത്തിന്റെ കലവറയാണ്, മണ്ണും ജലവുമാണ് പ്രകൃതിയെയാണ്.

Special thanks to; Mr. Manoj Karingamadathil, Abhinesh Elamkulam, Sajitha Teacher And my dear farmers of Palathole fields who helped me in this project by all means.