സഞ്ചാരിത്തുമ്പികൾ

സഞ്ചാരിത്തുമ്പികൾ

ഭക്ഷണത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടുന്നതിനുമായി ചില പക്ഷികളും മൃഗങ്ങളും ദേശാടനം നടത്തുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ദേശാടനം നടത്തുന്ന ദൂരത്തിന്റെ കാര്യത്തിൽ പക്ഷികളും തിമിംഗലങ്ങളും ആണ് മുൻപന്തിയിൽ. എന്നാൽ  ചില ഷഡ്പദങ്ങളും ദേശാടനത്തിൽ പിന്നിലല്ല, വടക്കൻ അമേരിക്കയിലെ മൊണാർക് ശലഭങ്ങൾ  ഒരു വർഷത്തിൽ എണ്ണായിരത്തോളം കിലോമീറ്റർ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Pantala flavescens (Female) from Kerala. Image – Haneesh. K. M.

പക്ഷെ ഷഡ്പദങ്ങളിൽ ഏറ്റവും വലിയ ദേശാടനക്കാരെ നിങ്ങൾക്കറിയാം; ഈ മാസങ്ങളിൽ  വെയിലുള്ള സമയത്ത് പുറത്തോട്ടുന്നു നോക്കിയാൽ മതി. വലിയ കൂട്ടമായി ഒഴിഞ്ഞ സ്ഥലങ്ങളിൽ ചുറ്റിത്തിരിയുന്ന തുലാത്തുമ്പികളാണത്. ഗ്ലോബൽ സ്‌കിമ്മേഴ്‌സ് (ആഗോളത്തുമ്പി), ഗ്ലോബൽ വാണ്ടറർ (ലോകസഞ്ചാരി), വാണ്ടറിങ് ഗ്ലൈഡർ (നാടോടി) എന്നൊക്കെ അറിയപ്പെടുന്ന തുലാത്തുമ്പികകളുടെ ശാസ്ത്രീയനാമം Pantala flavescens എന്നാണ്.

Wandering Gliders (Pantala flavescens) Flock at Thrissur Kole during First Kole Odonata Survey 2018. Image – Vivek Chandran

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തുലാത്തുമ്പികൾ കാണപ്പെടുന്നു. അടുത്തകാലത്തു നടത്തിയ ചില ഗവേഷണങ്ങളിൽ ലോകത്തെല്ലായിടത്തുമുള്ള ഈ തുമ്പികളെല്ലാം ഒരൊറ്റയിനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്; അതായത് അവ ലോകം മൊത്തം ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഈ തുമ്പികൾ ഒരു വർഷത്തിൽ പല തലമുറകളായി പതിനാലായിരം മുതൽ പതിനെട്ടായിരം കിലോമീറ്റർ വരെ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രയിൽ കാടും മേടും സമുദ്രവും ഇവയ്ക്ക് ഒരു തടസ്സമല്ല, വടക്കേ ഇന്ത്യയിൽനിന്നും അറബിക്കടൽ താണ്ടി കിഴക്കേ ആഫ്രിക്കവരെയുള്ള മൂവായിരത്തിഅഞ്ഞൂറോളം കിലോമീറ്റർ ഇവ ഒരു യാത്രയിൽ താണ്ടാൻ ഇവയ്ക്ക് കഴിയുന്നു.

Distribution of the dragonfly, Pantala flavescens By John Tann [CC BY 4.0], from Wikimedia Commons
ലോകത്തെ ഉഷ്ണമേഖലകളിലെല്ലാം തുലാത്തുമ്പികൾ പറന്നെത്തുന്നതും പ്രജനനം നടത്തുന്നതുമായി കാണുന്നുണ്ട്. വായുവിലുള്ള സൂക്ഷ്മജീവികളും (Aerial പ്ലാങ്ക്ട്രോണ്) ചെറു ഷഡ്പദങ്ങളുമാണ് ഈ തുമ്പികളുടെ പ്രധാന ഭക്ഷണം. കാറ്റിന്റെ ആനുകൂല്യം വലിയ ദൂരങ്ങൾ താണ്ടാൻ ഇവയെ സഹായിക്കുന്നു, അതുകൊണ്ടാണ് ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ലക്ഷ്യമാക്കി വരുന്ന ഇവർ തുലാമാസത്തോടെ കേരള തീരത്തെത്തുന്നുന്നത് . ഇവയ്ക്ക് തുലാത്തുമ്പി എന്ന് പേരു വന്നതും ഈ കാരണം കൊണ്ടുതന്നെയാണ്. ശുദ്ധജലാശയങ്ങളിൽ മുട്ടയിട്ടാണ് ഇവർ പ്രജനനം നടത്തുന്നത്, അതുതന്നെയാണ് ജലാശയങ്ങൾക്കുമുകളിൽ ഇവയെ കൂട്ടത്തോടെ കാണാനുള്ള കാരണവും.

An aggregation of dragonflies during migration By Shyamal [CC BY-SA 3.0], from Wikimedia Commons
മഴയോടെ ലഭിക്കുന്ന ജലാശയങ്ങൾ തന്നെയാണ് ഇവയുടെ ദേശാടനത്തിന്റെ പ്രധാന ലക്ഷ്യം. ശുദ്ധജലത്തിൽ വളരുന്ന ഇവയുടെ ലാർവകൾ 34-65 ദിവസങ്ങൾക്കുള്ളിൽ പൂർണ്ണവളർച്ചയെത്തുന്നു. ഈ പുതിയ തലമുറ ദേശാടനത്തിന്റെ പാത പിന്തുടരുകയും മൊത്തത്തിലുള്ള ഭൂഖണ്ഡാന്തരയാത്രയുടെ ഭാഗമാവുകയും ചെയ്യുന്നു. വെറും നാല് സെന്റിമീറ്റർ നീളവും പരമാവധി എട്ടു സെന്റീമീറ്റർ ചിറകുകളുടെ അറ്റങ്ങൾ തമ്മിലുള്ള അകലവുമുള്ള ഇവയുടെ വീതിയേറിയ പിൻചിറകുകളും കാറ്റിന്റെയും ചൂടിന്റെയും ആനുകൂല്യത്തിനൊപ്പമുള്ള യാത്രയുമാണ് ഇത്രയും വലിയ യാത്രകൾക്ക് ഇവരെ സഹായിക്കുന്നത്. എന്നാലും ഈ യാത്ര തുടങ്ങുന്ന എല്ലാവരെയും അത് പൂർത്തീകരിക്കാൻ പ്രകൃതി അനുവദിക്കാറില്ല.

ഈ ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ വ്യാപകമായി തുലാത്തുമ്പികളെ വലിയ കൂട്ടമായി കാണുന്നുണ്ട്. ഈ വലിയ യാത്രക്കാരെ ഒരല്പം ബഹുമാനത്തോടെ നമുക്കും നിരീക്ഷിക്കാം.

Back to Top