ഒഴിഞ്ഞ കൂട്

ഒഴിഞ്ഞ കൂട്

ആട്ടിയുലയ്ക്കുന്ന കാറ്റിൽ
ആർത്തു വീഴുന്ന മഴയിൽ കുതിർന്ന്
ചെറുചില്ലയിൽ ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട് പിഞ്ഞിയ ഒരു കിളിക്കൂട്.

ഇലയും നാരും പഞ്ഞിയും
പിന്നെ, ഇണക്കിളികളുടെ സ്വപ്നത്തുണ്ടുകളും
ഇഴചേർത്ത് മെനഞ്ഞ മോഹക്കൂട്.

ആൺകിളിയുടെ കരുതലും
പെൺകിളിയുടെ മേനിച്ചൂടും വിരിയിച്ച
കിളിക്കൊഞ്ചലുകൾ
മുഖരിതമാക്കിയ ചെറുകൂട്.

കണ്ണു കീറാത്ത
ചിറകു മുളയ്ക്കാത്ത കുഞ്ഞിക്കിളികളുടെ
വിശപ്പിന്റെ നാളുകളിൽ
അമ്മക്കിളി തിരക്കിലായിരുന്നു.

മാനത്തേക്ക് തുറന്നു വെച്ച വലിയ വായിളക്കി
പതിഞ്ഞ ശബ്ദത്തിൽ കരയുന്ന കിളിക്കിടാങ്ങൾക്ക്
അമ്മക്കിളി തിരിച്ചെത്തുംവരെ
സുരക്ഷിതത്വത്തിന്റെ ഇളം ചൂടായിരുന്നു കിളിക്കൂട്.

വിളിപ്പാടകലെ കാവലാളായി
അച്ഛൻ കിളിയുണ്ടായിരുന്നു.

എന്നിട്ടും ഒരുനാൾ
ഇരപിടിയന്റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞ്
പകച്ചുനിന്നു കിളിക്കൂട്.

പുറംലോകം കാണും മുമ്പ്
നീലാകാശത്തേക്ക് ചിറകുവിരിച്ച് പറക്കും മുമ്പ്
പിടഞ്ഞു തീർന്ന കുഞ്ഞിളംകിളികളെയോർത്ത്
നെടുവീർപ്പുതിർത്ത്
കൂർത്ത നഖങ്ങളുടെ മുറിപ്പാടുമായി
ഇപ്പോഴും തുങ്ങിക്കിടപ്പുണ്ട്
ചെറുചില്ലയിൽ ആ കിളിക്കൂട്.

— പുഷ്പ പുളിയേരി

Back to Top