ഒരു മിഥുനമാസ രാവിൽ. എഴുന്നേൽക്കാൻ ഒട്ടും തോന്നിയില്ലെങ്കിലും വയറിനുള്ളിലെ കക്ഷിക്ക് (5മാസം ഗർഭിണിയാണ്) വിശക്കാൻ തുടങ്ങുമെന്നുള്ളതുകൊണ്ടു കണ്ണും തിരുമ്മി എഴുന്നേറ്റു അന്ന്. പിന്നാമ്പുറത്ത് പിച്ചവെച്ചു എത്തി, ആ പച്ചപ്പിലേക്ക് നോക്കി നിൽക്കുകയായിരുന്നു. പതിവില്ലാതെ, ഒരു സുന്ദരി പക്ഷി എന്റെ മുൻപിൽ.
ആറാംതമ്പുരാൻ സിനിമയിൽ ഉണ്ണിമായ ചോദിച്ചപോലെ ഞാനും ചോദിച്ചു. ആരാ? എന്താ? എവിടുന്നാ? ഇവിടെന്തു കാര്യം? എന്നാൽ, ഞാൻ വന്നത് പോലും അറിയാതെ തിരക്കിട്ട പണിയിലായിരുന്നു കക്ഷി.
ആ ഓറഞ്ച് നിറവും നീലയെന്ന് കലർന്ന ചാര നിറമുള്ള ചിറകുകളും കണ്ണിന്റെ അവിടെയായി വെള്ളയും കറുപ്പും വരയും കണ്ടപ്പോൾ തന്നെ എനിക്ക് സംശയമായി. Laughing Thrush അല്ലെങ്കിൽ Thrush അങ്ങനെ ഏതോ ആണെന്ന്. വേഗം കോൾ ബിർഡേഴ്സ് ഗ്രൂപ്പിലിട്ടു. മിനിച്ചേച്ചിക്കും അയച്ചു ഒരു ഫോട്ടോ. മറുപടി കിട്ടാൻ വൈകിയപ്പോൾ ഗൂഗിളിന്റെ സഹായം തേടി. Orange headed Thrush അഥവാ കുറികണ്ണൻ കാട്ടുപുളള്.
തിരുമ്പണ കല്ലിന്റെ ചുറ്റും കിടന്നു കളിക്കുന്നു. ഒരു കൂസലുമില്ലാതെ. എന്തൊക്കെയോ കൊത്തി എടുക്കുന്നു മണ്ണിൽ നിന്നു. പിന്നെ പറന്നു പോയി ഒരു കൊമ്പിലേക്ക്. നോക്കുമ്പോളതാ അവിടെ ഒരു കുഞ്ഞു പക്ഷി ജാതി മരത്തിന്റെ ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്നു. മണ്ണിരയെ തപ്പി എടുത്തു കുട്ടിക്ക് കൊണ്ടു കൊടുക്കുകയാണ്.
അവരായി അവരുടെ പാടായി എന്നും കരുതി ഞാൻ എന്റെ പരിപാടികളിലേക്ക് കടന്നു.
ബ്രേക്ഫാസ്റ്റിന് ഉപ്പുമാവും ചായയും ഒക്കെ ഉണ്ടാക്കി കുറച്ചു കഴിഞ്ഞ് തൊടിയിലേക്കു ഒന്നിറങ്ങി. അപ്പോഴാണ് കാണുന്നത്. ആ കുഞ്ഞു പക്ഷി ഒരു മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നു. വേറെ രണ്ടു കാട്ടുപുള്ളുകൾ മണ്ണിൽ നിന്നും മണ്ണിരയെ കൊത്തി ഇതിനു ഊട്ടി കൊടുക്കുന്നു. ഞാൻ വന്നത് അറിഞ്ഞതും കുഞ്ഞുപക്ഷി മരച്ചില്ലയിലേക്ക് മറഞ്ഞു. കുട്ടു ഉണർന്നു വന്നപ്പോൾ അവനും കാണിച്ചു കൊടുത്തു. തൊടിയിലെ പുതിയ വിരുന്നുകാരെ. അവനും ഇഷ്ടമായി ആ നിറങ്ങളുള്ള പക്ഷിയെ..
കുറേ നേരം കഴിഞ്ഞു, ഏകദേശം 12. 30 ആയപ്പോൾ വീണ്ടും പ്രത്യേക്ഷപ്പെട്ടു. ചെറുതായി മഴ പെയ്യുന്നുണ്ട്. മാവിന്റെ ചുവട്ടിൽ, ചരൽ കല്ലുകളിൽ ചെറുതായി വെള്ളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. അതാ, ആ പക്ഷികൾ രണ്ടും ആ വെള്ളത്തിലേക്ക് പറന്നിറങ്ങി. രണ്ടും കൂടി ചിറകിട്ടടിച്ചും, തല മുക്കിയും ഒക്കെ കളിക്കുന്നു. കുളിക്കുന്നു. വെള്ളത്തിലെ ആ കളി കണ്ടപ്പോൾ, പണ്ട് കുളം നിറഞ്ഞു കിടക്കുമ്പോൾ കുളിക്കാൻ പോകാറുള്ളതും കൂപ്പു വരെ നീന്താൻ മത്സരിക്കുന്നതും എല്ലാം മനസ്സിൽ ഓടിക്കളിച്ചു. ആദ്യമായി ഇത്ര അടുത്തു ആ പക്ഷികൾ കളിക്കുന്നതും കുളിക്കുന്നതും കുട്ടു നന്നായി ആസ്വദിച്ചു. കുളിർമയുള്ള ആ കാഴ്ച അവനൊരിക്കലും മറക്കില്ല. എനിക്കുറപ്പാണ്.
സാധാരണയായി വലിയ വൃക്ഷങ്ങൾ ഉള്ള സ്ഥലങ്ങളിൽ കാണുന്ന പക്ഷിയാണ് കുറിക്കണ്ണൻ കാട്ടുപുളള്. പറമ്പിൽ മാവും ജാതിയും, വലിയ പുളിമരവും ഒക്കെയാണ് ഉള്ളത്. അതായിരിക്കാം അവർ ഇവിടെ വിരുന്നെത്തിയത്. കുഞ്ഞു പക്ഷിക്കു ഓറഞ്ച് തൂവലുകൾ കണ്ടില്ല. എന്തായാലും, വേറെ എവിടെയും പക്ഷി നിരീക്ഷണത്തിന് പോയില്ലെങ്കിലും, ഇടക്കിങ്ങനെ ആരെങ്കിലും പ്രത്യേക്ഷപെടുമ്പോൾ, വീണ്ടും മനസ്സും ചിന്തയും കൗതുകങ്ങൾ കൊണ്ട് നിറയും. ഇനിയും കാണാനും ആസ്വദിക്കാനും അറിയാനും പ്രകൃതിയിൽ എന്തെല്ലാം.