തുമ്പികളെത്തേടി തുമ്പൂരെന്ന തുമ്പി ഗ്രാമത്തിൽ

തുമ്പികളെത്തേടി തുമ്പൂരെന്ന തുമ്പി ഗ്രാമത്തിൽ

“തോട്ടിലൊക്കെ വെള്ളം നിറയട്ടെ, ഞാൻ വിളിക്കാം.” സ്വന്തം ഗ്രാമമായ തുമ്പൂരിലെ തുമ്പികളെ കാണാൻ ഞാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ റൈസൻ ചേട്ടൻ പറഞ്ഞു. വെള്ളം നിറഞ്ഞത് വളരെ പെട്ടെന്നായിരുന്നു, കേരളത്തെ വിറപ്പിച്ച പ്രളയത്തിൽ. പ്രളയത്തിന് ശമനമായപ്പോൾ ഉടനെ വന്നു റൈസൻ ചേട്ടന്റെ മെസ്സേജ്-“നാളെ പോകാം.” പണ്ട് പക്ഷികളെ കാണാൻ പോകാം എന്നാരെങ്കിലും പറയുമ്പോൾ ഉണ്ടാവാറുള്ളത് പോലെ എന്റെ നെഞ്ചിൽ ലഡ്ഡു പൊട്ടി.

പിറ്റേന്ന് കൃത്യസമയത്ത് ഞാനും റൈസൻ ചേട്ടനും ഫീൽഡിലെത്തി (പ്രകൃതിനിരീക്ഷകർക്ക് പൊതുവെ കൃത്യനിഷ്ഠ കൂടുതലാണ്- ഒരു നിമിഷം വൈകിയാൽ ചിലപ്പോൾ കാണിക്കാനുദ്ദേശിച്ച അത്ഭുതം പ്രകൃതി നിരസിക്കും!). തൊമ്മാന കോൾപാടത്തിറങ്ങി ചില്ലറ പക്ഷി-തുമ്പി നിരീക്ഷണങ്ങൾക്ക് ശേഷം റൈസൻ ചേട്ടൻ പറഞ്ഞു- “നമുക്കോരോ കാലി ചായ അടിച്ചിട്ട് തുമ്പൂർക്ക് വിടാം.” എനിക്കാവേശം തലക്ക് പിടിച്ചു- എന്തോ മഹാത്ഭുതം കാണിക്കാൻപോകുന്നതിന്റെ മുന്നൊരുക്കമാണ് ഈ ചായകുടി! ചൂട് ചായ നാരങ്ങാവെള്ളം പോലെ കുടിച്ചിറക്കി. എന്നിട്ട് നേരെ തുമ്പിഗ്രാമമായ തുമ്പൂർക്ക്!

റൈസൻ ചേട്ടന്റെ ഗ്രാമമായ, തുമ്പികളുടെ സ്വർഗ്ഗമായ തുമ്പൂർ കണ്ടെന്റെ കണ്ണുകൾ നിറഞ്ഞു. പണ്ടത്തെ സത്യൻ അന്തിക്കാട് സിനിമകളിലെ ലാൻഡ്സ്കേപ്പ്- ചെറിയ വീടുകൾ, വലിയ പറമ്പുകൾ, പാടം, തോട്. കേരളത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്ന സ്വത്തുക്കൾ! അതിവിദഗ്ധമായി ഓരോ കൊച്ചു കൊച്ചു ആവാസവ്യവസ്ഥകളിലായി പല തരം തുമ്പികളെ റൈസൻ ചേട്ടൻ കാണിച്ചു തന്നു- തോട്ടിലെ വെള്ളത്തിന് വേണ്ടി മത്സരിക്കുന്ന അരുവിത്തുമ്പികളും പൂത്താലികളും. ലാർവയിൽ നിന്ന് വിരിഞ്ഞിറങ്ങിയ ചോരവാലൻ തുമ്പി. പുല്ലുകൾക്കിടയിൽ പതുങ്ങിക്കളിക്കുന്ന പത്തിപ്പുൽച്ചിന്നൻ. തുമ്പൂരിലെ കിണറുകൾ പോലും ആവാസവ്യവസ്ഥകളാണ്. പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കിണർത്തുമ്പിയും ഹാജർ പറഞ്ഞു.

പോകാൻ നേരം ഞാൻ റൈസൻ ചേട്ടനോട് ചോദിച്ചു- “എന്താണ് തുമ്പികൾക്ക് തുമ്പൂരിനോട് പ്രത്യേക സ്നേഹം?” റൈസൻ ചേട്ടൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു- “അങ്ങനെയൊന്നുമില്ല. നല്ല വെള്ളവും അവയ്ക്ക് വേണ്ട ഭക്ഷണവും കിട്ടുന്നിടത്തെല്ലാം തുമ്പികൾ ഉണ്ടാകും. പിന്നെ അവയെ അധികം പേർ ശ്രദ്ധിക്കുന്നില്ലല്ലോ..”
ശരിയാണ്. റൈസൻ തുമ്പൂർ എന്ന പ്രകൃതിനിരീക്ഷകൻ ഉള്ളതുകൊണ്ടാണ്, അദ്ദേഹം മണിക്കൂറുകൾ ചിലവിട്ട് നടത്തുന്ന നിരീക്ഷണങ്ങൾ കൊണ്ടാണ് ഇവിടത്തെ തുമ്പികളെപ്പറ്റി നമ്മൾ അറിയുന്നത്. പിന്നെ ആദ്യം പറഞ്ഞ നല്ല വെള്ളവും, ഭക്ഷ്യലഭ്യത ഉറപ്പ്‌ വരുത്തുന്ന ആവാസവ്യവസ്ഥകളും നമ്മുടെ ഗ്രാമങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയാണല്ലോ. എന്തിന്, ഗ്രാമങ്ങൾ പോലും അപ്രത്യക്ഷമാവുകയാണ്!

ഇണചേരാനൊരുങ്ങുന്ന നാട്ടുപൂത്താലികളെ (Pseudagrion microcephalum) തുരത്താനെത്തുന്ന ചെമ്മുഖപ്പൂത്താലി (Pseudagrion rubriceps)… തുമ്പിലോകത്തെ ‘സദാചാര പോലീസ്’ 😜
ലാർവയിൽ നിന്ന് വിരിഞ്ഞിറങ്ങിയ നാട്ടുപുൽച്ചിന്നനെ (Agriocnemis pygmaea) ശാപ്പിടുന്ന കനൽവാലൻ ചതുപ്പൻ (Ceriagrion cerinorubellum) ☠️👹
തനിക്കിട്ട പേര് തവിടൻ ‘തുരുമ്പൻ’ എന്നാണെന്നറിഞ്ഞു തുരുമ്പിച്ച കമ്പിയിൽ ഇരിപ്പുറപ്പിച്ച തുമ്പി (Neurothemis fulvia) 😉😆
ചെറിയ തണൽത്തുമ്പി (Vestalis gracilis) വെയിലത്തിരുന്നപ്പോൾ 👽
വൈകുന്നേരം കൊതുകുവേട്ട നടത്തേണ്ടതാണ്. ഇപ്പോൾ വിശ്രമത്തിൽ… സൂചിവാലൻ സന്ധ്യാത്തുമ്പി (Zyxomma petiolatum)😴
വെള്ളത്തിന്റെ ക്വാളിറ്റി നോക്കിയിരുന്നത് പരിശോധിക്കുകയാണെന്ന് തോന്നുന്നു… ചുട്ടിച്ചിറകൻ തണൽത്തുമ്പി (Vestalis apicalis) 🤓
അരുവിത്തുമ്പികളുടെ (Archibasis oscillans) മുട്ടയിടൽ മഹാമഹം! 🐣
തുമ്പൂർ 💚
ഇവൾ സാധാരണക്കാരിയല്ല… ചുട്ടി നിലത്തൻ (Diplacodes nebulosa) 👸
മേലുള്ള പച്ചവര കണ്ടില്ലേ..? ഇതാണ് പച്ചവരയൻ ചേരാച്ചിറകൻ (Lestes elatus) ✔️
ഇതിൽ നിന്നും ഒരു ‘ഹെലികോപ്റ്റർ’ പറന്നുപോയിട്ടുണ്ട്… 😊 വലിയൊരു തുമ്പിലാർവയുടെ പുറംതോടിനു മേലൊരു കുഞ്ഞനുറുമ്പ് 🐜
കേരളത്തിലെ തുമ്പികളിലെ ഇത്തിരിക്കുഞ്ഞൻ- പത്തിപ്പുൽച്ചിന്നൻ (Agriocnemis keralensis) 👶
Back to Top