നിലമ്പൂർ, പക്ഷികളുടെ താവളം

നിലമ്പൂർ, പക്ഷികളുടെ താവളം

പശ്ചിമഘട്ട മലനിരകളുടെ ഒരുഭാഗം -അതാണ് കേരളത്തിലെ മറ്റു കാടുകളെപ്പോലെ നിലമ്പൂരും.. ചാലിയാറിന്റെ തീരത്തെ വൈവിധ്യമാർന്ന കാട്. നിത്യഹരിതവനവും അർദ്ധഹരിതവനവും ഇലപൊഴിയും കാടുകളും പുൽമേടുകളും കിഴക്കാംതൂക്കായ കുന്നുകളും നിലമ്പൂരിനെ ജൈവ വൈവിധ്യത്തിന്റെ കലവറയാക്കുന്നു. വനത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ അവിടെ കാണുന്ന പക്ഷികളുടെ വൈവിധ്യവും കൂടുതലാണ്. ഇത്തവണത്തെ കണക്കെടുപ്പിൽ 190 ൽ പരം പക്ഷി ഇനങ്ങളാണ് അവിടെ കണ്ടെത്തിയത്.

ബ്രിട്ടീഷ് അധിനിവേശത്തിന്റെ ബാക്കിയെന്നോണം ചരിത്ര സാക്ഷിയായി കിടക്കുന്ന ആദ്യത്തെ തേക്ക് തോട്ടം. ഇന്നും കാടിന്റെ തുടക്കം തേക്ക് തോട്ടമാണ്. മാവോയിസ്റ് ഭീഷണി നിലനിൽക്കുന്നതുകൊണ്ടു പക്ഷി സർവേയിൽ ക്യാമ്പുകളുടെ എണ്ണം കുറവായിരുന്നു. എന്നിട്ടും പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടായില്ല.

കേരളത്തിൽ അപൂർവമായ വയൽ നായ്ക്കൻ, ഇവിടെ കാണപ്പെടുന്ന എല്ലായിനം മരംകൊത്തികളും പച്ചച്ചുണ്ടൻ, നീലത്തത്ത, പൂന്തത്ത, തത്തച്ചിന്നൻ, കോഴി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, വിവിധയിനം ബുൾബുളുകൾ, കാട്ടുമൈനയും ഹിൽമൈനയും, രാച്ചുക്കുകൾ, വാനമ്പാടികൾ, ഇരപിടിയൻ പരുന്തു – പ്രാപ്പിടിയൻ വർഗക്കാർ, റോസി, ചാരത്തലയൻ സ്റ്റാര്‍ലിങ്ങുകള്‍,, വാലാട്ടിക്കിളികൾ തുടങ്ങി കണ്ണിനു നല്ലൊരു കണിയായിരുന്നു, നിലമ്പുർ ഒരുക്കിവച്ചത്.

കൂടുതലും തേക്ക് തോട്ടത്തിലൂടെ ആയിരുന്നു പക്ഷികളെ തേടിയുള്ള യാത്ര. ഇടയ്ക്കു നിത്യഹരിതമരോട്ടിക്കാടുകൾ. വഴിയിൽവിശാലമായ പുൽമേടുകളും. ആനകൾക്കും പുള്ളിമാൻ കൂട്ടങ്ങൾക്കും ഒരു പഞ്ഞവുമുണ്ടായില്ല. വഴിയിൽ ഒരിടത്ത് വിശാലമായ പുൽമേടിന്റെ ഒരുഭാഗത്ത് പതിനഞ്ചോളം ആനകളും മറുഭാഗത്ത് പശുക്കൂട്ടവും മേയുന്നതും കണ്ടു. റിസേർവ് ഫോറെസ്റ് ആണെങ്കിലും പലഭാഗത്തും ട്രൈബൽ കോളനികൾ ഉണ്ട്. ഇലെക്ട്രിക്കൽ ഫെൻസിങ്, ആനമതിൽ ഇവയൊക്കെ ആനകളിൽ നിന്നും അല്പമെങ്കിലും രക്ഷനല്കുന്നുണ്ട്. എന്നിട്ടും ചക്ക പഴുക്കുന്ന കാലങ്ങളിൽ ആനകൾ വീട്ടുമുറ്റത്ത് എത്തുന്നുണ്ടെന്നാണ് ക്യാമ്പിന് പരിസരത്തുള്ള താമസക്കാർ പറയുന്നത്. ഞങ്ങൾ എത്തുന്നതിന്റെ രണ്ടാഴ്ച മുന്നേ കാട്ടിലൂടെ നടന്നുപോയ ഒരാളെ ആന ചവിട്ടിക്കൊന്ന കഥയും കേട്ടു.

മാർച്ചിന്റെ ചൂടിൽ തേക്ക് തോട്ടവും പുൽമേടുകളും കടന്നുള്ള നിരീക്ഷണം കുറച്ചു പ്രയാസമായെങ്കിലും ഇടതൂർന്ന മരോട്ടിക്കാടുകൾ ത്രഷിന്റെ കലവറ ആയിരുന്നു. കാവിക്കിളിയും കാട്ടുപുള്ളുംനീലപ്പാറ കിളിയും ചൂളക്കാക്കയും കാട്ടു വാലുകുലുക്കിയും നീല പാറ്റപിടിയന്മാരും കണ്ണിനു വിരുന്നായി. രണ്ടു ദിവസത്തെ കാനന വാസം കഴിഞ്ഞെത്തുമ്പോൾ ഞങ്ങളുടെ കണക്കിൽ മാത്രം 120ഓളം പക്ഷികൾ വന്നു കേറിയിരുന്നു. കൂടെ ഞങ്ങളുടെ ക്യാമ്പിനോട് ചേർന്ന് നിൽക്കുന്ന ഇരുമുൾ മരപ്പൊത്തിൽ കൂടൊരുക്കിയ കോഴിവേഴാമ്പൽ കുടുംബവും.


പത്രവാര്‍ത്തകള്‍

Back to Top