നിശാശലഭങ്ങളെ പരിചയപ്പെടുത്തി നെടുപുഴയിലെ നെസ്റ്റ് കൂട്ടായ്മ

നിശാശലഭങ്ങളെ പരിചയപ്പെടുത്തി നെടുപുഴയിലെ നെസ്റ്റ് കൂട്ടായ്മ

ജൈവവൈവിധ്യത്തിലെ സുപ്രധാന കണ്ണിയാണ് നിശാശലഭങ്ങൾ. ശല്കങ്ങളോടുകൂടിയ ചിറകുകളുള്ള ചിത്രശലഭങ്ങളും നിശാശലഭങ്ങളും ലെപിടോപ്റ്റെറ (Lepidoptera) എന്ന കുടുംബത്തിൽപ്പെട്ട ഷഡ്പദങ്ങളാണ്. പൊതുവേ രാത്രിഞ്ചരന്മാരായതു കൊണ്ടും ചിത്രശലഭങ്ങളുടെയത്ര ‘ഗ്ലാമർ‘ ഇല്ലാത്തതു കൊണ്ടും ചിലയിനങ്ങൾ അലർജി ഉണ്ടാക്കുന്നതു കൊണ്ടും നിശാശലഭങ്ങളോട് പലരും വലിയ താല്പര്യം കാണിക്കാറില്ല. ശാസ്ത്രലോകത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ലോകത്തിൽ ഒന്നരലക്ഷത്തിനടയ്ക്കും അഞ്ച് ലക്ഷത്തിനിടയ്കും നിശാശലഭയിനങ്ങൾ ഉണ്ട് എന്നാണ് കണക്കാക്കുന്നത്. പക്ഷെ ഇതിൽ പലതിനെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാവാമെന്ന് അനുമാനിക്കപ്പെടുന്ന ഇന്ത്യയിൽ ഇതുവരെ അയ്യായിരത്തോളം ഇനങ്ങൾ മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. വിവിധയിനങ്ങളെ തിരിച്ചറിയുകയും അവയുടെ ജീവിതചക്രം പഠിക്കുകയും ചെയ്താലേ പ്രകൃതിയിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുകയുള്ളൂ. അതുകൊണ്ട് നമ്മുടെ ഓരോ നിരീക്ഷണവും പ്രധാനമാണ്, ചിലപ്പോൾ ഒരു പ്രത്യേക നിശാശലഭത്തിന്റെ കണ്ടെത്തലിനോ, നിശാശലഭത്തിന്റെ വിതരണത്തെ ക്കുറിച്ചുള്ള പുതിയ അറിവിനോ അത് സഹായിച്ചേക്കാം.

ചിത്രം : സുഭാഷ് പുളിക്കൽ

നിശാശലഭങ്ങളുടെ പ്രാധാന്യം

നിശാശലഭങ്ങളും അവയുടെ ലാർവകളും പക്ഷികളുടെയും ചിലന്തികളുടെയും പല്ലികളുടെയും തവളകളുടെയും വവ്വാലുകളുടെയും ആഹാരമാണ്. രാത്രിയിലും പകലും വിരിയുന്ന അനേകം പൂക്കളുടെ പ്രധാന പരാഗണ സഹായികളാണ് ഇവർ. ചില സസ്യങ്ങളുടെ കൃഷിക്ക് നിശാശലഭങ്ങളുടെ പരാഗണസഹായം തന്നെ അത്യാവശ്യമാണ്. ഈ ശലഭങ്ങളുടെ ലാർവകൾ ചെടികളുടെ ഇലകൾ ഭക്ഷിച്ചാണ് വളരുന്നത്. ഇത് പല തരത്തിലുള്ള കളകളുടെ സ്വാഭാവിക നിയന്ത്രണത്തിനെ സഹായിക്കുന്നു.

നിശാശലഭങ്ങളുടെ എണ്ണം ഒരു പ്രദേശത്തെ ജൈവവൈവിധ്യത്തെ അടുത്തറിയാൻ ഉപകരിക്കുന്ന സൂചകമാണ്. ആയുർദൈർഘ്യം നന്നെ കുറവായതു കൊണ്ടും ജീവിതം പലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ടും പ്രകൃതിയിലുള്ള ചെറിയമാറ്റങ്ങൾ ഇവയുടെ എണ്ണത്തെ പെട്ടെന്ന് ബാധിക്കുന്നു. അതുകൊണ്ടുതന്നെ നിശാശലഭങ്ങളെ നിരീക്ഷിക്കുന്നത് പ്രകൃതിയിലുണ്ടാവുന്ന മാറ്റങ്ങൾ വേഗത്തിൽ അറിയാൻ സഹായകമാണ്.

നിശാശലഭങ്ങളെ പരിചയപ്പെടുത്തി നെസ്റ്റ്

നെടുപുഴയിലുള്ള നെസ്റ്റ് എന്ന പരിസ്ഥിതി പഠന കൂട്ടായ്മ കൂട്ടായ്മ, കോൾ ബേഡേഴ്സ് കളക്റ്റീവുമായി സഹകരിച്ച് ദേശീയ നിശാശലഭ വാരത്തിൽ പഠന ക്ലാസും നിശാശലഭനിരീക്ഷണവും നടത്തിയിരുന്നു. ശാസ്ത്രകുതുകികളേയും കുട്ടികളേയും ലക്ഷ്യം വച്ചാണ് ക്ലാസ് നടത്തിയത്. പ്യൂപ്പയെ നിരീക്ഷിച്ചും നിശാശലഭത്തിന്റെ ഘടന, ആകൃതി, നിറം, വലിപ്പം, എന്നിവയെ കുറിച്ച് ക്ലാസുകളെടുത്തും കുട്ടികൾ നിശാശലഭങ്ങളെ അടുത്തറിഞ്ഞു. നിശാശലഭങ്ങൾ വരാൻ സാധ്യതയുള്ള പരിസരത്തെ വേപ്പ് , നാരകം, കണിക്കൊന്ന എന്നീ ഉറവിടങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ, അവയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുള്ള തുടർനിരീക്ഷണ രീതികളും, വിവരങ്ങൾ ചിത്രസഹിതം രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകി.

ദേശീയ നിശാശലഭ വാരാചരണം

ആഗോള തലത്തിൽ  പൊതുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഒരു നിശാശലഭ പ്രോജക്റ്റാണ് ദേശീയ നിശാശലഭ വാരം. അമേരിക്കയിലെ ന്യൂ ജഴ്സിയിലുള്ള ഈസ്റ്റ് ബ്രൺസ്വിക്ക് എൻവയോൺമെന്റൽ കമ്മീഷൻ എന്ന കൂട്ടായ്മയാണ് 2012ൽ ദേശീയ നിശാശലഭ വാരം തുടങ്ങി വച്ചത്. ഇന്ന് അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും 80ൽ പരം രാജ്യങ്ങളിലുമായി നിശാശലഭ വാരം വ്യാപിച്ചിട്ടുണ്ട്.

ചിത്രശലഭങ്ങളുടെ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും  നിശാശലഭങ്ങളെപ്പറ്റി ശാസ്ത്രലോകത്തിനുള്ള അറിവ്  പരിമിതമാണ്. അതു കൊണ്ട് എല്ലാ വർഷവും ജൂലൈ അവസാനവാരം നിശാശലഭ നിരീക്ഷണത്തിനും ലഭിച്ച വിവരങ്ങൾ സിറ്റിസൻ സയൻസ് ഡാറ്റയായി ക്രോഡീകരിക്കുന്നതിനും മാറ്റി വയ്ക്കുന്നു. നിശാശലഭങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും  പഠിക്കാനും പഠിപ്പിക്കാനുമുള്ള ഈ സംരംഭത്തിൽ ശാസ്ത്ര പരിപാകമുള്ള ആർക്കും പങ്കെടുക്കാം.  തങ്ങളുടെ നിരീക്ഷണങ്ങളും ചിത്രങ്ങൾ ഉണ്ടെങ്കിൽ അതും പൊതുസഞ്ചയത്തിൽപ്പെട്ട ഏതെങ്കിലും വെബ് പോർട്ടലുകളിൽ ചേർക്കുകയാണ്  ചെയ്യേണ്ടത്. ഈ വിവരങ്ങളാണ് നിശാശലഭ വൈവിദ്ധ്യത്തെക്കുറിച്ചുള്ള പഠനങ്ങളായി മാറുന്നത്. സംരംഭത്തിന് ഓരോ വർഷവും പ്രാതിനിധ്യം കൂടി വരുന്നുണ്ട്, ഈ വർഷം ഇന്ത്യയുടെ പല ഭാഗത്തുനിന്നുമായി 60 ൽ അധികം പരിപാടികൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്.

www.nationalmothweek.org എന്ന വെബ്സൈറ്റിൽ ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. രാത്രിയിൽ വീട്ടിലോ പാർക്കിലോ വരുന്ന നിശാശലഭങ്ങളെ നിരീക്ഷിക്കുന്നത് മുതൽ നിശാശലഭങ്ങളെക്കുറിച്ചുള്ള ചെറിയ പൊതു പരിപാടികൾ വരെ ഏതു രീതിയിലുള്ള പരിപാടികളും ഇതിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് സാധ്യമല്ലെങ്കിൽ നിങ്ങളെടുത്ത നിശാശലഭങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചും ഈ പരിപാടിയുടെ ഭാഗമാകാൻ സാധിക്കും.

ശാസ്ത്രത്തിലേക്ക് ഒരു എളിയ പങ്ക്…

പ്രകൃതിയിന്മേലുള്ള മനുഷ്യന്റെ കടന്നു കയറ്റവും കാലാവസ്ഥാ വ്യതിയാനവും മൂലം ചില ശലഭങ്ങളുടെ എണ്ണം ചുരുങ്ങുകയും ചിലതിന്റെ ആവാസസ്ഥലങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യക്തമായ വിവരങ്ങളില്ലാത്തതുകൊണ്ട് എത്രയെണ്ണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്നും നമുക്കറിയില്ല. അവശേഷിക്കുന്നവയെ സംരക്ഷിക്കാൻ നിശാശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. അത് എല്ലാവരുടെയും കടമയാണ്. അതിൽ ചെറിയൊരു പങ്കുവഹിക്കാൻ ഇപ്പോൾ വളരെ എളുപ്പവുമാണ്. നിശാശലഭങ്ങളെക്കുറിച്ചുള്ള പഠനക്കൂട്ടായ്മകൾ സംഘടിപ്പിച്ചും നിങ്ങളുടെ ചുറ്റുമുള്ള നിശാശലഭങ്ങളെ നിരീക്ഷിച്ചും  www.inaturalist.org , https://indiabiodiversity.org, www.mothsofindia.org/ തുടങ്ങിയ ഡാറ്റാപോർട്ടലുകളിൽ അപ്ലോഡ് ചെയ്തും ക്യാമ്പയ്നന്റെ ഭാഗമാകാം.

വെങ്കണനീലിയുടെ ജീവിതചക്രം. ചിത്രം : റൈസൺ തുമ്പൂർ
  • nationalmothweek.org
  • https://blog.kole.org.in/national-moth-week-2019-india-haneesh/
Back to Top