നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി

നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി

കേന്ദ്ര മന്ത്രിസഭ 2012 ഫെബ്രുവരിയിൽ നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി, National Data Sharing and Accessibility Policy (NDSAP) അംഗീകരിച്ചു. ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പങ്കുവെക്കാവുന്ന വിവരങ്ങൾ മനുഷ്യർക്കും കമ്പ്യൂട്ടറുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ ലഭ്യമാക്കുകയാണ് ഈ നയത്തിന്റെ ഉദ്ദേശ്യം.

സന്ദർഭം

പൊതുമുതൽ ഉപയോഗിച്ചു രാജ്യത്തെ വിവിധങ്ങളായ സ്ഥാപനങ്ങളും ശാഖകളും ഉളവാക്കിയിട്ടുള്ള വളരെയധികം വിവരങ്ങൾ ഇന്നും പൊതുജനത്തിന് ദുഷ്പ്രാപ്യമാണ്. എന്നാൽ ഇവയിലധികവും രഹസ്യാത്മകത ആവശ്യമില്ലാത്തതും പൊതുജനത്തിന് ശാസ്ത്രീയവും സാമ്പത്തികവുമായ അഭിവൃദ്ധിക്ക് ഉതകുന്നവയുമാണ്. യുക്തിസഹമായ വാദപ്രതിവാദങ്ങൾക്കും മെച്ചപ്പെട്ട തീരുമാനമുണ്ടാക്കുന്നതിനും പൊതുമുതൽ ഉപയോഗിച്ചുണ്ടാക്കിയ ഇത്തരം വിവരങ്ങൾ പെട്ടെന്ന്‌ ലഭ്യമാക്കുന്നത് ഒരു പരിഷ്ക്രത സമൂഹത്തിൽ ആവശ്യമാണ്. ദേശീയാസൂത്രണം, വികസനം, അവബോധനം എന്നിവക്കായി ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിവരങ്ങൾ പങ്കുവെക്കുവാനും ഈ നയംകൊണ്ടുദ്ദേശിക്കുന്നു.

ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ഈ നയത്തിന്റെ പരിധിയിൽ വരുന്നു. ഈ നയത്തിന്റെ മൗലിക കാരണങ്ങൾ തുറവി, വഴക്കം, സുതാര്യത, നിലവാരം, ഭദ്രത, കാര്യക്ഷമത, തുടങ്ങിയവയാണ്.

ഐക്യരാഷ്ട്രസഭയുടെ റിയോ ഡിക്ലറേഷനിലെ പത്താം പ്രമാണവും വിവരാവകാശനിയമത്തിലെ ഭാഗം 4 (2)-ഉം ആണ് ഈ നയം രൂപീകരിക്കാൻ പ്രചോദനമായത്.

ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് – ഇന്ത്യ

2012-ൽ നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസിക്കും അത് നടപ്പിലാക്കാനുള്ള മാർഗ്ഗരേഖക്കും രൂപം നൽകിയെങ്കിലും ആ നയമുപയോഗിച്ചു പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾക്കുള്ള അനുമതിപത്രം വ്യക്തമായി തുടർന്നു. 2017 ഫെബ്രുവരിയിൽ ഒരു അസാധാരണ ഗസറ്റായി “ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് – ഇന്ത്യ” എന്ന അനുമതിപത്രം വിജ്ഞാപനം ചെയ്തു. ഡാറ്റ ദുരപയോഗിക്കപ്പെടുന്നില്ലെന്നും അതുപോലെ ഡാറ്റയുടെമേൽ എല്ലാവർക്കും തുല്യവും ശാശ്വതവുമായ അവകാശവും ഉറപ്പുവരുത്താൻ ഈ അനുമതിപത്രം ഉപകരിക്കുന്നു.

ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരുന്നു. ഈ അനുമതിപത്രം അത് ബാധകവുമായിട്ടുള്ള എല്ലാ ഡാറ്റകളും ആർക്കും നിയമാനുസൃതമുള്ള വാണിജ്യപരമോ അല്ലാത്തതോ ആയ ഏതു ആവശ്യത്തിനും ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, പുനഃപ്രസിദ്ധീകരിക്കാനും ഉള്ള അനുമതി തരുന്നു. അങ്ങനെ ഉപയോഗിക്കുന്ന ആൾ അതിന്റെ ദാദാവ്, ഉറവിടം, അനുമതിപത്രം എന്നിവ സൂചിപ്പിക്കേണ്ടതാണ്. അതിനായി ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ, യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ, യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാം

https://data.gov.in/sites/default/files/NDSAP.pdf

https://data.gov.in/…/d…/files/Gazette_Notification_OGDL.pdf

https://ml.wikipedia.org/…/National_Data_Sharing_and_Access…

https://en.wikipedia.org/…/National_Data_Sharing_and_Access…

Back to Top