നാട്ടിലെ പാട്ടുകാരൻ

നാട്ടിലെ പാട്ടുകാരൻ


പൂക്കൈതക്കൂട്ടം അതിരു കാക്കുന്ന തോടുകളും കാലികൾ മേയുന്ന വയലുകളും മാഞ്ഞു തുടങ്ങിയെങ്കിലും ബാക്കിയാവുന്ന ചില ഗ്രാമക്കാഴ്ചകൾ നമുക്ക് ആശ്വാസമാകുന്നുണ്ട്. അതിൽ ഒന്നാണ് മണ്ണാത്തിപ്പുള്ളുകൾ. നാട്ടിലെ ആസ്ഥാന ഗായകൻ പട്ടത്തിന് തികച്ചും അനുയോജ്യൻ. കറുപ്പും വെളുപ്പും മാത്രമാണ് നിറമെങ്കിലും അതിന്റെ മനോഹാരിത ഒട്ടും ചോർന്നുപോകാതെ കാണപ്പെടുന്നുണ്ട് , ഇവയെ കാണുമ്പൊൾ. നാട്ടിൻപുറത്തും പട്ടണങ്ങളിലും കാണാവുന്ന, എപ്പൊഴും നല്ല ഉഷാറായി ചാടി ചാടി നടന്നു നിലത്തുനിന്നും ഇരതേടുന്ന ഒരു സാധാരണ പക്ഷിയാണ്‌ ഇവ. ഇവയുടെ സഞ്ചാരം കാണുമ്പൊൾ സ്പ്രിങ് ഘടിപ്പിച്ചതാണോ എന്ന് സംശയിച്ചു പോകും. മരങ്ങളിൽ ഇരതേടുന്ന പതിവ് കുറവാണ്‌. മിക്കവാറും ഇണകളായി കാണപ്പെടുന്നു.
തലയും കഴുത്തും പുറവും കറുപ്പും അടിവശവും ചിറകിലെ പട്ടയും വാലിന്റെ വശങ്ങളിലെ തൂവലുകളും വെളുപ്പും ആണ്. ആണിന് തിളങ്ങുന്ന കറുപ്പും പെണ്ണിന് അൽപ്പം മങ്ങിയ കറുപ്പുമായിരിക്കും. കുട്ടികൾക്ക് നെഞ്ചിലെ കറുപ്പിൽ വെള്ള വരകൾ കാണാം. വാൽ പൊക്കിപ്പിടിച്ചിരിക്കും. ഇടയ്ക്കു പെട്ടന്ന് താഴ്ത്തി ഉയർത്തുന്നതും കാണാം. സാധാരണ ”സ്വീ ” ” ശ് റേ” എന്നൊക്കെയാണ് ശബ്ദം. എന്നാൽ കൂടുകൂട്ടുന്ന സീസണിൽ ആൺപക്ഷികൾ മനോഹരമായി പാടുന്നത് കേൾക്കാം. ഉയർന്ന മരക്കൊമ്പിലോ വീടുകളുടെ മുകളിലോ മറ്റോ ഇരുന്നാവും ഈ ഗാനാലാപനം. നല്ല ഊർജ്വസലതയോടെയാവും ആ സമയം മണ്ണാത്തിപ്പുള്ളുകൾ പറന്നു നടക്കുന്നത്. ബ്രീഡിങ് സീസണിൽ ( February to May ) ഉള്ള പാട്ടുകൾ അവയുടെ അതിർത്തി അറിയിക്കുന്നതിനായുള്ളതാണ്. ആ സമയം അവിടെ മറ്റൊരു ആൺപക്ഷി വന്നാൽ അതിനെ കൊത്തി ഓടിക്കുന്നത് കാണാം.

മരങ്ങളിലെയോ കെട്ടിടങ്ങളിലെയോ പൊത്തുകളിലും തെങ്ങിന്റെ ഓല തടിയോടു ചേരുന്ന സ്ഥലത്തോ ആവും കൂടുകൾ. ഇത്തവണ ഇവിടെ റോഡ് സൈഡിലെ ടെലിഫോൺ പോസ്റ്റിലെ തുറന്നു കിടക്കുന്ന ബോക്സിൽ കൂടുവെച്ചത് കണ്ടു .അതിൽ ഉണ്ടായിരുന്ന2 കുട്ടികളും പറക്കമുറ്റി. മറ്റൊരെണ്ണം തലപോയ കവുങ്ങിലെ പൊത്തിലാണ്കണ്ടത്. അതിൽ കുഞ്ഞുങ്ങൾ ഇനീം പറന്നു തുടങ്ങിയില്ല. മങ്ങിയ നീലയിൽ തവിട്ടു നിറത്തിൽകുത്തുകളുള്ള മുട്ടകൾ കാക്കമുട്ടകളുടെ ചെറിയ സൈസ് ആണെന്ന് പറയാം. വലിപ്പത്തിൽ മാത്രമേ വ്യത്യസ്ഥത തോന്നൂ .നേർത്ത വേരുകളും ചുള്ളികളും ഉപയോഗിച്ചാണ് കൂടുനിർമ്മാണം. പൊത്തുകളിൽ മുട്ടയിടുന്ന പക്ഷികളുടെ മുട്ടകൾ സാധാരണ വെള്ള നിറം ആവും. എന്നാൽ ഇവയുടേത് വെളുപ്പല്ല എന്നതുകൊണ്ട് ഇവ സ്ഥിരമായി കൂടു കൂട്ടുന്നത് പൊത്തുകളിൽ അല്ല ഊഹിക്കാം. മരംകൊത്തികൾ , തത്തകൾ , ബാർബെറ്റ്‌ , മൂങ്ങകൾതുടങ്ങി ഇരുണ്ട പൊത്തുകളിൽ കൂടൊരുക്കുന്നവരുടെയൊക്കെ മുട്ടകൾ വെള്ള നിറമാണ്. മങ്ങിയഇരുട്ടിൽ മുട്ടകൾ കാണാനുള്ള പ്രകൃതിയുടെ സംവിധാനമാണ് ഈ നിറങ്ങൾ .മണ്ണാത്തിപ്പുള്ളുകളിൽ ആണും പെണ്ണും കൂടൊരുക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഒരുമിച്ചുണ്ടാവും. കൂടുതലും രണ്ടു കുഞ്ഞുങ്ങളെയാണ് കാണാറ് .
വീട്ടു മുറ്റത്തും തൊടിയിലും സജീവമായി കാണുന്ന ഇവ പൂച്ച , പാമ്പ് ഇവയെ ഒക്കെ കൊത്തി ഓടിക്കാൻ നല്ല മിടുക്കരാണ്. മനുഷ്യരെ അധികം പേടിയൊന്നും ഇവർക്കില്ലെന്നു തോന്നും. പണ്ട് എന്റെ വീട്ടുപരിസരത്ത് കാണാമായിരുന്ന 2 മണ്ണാത്തിപ്പുള്ളുകൾക്കു ചിരവിയ തേങ്ങാ കൊടുത്തു ഞാൻ അടുക്കളയിലൊക്കെ വരുത്തുമായിരുന്നു. എന്റെ കയ്യിൽ നിന്നു പോലും കൊത്തിയെടുക്കാൻ അവയ്ക്കു പേടിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഞാൻ ഒന്ന് ഇളകിയാൽ അപ്പൊ പറന്നുകളയുമായിരുന്നു.

കാട്ടിലെ പാട്ടുകാരനായ ഷാമകിളിയുടെബന്ധുവാണ്നാട്ടിലെ ഈ ഗായകർ. Oriental Magpie Robin എന്ന മണ്ണാത്തിപ്പുള്ളിനെ പോലെ തന്നെയുള്ള Indian Robin എന്ന കൽമണ്ണാത്തിയെ ചില സ്ഥലങ്ങളിൽ കാണാം. അവയുടെ ശരീരത്തിൽ വെള്ള നിറം ഇല്ലെന്നതുമാത്രമാണ് പ്രധാന വ്യത്യാസം.

നാട്ടിൻപുറങ്ങളുടെ ചാരുത കൂട്ടാൻ ബാക്കിയാവുന്ന ഇത്തരം പക്ഷികൾക്ക് വേണ്ടിയെങ്കിലും നമുക്ക് പരിസരം സംരക്ഷിക്കാം. കുറഞ്ഞുവരുന്ന പൊന്തകൾ , കൈതക്കൂട്ടങ്ങൾ ഇവയൊക്കെ ചിലയിനം ജീവികളുടെ ആവാസ കേന്ദ്രമാണ്.


Cover Image © Mukundan Kizhakkemadham

Back to Top