ചരിത്രവും മിത്തുകളും ജൈവ വൈവിധ്യവും കൊണ്ട് അദ്‌ഭുതപ്പെടുത്തുന്ന വടക്കൻ കേരളത്തിലെ ഒരു പീഠഭൂമി, വിശാലമായ പാറ പ്രദേശം. ഋതുക്കൾ മാറിമറിയുമ്പോൾ നിറച്ചാർത്തുകൾ മാറ്റി മാറ്റി അണിയുന്ന പാറപ്പരപ്പ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ, ഒരിക്കലും വറ്റാത്ത തടാകങ്ങൾ, അപൂർവ ജൈവ സമ്പത്ത് – ഇതൊക്കെ ചേർന്നതാണ് മാടായിപ്പാറ. ഏകദേശം 360 ഓളം ഏക്കർ സ്ഥലം.
കേരളത്തിലെ ആദ്യകാല പ്രകൃതി സംരക്ഷണ സംഘടനയായ SEEK ഉം മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് മാടായിപാറയെ അറിയാൻ നടത്തിയ ” മഴ സഹവാസ ക്യാമ്പിൽ ആദ്യമായാണ് ഞാൻ പങ്കെടുത്തത്. ജൂലൈ 14, 15തീയതികളിൽ നടന്ന ക്യാമ്പിൽ ഏകദേശം അമ്പതോളം പേര് പങ്കെടുത്തു, കുട്ടികളും മുതിർന്നവരും അടക്കം. മാടായി എൽ പി സ്കൂളിൽ താമസവും ഭക്ഷണവും. സ്ത്രീകൾക്ക് തൊട്ടടുത്ത വീട്ടിലായിരുന്നു കിടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത്.
ആദ്യ ദിനം വൈകിട്ട് നാലു മണിക്ക് മാടായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കൂടി ചേർന്ന്എല്ലാവരും പരസ്പരം പരിചയപ്പെടുത്തിയതിനു ശേഷം എൽ പി സ്കൂളിൽ ചായ. അത് കഴിഞ്ഞു നേരെ പാറയിലേക്ക്.
മഴ മാറി നിന്ന് തെളിഞ്ഞ ആകാശച്ചുവട്ടിൽ പാറയിൽ ഒരു വട്ട സമ്മേളനം. ശ്രീ പദ്മനാഭൻ സാർ മാടായിപ്പാറയുടെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ചു. ആഴിയിൽ നിന്നും ചേറുമാടി ഉണ്ടാക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മാടായിപ്പാറ. പണ്ട് കടലിന്റെ ഭാഗമായിരുന്നു എന്ന് കരുതുന്നു. മാടായിക്കാവ്, വടുകുന്ദ ക്ഷേത്രം, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി ഇവയെല്ലാം ഒന്നിച്ചു കാണുന്നൊരു പ്രദേശം. സാറിന്റെ നിർദ്ദേശപ്രകാരം അൽപ്പനേരം കണ്ണടച്ച് പ്രകൃതിയിലേക്ക് മാത്രം തുറന്ന ചെവികളിൽവീണു നിറഞ്ഞ ശബ്ദം നമ്മെ ഒരു പുതു വ്യക്തിയാക്കുന്നു എന്ന് പിന്നീടുള്ളചിലരുടെ പ്രതികരണം കണ്ടപ്പോൾ മനസ്സിലായി.
അതിനിടെ പക്ഷി നിരീക്ഷണത്തിലായിരുന്നു എന്റെ ശ്രദ്ധ. ദേശാടകരായ വലിയ വേലിത്തത്തകളുടെ ഒരു കൂട്ടം, മഞ്ഞക്കണ്ണിയും ചെങ്കണ്ണിയും തിത്തിരികൾ, മൂന്നിനം മുനിയാകളുടെ കൂട്ടം, മൈനകൾ, വാനമ്പാടികൾ, തുടങ്ങിയവ എന്റെ ശ്രദ്ധ ക്ലാസ്സിൽ നിന്നും മാറ്റി. കേരളത്തിൽ കണ്ണൂരിൽ പയ്യന്നൂരിലെ കാങ്കോലിൽ വലിയ വേലിത്തത്തകൾ പ്രജനനം നടത്തിവന്നിരുന്നു. ഇത്തവണ ആ സ്ഥലം ഉടമ വെട്ടി വെളുപ്പിച്ചു. കഷ്ടം ! ഇനിയെന്ത് ?
സന്ധ്യമയങ്ങിയതോടെ ക്ലാസ് തീർത്തു സ്കൂളിലേക്ക് മടങ്ങി. അവിടെ ശ്രീ ബാലകൃഷ്ണൻ സാറിന്റെ സ്ലൈഡ് ഷോ യും വിവരണവും. മാടായിപ്പാറയിൽ കാണപ്പെടുന്ന സസ്യജാലങ്ങളെ കുറിച്ചായിരുന്നു ക്ലാസ്. ഇരപിടിയന്മാരും മാടായിപ്പാറയിൽ മാത്രം കാണുന്നതുമായ സസ്യജാലങ്ങൾ, ഔഷധസസ്യങ്ങൾ, ഋതുക്കളിൽ മാറി മാറി മുളക്കുന്നു. വലിയൊരു സസ്യസമ്പത്ത്. ഡ്രോസിറ, കാക്കപ്പൂക്കൾ, ചൂത്, കല്ലരയാൽ, ചേര്, ചേരണി, ആലം, മോതിരവള്ളി. ഏഴിലം പാല, പ്രസാരണി, കുന്നി, നിലംപരണ്ട, കാട്ടുമുന്തിരി, തുടങ്ങി ധാരാളം ചെറുതും വലുതുമായ സസ്യങ്ങൾ. ബാലകൃഷ്ണൻ സാറിന്റെ ക്ലാസ് കഴിഞ്ഞു ശ്രീ ജാഫർ പാലോട് സാർ അവിടെ കാണുന്ന പക്ഷിമൃഗാദികളെ പരിചയപ്പെടുത്തി സ്ലൈഡ് ഷോ കാണിച്ചു. സമയക്കുറവും ഇടയ്ക്കു കറന്റ് പണിമുടക്കുന്നതും കൂടി ആയപ്പോ ക്ലാസ് വേഗം തീർത്തു അത്താഴത്തിനു പോയി.
നല്ലൊരു ഭക്ഷണം കഴിഞ്ഞു നാടൻപാട്ടുകളുടെ പെരുമഴക്കു ശേഷം ഞങ്ങളിൽ കുറച്ചുപേർ തവള നിരീക്ഷണത്തിനിറങ്ങി. രസകരമായിരുന്നു ആ യാത്ര. അഞ്ചോ ആറോ ഇനങ്ങളെ കണ്ടു പരിചയപ്പെട്ടു റൂമിലെത്തി കിടന്നതേ ഓർമയുള്ളൂ.
പുലർച്ചെയുള്ള അലാറം കേട്ടുണർന്ന ഞാനും ജിഷ ടീച്ചറും ഞങ്ങളുടെ പണികൾ തീർത്തിട്ടും മറ്റാരും ഉണരുന്ന ലക്ഷണം കണ്ടില്ല. ഏതായാലും ആറുമണിയോടെ മറ്റുള്ളവരെ ഉണർത്തി ഞങ്ങൾ സ്കൂളിൽ എത്തി. രസികൻ കാഴ്ചയായിരുന്നു ഞങ്ങളെ കാത്തിരുന്നത്. മാഹിക്ക് വടക്കോട്ടു കാണുന്ന മനോഹരമായ ഒരു പരുന്താണ് വെള്ള വയറൻ കടൽ പരുന്ത്. അവമൂന്നെണ്ണം പറന്നു പോയി. പുറകെ കുറച്ചു പാതിരാകൊക്കുകളും ചൂളൻഎരണ്ടകളും നീർക്കാക്കകളും. ഗ്രേ ബ്രേസ്റ്റഡ് പ്രിനിയ കിലുകിലാരവം പൊഴിക്കുന്നുണ്ട്. അടുത്ത് തന്നെ നിശ്ശബ്ദനായിരിക്കുന്ന ഒരു ഉപ്പനും.
മഴ ചിന്നിയും ചിണുങ്ങിയും ഇടയ്ക്കിടെ പെയ്യുന്നുണ്ട്. മറ്റുള്ളവർ പുറപ്പെടും മുന്നേ ഞാനും ജിഷ ടീച്ചറും സിദ്ധാർഥും മെല്ലെ പാറയിലേക്കു നടന്നു. ഗ്രേ ബ്രേസ്റ്റഡ് പ്രിനിയ, വലിയ വേലിത്തത്ത, നാട്ടു വേലിത്തത്ത, ചെങ്കണ്ണി, മഞ്ഞക്കണ്ണി, മൈന, കുളക്കൊക്ക്, വലിയ വാലുകുലുക്കി, കൃഷ്ണ പരുന്ത്, പുള്ളി മീൻകൊത്തി, തുടങ്ങിയ ഒരു പടതന്നെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ചു പൂമ്പാറ്റകളും.
അപ്പോഴേക്കും ആദ്യ ഫീൽഡ് ട്രിപ്പ് തുടങ്ങി. നേരെ ജൂതക്കോട്ടയിലേക്ക്. അവിടെ കോട്ടയെന്നു പറയാൻ ഇപ്പോഴുള്ളത് പുനർ നിർമ്മിച്ച അല്പം ഉയരമുള്ള ചുറ്റുമതിലും മൂന്നു ചതുരക്കിണറുകളും രണ്ടു തറകളും മാത്രം. മൂഷക വംശ രാജാക്കന്മാരുടെ അധികം അറിയപ്പെടാത്ത ചരിത്രമുറങ്ങുന്ന പ്രദേശം. പണ്ട് അവിടം എന്താവാം ! ദൂരെ അതിരായിക്കിടക്കുന്നു ഏഴിമല. മറുഭാഗത്ത് കുപ്പം പുഴയുടെ നിശ്ചല മനോഹാരിത. താഴ്വാരത്ത് തെങ്ങിൻകൂട്ടം. അവയെ പകുത്തു പോകുന്ന റെയിൽവേ ട്രാക്ക്. മുന്നറിയിപ്പില്ലാതെത്തിയ മഴ, കാറ്റിന്റെ അകമ്പടിയും. ഞങ്ങളെ നന്നായി നനച്ചു. കതിവന്നൂർ വീരന്റെ ഐതിഹ്യമാണ് അപ്പോൾ മനസ്സിലെത്തിയത്. ഏഴിമലയുടെ താഴ്വാരങ്ങളിൽ കെട്ടിയാടുന്ന പ്രധാനതെയ്യങ്ങളിൽ ഒന്ന്.
അടുത്ത യാത്ര ജൂതക്കുളത്തിനടുത്തുകൂടെ ചുറ്റി ചൈന ക്ലേ ഖനനം നടന്നിരുന്ന സ്ഥലം കാണാൻ ആയിരുന്നു. തിത്തിരികൾ പ്രജനനംനടത്തുന്ന സ്ഥലത്തുകൂടെ ആയിരുന്നു യാത്ര. പെയ്തു വീഴുന്ന ഓരോ നീർത്തുള്ളിയെയും ഹൃദയത്തിൽ ആവാഹിച്ചു ജീവജാലങ്ങൾക്കായി സൂക്ഷിച്ചു വെക്കുന്ന പാറയിൽ ഡ്രോസിറ, കാക്കപ്പൂക്കൾ, തുടങ്ങിയ ഇരപിടിയൻ ചെടികളോടൊപ്പം ചേരണി, ചൂത്, കാശിത്തുമ്പ, കാട്ടുപയർ, തുമ്പ, നക്ഷത്രപ്പൂവ് തുടങ്ങിയവ നിറം ചാർത്തുന്നുണ്ട്. അതിനിടെ മുന്നോട്ടു നീങ്ങിയ രണ്ടു കുട്ടികളെ കണ്ടു തിത്തിരികൾ ഭയങ്കര ബഹളം. അപ്പോഴേ ഞാൻ ബൈനോക്കുലർ എടുത്തു ചുറ്റും അരിച്ചുപെറുക്കി. ആഹാ. നല്ല ഭംഗിയുള്ള രണ്ടു കുഞ്ഞുങ്ങൾ, പാറയിൽ പറ്റി ചേർന്നിരിക്കുന്നു. കുട്ടികളെ തിരികെ വിളിച്ചു, അവർ പിന്തിരിഞ്ഞപ്പോൾ അപകടം ഒഴിവായെന്നു കണ്ട തിത്തിരികൾ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. അപ്പോൾ അവയ്ക്കു നേരെ ഓടി കുഞ്ഞുങ്ങൾ തീറ്റ തേടി തുടങ്ങി. ഞങ്ങൾ വഴി ഒഴിഞ്ഞു മാറി.
മഴ മാറി തിളങ്ങുന്ന വെയിൽ വന്നു ചൂടായപ്പോഴും പാറയിൽ ചെറിയ തവളകൾ ഉണ്ടായിരുന്നു. സൈഡിലൂടെ ഒഴുകുന്ന നീർച്ചാലിനൊപ്പം നടന്നു ഖനന സ്ഥലം കാണാൻ നീങ്ങിയ ഞങ്ങൾക്ക് കണ്ണിനു കുളിരായി വെള്ള വയറൻ കടൽ പരുന്തിന്റെ മനോഹരമായ വട്ടം ചുറ്റിയുള്ള പറക്കൽ. താഴ്‌വാരം ഒന്ന് ചുറ്റി അപ്പുറത്തെ മരത്തിൽ പോയിരുന്നു അവൻ ( അതോ അവളോ ).
താഴെ ഖനനം നടത്തി വികൃതമാക്കപ്പെട്ട പാറ. പാറപൊട്ടിച്ചതിന്റെ പരിണത ഫലമായി മുകളിൽ ഭീതിജനകമായ വിള്ളൽ. അടുത്തുള്ള കുറ്റിക്കാട്ടിൽ വെള്ളച്ചാട്ടത്തിന്റെ ശബ്ദം. തഴേക്കു വീണാൽ പൊടിപോലും കിട്ടാത്തപോലൊരു സ്ഥലം. ഞങ്ങൾ പിന്തിരിഞ്ഞു, നേരെ വടുകുന്ദ ക്ഷേത്രത്തിലേക്ക്. അവിടത്തെ മലരും കട്ടൻകാപ്പിയും കഴിച്ചു വിടപറയൽ ചടങ്ങിലേക്ക്.
ക്യാമ്പിനെ പറ്റിയുള്ള കുട്ടികളുടെ പ്രതികരണം നന്നായിരുന്നു. ഇവിടെ വന്നപ്പോഴായിരുന്നു ശരിക്കും ശ്വാസം കഴിച്ചത് എന്ന് ഒരു കുട്ടി പറഞ്ഞപ്പോഴാണ് ഗ്രാമീണത ചോർന്നു പോയ നാടിൻറെ മലിനീകരണ തോത് എത്രമാത്രം ആണെന്ന് ഒന്ന് തിരിഞ്ഞു നോക്കിയത്. നമ്മൾ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരത ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നൊരു വിലയിരുത്തലായി. എന്നെ സംബന്ധിച്ചു പ്രധാന നേട്ടം കുറച്ചു സോഷ്യൽ മീഡിയ സുഹൃത്തുക്കളെ ആദ്യമായി കണ്ടു എന്നതാണ്. പിന്നെ മാടായിപ്പാറയുടെ ഏതാണ്ട് 3 / 4 ഭാഗം കറങ്ങാനായി എന്നതും.
2മണിയോടെ പായസമടക്കമുള്ളൊരു നല്ല സദ്യ. അതുകഴിഞ്ഞു വിട. ഇനിയും കാണണം എന്നൊരു നിശബ്ദ പ്രാർത്ഥനയോടെ…
ലതിക കെ കെ കതിരൂർ