തൃശ്ശൂർ കോൾനിലങ്ങളിലെ രണ്ടാമത് തുമ്പി സർവേ ജൂലൈ 14ന് നടന്നു. സൊസൈറ്റി ഫോർ ഒഡോനേറ്റ് സ്റ്റഡീസ്, കോൾ ബേർഡേഴ്സ്, അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവ്വേ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി വിദ്യാർഥികൾ ഉൾപ്പെടെ ഏകദേശം അറുപതോളം തുമ്പി നിരീക്ഷകർ സർവെയിൽ പങ്കെടുത്തു.
തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോൾനിലങ്ങളിലെ തിരഞ്ഞെടുത്ത പത്ത് ലൊക്കേഷനുകളിൽ നടത്തിയ ഫീൽഡ് സർവ്വേയിൽ 34 ഇനം തുമ്പികളെ കണ്ടെത്തി. ഇവയിൽ പതിനൊന്ന് എണ്ണം സൂചി തുമ്പികളാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് കോൾപാടങ്ങളിൽ ആദ്യമായി തുമ്പി സർവേ സംഘടിപ്പിച്ചിരുന്നത്. അന്നത്തെ സർവ്വേയിൽ 31 സ്പീഷീസുകൾ ആണ് റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നത്.
ഇത്തവണത്തെ സർവേയിൽ Anax guttatus, Bradinopyga geminata, Lathrecista asiatica, Potamarcha congener, Aciagrion occidentale, Agriocnemis splendidissima, Ceriagrion olivaceum, Ischnura rubilio എന്നീ സ്പീഷീസുകളെ പുതിയതായി കണ്ടെത്തി. അതേ സമയം കഴിഞ്ഞ സർവേയിൽ കണ്ടിരുന്ന Anax indicus, Macromia sps, Brachydiplax sobrina, Tramea limbata, Platylestes platystylus എന്നീ സ്‌പീഷീസുകളെ ഇത്തവണ കണ്ടെത്താനായില്ല. ഇത്തവണ മഴ കുറഞ്ഞത് തുമ്പികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ടാകാം എന്നാണ് പ്രാഥമികമായ നിഗമനം.
ഒന്നോ രണ്ടോ ദിവസങ്ങളിലായി നടത്തുന്ന ജൈവവൈവിധ്യ സർവേകൾക്ക് നിരവധി പരിമിതികൾ ഉണ്ട്. പ്രത്യേകിച്ച് ഋതുഭേദങ്ങൾക്കനുസരിച്ച് വിതരണത്തിലും വൈവിധ്യത്തിലുമെല്ലാം മാറ്റങ്ങൾ വരുന്ന തുമ്പികളെ പോലെയുള്ള ജീവികളുടെ കാര്യത്തിൽ. സർവ്വേ നടത്തുന്ന സ്ഥലത്തെ ജൈവവൈവിധ്യത്തിന്റെ ഒരു ഏകദേശ ചിത്രം മാത്രമാണ് ഇത്തരം സർവ്വേകളിലൂടെ ലഭിക്കുക. വർഷാവർഷം പല സമയങ്ങളിലായി കൃത്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുടർ പഠനങ്ങൾ നടത്തിയാൽ മാത്രമേ ഒരു പ്രദേശത്തെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ശരിയായ നിഗമനങ്ങളിൽ എത്താൻ കഴിയുകയുള്ളൂ.
Platylestes platystylus, Paracercion calamorum തുടങ്ങി ഇന്ത്യയിൽതന്നെ അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന തുമ്പികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് കോൾപാടങ്ങൾ ദേശാടനപക്ഷികളുടെ മാത്രമല്ല തുമ്പികളുടെയും വളരെ പ്രധാനപ്പെട്ട ഒരു ആവാസവ്യവസ്ഥയാണ് എന്നാണ്. അതുകൊണ്ടുതന്നെ കൂടുതൽ സമഗ്രമായ പഠനങ്ങൾ ഇവിടെ നടക്കേണ്ടതുണ്ട്. എന്തായാലും കഴിഞ്ഞ വർഷത്തെ തുമ്പി സർവേക്ക് ശേഷം നിരവധി വിദ്യാർത്ഥികളും ഗവേഷകരും കോളിലെ തുമ്പികളെക്കുറിച്ച് പഠിക്കാൻ ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയിട്ടുണ്ട് എന്നുള്ളത് വളരെയധികം പ്രതീക്ഷ നല്കുന്ന ഒരു കാര്യമാണ്.
Content by Society for Odonate Studies