കിളി വന്നു വിളിച്ചപ്പോൾ

കിളി വന്നു വിളിച്ചപ്പോൾ

ജ്വലിയ്ക്കും പന്തങ്ങളെ റിയുമർക്കനോ –
ടെതിർക്കാനാവാതെ മയങ്ങി വീഴുമ്പോൾ
ചിറകടിച്ചെത്തും ചെറുകിളിയൊന്ന്
ചകിതയായ് കാതിൽ മൊഴിയുന്നു മെല്ലെ .
” വരിക മാനവ , ഉണർന്നെണീക്കുക,
തപിതയാണിന്നീ ജനനിയാം ഭൂമി.”

തളർച്ചയാൽ മിഴി തുറന്നില്ലെങ്കിലും
കിളിയ്ക്കു പിന്നിലെൻ മനസ്സു പായുന്നു.

വരണ്ടതൊണ്ടയിലമൃതായ് പെയ്യുവാൻ
മഴമേഘങ്ങൾക്കായ് തപം ചെയ്യുമമ്മ,
മിഴിനീരുവറ്റി തളർന്ന കൺകളി –
ലുതിർന്ന വേദനയൊതുക്കി മന്ത്രിച്ചു.
“നിറം കെട്ടുപോയെൻ ഹരിതാഭയെല്ലാം
മനുഷ്യാ, നീ ചെയ്ത കൊടിയ പാപത്താൽ.
അശരണരായെന്നരുമയാം മക്കൾ
കിളികളും കാട്ടുമൃഗങ്ങളുമെല്ലാം
വരണ്ടുപോയൊരീ വനഭൂമി വിട്ടു
കുടിവെള്ളം തേടി അലയുന്നുണ്ടെങ്ങും.

മണലൂറ്റി നീയെൻ ഇടനെഞ്ചുകീറി,
മഴുവെറിഞ്ഞെന്റെ മരക്കൈകൾ വെട്ടി,
മലകളെ തോണ്ടിയെടുത്തെറിഞ്ഞിട്ടെൻ
വയലും കായലും കുളങ്ങളും മായ്ച്ചു.
മണിസൗധങ്ങളാം സിമൻറു കോട്ടകൾ,
മഴയിറങ്ങാത്ത മണിമുറ്റങ്ങളും
പണിതുവെച്ചിട്ടെൻ ഹൃദയത്തിലെത്തും
ജലജീവാമൃത സിരകൾ ബന്ധിച്ചു.
കരിമേഘങ്ങളെ കനൽ കൈയ്യാൽ വാരി
പകൽ മുഴുവനുമൊരുക്കി നിർത്തുമ്പോൾ
മഴ തരാമെന്നു കൊതിപ്പിച്ചു കാട്ടി
പറഞ്ഞിരുന്നല്ലോ പടിഞ്ഞാറൻ മേഘം.
മറന്നുവോ? പെയ്യാതൊഴിഞ്ഞു പോയതോ?
അതിവേഗം തെക്കോട്ടകന്നു മേഘങ്ങൾ.
ഒരു ചാറ്റൽ തന്നെൻ പുറം തണുപ്പിക്കാൻ
മടിച്ചതെന്താവോ? പരിഭവിച്ചതോ?”

“കൊടിയ ചൂടുകൊണ്ടുരുകി ത്തീരും മു-
മ്പൊരുകാര്യം നിന്റെ ചെവിയിലോതട്ടെ!
മനുജർ മക്കളായ് പിറന്നു വീണപ്പോൾ
മതിമാൻ നിങ്ങളെന്നഹങ്കരിച്ചു ഞാൻ.
ജനനിയെ കാക്കാനിവർ മതിയാകും,
സകല ജീവനുമിവർ തുണയാകും.
കരുതിയതെല്ലാം കരിഞ്ഞ സ്വപ്നമായ്,
തപിതയായ് ഞാനും തളർന്നു പോയിന്ന്.
മറന്നുവോ നീയാ പഴയ ലോകത്തെ ,
ഒരുമയായ് കാട്ടിൽ കഴിഞ്ഞ കാലത്തെ?
പരിഷ്കൃതനിപ്പോൾ സകലതും നിന്റെ
പദത്തിൻ കീഴിലെന്നഹങ്കാരം വേണ്ട.
സഹനയാണമ്മ, ക്ഷമ പരീക്ഷിച്ചാൽ
തിരിച്ചടിക്കുവാൻ മടിക്കയുമില്ല.”


വ്രണിതയാം ഭൂമിയ്ക്കധികപ്പറ്റാണീ
നരകുലമെന്ന തിരിച്ചറിവിന്റെ
ഭയക്കൂട്ടിൽ പെട്ടിട്ടുഴലുമ്പോൾ വീണ്ടും
കിളിമൊഴി വന്നെൻ ചെവിയിൽ മൂളുന്നു.
” മയക്കത്തിലാണ്ട മനുഷ്യരേ നിങ്ങൾ –
ക്കുണർന്നു ചിന്തിയ്ക്കാൻ സമയമായിതാ.”

ചിറകടിയൊച്ച പറന്നകലുന്നു
മയക്കം വിട്ടെന്റെ മനസ്സുണരുന്നു.
മിഴിച്ചു നോക്കുമ്പോൾ ഒരു കുഞ്ഞുതാരം
ഇരുട്ടിലെന്നോടായ് ചിരിച്ചു നിൽക്കുന്നു.

-പുഷ്പ പുളിയേരി

Back to Top