വരവാലൻ ഗോഡ്-വിറ്റ്

വരവാലൻ ഗോഡ്-വിറ്റ്

ദേശാടകർ പല തരക്കാരാണ്.
ജോലിക്കായി ഗൾഫിനു പോയ പപ്പേട്ടനെ പോലെ,
ചിട്ടി പൊട്ടി വെട്ടിലായപ്പോൾ സിലോണിനു കപ്പലേറിയ സുകുവേട്ടനെ പോലെ…
പല തരം സഞ്ചാരികൾ…

പക്ഷിലോകത്തും സഞ്ചാരിവൈവിധ്യത്തിന് യാതൊരു കുറവുമില്ല. ധ്രുവങ്ങൾ ചുറ്റുന്നവർ.., ഹിമാലയം കടന്നെത്തുന്നവർ.., ഉറങ്ങിക്കൊണ്ട് പറക്കുന്നവർ.., പറന്നുകൊണ്ട് ഇണചേരുന്നവർ..,
അങ്ങനെ അങ്ങനെ…

ഇവർക്കിടയിൽ വരവാലൻ ഗോഡ്-വിറ്റിനും ഉണ്ടൊരു റോൾ.
അലാസ്‌കയിൽ നിന്ന് ന്യൂസിലാന്റ് വരെ 11,500 km നിർത്താതെ പറന്നെത്തി ഗപ്പടിച്ച ആളാണ് ഗോഡ്-വിറ്റ്.
അതും ഒമ്പത് ദിവസം നീണ്ട യാത്ര…!

സൈബീരിയ, അലാസ്ക, സ്കാന്ഡിനേവിയൻ തുന്ദ്രകളാണ് ഇവരുടെ സ്വദേശം. ഉത്തരധ്രുവത്തിലെ അതിശൈത്യകാലത്ത് ഓസ്ട്രേലിയ, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവടങ്ങളിലേക്ക് ഇവ ദേശാടനം നടത്തുന്നു. പ്രജനന കാലം അടുക്കുന്നതോടെ വീണ്ടും തിരികെ നാട്ടിലേക്ക്…

യാത്രക്ക് മുമ്പേ ഒത്തിരി ഭക്ഷണം കഴിച്ച് തടിവയ്പ്പിക്കും. നിർത്താതെയുളള പറക്കലിനുള്ള ഊർജ്ജം ഇങ്ങനെ ശേഖരിക്കുന്ന കൊഴുപ്പാണ്. ഒടുവിൽ ലക്ഷ്യത്തിലെത്തുമ്പോളേക്കും ശരീരഭാരം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടാകും.


Routes of satellite tagged bar-tailed godwits migrating north from New Zealand to Korea and China

വരവാലൻ ഗോഡ്-വിറ്റിന് 3 ഉപജാതികളാണ് ഉള്ളത്. മൂവരും പേരുകേട്ട സഞ്ചാരികൾ.

ഒന്നാമൻ Lamosa lapponica lapponica. സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മുതൽ വടക്കൻ റഷ്യയിലെ തൈമൂർ ഉപദ്വീപ് വരെയാണ് പ്രജനനം. മഞ്ഞുകാലത്ത് പശ്ചിമയൂറോപ്പിലെ കടൽ തീരങ്ങളിലേക്കും അറേബ്യൻ ഗൾഫിലേക്കും, ആഫ്രിക്കയിലേക്കും ദേശാടനം നടത്തും.

രണ്ടാമൻ Lamosa lapponica baneri. അലാസ്കയിൽ പ്രജനനം നടത്തുന്ന ഇവ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്റിലേക്കും ദേശാടനം നടത്തും.

മൂന്നാമൻ Lamosa lapponica menzbieri. സൈബീരിയയിലും തൈമൂറിലും പ്രജനനം നടത്തുന്ന ഇവ ദേശാടനം നടത്തുക ഓസ്‌ട്രേലിയയിലേക്കും ദക്ഷിണ-പൂർവ്വ ഏഷ്യയിലേക്കും.
ഈ കാലത്ത് കേരളത്തിലെ തീരങ്ങളിലും വരവാലൻ ഗോഡ്-വിറ്റിനെ കാണാം.


  • കവർ ചിത്രം ; 2018-ലെ ആലപ്പുഴ ഷോർ ബേർഡ് കൗണ്ടിനിടെ എടുത്ത ചിത്രം.
  • “Extreme endurance of Bar-tailed godwit is illustrated by it’s seasonal migration, where it is known to perform longest non-stopmigration of any land bird”- birdlife.org
  • More interesting info at: https://www.nationalgeographic.com/animals/2007/09/alaska-bird-longest-mirgation/
Back to Top