കിദൂരിലെ പക്ഷി വിശേഷങ്ങൾ

കിദൂരിലെ പക്ഷി വിശേഷങ്ങൾ

പക്ഷികൾക്കായ് ഒരു ഉത്സവം തന്നെ ഒരുക്കി കാസർഗോഡ് ജില്ലയിലെ അതിർത്തി ഗ്രാമമായ കിദൂരിലെ നിഷ്കളങ്ക ഗ്രാമീണജനത. കഴിഞ്ഞ നവംബർ 10 . 11 നു കിദൂരിന്റെ ഹൃദയമായ ദേവസ്ഥാനത്തു നിൽക്കുന്ന രാജീവ് ഭവനിൽ വച്ച് നടന്ന ക്യാമ്പ് മധുരമായൊരു അനുഭവമായി. അമ്പതിൽ കൂടുതൽ ആളുകൾ പങ്കെടുത്ത ക്യാമ്പിൽ പക്ഷികൾക്ക് പുറമെ പൂമ്പാറ്റ – തുമ്പി -തവള -എട്ടുകാലി , എന്നുവേണ്ട സസ്യങ്ങൾ വരെ നിരീക്ഷണ പരിധിയിൽ വന്നു. കാസർഗോഡ് ബേർഡ് അറ്റ്ലസ് ഗ്രൂപ്പും സോഷ്യൽ ഫോറെസ്റ്ററിയും ചേർന്നൊരുക്കിയതായിരുന്നു കിദൂർ ഫെസ്റ്റ്. മാക്സിം റോഡ്രിഗസ് , രാജു കിദൂർ , പ്രശാന്ത കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രോഗ്രാം തികച്ചും നാട്ടിൻപുറം. കുറ്റിക്കാടുകളും ചെങ്കൽ പാറപ്പരപ്പും നിറഞ്ഞ ആൾത്താമസം വളരെ കുറഞ്ഞ, അധികവും ചെറുവീടുകൾ മാത്രമുള്ള വിജനമെന്നു പറയാവുന്നൊരു പ്രദേശം . കേരള- കർണാടക അതിർത്തി ആയതുകൊണ്ട് തന്നെ മലയാളവും തുളുവും കന്നടയും ആണ് ഭാഷകൾ . ആചാരങ്ങളും സംസാരവും ഭക്ഷണവും എല്ലാം വിഭിന്നം . പക്ഷെ പ്രകൃതിയോടുള്ള ജനങ്ങളുടെ അടുപ്പം , കരുതൽ അതൊരു അപൂർവത തന്നെയായി.

10 നു ഉച്ചകഴിഞ്ഞു 2 മണിയോടെ രെജിസ്‌ട്രേഷൻ തുടങ്ങി . കേരളത്തിന്റെ തെക്കൻ പ്രദേശത്തുനിന്നും ഉള്ള കുറച്ചുപേർ , ബംഗളൂരു , മംഗലാപുരം നിന്നുള്ളവരായിരുന്നു കൂടുതലും , ഉദ്‌ഘാടനച്ചടങ്ങു പുതുമയായി . വനംവകുപ്പ് , സോഷ്യൽ ഫോറെസ്റ്ററി , പഞ്ചായത്ത് മേഖലയിലുള്ള മുൻ നിരക്കാരോടൊപ്പം ഗ്രാമത്തിലെ നാട്ടുവൈദ്യനെയും വിവിധ തലങ്ങളിൽ മികവ് കാണിച്ച കുട്ടികൾ അടക്കമുള്ളവരെയും ആദരിച്ചുകൊണ്ടുള്ളതായി ചടങ്ങ് .പഞ്ചായത് പ്രസിഡന്റ് മുഴുവൻ സമയവും കൂടെ ഉണ്ടായിരുന്നു .
ചടങ്ങിന് ശേഷം ലഘുഭക്ഷണം , ചായ .അതുതന്നെ പുതുമയായി . അവിൽ കൊണ്ടുള്ള ഒരുതരം ഫുഡ് . അതിനു ശേഷം ഫീൽഡ് ട്രിപ്പ് . മാടായിപ്പാറപോലുള്ള പരന്ന ചെങ്കൽപ്പാറ. ഒരു ചെറു തടാകം . നിശ്ചലമായി കിടക്കുന്ന വരണ്ടു കിടക്കുന്ന പാറപ്പരപ്പിൽ ചെറുപറവകളുടെ വലിയൊരു രഹസ്യം , മഞ്ഞക്കണ്ണികൾ , ചെങ്കണ്ണികൾ , വാലുകുലുക്കികളുടെ മുപ്പതിൽ കൂടുതൽ വരുന്നൊരു കൂട്ടം , വാനമ്പാടികൾ , വരമ്പന്മാർ, ഇന്ത്യൻ റോബിൻ , മണ്ണാത്തിപ്പുള്ളുകൾ, വ്യത്യസ്തയിനം ബുൾബുളുകൾ , വെള്ളവയറൻ കടൽ പരുന്ത് . എല്ലാറ്റിനും പുറമെ കുറച്ചു മഞ്ഞക്കാലി പ്രാവുകളും . നല്ലൊരു നിരീക്ഷണം കഴിഞ്ഞു ഇരുട്ടായതോടെ തിരികെ ക്യാമ്പിൽ.

രാത്രി , തുമ്പികൾ . പക്ഷികളെ ശബ്ദത്തിലൂടെ തിരിച്ചറിയൽ തുടങ്ങിയ ക്ലാസുകൾ , അതിനുശേഷം അത്താഴം . ഭക്ഷണം കഴിഞ്ഞു നിശാചാരികളായ പക്ഷികളെയും തവളകളെയും തേടി ഒരു യാത്രകൂടി . കാര്യമായൊന്നും കിട്ടിയില്ല . പത്തുമണിയോടെ തിരികെ . സ്ത്രീകൾക്ക് അടുത്തുള്ള വീടുകളിലായിരുന്നു താമസിക്കാൻ സൗകര്യം ഒരുക്കിയത് . പുരുഷന്മാർ ഹാളിൽ തന്നെ . മഴയില്ലായിരുന്നത് സൗകര്യമായി .
കാലത്തു 6 . 15 നു തന്നെ പ്രകൃതിയിലേക്കിറങ്ങി . 10 മണിവരെ നീണ്ട യാത്ര വ്യത്യസ്ത ഭൂവിഭാഗങ്ങളിലൂടെ എന്ന് പറയാം , ചെങ്കൽ പാറ, കുറ്റിക്കാടുകൾ , ചരിവുകൾ എല്ലാം കടന്നു വരുമ്പോഴേക്കും അമ്പതിൽ കൂടുതൽ സ്പീഷിസുകൾ കണ്ടു കിട്ടി . ലിറ്റിൽ റിങ്ഡ് പ്ലോവെറുകളുടെ നല്ലൊരുകൂട്ടം പാറയിലെ ഉണക്കപുല്ലുകൾക്കിടയിൽ മറഞ്ഞിരുന്നു ഇരതേടുന്നുണ്ടായി . എല്ലായിടത്തെയും പോലെ ഇവിടെയും കണ്ട ഒരു സാമ്യത പൊട്ടിച്ചിതറിയ കുപ്പികളായിരുന്നു . എന്തൊക്കെ ആയാലും നന്നാവാത്ത ചില ജന്മങ്ങൾ !
രാവിലെയുള്ള നടപ്പിന് ശേഷം വിശന്ന വയറിലേക്ക് കന്നഡ രീതിയിലുള്ള ഇഡ്ഡലിയും കറിയും നല്ലൊരു ആശ്വാസമായി . തുടർന്ന് പൂമ്പാറ്റകൾ , പാമ്പുകൾ , തവളകൾ , ഡോക്ക്യൂമെന്റേഷൻ എന്നിവയെ കുറിച്ചുള്ള ക്ലാസും പ്രദർശനവും . നന്നായിരുന്നു എല്ലാം.


ഒരുമണിയോടെ സേമിയ പായസത്തിന്റെ രുചി ആസ്വദിച്ചുകൊണ്ട് സർട്ടിഫിക്കറ്റ് വിതരണവും ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും , കൂടെ ഗ്രാമത്തിലെ ഒരു കുട്ടിയുടെ ജന്മദിനാശംസയും . ഗ്രാമജനതയ്ക്കു ചടങ്ങിൽ ഉണ്ടായ പങ്കാളിത്തം ഒരു പുതുമയായി . എപ്പോഴും കൂടെ ഉണ്ടായ പ്രസിഡന്റും . സാധാരണ വന്നു ഉദ്‌ഘാടനം കഴിഞ്ഞു പോകുന്നവരെ പോലെ ആയിരുന്നില്ല . അതുപോലെ തലേന്ന് സന്ധ്യയോടെ വന്നു രാത്രി വൈകുന്നവരെ ഉണ്ടായ ക്ലാസ്സിൽ പങ്കെടുത്തു വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്ത ജില്ലാ കളക്ടറും . ഗ്രാമം ഒന്നായി ചേർന്ന പ്രകൃതി സംരക്ഷണം, നന്മയിലേക്ക് ഉയരട്ടെ .
Back to Top