2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഈ സർക്കാർ ഭേദഗതി ചെയ്യുകയാണ്. 3 തവണ ഓർഡിനൻസ് ഇറക്കി അസാധുവാക്കി ഇപ്പോൾ ബിൽ നിയമസഭയിൽ വെച്ചിട്ടുണ്ട്. 2008 ലെ നിയമത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നെൽകൃഷി നടത്തുംവിധമുള്ള കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ ഈ നിയമത്തെ തന്നെ ഇല്ലാതാക്കുംവിധമുള്ള അത്യന്തം അപകടകരമായ ഭേദഗതികൾ ഈ ബില്ലിൽ ഉണ്ട്. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് നെൽകർഷകരിൽ നിന്ന് ഉയരുന്നത്. ഗുണവും ദോഷവുമുള്ള ബില്ലിലെ പ്രധാന വ്യവസ്ഥ ഇവയാണ്.
- 2008 ലെ നിയമത്തിനു പൂർവ്വകാല പ്രാബല്യം ഉണ്ടായിരുന്നില്ല. 2008 നു മുൻപ് അനധികൃതമായി നികത്തിയ നിലങ്ങൾകൂടി നിയന്ത്രിക്കാനുള്ള വ്യവസ്ഥ 2018 ലെ ബില്ലിലുണ്ട്. 1967 നു ശേഷം 3 വർഷം കൃഷി ചെയ്തിരുന്ന ‘നിലം’ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ RDO യിൽ നിന്നും ഭൂവിനിയോഗ ഉത്തരവ് ആവശ്യമായിരുന്നു. എന്നാൽ കെട്ടിടങ്ങൾ നിർമ്മിച്ച് വ്യാപകമായി ഇത് ലംഘിക്കപ്പെട്ടിരുന്നു. അതിനു ഇപ്പോൾ നിയമപ്രാബല്യം നൽകി. ഇനി നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ കെട്ടിടനിർമ്മാണം നടത്താൻ RDO യുടെ അനുമതി വേണം.
- 2008 നു മുൻപ് അനധികൃതമായി നികത്തപ്പെട്ട ഭൂമിയ്ക്ക് ബില്ലിലെ വകുപ്പ് 2 (xviii) നൽകുന്ന പേര് “വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി”എന്നാണ്. അതിന്റെ നിർവചനത്തിൽ, ഡാറ്റ ബാങ്കിൽ വയലായി വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയെ മുഴുവൻ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയാക്കുന്നു. ഇതാണ് ഏറ്റവും വലിയ അപകടം. കേരളത്തിൽ ഇനിയും 300 പഞ്ചായത്തുകളിൽ എങ്കിലും അന്തിമ ഡാറ്റ ബാങ്ക് വിജ്ഞാപനം ചെയ്യാനുണ്ട്. ഈ നിർവ്വചനവുമായി മുൻപോട്ട് പോയാൽ, ആ പഞ്ചായത്തുകളിലെ മുഴുവൻ വയലുകളും നികത്താൻ അനുമതി നൽകൽ ആവും ഫലം. ഇത്ര ലാഘവത്തോടെ ആണ് നിയമനിർമ്മാണം എന്നത് അത്യന്തം പ്രതിഷേധാർഹമാണ്.പകരം നിർവചനത്തിൽ ഒരു ഭേദഗതി ആവശ്യമാണ്.”വിജ്ഞാപനം ചെയ്ത ഏതെങ്കിലും ഡാറ്റ ബാങ്കിലോ കരട് ഡാറ്റ ബാങ്കിലോ, KSREC യുടെയോ LLMC യുടെയോ റിപ്പോർട്ടിലോ 2008 ലെ നിയമപ്രകാരം വയലായോ തണ്ണീർത്തടമായോ സംരക്ഷിക്കേണ്ട ഭൂമികൾ ഒഴികെയുള്ള, റവന്യു രേഖകളിൽ നിലമായി രേഖപ്പെടുത്തപ്പെട്ടതോ വകുപ്പ് 5.4.4 പ്രകാരമുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതോ ആയ ഭൂമികൾ”
- നിലവിൽ വൻകിട പദ്ധതികൾക്ക് വേണ്ടി വയൽ നികത്താൻ സർക്കാരിന് പരിമിതമായ അധികാരമേ ഉള്ളൂ. ചുറ്റുമുള്ള പരിസ്ഥിതിക്കോ നെല്കൃഷിയ്ക്കോ ദോഷകരമായി ഒന്നും ബാധിക്കില്ല എന്ന് പ്രദേശികതല സമിതി റിപ്പോർട്ട് ചെയ്ത്, അത് സംസ്ഥാനതല സമിതി അംഗീകരിച്ച് അനുകൂല റിപ്പോർട്ട് കൊടുത്താൽ മാത്രമേ ക്യാബിനറ്റിൽ നികത്തൽ അപേക്ഷ പരിഗണിക്കാൻ കഴിയൂ. ഈ വ്യവസ്ഥ 2018 ലെ ബിൽ എടുത്തു കളഞ്ഞു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന നികത്തലും ഇനി അനുവദിക്കാം. മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരും പരിസ്ഥിതി വിദഗ്ധരും അടങ്ങിയ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് 2 മാസത്തിനകം കിട്ടിയില്ലെങ്കിൽ സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയുടെ റിപ്പോർട്ട് വാങ്ങി എത്ര ഏക്കറും എങ്ങനെയും നികത്താൻ അനുവദിക്കാം എന്ന വകുപ്പ് അത്യന്തം അപകടകരമാണ്. ഇത് മുഖ്യമന്ത്രിയുടെ പിടിവാശിയിൽ ഉൾപ്പെടുത്തിയ വകുപ്പാണ്. UDF പോലും കൊണ്ടുവരാൻ ധൈര്യപ്പെടാത്ത വ്യവസ്ഥയാണ് ഇത്. 10 ആം വകുപ്പിലെ എല്ലാ ഭേദഗതികളും എടുത്തു കളയാതെ ഈ ബിൽ നിയമമാക്കാൻ സബ്ജക്റ്റ് കമ്മിറ്റി അനുവദിക്കരുത്. അത് ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണ്. വയലുകളുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനാണ് ഈ സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്.
- കൃഷി ചെയ്യാതെ തരിശ് ഇടുന്നവരുടെ വയൽ നോട്ടീസ് കൊടുത്ത് ഏറ്റെടുത്ത് കൃഷി ചെയ്യുന്നവർക്ക് നൽകാനുള്ള വ്യവസ്ഥ വളരെ നല്ലതാണ്. വകുപ്പ് 16(3) (F) ൽ അപ്രകാരം RDO തീരുമാനം എടുക്കുമ്പോൾ, ഈ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അനുസരിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളണം എന്ന് ഭേദഗതി ചെയ്തില്ലെങ്കിൽ, പ്രായോഗികമായി ഒറ്റ സെന്റ് വയൽ കിട്ടാൻ പോകുന്നില്ല.
- അപ്രകാരം തരിശ് സ്ഥലം പിടിച്ചെടുത്ത് കൃഷി ചെയ്യുമ്പോൾ കൃഷി ചെയ്യുന്നവന് ലാഭത്തിന്റെ 10 ശതമാനവും, ബാക്കി 90% ലാഭവും സ്ഥല ഉടമയ്ക്ക് (നോക്കു)കൂലിയായി കിട്ടും എന്ന വ്യവസ്ഥ തോന്ന്യവാസമാണ്. ലാഭത്തിന്റെ 75% കൃഷി ചെയ്യുന്ന കര്ഷകന് നൽകണം.
- വകുപ്പ് 27 C യിൽ റവന്യു രേഖകളിൽ തിരുത്ത് വരുത്താനുള്ള വ്യവസ്ഥ കേരള ലാന്റ് ടാക്സ് ആക്ടിനും, സുപ്രീംകോടതിയുടെ ജലജ ദിലീപ് കേസിലെ വിധിയ്ക്കും വിരുദ്ധമാണ്. BTR ൽ ഒരു തിരുത്തും കൂട്ടിച്ചേർക്കലും അനുവദിക്കരുത്. അത് ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാക്കും.
- വയൽ നികത്താൻ ഉപയോഗിക്കുന്ന കളിമൺ, മണൽ, തുടങ്ങിയവയും വയൽ കുഴിച്ചെടുത്ത കളിമണ്ണും പിടിച്ചെടുക്കാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ഇത്തരം കളിമണ്ണ് വയലിൽ ഇട്ട് ചുട്ടെടുത്ത് കോടിക്കണക്കിനു ഇഷ്ടിക ഉണ്ടാക്കുന്നത് നിയമത്തിലെ പഴുത് ഉപയോഗിച്ചാണ്. വയൽ കുഴിച്ചെടുത്ത് നിർമ്മിച്ച ഇഷ്ടികയോ ടൈലോ മറ്റു വസ്തുക്കളോ പിടിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരണം.
- തരിശിടുന്ന പാടങ്ങൾ കൃഷിയിറക്കാനുള്ള ബില്ലിലെ ബാക്കി എല്ലാ വ്യവസ്ഥകളും സ്വാഗതാർഹമാണ്.
- ഡാറ്റ ബാങ്കിനെ സംബന്ധിച്ച LLMC യുടെ തീരുമാനത്തിനെതിരെ അപ്പീൽ RDO യ്ക്ക് മുൻപാകെ നൽകാനുള്ള വ്യവസ്ഥ നല്ലതാണു. എന്നാൽ, അപ്പീൽ തീർപ്പാക്കുമ്പോൾ KSREC യുടെ ഉപഗ്രഹചിത്രവും LLMC യുടെ റിപ്പോർട്ടും പരിഗണിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നില്ലെങ്കിൽ ഇത് വ്യാപകമായി ദുരൂപയോഗിക്കാൻ സാധ്യതയുണ്ട് എന്നാണ് അനുഭവം.
- 2008 നു മുൻപ് നിയമവിരുദ്ധമായി നികത്തപ്പെട്ട ഭൂമികളിൽ 10 സെന്റിനു മുകളിൽ കെട്ടിട നിർമ്മാണത്തിന് അനുമതി കിട്ടാൻ ന്യായവിലയുടെ 50% അടയ്ക്കണം എന്നത് അന്യായമാണ്. അത് സ്ളാബ് സിസ്റ്റത്തിൽ പരമാവധി 25% ആക്കാവുന്നതാണ്.
2008 ൽ ഈ നിയമം പാർട്ടി നേതാക്കൾ പറഞ്ഞുണ്ടാക്കിയ നിയമമല്ല. നെൽകർഷകരും പരിസ്ഥിതി സംരക്ഷകരും സമരം ചെയ്തു, അവരോട് ചർച്ച ചെയ്ത് ഉണ്ടാക്കിയ നിയമമാണ്. അതിൽ VS ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും അന്നത്തെ CPI മന്ത്രിമാരും വലിയ പങ്കു വഹിച്ചിട്ടുണ്ട്. 3 പൊതു ഹിയറിങ്ങുകൾ വെച്ചാണ് ഈ നിയമം ഉണ്ടാക്കിയത്. ഭേദഗതി നിയമം ജനങ്ങളുമായി ചർച്ച ചെയ്യാത്തതിന്റെ എല്ലാ പ്രശ്നങ്ങളും ആ ഭേദഗതിയ്ക്കുണ്ട്.
ബില്ലിലെ ജനവിരുദ്ധ ഭേദഗതികൾ തള്ളിക്കളഞ്ഞു ബാക്കിയുള്ള വ്യവസ്ഥകൾ മാത്രം നിയമസഭയിൽ വെയ്ക്കാൻ സബ്ജക്റ്റ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും ആവശ്യപ്പെടുന്നു.