പക്ഷികളോടൊപ്പം (ബേർഡ് അറ്റ്ലസ് മീറ്റിംഗ് ഒരവലോകനം)

പക്ഷികളോടൊപ്പം (ബേർഡ് അറ്റ്ലസ് മീറ്റിംഗ് ഒരവലോകനം)

ജൂൺ ആദ്യ ആഴ്ചാവസാനത്തെ രണ്ടു ദിവസങ്ങളിലായി തൃശൂർ ഫോറെസ്റ്ററി കോളേജിൽ വച്ച് നടന്ന ബേർഡ് അറ്റ്ലസ് സർവ്വേ അവലോകനവും ഭാവി പ്ലാനിങ്ങും നല്ല രീതിയിൽ നടന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് ആരംഭിച്ചത്. ശ്രീ പ്രവീൺ ജെ തുടങ്ങി വച്ച പരിചയപ്പെടൽ ചടങ്ങിന് ശേഷം ആദ്യ അജണ്ട കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പുനഃരവലോകനം ആയിരുന്നു. കഴിഞ്ഞ സർവ്വേകൾ, അതിൽ ഉണ്ടായ പ്രതിസന്ധികൾ, കണ്ടെത്തലുകൾ ചർച്ച 45 മിനിറ്റ് നീണ്ടു. അടുത്ത് വരാനിരിക്കുന്ന മഴക്കാല സർവേയുടെ പ്ലാനിംഗ് ചർച്ചക്ക് ശേഷം ചായ. മഴ മാറിനിന്ന ചൂടിൽ പരിചയം പുതുക്കുന്നതിന്റെ ആഹ്ലാദത്തോടൊപ്പമായിരുന്നു ചായ.

കൊറ്റില്ലങ്ങളുടെ കണക്കെടുപ്പും അതിലുണ്ടായ വ്യതിയാനങ്ങളും റോഷ്നാഥ് അവതരിപ്പിച്ചു. വർഷങ്ങളുടെ നിരീക്ഷണത്തിലൂടെ ഉണ്ടായ കണ്ടെത്തലിൽ ചെറിയ നീർക്കാക്കകളുടെ കൂടുകൾ കുറയുകയും കിന്നരി നീർക്കാക്കകളുടെ കൂടുകൾ വർധിക്കുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നുണ്ട്. നീർത്തടങ്ങളിലെ പറവകളുടെ കണക്കെടുപ്പിൽ കണ്ടെത്തിയ കാര്യങ്ങളുടെ അവതരണവും ebird അനാലിസിസും കഴിഞ്ഞതോടെ വിശാലമായ ക്യാമ്പസ്സിൽ നിരീക്ഷണത്തിനിറങ്ങി ചെറു ഗ്രൂപ്പുകൾ.

തെളിഞ്ഞ അന്തരീക്ഷത്തിൽ ചെറുകാടുകളും മൈതാനങ്ങളും തുറന്ന കൃഷിയിടങ്ങളും നിരീക്ഷിച്ചു ബാർഡ്‌ ബട്ടൺ ക്വയിൽ, ചെങ്കണ്ണി, മഞ്ഞക്കണ്ണി തിത്തിരികൾ, അവയുടെ കൂടുകൾ, പുല്ലുപ്പൻ, ചിന്നച്ചിലപ്പൻ, ബുഷ് ലാർക്, മുനിയാകൾ, അരിപ്രാവുകൾ ഇവയ്ക്കൊപ്പം നൈറ്റ്ജാർ, മൂങ്ങകൾ അടക്കം നാൽപ്പതോളം ഇനങ്ങളെ കണ്ടെത്തി. രാത്രി താമസം കർഷകഭവൻ ഹോസ്റ്റലിൽ ആയിരുന്നു. എട്ടുമണിയോടെ അത്താഴം കഴിച്ചു, ആദ്യകണ്ടുമുട്ടലുകളുടെ സ്നേഹവും നിരീക്ഷണയാത്രകളുടെ അനുഭവങ്ങളും പങ്കിട്ടു.

മഴയുടെ ഭീഷണിയിൽ രണ്ടാം ദിനം 9 നു തന്നെ തുടങ്ങി. ഉദ്‌ഘാടനവും അജണ്ട റിവ്യൂവിനും ശേഷം ഇടുക്കി ഫോറെസ്റ് -നോൺ ഫോറെസ്റ് സർവേയുടെ റിവ്യൂ നടന്നു. ട്രെക്ക് പാത ഇല്ലാത്തതും വാഹനസൗകര്യം ഇല്ലാതിരുന്നതും സെൽ കണ്ടെത്തുന്നതിൽ വന്ന ചില തടസ്സങ്ങളും കുറച്ചു സെല്ലുകൾ ബാക്കിയാവാൻ കാരണമായിട്ടുണ്ട്. അവിചാരിതമായുണ്ടായ പ്രളയം മഴക്കാല സർവേയെ കാര്യമായി ബാധിച്ചിരുന്നു. അവ വരാനിരിക്കുന്ന മഴക്കാല സർവേയിൽ തീർക്കാനുള്ള പ്ലാനോടെ അടുത്ത സെഷൻ, ബേർഡ് ഐഡി, കൺഫ്യൂഷൻ ഉണ്ടാവാനിടയുള്ള ഇനങ്ങളെ വ്യക്തമായ കാര്യകാരണങ്ങൾ വച്ച് തയ്യാറാക്കിയ ഫോട്ടോയോടൊപ്പം ശ്രീ ദീപു കറുത്തേടത്ത്, ശ്രീ സി ശശികുമാർ എന്നിവർ ചേർന്ന് അവതരിപ്പിച്ചത് നല്ലൊരു ക്ലാസ് ആയിരുന്നു.

കോട്ടയം സർവേയിൽ ഉണ്ടായ പ്രയാസങ്ങളും അനുഭവങ്ങളും കണ്ടെത്തലുകളും ശ്രീദേവി അവതരിപ്പിച്ചു. ചായക്കു ശേഷം ദീപു വീണ്ടും തുടർന്ന ഐഡി ക്ലാസ് സമയ പരിമിതികാരണം നിർത്തേണ്ടി വന്നു. വനിതകൾ പക്ഷി നിരീക്ഷണ മേഖലയിൽ കുറവായതിന്റെ കാരണം തേടിയായിരുന്നു അടുത്ത സെഷൻ. ലതിക ടീച്ചർ അവതാരകയായ സെഷനിൽ നല്ലൊരു ചർച്ച നടന്നു. വനിതകൾ നിരീക്ഷണ വഴിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നന്നായി അവതരിപ്പിക്കപ്പെട്ടു. തനിച്ചു യാത്ര ചെയ്യുന്നതും സ്പോട്ടുകളിൽ ലോക്കൽസ്സ്ന്റെ ചോദ്യങ്ങളും കമ്മെന്റുകളും നേരിടേണ്ടിവരുന്ന അവസ്ഥയും വീട്ടിലെ ഉത്തരവാദിത്തങ്ങളും സ്ത്രീകളെ ഈ മേഖലയിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്നായിരുന്നു 95 % അഭിപ്രായം. പക്ഷിനിരീക്ഷണം എന്നാൽ ദൂരയിടങ്ങളിൽ പോയുള്ള നിരീക്ഷണം അല്ല നമുക്ക് ചുറ്റും കാണുന്നവയെ നിരന്തരം നിരീക്ഷിച്ചു അവയെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടും കൂട്ടുകാരുടെ ഗ്രൂപ്പുകൾ ചേർന്ന് യാത്രയാവാമെന്നും അഭിപ്രായപ്പെട്ടുകൊണ്ടു ടീച്ചർ സെഷൻ അവസാനിപ്പിച്ചു.

ഉച്ചഭക്ഷണശേഷം മഴയുടെ അകമ്പടിയോടെ പക്ഷികളുടെ ശബ്ദത്തെ പറ്റിയുള്ള ക്ലാസ് നമശ്ശിവായം സാറിന്റെ കയ്യിൽ ഭദ്രമായിരുന്നു. തുടർന്ന് ബേർഡ് കൌണ്ട് ഇന്ത്യയുടെ നൂതനപ്രവർത്തനങ്ങൾ അവതരിപ്പിക്കപ്പെട്ടു. ചായക്ക്‌ ശേഷം ദീർഘകാല നിരീക്ഷണാനുഭവങ്ങൾ. അവസാന സെഷൻ ആയി വീണ്ടും ഐഡി ക്ലാസ്.

Kerala Bird Monitoring Workshop June – 2019

കേരള ബേർഡ് അറ്റ്ലസ് ഗ്രൂപ്പ് [Kerala Bird Atlas], കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി [CNHS], കോട്ടയം നേച്വർ സൊസൈറ്റി [KNS], മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി [MNHS], WWF-Kerala, NCF, Hume’s Centre for Ecology & Wildlife Biology, College of Forestry, Bird Count India, KeralaBirder, Kerala Bird Watchers group, Kole Birders Collective, College of Forestry, Kole Birders , Young Birders Club, Kasaragod Birders, Kollam Birding Batallion, Malappuram Birders, Pathanamthitta Birders തുടങ്ങിയ വിവിധ ഗ്രൂപ്പുകൾ പങ്കെടുത്ത മീറ്റിംഗ് ശ്രീ.പ്രവീൺ ജെ, P.O. നമീർ സർ, ശ്രീ.സി ശശികുമാർ തുടങ്ങിയവർ നയിച്ചു. കേരളത്തിനകത്തും പുറത്തും നിന്നും ഏകദേശം 100 ഓളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങു പതിവുപോലെ ഗംഭീരമായിരുന്നു.


Back to Top