കീരി കീരി കിണ്ണം താ
കിണ്ണത്തിലിട്ട് കിലുക്കിത്താ!…
കല്ലും മുളളും നീക്കിത്താ
കല്ലായിപ്പാലം കടത്തിത്താ!…
–എന്ന കുട്ടിപ്പാട്ടിൽ, കീരിയൊരു കൂട്ടുകാരൻ സഹായിയാണ്. റെഡ്യാഡ് കിപ്ളിങ് എഴുതിയ ജംഗിള്‍ബുക്ക് എന്ന പുസ്തകത്തിലെ രസികൻ കഥാപാത്രമായ കീരിയാണ് ‘റിക്കി ടിക്കി ടാവി‘. വൈശ്രവണ പുത്രനായ കുബേരന്റെ കൈയിൽ ഒരു കീരി ഉള്ളതായാണ് പുരാണം. ദിവസവും അത് മുത്തും പവിഴവും തുപ്പും, അങ്ങിനെയാണ് അദ്ദേഹം മുടിഞ്ഞ സമ്പത്തിനുടമയായത് എന്നാണ് കഥ. വമ്പിച്ച ദാനങ്ങളോടെ അശ്വമേധ യാഗംനടത്തിയ യുധീഷ്ടരനെ കളിയാക്കിയ ഒരു കീരിയേക്കുറിച്ചൊരു കഥ മഹാഭാരതത്തിലുമുണ്ട്. പട്ടിണിക്കാരനായ സാധു ബ്രാഹ്മണൻ കൈയിൽ ബാക്കിയുള്ള തുച്ഛമായ മലർപൊടി ദാനം ചെയ്തപ്പോൾ ഒഴുക്കിയ വെള്ളം പുരണ്ടാണ് അതിന്റെ പാതി ഭാഗം സ്വർണ്ണമായതത്രെ! ബാക്കികൂടി സ്വർണ്ണം പൂശികിട്ടുമെന്ന് കരുതിയാണ് പാവം ഇവിടെ വന്നത്. പക്ഷെ ഒരുകാര്യവുമില്ല.
ചുണയൻ കീരി Ruddy mongoose (Herpestes smithii )
ഇന്ത്യയിൽ നാട്ട് കീരികൾ കൂടാതെ വേറെയും കുറേയിനങ്ങൾ ഉണ്ട്. തെക്കേ ഇന്ത്യയിലെ കാടുകളിൽ കാണുന്ന വലിപ്പം കൂടിയ ചുണയൻ കീരികൾ (Herpestes smithii) നാടൻ കീരികളെപ്പോലെ തന്നെയാണെങ്കിലും തലയിലും കഴുത്തിലും തവിട്ടുകലർന്ന ചുവപ്പ് നിറം കൂടിയുള്ളവയാണ്. മുകളിലോട്ട് ചൂണ്ടുന്നതു പോലെ അഗ്രഭാഗം വളഞ്ഞ വാലിന് ശരീരത്തിന്റെ അത്ര നീളം ഉണ്ടാകില്ല.
തവിടൻ കീരി Indian brown mongoose (Herpestes fuscus)
തെക്കേ ഇന്ത്യൻ കുന്നുകളിലെ കാടുകളിൽ കാണുന്ന മറ്റൊരിനം കീരിയാണ് തവിടൻ കീരി Brown mongoose – (Herpestes fuscus). ഇവയുടെ ശരീരത്തിന് കടും തവിട്ടുനിറമാണ്. വലിപ്പം കൂടിയ ഇവരുടെ കുഞ്ഞൻ കാലുകൾ കറുപ്പ് നിറത്തിലുള്ളതാണ്. വാലിൽ കൂടുതൽ രോമങ്ങളുണ്ടാവുമെങ്കിലും കൂർത്ത് ക്രമമായി ചുരുങ്ങിവരുന്ന രൂപത്തിലുള്ളതായിരിക്കും. പിങ്കാലുകളുടെ അടിവശത്തും രോമങ്ങൾ ഉണ്ടാവും എന്നതും ഇവരുടെ പ്രത്യേകതയാണ്..

ചെങ്കീരി Stripe-necked mongoose (Herpestes vitticollis )
സിനിമയിലെ വില്ലന്മാർക്ക് ചെങ്കീരി എന്ന് ഇരട്ടപ്പേരുണ്ടാകാറുണ്ട്.കീരികളുടെ കൂട്ടത്തിലെ കിടിലന്മാരാണ് ചെങ്കീരികൾ . തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ടത്തിലെ ഈർപ്പമുള്ള കാടുകളിലും ചതുപ്പ് പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവരാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ കീരികൾ. ചുവപ്പ് കലർന്ന ശരീരമുള്ള ഇവരുടെ ചെവി മുതൽ തോൾ വരെ വെള്ള അരികുള്ള കറുത്ത വരയുണ്ടാകും. നീളം കുറഞ്ഞ വാലിന്റെ അറ്റം കറുപ്പ് നിറമായിരിക്കും. ഞണ്ട് തൊട്ട് കൂരൻപന്നിയെവരെ തിന്നുന്ന ഇവർക്ക് മൂന്നരകിലോ വരെ ഭാരമുണ്ടാകും.
വിജയകുമർ ബ്ലാത്തൂർ
[email protected]
31-1-18 ന്റെ ദേശാഭിമാനി അക്ഷരമുറ്റത്തിൽ ക്ലോസ് വാച്ചിൽ പ്രസിദ്ധീകരിച്ചത്.