കീരി കീരി കിണ്ണം താ

കീരി കീരി കിണ്ണം താ

Image – Casey Klebba [CC BY-SA 4.0], from Wikimedia Commons
പഴയ നാട്ടുകഥകളിലൊന്നിലെ , നിഷ്കളങ്കനായ പാവം കഥാപാത്രമാണ് കീരി. പായിൽ കിടന്നു കളിക്കുന്ന ഓമനക്കുഞ്ഞിനെ വളർത്ത് കീരിയെ നോക്കാൻ ഏൽപ്പിച്ച് വിറക് ശേഖരിക്കാൻ പോയ ഗ്രാമീണ സ്ത്രീയുടെ കഥ. തിരിച്ച് വരുമ്പോൾ, ദേഹമാസകലം ചോരയിൽ കുളിച്ച് നിൽക്കുന്ന കീരിയാണ് വീട്ടുപടിക്കൽ അവരെ സ്വീകരിക്കുന്നത്. തന്റെ കുഞ്ഞിനെ കൊന്ന നന്ദികെട്ടക്രൂരനെന്ന് കരുതി വിറകുകെട്ട് കീരിയുടെ ദേഹത്തിട്ട് അവർ അകത്തേക്കോടി. പായിൽ ഓമനമണിമുത്ത് കൊഞ്ചിചിരിച്ച് കളിക്കുന്നു. അരികിൽ ഒരു മൂർഖൻ പാമ്പ് കഷണങ്ങളായി ചത്തു കിടക്കുന്നു. തന്റെ കുഞ്ഞിനെ രക്ഷിച്ച കീരിയെ തെറ്റിദ്ധരിച്ച് കൊന്നുപോയതിൽ സങ്കടപ്പെടുന്ന സ്ത്രീയുടെ കഥ പണ്ടൊക്കെ വലിയ ഹിറ്റായിരുന്നു. പാമ്പിനെ പേടിയില്ലാത്ത കീരികൾക്ക് പൊതുവെ ധീരന്റെ ഇമേജാണ്. രണ്ടാളുകൾ തമ്മിലുള്ള ശത്രുതയുടെ തീവ്രത സൂചിപ്പിക്കാൻ, ‘പാമ്പും കീരിയും പോലെയാണ്‘ എന്നതിലും മികച്ച ഒരു പ്രയോഗം മലയാളത്തിൽ വേറെയില്ല.

കീരി കീരി കിണ്ണം താ
കിണ്ണത്തിലിട്ട്‌ കിലുക്കിത്താ!…
കല്ലും മുളളും നീക്കിത്താ
കല്ലായിപ്പാലം കടത്തിത്താ!…

–എന്ന കുട്ടിപ്പാട്ടിൽ, കീരിയൊരു കൂട്ടുകാരൻ സഹായിയാണ്. റെഡ്യാഡ് കിപ്ളിങ് എഴുതിയ ജംഗിള്‍ബുക്ക് എന്ന പുസ്തകത്തിലെ രസികൻ കഥാപാത്രമായ കീരിയാണ് ‘റിക്കി ടിക്കി ടാവി‘. വൈശ്രവണ പുത്രനായ കുബേരന്റെ കൈയിൽ ഒരു കീരി ഉള്ളതായാണ് പുരാണം. ദിവസവും അത് മുത്തും പവിഴവും തുപ്പും, അങ്ങിനെയാണ് അദ്ദേഹം മുടിഞ്ഞ സമ്പത്തിനുടമയായത് എന്നാണ് കഥ. വമ്പിച്ച ദാനങ്ങളോടെ അശ്വമേധ യാഗംനടത്തിയ യുധീഷ്ടരനെ കളിയാക്കിയ ഒരു കീരിയേക്കുറിച്ചൊരു കഥ മഹാഭാരതത്തിലുമുണ്ട്. പട്ടിണിക്കാരനായ സാധു ബ്രാഹ്മണൻ കൈയിൽ ബാക്കിയുള്ള തുച്ഛമായ മലർപൊടി ദാനം ചെയ്തപ്പോൾ ഒഴുക്കിയ വെള്ളം പുരണ്ടാണ് അതിന്റെ പാതി ഭാഗം സ്വർണ്ണമായതത്രെ! ബാക്കികൂടി സ്വർണ്ണം പൂശികിട്ടുമെന്ന് കരുതിയാണ് പാവം ഇവിടെ വന്നത്. പക്ഷെ ഒരുകാര്യവുമില്ല.

Image – J.M.Garg [CC BY-SA 3.0) or GFDL, from Wikimedia Commons
ഹെർപിസ്റ്റിഡെ (Herpestidae) കുടുംബത്തിൽ പെടുന്ന കീരികളുടെ അടുത്ത ബന്ധുക്കളാണ് വെരുകുകളും നീർനായകളും. വെരുകുകളുടേത് പോലുള്ള വലിപ്പമുള്ള ചെവികൾ പക്ഷെ കീരികൾക്ക് ഇല്ല. ഇന്ത്യൻ ഗ്രേ മങ്കൂസ് എന്ന നാടൻ കീരിയാണ് നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന പ്രമുഖ കീരി ഇനം. Herpestes edwardsii എന്ന ശാസ്ത്രനാമമുള്ള ഈ കീരികൾക്ക് മഞ്ഞകലർന്ന നരച്ച ചാരനിറമുള്ള പരുക്കൻ രോമങ്ങളാണ് ഉള്ളത്. ധൈര്യശാലികളായ ഇവർ മനുഷ്യവാസമുള്ള ഇടങ്ങളിൽ കൂസലൊന്നുമില്ലാതെ ജീവിക്കും. കീരിക്കാടൻ എന്നത് മലയാളസിനിമയിലെ ഒരു വില്ലനാണെങ്കിലും നാട്ട് കീരിക്ക് തങ്ങാൻ വലിയ കാടൊന്നും വേണ്ട. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും പൊന്തകളിലും കുശി ജീവിതം. കുറച്ച് വർഷങ്ങൾ മുമ്പ് ഇവയുടെ എണ്ണം വല്ലാതെ കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇവയെ കേരളത്തിൽ എവിടെയും ഇഷ്ടം പോലെ കാണാൻ കിട്ടും. മുമ്പ് ലക്നോവിൽ നടന്ന ഒരു റൈഡിലാണ് കീരിവേട്ടക്കാരുടെ വൻസംഘത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്ന് വ്യാപകമായ തോതിൽ ഇവയെ ആ കാലത്ത് വേട്ടയാടിയിരുന്നു. നാടോടികളേയും പ്രാദേശിക ഏജന്റുമാരേയും അണ് ഉപയോഗിച്ചായിരുന്നത്.. ലോക മാർക്കറ്റിൽ ഏറ്റവും മികച്ച ബ്രഷുകൾ നമ്മുടെ കീരിരോമം കൊണ്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. കൂടുതൽ കൂടുതൽ വീടുകൾ വന്നതിനാൽ ഒളിവിടങ്ങളായ കുറ്റിക്കാടുകളും പൊത്തുകളും കുറഞ്ഞതിനാൽ കൂടുതലായി ഇവരെ വെളിവിൽ കാണുന്നുമുണ്ട്. അപൂർവ്വമായി സ്വരക്ഷക്കായി ഇവ ആളുകളെ ആക്രമിക്കാറും ഉണ്ടെങ്കിലും വലിയ പ്രശ്നക്കാരല്ല. നാട്ട്കീരികളുടെ തലയും ഉടലും ചേർന്നുള്ളത്ര തന്നെ നീളം വാലിനും ഉണ്ടാകും. ആൺ കീരികൾക്കാണ് പെൺ കീരികളേക്കാൾ വലിപ്പം. ഓതിരം കടകം പഠിച്ച കളരിഗുരുക്കന്മാരെപ്പോലെ തന്ത്രപരമായി മിന്നൽ വേഗതയിൽ ഒഴിഞ്ഞുമാറി, ഉയ്ർന്ന് ചാടി, പാമ്പിന്റെ തലക്ക് കടിക്കാനുള്ള മെയ് വഴക്ക അഭ്യാസങ്ങൾ അറിയാവുന്നതിനാലാണ് പാമ്പുകളെ ഇവർക്ക് വേഗം കീഴ്പെടുത്താൻ കഴിയുന്നത്. കൂടാതെ കട്ടിയുള്ള എഴുന്നു നിൽക്കുന്ന രോമപ്പുതപ്പും അയഞ്ഞ തൊലിയും പാമ്പിൻ കൊത്തേൽക്കാതെ സഹായിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ പാമ്പിൻ വിഷത്തിലടങ്ങിയ ന്യൂറോടോക്സിനുകളെ ശരീരത്തോട് ബന്ധിപ്പിക്കാതെ തടയാൻ സഹായിക്കുന്ന അസിറ്റൈൽ കോളിൻ റിസപ്റ്ററുകൾ കീരിശരീരത്തിലുണ്ട്. സത്യത്തിൽ മൂർഖൻ പാമ്പിനോട് കീരികൾക്ക് പ്രത്യേക വൈരാഗ്യവും ഓടിച്ച് പിടിച്ച് കൊല്ലുന്ന തരം പകയും ഒന്നും ഇല്ല. വിശപ്പ് കലശലായില്ലെങ്കിൽ പൊല്ലാപ്പിനൊന്നും പോകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുക. കീരികൾക്ക് പാമ്പിറച്ചിയോട് പ്രത്യേക പ്രതിപത്തിയുള്ളതായി കണ്ടെത്തീട്ടുമില്ല. ‘തിരിച്ച് കടിക്കാത്തതെന്തും ഞാൻ കഴിക്കും‘ എന്ന് ചിലർ ഭക്ഷണശീലത്തെക്കുറിച്ച് വീമ്പുപറയുന്നതുപോലല്ല കീരിയുടെ സ്വഭാവം. തിരിച്ച് കടിക്കുന്ന പാമ്പിനേയും കുത്തുന്ന തേളിനേയും എന്നുവേണ്ട ഞാഞ്ഞൂലിനെപ്പോലും അകത്താക്കാൻ ഇവർ റെഡി.. പക്ഷികൾ, അവയുടെ മുട്ടകൾ, മീനുകൾ, ഞണ്ടുകൾ, പഴുതാരകൾ, എലികൾ, ഓന്തുകൾ, ഷട്പദങ്ങൾ, പഴങ്ങൾ, വേരുകൾ ഒക്കെ തിന്നും.. മുട്ടകളോട് ഇഷ്ടമുള്ള കീരികൾ വളരെ നന്നായി മുട്ട പൊട്ടിച്ച് കുടിക്കാൻ കഴിവുള്ളവരാണ്. ചില ഇനങ്ങൾ ചീങ്കണ്ണികളുടെ മുട്ടകൾ പോലും മോഷ്ടിച്ച് ശാപ്പിടും. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇണചേരൽ കാലം. 60-65 ദിവസം നീളുന്നതാണ് ഗർഭകാലം. ഈ കാലയലവിനുള്ളിൽ രണ്ടോ മൂന്നോ പ്രസവം നടക്കും. ഓരോ പ്രസവത്തിലും രണ്ടുമുതൽ നാലുകുഞ്ഞുങ്ങൾ വരെ ഉണ്ടാകും. നാട്ട് കീരികളുടെ ആയുസ് ഏഴുവയസാണെങ്കിലും വളർത്ത് കീരികൾ പന്ത്രണ്ട് വർഷം വരെ ജീവിച്ച് കണ്ടിട്ടുണ്ട്.

Image – Sranjan [GFDL or CC BY-SA 3.0, via Wikimedia Commons
എലികളെ നിയന്ത്രിക്കാനായി വെസ്റ്റ് ഇൻഡീസിലേക്ക് പണ്ട് കീരികുടുംബക്കാരെ ഇറക്കുമതിചെയ്ത് പുലിവാലുപിടിച്ചിരുന്നു. ഇവ അവിടത്തെ ചെറുജീവികളെ മുഴുവൻ കൊന്നുതീർത്ത് സ്വാഭാവിക ജൈവവൈവിദ്ധ്യത്തെ താറുമാറാക്കി. അതിനാൽ ഏതിനത്തിലുള്ള കീരികളേയും അമേരിക്ക , ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ലോകത്തെങ്ങും കീരിക്ക് പാമ്പിനെ പേടിയില്ലെങ്കിലും മനുഷ്യരെ പേടിക്കാതെ വയ്യ. പക്ഷെ ഇന്ത്യയിൽ നിലവിൽ ഷെഡ്യൂൾ രണ്ടിലാണ് കീരികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. കീരികളെ പിടികൂടികൊല്ലുന്നത് അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമായതിനാൽ നിയമത്തെ ഭയക്കുന്നവർ ഈ കാര്യം ശ്രദ്ധിക്കുന്നത് നന്ന്.

ചുണയൻ കീരി Ruddy mongoose (Herpestes smithii )

ഇന്ത്യയിൽ നാട്ട് കീരികൾ കൂടാതെ വേറെയും കുറേയിനങ്ങൾ ഉണ്ട്. തെക്കേ ഇന്ത്യയിലെ കാടുകളിൽ കാണുന്ന വലിപ്പം കൂടിയ ചുണയൻ കീരികൾ (Herpestes smithii) നാടൻ കീരികളെപ്പോലെ തന്നെയാണെങ്കിലും തലയിലും കഴുത്തിലും തവിട്ടുകലർന്ന ചുവപ്പ് നിറം കൂടിയുള്ളവയാണ്. മുകളിലോട്ട് ചൂണ്ടുന്നതു പോലെ അഗ്രഭാഗം വളഞ്ഞ വാലിന് ശരീരത്തിന്റെ അത്ര നീളം ഉണ്ടാകില്ല.

Image – Schnobby [CC BY-SA 3.0 (https://creativecommons.org/licenses/by-sa/3.0)], from Wikimedia Commons

തവിടൻ കീരി Indian brown mongoose (Herpestes fuscus)

തെക്കേ ഇന്ത്യൻ കുന്നുകളിലെ കാടുകളിൽ കാണുന്ന മറ്റൊരിനം കീരിയാണ് തവിടൻ കീരി Brown mongoose – (Herpestes fuscus). ഇവയുടെ ശരീരത്തിന് കടും തവിട്ടുനിറമാണ്. വലിപ്പം കൂടിയ ഇവരുടെ കുഞ്ഞൻ കാലുകൾ കറുപ്പ് നിറത്തിലുള്ളതാണ്. വാലിൽ കൂടുതൽ രോമങ്ങളുണ്ടാവുമെങ്കിലും കൂർത്ത് ക്രമമായി ചുരുങ്ങിവരുന്ന രൂപത്തിലുള്ളതായിരിക്കും. പിങ്കാലുകളുടെ അടിവശത്തും രോമങ്ങൾ ഉണ്ടാവും എന്നതും ഇവരുടെ പ്രത്യേകതയാണ്..

Image – Divya Mudappa [CC BY-SA 4.0], from Wikimedia Commons

ചെങ്കീരി Stripe-necked mongoose (Herpestes vitticollis )

സിനിമയിലെ വില്ലന്മാർക്ക് ചെങ്കീരി എന്ന് ഇരട്ടപ്പേരുണ്ടാകാറുണ്ട്.കീരികളുടെ കൂട്ടത്തിലെ കിടിലന്മാരാണ് ചെങ്കീരികൾ . തെക്കേ ഇന്ത്യയിൽ പശ്ചിമഘട്ടത്തിലെ ഈർപ്പമുള്ള കാടുകളിലും ചതുപ്പ് പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവരാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ കീരികൾ. ചുവപ്പ് കലർന്ന ശരീരമുള്ള ഇവരുടെ ചെവി മുതൽ തോൾ വരെ വെള്ള അരികുള്ള കറുത്ത വരയുണ്ടാകും. നീളം കുറഞ്ഞ വാലിന്റെ അറ്റം കറുപ്പ് നിറമായിരിക്കും. ഞണ്ട് തൊട്ട് കൂരൻപന്നിയെവരെ തിന്നുന്ന ഇവർക്ക് മൂന്നരകിലോ വരെ ഭാരമുണ്ടാകും.

Image – Yathin sk [CC BY-SA 3.0], from Wikimedia Commons
കടപ്പാട്: Dr. ജാഫർ പാലോട്ട്, Dr. നമീർ.പി.ഒ, David Raju

വിജയകുമർ ബ്ലാത്തൂർ
[email protected]
31-1-18 ന്റെ ദേശാഭിമാനി അക്ഷരമുറ്റത്തിൽ ക്ലോസ് വാച്ചിൽ പ്രസിദ്ധീകരിച്ചത്.

Back to Top