കേരളത്തിൽ ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനി ഉത്പന്നങ്ങളുടെ വില്പന/വിതരണ ലൈസൻസ് നിരോധിച്ചു

കേരളത്തിൽ ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനി ഉത്പന്നങ്ങളുടെ വില്പന/വിതരണ ലൈസൻസ് നിരോധിച്ചു

മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റ്, ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനിഉത്പന്നങ്ങൾ എന്നിവ കേരളത്തിൽ വില്പനചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസെൻസ് റദ്ദു ചെയ്തുകൊണ്ടു 2019 മെയ് 24 ന് കൃഷിവകുപ്പ് ഉത്തരവിറക്കി. 2019 ഫെബ്രുവരി 2 നു ഈ കളനാശിനി രണ്ടു മാസത്തേക്ക് നിരോധിച്ചുകൊണ്ട് കൃഷിവകുപ്പ് ഉത്തരവിറക്കിയിരുന്നു. തുടർന്ന് കേരളത്തിൽ ഈ കളനാശിയുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ടു നൽകുന്നതിന് കാർഷിക സർവ്വകലാശാലയെ ചുമതലപ്പെടുത്തിയിരുന്നു.

റൌണ്ട് അപ്പ്, ഗ്ലൈസിൽ, ഗ്ലൈഫോസ്, എന്നിങ്ങിനെ പലവിധ വിപണന പേരുകളിൽ ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനി വില്ക്കപെടുന്നുണ്ട്. തേയിലതോട്ടങ്ങളിളും നോൺ-ക്രോപ് ഏരിയയിലും മാത്രം കളനിയന്ത്രണത്തിന് ഉപയോഗിക്കുന്നതിനായി കേന്ദ്ര കൃഷിവകുപ്പ് അനുവദിച്ചിട്ടുള്ള ഈ കളനാശിനി കേരളത്തിലെ എല്ലാ കൃഷിയിടങ്ങളിലും വീടിന്റെ മുറ്റത്തും, റോഡ്കളുടെ വശങ്ങളിലും പൊതു ഇടങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. മാരകമായതും ചികിത്സ ലഭ്യമല്ലാത്തതുമായ പലവിധരോഗങ്ങൾക്ക് ഈ കളനാശിനിയുടെ ഉപയോഗം കാരണമാകുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളിൽ ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

മാരകമായ ആരോഗ്യപ്രശ്നങ്ങളെ കൂടാതെ, കളനാശിനികളുടെ ഉപയോഗം ജല സ്രോതസ്സുകൾ മലിനമാകുന്നതിന് കാരണമാകുമെന്നും, ജൈവ വൈവിധ്യത്തിനു ദോഷകരമാകുമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യസംരക്ഷണത്തെയും ആവാസവ്യവസ്ഥസംരക്ഷണത്തെയും കാർഷിക സുസ്ഥിരതയും ഭക്ഷ്യ സുരക്ഷയും മുന്നിർത്തി ഗ്ലൈഫോസേറ്റ് കളനാശിനികളുടെ ലൈസെൻസ് റദ്ദുചെയ്യുന്നതിനായി സുധീരമായ തീരുമാനം കൃഷിവകുപ്പിനും കൃഷിവകുപ്പ് മന്ത്രിക്കും കേരളസർക്കാറിനും അഭിനന്ദനങ്ങൾ. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കും, ഭക്ഷ്യസുരക്ഷയ്ക്കും ഭാവിജനതയ്ക്ക് സുരക്ഷിതമായി ജീവിക്കുന്നതിനു സാഹചര്യമൊരുക്കുന്നതിനും മുന്തിയ പരിഗണന നൽകുന്ന രാജ്യങ്ങളിലെ സർക്കാരുകൾക്കൊപ്പം നില്ക്കാൻ പോന്ന സമാനമായ ചുവടുവെയ്പാണ് ഗ്ലൈഫോസേറ്റിന്റെ ലൈസെൻസ് റദ്ദുചെയ്യുന്ന തീരുമാനം കൈകൊണ്ട കൃഷിവകുപ്പിന്റെ നടപടിയിലൂടെ കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എൻഡോസൾഫാനടക്കം 15 മാരകകീടനാശിനികൾ 2011ൽ നിരോധിച്ചുകൊണ്ട് സമാനമായ നടപടി കേരളത്തിലെ സർക്കാർ മുമ്പും കൈക്കൊണ്ടിട്ടുണ്ട്.

ഇന്ത്യയിൽ ഈ കളനാശിനി നിരോധിച്ചുകൊണ്ടു പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നു. ആരോഗ്യ, പരിസ്ഥിതിപ്രശ്നങ്ങളെ മുൻനിർത്തി ആഗോള ത്തലത്തിൽ മുപ്പതോളം രാജ്യങ്ങളിൽ ഗ്ലൈഫോസേറ്റ് കളനാശിനികളുടെ ഉപയോഗം നിരോധിക്കുകയോ, കർശനമായി നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. (https://www.baumhedlundlaw.com/toxic-tort-law/monsanto-roundup-lawsuit/where-is-glyphosate-banned/)

മൊൺസാന്റോ എന്ന കുത്തക കമ്പനിയാണ് ആഗോളതലത്തിൽ ഗ്ലൈഫോസേറ്റ് എന്ന മാരക വിഷം ഉത്പാദിപ്പിക്കുന്നത്. ഗ്ലൈഫോസേറ്റ് എന്ന കളനാശിനി മനുഷ്യരിൽ ക്യാൻസറിന് കാരണമാകുമെന്ന് അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഗ്ലൈഫോസേറ്റ് ഉപയോഗിച്ചത് കാരണം കാൻസർ രോഗം പിടിപെട്ട മൂന്നു വ്യക്തികൾ നൽകിയ കേസുകളിൽ, ഈ വ്യക്തികൾക്കു ദശലക്ഷക്കണക്കിനു ഡോളർ നഷ്ടപരിഹാരമായി മൊൺസാന്റോ നൽകണമെന്ന് കാലിഫോർണിയയിലെ മൂന്നു കോടതികൾ ഉത്തരവിട്ടിരുന്നു. ഗ്ലൈഫോസേറ്റ് അടങ്ങിയിട്ടുള്ള റൌണ്ട് അപ്പ് എന്ന കളനാശിനി കാൻസറിനു കാരണമായിട്ടുണ്ടെന്നു ഈ കഴിഞ്ഞ ഓഗസ്റ്റിൽ സാന്ഫ്രാന്സിസ്കോയിലെ സ്റ്റേറ്റ് കോടതി കണ്ടെത്തിയിരുന്നു. (https://www.nytimes.com/2019/05/13/business/monsanto-roundup-cancer-verdict.html?fbclid=IwAR3q_36_7mNmgPMJQDs4j-hRKkr-HHQZPWAvG-LvRfiQ1wWoL5XN4UkztRc).

കേരളത്തിൽ ഗ്ലൈഫോസേറ്റിന്റെ ലൈസൻസ് റദ്ദു ചെയ്തുകൊണ്ടുള്ള ഈ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കുന്നത് മലയാളികളെ ​ഭീമമായ ആരോഗ്യ, പരിസ്ഥിതി​ ​വിപത്തുകളിൽ നിന്ന് സംരക്ഷിക്കാനുതകുമെന്നു വിലയിരുത്തപ്പെടുന്നു. ​എങ്കിലും കൂടുതൽ കർശനമായ കീടനാശിനി നിയന്ത്രണങ്ങളും​ ​നിരോധനങ്ങളും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ​അനിവാര്യമാണ്. കേരളത്തിൽ ഉപയോഗിക്കപ്പെടുന്ന എല്ലാ കീടനാശിനികളുടെയും സുരക്ഷിതത്വം പരിശോധിച്ച്​,​ ​ആരോഗ്യത്തിന് ഹാനികരമാകുന്ന മാരക കീടനാശിനികൾ എല്ലാംതന്നെ നിരോധിക്കുന്നതിന് കൃഷിവകുപ്പ് പരിശ്രമിക്കേണ്ടതുണ്ട്. ഒപ്പം തന്നെ, കീടനാശിനി രഹിത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ജൈവകർഷിക സംസ്ഥാനമാകുന്നതിനും ​വിഷരഹിതമായ ഭക്ഷണം മലയാളികൾക്ക് ഉറപ്പാക്കുന്നതിനും ​ക്രിയാത്മകമായ ഇടപെടലുകളും ​കാർഷികമേഖലയിലെ വരുമാന വര്ധനവുണ്ടാക്കുന്നതിനു ​കർഷക സൗഹൃദ പദ്ധതികളും ​അടിയന്തിരമായി ​നടപ്പിലാക്കെണ്ടതുണ്ട്.

Back to Top