ഇന്ന് ജൂലൈ പതിനാറ്. പാമ്പ് ദിനം.

ഇന്ന് ജൂലൈ പതിനാറ്. പാമ്പ് ദിനം.

പാമ്പുകളെ ഓര്‍മ്മിക്കുമ്പോള്‍ മലയാളിക്ക് മനസ്സില്‍ ആദ്യമെത്തുക മൂര്‍ഖന്‍ ആവും.
പത്തി, സൌന്ദര്യം, ശൌര്യം, പിന്നെ ഒരായിരം ആലങ്കാരികകഥകളുടെ അകമ്പടിയും.

Naja naja juvenile (Karnataka)
A juvenile Indian cobra (Naja naja) in Marathahalli, Karnataka, India. by Gopal Venkatesan via Wikimedia Commons
നമുക്ക് ഏതായാലും എല്ലാ പാമ്പും വിഷപ്പാമ്പ് ആണ്.വെറുക്കേണ്ടതും ഭയക്കേണ്ടതും വധിക്കേണ്ടതും ആണ്.വധിച്ചാല്‍ മാത്രം പോരാ മണ്ണെണ്ണ ഒഴിച്ച് കത്തിക്കേണ്ടതുമാണ്….

കുറ്റം പറയാന്‍ വയ്യ.
ആദികാലത്ത് മരങ്ങള്‍ക്ക് മുകളില്‍ താമസിച്ചപ്പോള്‍ നമ്മളെ വേട്ടയാടിയ രണ്ടു പ്രധാന ഭയങ്ങളില്‍ ഒന്നാണത്.
വല്ലപ്പോഴും താഴെയിറങ്ങുമ്പോള്‍ ഉണങ്ങിയ ഇലകള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന വള്ളിപോലുള്ള മരണം.
ആ ഭീതി ജീനില്‍ കലര്‍ന്നുപോയി.
ആ ജീന്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു നമ്മളില്‍ എത്തിപ്പോയി.
സ്വപ്നങ്ങളില്‍ പോലും ഇഴഞ്ഞു കയറിപ്പോയി….

കൊല്ലും.
കൊല്ലാതിരുന്നെങ്കിലെ അദ്ഭുതമുള്ളൂ.

എങ്കിലും….
നമ്മുടെ തലച്ചോര്‍ കുറെയൊക്കെ വികസിച്ചുപോയി എന്ന് നമുക്ക് മറക്കാതിരിക്കാം.
അതിന്റെ തലച്ചോര്‍ വികാസം തീരെ കുറഞ്ഞത് ആണെന്നും.
അടുത്ത് പോകേണ്ട.
കയ്യിലെടുക്കേണ്ട.
വീരസ്യം പ്രകടിപ്പിക്കേണ്ട.
വികാസം കുറഞ്ഞ തലച്ചോര്‍ ഉള്ളതൊക്കെ ഇങ്ങനെ തന്നെയാണ്.
കടുവയ്ക്ക് ഭാസ്കരേട്ടനെ തിരിച്ചറിയാന്‍ വയ്യ.
ആനയ്ക്ക് വാള്‍ക്കുരിശു മനസ്സിലാവില്ല.
മതഭ്രാന്തന്‍മാര്‍ക്കും രാഷ്ട്രീയഭ്രാന്തന്മാര്‍ക്കും മനുഷ്യത്വം മനസ്സിലാവില്ല…..

അടുക്കാതിരിക്കുക.
ഈ പറഞ്ഞ വര്‍ഗ്ഗങ്ങള്‍ക്കൊന്നിനും ഒരു ദൈവികതയുമില്ല.
പൈശാചികതയുമില്ല.
ആകെയുള്ളത്, വികാസമില്ലാത്ത തലച്ചോറ് മാത്രം.

വികാസമില്ലാത്ത തലച്ചോറുള്ള ഒന്നിന്റെയും ഇരയും ഇണയും ആകാതിരിക്കാം.
അകന്നു നിന്ന് കണ്ടും പഠിച്ചും തിരിച്ചറിയാം.
ശരിക്കും വിഷമുള്ളത് ഏതെന്നും ഇല്ലാത്തത് ഏതെന്നും ഉണ്ടെന്നു കാപട്യം കാണിക്കുന്നത് ഏതെന്നും .

തിരിച്ചറിഞ്ഞാല്‍ എളുപ്പമായി.

പാമ്പിനെ തിരിച്ചറിയാന്‍ എളുപ്പമാണ്.
ആനയെയും കടുവയെയും തിരിച്ചറിയാനും എളുപ്പമാണ്.
അവയ്ക്കൊന്നിനും നാട്യങ്ങളില്ല.
ഉള്ള അല്പം ചില നാട്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകുകയും ചെയ്യും.

പക്ഷെ,
പിന്നത്തെ ആ രണ്ടിനം….
ഒന്നും മനസ്സിലാവില്ല.
ഒന്നും..!
കാരണം, അവയ്ക്കുള്ളതും വികാസമുള്ള തലച്ചോര്‍ ആണല്ലോ.
അപ്പോള്‍ അങ്ങനെയുള്ള മറ്റു തലച്ചോറുകള്‍ക്ക് അവരെ മനസ്സിലാകാതിരിക്കാന്‍ അവര്‍ അനുനിമിഷം മാറിക്കൊണ്ടേയിരിക്കും.
ബുദ്ധിമാന്മാരായ പ്രോട്ടിയസുകള്‍.

പാമ്പുകടിയേറ്റാലും രക്ഷപ്പെടാം.
പ്രതിവിഷചികിത്സാസൌകര്യമുള്ള ആധുനിക ആസ്പത്രികളുണ്ട്.
അവിടെ പോയിട്ടേ കാര്യമുള്ളൂ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന തലച്ചോറുമുണ്ട്.
ബുദ്ധിമാന്മാരായ പ്രോട്ടിയസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പക്ഷെ, വഴിയൊന്നുമില്ല.
അസ്ക്ലെപിയൂസിന്റെ ഒറ്റപ്പാമ്പ്‌ അടയാളമുള്ള സ്ഥാനദണ്ഡ് പോലും കള്ളന്മാരുടെ ദേവനായ ഹെർമിസിന്റെ ഇരട്ടപ്പാമ്പ്‌ അടയാളമുള്ള സ്ഥാനദണ്ഡ് കൊണ്ട് ആദേശം ചെയ്തവരാണ് അവര്‍.


Cover Image: ©CC-BY-SA-3.0 – The Common Indian Cobra or Spectacled Cobra by Jayendra Chiplunkar via Wikimedia Commons

Back to Top