കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍

കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍

നമ്മുടെ സംസ്കാരവുമായി അഭേദ്യമായ ബന്ധപ്പെട്ടു  നില്ക്കുന്ന ജീവജാലങ്ങളാണ്‌ മത്സ്യങ്ങൾ. ഇന്ത്യയിൽ ഒട്ടാകെ 3231 മത്സ്യ ഇനങ്ങളുണ്ട്. ഇതിൽ തന്നെ ഏകദേശം 76 % കടൽ മത്സ്യങ്ങളാണ്. കേരളത്തിൽ ഇതുവരെ 905 മത്സ്യഇനങ്ങളാണ് രേഖപെടുത്തിയിരിക്കുന്നത്. ഇവയിൽ 30 % ശുദ്ധജല മത്സ്യങ്ങൾ കേരളത്തിന്റെ തദ്ധേശീയ ഇനങ്ങളാണ്. കേരളത്തിന്റെ തനതു മത്സ്യ ഇനങ്ങളിൽ 8 % IUCN ന്റെ റെഡ് ഡാറ്റ ലിസ്റ്റിൽ പെട്ടിട്ടുള്ളതും ഏറെ സംരക്ഷണം ആവശ്യമുള്ളതുമാണ്. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ദിനംപ്രതി കുറഞ്ഞു വരുന്ന സാഹചര്യമാണ് പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പല തരം നാടൻ മത്സ്യങ്ങളുടെ അഭാവം മൂലം മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയവരെ വലക്കുന്ന ഒരു കാലഘട്ടം കൂടിയാണിപ്പോൾ ഉള്ളത്. തൃശ്ശൂർ കോൾനിലങ്ങളിലെ നീർപക്ഷികളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി 2015-2017 കാലയളവിൽ മത്സ്യവൈവിധ്യ പഠനവും നടത്തിയിരുന്നു. 55  മത്സ്യഇനങ്ങളെയാണ് പഠനസമയത്തു  കാണാൻ  സാധിച്ചത്. തദ്ദേശീയ മത്സ്യങ്ങളുടെ കൂടെ ചില അധിനിവേശ മത്സ്യങ്ങളെയും കണ്ടെത്തിയിരുന്നു. ഗൗരാമി , സക്കർ മത്സ്യം , തിലാപിയ , പറമ്പാസിസ് ലാല എന്നിവയാണവ. കേരളത്തിലെ   ഒട്ടുമിക്ക ജലാശയങ്ങളും അധിനിവേശ മത്സ്യങ്ങളുടെ പിടിയിലാണ്. പതിനൊന്നു ഇനം വിദേശീയ മത്സ്യങ്ങളാണ് ഇന്ന് കേരളത്തിലെ ജലാശയങ്ങളിൽ കാണുന്നത് .

ഒറിയോക്രോമിസ് മൊസാംബിക്ക എന്ന ശാസ്ത്രനാമമുള്ള തിലാപിയ മത്സ്യങ്ങൾ ദക്ഷിണ ആഫ്രിക്കൻ മത്സ്യങ്ങളാണ്. മത്സ്യകൃഷിയുടെ ഭാഗമായിട്ടാണ്‌ ഇവ ഇന്ത്യയിൽ എത്തിയിട്ടുള്ളത്. വെള്ളത്തിന്റെ ഗുണനിലവാരമോ കാലാവസ്ഥാ വ്യതിയാനങ്ങളോ പ്രശ്നമല്ലാത്ത ഈ പരദേശി മീനുകൾക്ക് ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു വേഗത്തിൽ പ്രജനനം നടത്താൻ സാധിക്കുന്നു. പെട്ടന്നു വളർച്ചയെത്തുന്നതും രുചിയേറിയതുമായ മൽസ്യമായതിനാലാണ് തിലാപിയയെ നമ്മുടെ മത്സ്യകർഷകർ കഴിഞ്ഞകുറേ കാലങ്ങളായി നെഞ്ചിലേറ്റിയിരുന്നത് .മിശ്രാഹാരികളായ തിലാപിയ ജലത്തിലുള്ള ചെറുജീവികളേയും മറ്റും ഭക്ഷിക്കുകയും തന്മൂലം പ്രാദേശിക ആവാസവ്യവസ്ഥയിൽ മാത്രം വളരുന്ന നാടൻ മത്സ്യങ്ങളുടെ ഭക്ഷണം കുറക്കുകയും ക്രമേണ അവയുടെ നിലനില്പിനെത്തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു വെള്ളത്തിനടിയിലെ ചെളി ഇളക്കി ഇര തേടുന്നതോടെ കലുക്ഷമായ ജലത്തിൽ സൂര്യപ്രകാശത്തിന്റെ സഞ്ചാരം വ്യത്യസ്തമാവുകയും സസ്യങ്ങൾക്കും മറ്റും സൂക്ഷ്മ ജീവികൾക്കും അവർക്കാവശ്യമായ പ്രകാശത്തിന്റെ തോതിൽ ഗണ്യമായ കുറവ് സംഭവിക്കുന്നു. ഇങ്ങനെ തനതു ആവാസവ്യവസ്ഥയിൽ മാറ്റം വരുത്തുന്നതും, പ്രാദേശിക മത്സ്യങ്ങളെ ഇല്ലാതാക്കുന്ന പ്രവണത കണക്കിലെടുത്തുകൊണ്ട് IUCN ന്ടെ Invasive Species Specialist Group  ഏറ്റവും കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന ജീവികളുടെ പട്ടികയിൽ പെടുത്തി.

Fresh tilapia
തിലോപ്പിയ
ട്രൈക്കോഗാസ്റ്റർ ട്രൈക്കോപ്റ്റർസ് എന്ന ശാസ്ത്രനാമമുള്ള ഗൗരാമി മീനുകളാണ് അടുത്തിടെയായി കണ്ടെത്തിരിക്കുന്ന മറ്റൊരു അധിനിവേശമൽസ്യം. ദക്ഷിണ ഏഷ്യയിലേയും ആഫ്രിക്കയിലേയും തനതു മത്സ്യമായ ഗൗരാമി അലങ്കാര മത്സ്യവിപണി പിടിച്ചെടുക്കാൻ വേണ്ടിയാണ് ഇന്ത്യയിൽ എത്തിയത്. ഏറെ ഭംഗിയുള്ളതിനാലും അന്തരീക്ഷത്തിലെ വായു നേരിട്ട് ശ്വസിക്കാൻ കഴിവുള്ള അനബെറ്റോയിഡ് ഗ്രൂപ്പിൽ പെടുന്ന മത്സ്യമായതിനാലും അലങ്കാര മൽസ്യങ്ങളുടെ ഇടയിൽ ഇവക്ക് ഏറെ പ്രാധിനിത്യം കിട്ടുന്നു. ഏതു പരിസ്ഥിതിയിലും തഴച്ചു വളരാനുള്ള ശേഷിയുള്ളതിനാൽ നമ്മുടെ നാടൻ ഇനങ്ങളായ കരിമീൻ, പള്ളത്തി, പരൽ,കാരി എന്നീ നാടൻ മത്സ്യങ്ങളുടെ ഗണ്യമായ കുറവ് സംഭവിച്ചതായി ആലപ്പുഴ ജില്ലയിൽനിന്നുള്ള പഠനങ്ങൾ വ്യക്തമാക്കുന്നു .170 ഇനം അലങ്കാര മത്സ്യങ്ങളാണ് ഇന്ന് നമ്മുടെ വിപണി കൈയടക്കിരിക്കുന്നത്. അതിൽതന്നെ ഏറെയും നമ്മുടെ ഉൾനാടൻ ജലാശയങ്ങളിലെ 270 ൽ പരം മത്സ്യഇനങ്ങൾക്കു ഭീക്ഷണിയായി മാറിയിരിക്കുന്നു.

ഗൗരാമി

ക്ലാരിസ്സ് ഗാരിയപ്പന്സ് എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ മുഷിയുടെ സാന്നിധ്യമാണ്‌ കേരളത്തിലെ മത്സ്യസമ്പത്തു തകരാനുള്ള ഒരു കാരണം. കീടനാശിനി പ്രയോഗങ്ങൾ നെൽപാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ ,മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും, അണക്കെട്ടുകളും ഒത്തുചേർന്നു നദികളിലെ മത്സ്യസമ്പത്തിന്റെ നിലനില്പിനു ഭീഷണിയായി മാറി. നാടൻ മുഷിയുടെ അഭാവത്തിൽ മത്സ്യവിപണി പരിപോഷിപ്പിക്കാനാണ് വേണ്ടി ഇറക്കുമതി ചെയ്തതാണ് ആഫ്രിക്കൻ മുഷികളെ. എന്നാൽ അതിഭക്ഷണ പ്രിയരായ ഈ മത്സ്യം . ജലാശയങ്ങളിലെ സസ്യങ്ങളെയും ജീവജാലങ്ങളെയും ചെറുമൽസ്യങ്ങളെയും ഭക്ഷിക്കുന്നതായി പഠനങ്ങൾ തെളിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്കൻ മുഷിയുടെ കൃഷി 2013 ൽ യൂണിയൻ ഗവണ്മെന്റ് നിർത്തലാക്കി. തനതു ജൈവസമ്പത്തിനെ പരിപോഷിപ്പികുനതിനുപകരം അമിതലാഭം നേടാനിറങ്ങിയ മലയാളികൾക്ക് ഒരു കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നു ആഫ്രിക്കൻ മുഷി. ഏതു പ്രതികൂല സാഹചര്യത്തെയും മറികടക്കാനുള്ള സഹനശക്തിയുള്ളതുകൊണ്ടു ആഴം കുറഞ്ഞതും ഓക്സിജന്റെ ലഭ്യത കുറവുള്ളതുമായ ജലത്തിലും പെട്ടന്ന് വളർന്നു പെറ്റുപെരുകാനുള്ള കഴിവ് ഇവക്കു മാത്രം അലങ്കാരമാവുന്നു. അതിനാൽ തന്നെ നമ്മുടെ നാടൻ മത്സ്യങ്ങളുടെ ചെറുത്തുനില്പിനു ആഫ്രിക്കൻ മുഷിയുടെ വില്ലനായി മാറിയിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണ്‌ കേരളത്തിലുള്ളത്. എന്നിരുന്നാലും പാലക്കാട് ജില്ലയുടെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ആഫ്രിക്കൻ മുഷിയുടെ കൃഷി വ്യാപകമായി നടക്കുന്നെന്നുള്ള അറിവുണ്ട്. കോഴി വേസ്റ്റും മറ്റും ആഫ്രിക്കൻ മുഷിക്കു തീറ്റയായി ഇട്ടുകൊടുക്കുന്നത് ജലാശയങ്ങൾ മലിനീകരിക്കുന്നതുമായ പ്രശ്നങ്ങൾ പ്രദേശവാസികൾ ഉന്നയിക്കുന്നു.

Clarias garie 080516 9142 tdp
ആഫ്രിക്കൻ മുഷി
നാട്ടുമത്സ്യങ്ങൾ

നമ്മുടെ ജലാശയങ്ങളിൽ കാണുന്ന മറ്റൊരു അലങ്കാര മത്സ്യമാണ് പാരമ്പസിസ് ലാല എന്നറിയപ്പെടുന്ന ഹൈഫിൻ ഗ്ലാസ്സി മത്സ്യം. പേരുപോലെത്തനെ വളരെ നേർത്ത ശരീരത്തോടുകൂടിയുള്ള ഈ ചെറുമത്സ്യങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശ് ,മ്യാന്മാർ മേഖലകളിലൂടെ ഒഴുകുന്ന നദികളിലും, ജലാശയങ്ങളിലും ജീവിക്കുന്ന മത്സ്യമാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ IUCN റെഡ്‌ ലിസ്റ്റിൽ ഉൾപെട്ടവരാണ് . കേരളത്തിൽ മൽസ്യകൃഷിക്കായി ഫിഷറീസ് വകുപ്പ് ആന്ധ്രയിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. വരുന്നത് ആന്ധ്രയിൽ നിന്നാണെങ്കിലും ബംഗാൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലാണ് ഇവയുടെ വളർത്തു കേന്ദ്രങ്ങൾ . വളർത്തു മീൻകുഞ്ഞുങ്ങളെ കയറ്റി അയക്കുമ്പോൾ ഇവയും ഉൾപെടുന്നതുകൊണ്ടാണ് ഈ മത്സ്യങ്ങൾ ഇവിടെ വ്യാപിക്കാൻ കാരണമാവുന്നത് .

വിദേശ അധിനിവേശ ജൈവജാതിയയായ ദക്ഷിണ അമേരിക്കൻ സക്കർ മൽസ്യങ്ങളുടെ സാന്നിധ്യമാണ് ഇന്ന് കേരളത്തിലെ ജലാശയങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം . ഭക്ഷ്യയോഗ്യമല്ലാത്ത ഇവ അക്വാറിയത്തിലെ പായലും മറ്റു അവശിഷ്ടങ്ങളും ഭക്ഷിച്ചു അക്വാറിയത്തെ വൃത്തിയാക്കി സൂക്ഷിക്കുന്നു എന്നുള്ളതാണ് ഈ സക്കർമത്സ്യങ്ങളുടെ പ്രത്യേകത. 4000 ഇനം ശുദ്ധജല മത്സ്യങ്ങളും 1400 ഇനം കടൽമത്സ്യങ്ങളുമാണ് ഇന്നത്തെ ആഗോള അലങ്കാര മത്സ്യവിപണി കീഴടക്കിരിക്കുന്നത്. ഇവയിൽതന്നെ 90 % ശുദ്ധജല മത്സ്യങ്ങളെയാണ് നമ്മുടെ നാട്ടിലെ അക്വാറിയങ്ങളിൽ വളർത്തുന്നത്. അലങ്കാരമത്സ്യങ്ങളുടെ ബിസിനസ് കേരളജനതയുടെ ഒരു പ്രധാന വിനോദമാണ്. ഏകദേശം 168 അംഗീകൃത അലങ്കാരമത്സ്യവിപണന സ്ഥാപനങ്ങളും നൂറിൽപരം അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളുമുള്ള നമ്മുടെ നാട്ടിൽ വിദേശീയ മീനുകൾക്കാണ് കൂടുതൽ  വിപണി. ഈ വിപണിയെ നേരിടാൻ 500 ൽ  പരം വിദേശീയ മത്സ്യപ്രജനന കേന്ദ്രങ്ങളുണ്ട്. ഇതു കൂടാതെ ക്വാറികളിലും വളർത്തുന്നുണ്ട്. ഇന്ത്യയിൽ അലങ്കാരമത്സ്യ വിപണന രംഗത്ത് 3 ആം സ്ഥാനമാണ് കേരളത്തിനുള്ളത്.ലാറ്റിൻ അമേരിക്കൻ ഇനമായ സക്കർ മത്സ്യങ്ങൾ അക്വാറിയം ട്രേഡിന്ടെ ഭാഗമായാണ് ഇന്ത്യയിൽ എത്തിയത്. മത്സ്യകൃഷിയുടെയും അലങ്കാരമത്സ്യ കച്ചവടത്തിന്റെയും ഭാഗമായി കൊണ്ടുവരുന്ന മീനുകളുടെ സാനിധ്യം ജലാശയങ്ങളിൽ കണ്ടെത്തിയതും ഈ അലങ്കാര ഭ്രമം വരുത്തി വെക്കുന്ന പാരിസ്ഥിതിക പ്രശ്നമാണ്.

ക്വാറികളിൽനിന്നും വളർത്തുകേന്ദ്രങ്ങളിൽനിന്നും കരകവിഞ്ഞു ഒഴുകുന്ന വെള്ളത്തിലൂടെ ഈ അലങ്കാരവില്ലന്മാർ ജലാശയങ്ങളിലേക്കു ഒഴുകിയെത്തുന്നു.അലങ്കാരമത്സ്യങ്ങളുടെ ഇറക്കുമതി നിയമസാധുത ഇല്ലാത്തതുകൊണ്ടും കർക്കശമായ ക്വാറന്റൈൻ നടപടികൾ എടുക്കാത്തതുമൂലമാണ് വർഷാവർഷം കോടിക്കണക്കിനു അലങ്കാരമൽസ്യങ്ങൾ ഇന്ത്യയിലേക്കു എത്തുന്നത്.തദ്ദേശീയ മീനുകളുടെ ആവാസവ്യവസ്ഥക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാകുന്ന അധിനിവേശ മൽസ്യങ്ങളെ തീർത്തും ഉന്മൂലനം ചെയുകയെന്നതു അസാധ്യമാണ്. മാനുഷിക ഇടപെടലുകൾ മൂലം പുനരുജ്ജീവിപ്പിക്കാനാവാത്ത വിധം നമ്മുടെ ജൈവവൈവിധ്യം നാശോന്മുഖമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വരും തലമുറക്കുകൂടി അവകാശപ്പെട്ട ഈ അമൂല്യ സമ്പത്തിന്റെ സൂക്ഷിപ്പുകാർ മാത്രമാണ് നമ്മൾ എന്ന് നാം തിരിച്ചറിയണം. ജൈവവൈവിധ്യ ശോഷണത്തിനെതിരെയുള്ള മുൻകരുതലുകൾ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ആകാശവാണി വയലും വീടും പരിപാടിയിൽ പ്രക്ഷേപണം ചെയ്ത പ്രഭാഷണം. പീച്ചി വനഗവേഷണകേന്ദ്രത്തിലെ റിസര്‍ച്ച് ഫെല്ലോയാണ് ഗ്രീഷ്മ പാലേരി

Back to Top