ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായർ എന്നു പറഞ്ഞാൽ സൂര്യനാണല്ലോ. വേള സമയവും. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്.
സൂര്യന്റെ സമയമെന്നോ ദിശയെന്നോയൊക്കെ വാക്യാർത്ഥം വരുമെങ്കിലും ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിഞ്ജാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണപാതയെ ഏകദേശം
പതിമൂന്നര ദിവസമുള്ള ഇരുപത്തിയേഴ് ഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ഓരോ പേര് നൽകിയിരിക്കുന്നു.
ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന്റെ അടുത്താണോ ആ നക്ഷത്രത്തിന്റെ പേരാണ് ഞാറ്റുവേലയ്ക്ക്.
അങ്ങിനെ അശ്വതി, ഭരണി,
കാര്ത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.
മലയാളമാസം ആരംഭിക്കുന്നത് ചിങ്ങത്തിലാണല്ലോ,
ചിങ്ങം ഒന്നിനാണ് കേരളത്തിൽ കർഷകദിനം കൊണ്ടാടുന്നത്. അന്നാണ് കർഷകനെ പഞ്ചായത്തുകാർ ഓർക്കുന്ന ദിവസം. ഇയ്യുണ്ണിയേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഏതെങ്കിലും ഒരു കർഷകനെ പിടിച്ച് അന്ന് ഉടുക്കാനും പൊതക്കാനും പറ്റാത്ത ഒരു ഷാളങ്ങു പുതയ്ക്കും. അതാണ് ആഘോഷം’
അതോടു കൂടി കഴിഞ്ഞു കർഷക പ്രേമം.
യഥാർത്ഥത്തിൽ കർഷകന്റെ വർഷം ആരംഭിക്കുന്നത് മേടം ഒന്നിനാണ്.
അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത് മേടം ഒന്നിനാണ്. മേടാംരംഭത്തിലാണല്ലോ വിഷുവും നാമാഘോഷിക്കുന്നത്.
ഓരോ ഞാറ്റുവേലയിലും എന്തു നടണം എങ്ങനെ പരിപാലിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്പുസ്തത്തിലലൂടെയല്ല കർഷകരുടെ വായ്മൊഴികളിലൂടെയാണ് പ്രചരിച്ചത്.
അക്ഷരഭ്യാസം കുറവായ കർഷകന്റെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന രീതിയിൽ പദ്യരൂപത്തിൽ പഴമൊഴികളായി പരമ്പരകളായി പകർന്നു പോന്നു. ചില കാര്യങ്ങൾ പഴംചൊല്ലുകളായി മാറി.
കൃഷിയിൽ നിന്നും അത് ജീവിതത്തിന്റെ മറ്റു പലകോണുകളിലും അത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ‘കതിരിൽ വളമിടരുത്, ‘മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല അങ്ങനെ പലതും.
കുംഭ മീന മാസങ്ങളിൽ ലഭിക്കുന്ന വേനൽ മഴയിൽ ഈർപ്പം നിൽക്കുന്ന പാടങ്ങളിൽ
ഒന്നോ രണ്ടോ ചാലുഴുതുമറിച്ച് പാടത്തെ കട്ട പൊട്ടിച്ച് പൊടിയാക്കിയ ശേഷം പിന്നീട് പൊടിമണ്ണിൽ വിത്ത് വെതയ്ക്കുന്നത് മേടം ഒന്നിനായിരുന്നു. വിരിപ്പ് നെൽവിത്തുകളും മൂപ്പു കൂടിയ മുണ്ടകൻ നെൽവിത്തുകളും വെതച്ചിരുന്നത് അശ്വതിയിലോ ഭരണിയിലോ ആയിരുന്നു. ചിങ്ങത്തിൽ കൊയ്യണമെങ്കിൽ ഭരണിയിൽ വെതക്കണം. കരനെൽകൃഷിക്ക് ഭരണിയാണുത്തമം. “ഭരണിയിലിട്ട നെല്ലിക്കയും ഭരണിയിലിട്ട വിത്തും” കേമമാണെന്നാണല്ലോ പറയാറ്.
മൂപ്പു കൂടിയ വിരിപ്പ് വിത്താണെങ്കിൽ ചിലപ്പോൾ രേവതിയിലും വെതക്കും.
തവളക്കണ്ണനും കൊടിയനും കുട്ടാടനുമൊക്കെ മേടഭരണിയിൽ തന്നെയായിരുന്നു വെതക്കാറ്.
“മേടം തെറ്റിയാൽ മോടൻതെറ്റി”യെന്നാണ്. കരകനെൽകൃഷിക്കാണ് മോടൻ കൃഷിയെന്നു പറയുന്നത്. കട്ടമോടനും പറമ്പുവട്ടനും കല്ലടിയാര്യനുമൊക്കെ മേടത്തിൽ തന്നെ വെതക്കണം
മഴക്കാലം ശക്തമാകുന്നത് എടവപ്പാതിക്കാണെങ്കിലും മേടമാസത്തോടു കൂടി മഴക്കാലം തുടങ്ങുന്നുണ്ട്. ചില ദിവസങ്ങളിൽ കാർമേഘമുഖരിതമായ അന്തരീക്ഷവും ഇടയ്ക്ക് മഴക്കാലത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള വാദ്യമേളങ്ങളങ്ങളും കേൾക്കാം. ഇടിമിന്നലും കാറ്റോടു കൂടിയ ചാറ്റൽ മഴയുമുണ്ടാകാം. കുംഭമീന മാസങ്ങളിലെ വേനൽചൂടിനൊരാശ്വസമായി മേടത്തിൽ പുതുമഴ പെയ്യുമ്പോൾ മഴതുള്ളിയുടെ സ്പർശമേറ്റ് മണ്ണിന്റെ മണം ചുറ്റുപ്പാടും പരക്കുമ്പോൾ മനുഷ്യന്റെ ഉള്ളിലെ കവിതകളും കഥകളുമൊക്കെ മുളച്ചുപൊന്തുന്ന കാലം കൂടിയാണല്ലോ ഇത്.
പുറത്ത് മഴപെയ്താലും വീടിനകത്ത് ചൂടായിരിക്കും. മണ്ണിന് പുറത്ത് മഴപെയതാലും മണ്ണിനകത്ത് ചൂടായിരിക്കും. വിത്ത് മുളക്കാൻ ചൂടും നനവും വേണമല്ലോ. മണ്ണിലീർപ്പമുണ്ടെങ്കിൽ വിത്ത് കരുത്തോടു കൂടി മുളച്ച് തലനീട്ടാൻ തുടങ്ങും.
മേടത്തിൽ വെതക്കണമെന്നു പറയാൻ മറ്റു
ചില കാരണങ്ങളും കൂടിയുണ്ട്. മഴ ശക്തമായാൽ പാടത്ത് വെള്ളം നിൽക്കാൻ തുടങ്ങും. എടവപ്പാതിക്ക് എപ്പോഴും മഴയുണ്ടാകും. വിത്ത് വെതച്ചാൽ മുളയ്ക്കാൻ പ്രയാസമാണ്. നെൽവിത്തിന് മുളയ്ക്കാനാവശ്യമായ ചൂട് കിട്ടില്ല.
മേടത്തിൽ വിതച്ചാലുള്ള മറ്റൊരു ഗുണം
മണ്ണിലെ ഈർപ്പത്തിൽ മുളച്ച് വിത്തുകൾ ഇടവപ്പാതി മഴയ്ക്ക് മുമ്പ് തല നീട്ടി തുടങ്ങും.
എടവത്തിലാണ് പാടത്ത് പലതരം കളകൾ പൊങ്ങാൻ തുടങ്ങുക. നെല്ല് മുളച്ച് പൊന്തിയാൽ ഇടവപ്പാതി മഴയക്ക് പൊങ്ങുന്ന കളകളെ വെള്ളം കെട്ടി നിയന്ത്രിക്കാം.
കെ. പി. ഇല്യാസ്
What a great and fantastic reply sir!!
PRABAAMAM🙏🙏