ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, മരിക്കാറുണ്ടോ!

ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, മരിക്കാറുണ്ടോ!

Image: Wilson Hsu, AbuNawaf.com

ജീവിതം മടുത്ത്(!) ആകാശത്തേക്ക് ഉയർന്നു പൊങ്ങി മരണം വരിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഒരു whatsup കുറിപ്പ് പലരും കണ്ടിട്ടുണ്ടാവും. സ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് ഈ കുറിപ്പ് അവകാശപ്പെടുന്നത്. കുറച്ചു വർഷങ്ങളായി പക്ഷി നിരീക്ഷണം നടത്തുന്ന ആളെന്നെ നിലയിൽ ആദ്യമേ തന്നെ പറയട്ടെ,നാട്ടിലും കാട്ടിലുമൊക്കെ,വിരളമായിട്ടെങ്കിലും സ്വാഭാവികമായി മരണപ്പെട്ട പക്ഷികളെ കണ്ടിട്ടുണ്ട്.

ആകാശത്ത് പറന്ന് നടക്കുന്ന, വൻ മരങ്ങളിൽ ചേക്കിരിക്കുന്ന പക്ഷികളുടെ കാര്യം നിൽക്കട്ടെ, വേറെ ഏത് ജീവിയുടെ സ്വാഭാവിക മരണമാണ് നമ്മൾ കണ്ടിട്ടുള്ളത്? പാമ്പ്, തവള, ഓന്ത്, അരണ ഒന്നിനെയെങ്കിലും വെറുതെ ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ,മിക്കവാറും ഉണ്ടാവില്ല, കാരണം സ്വാഭാവികമായി മരിച്ചാൽ നമ്മള്‍ കാണുന്നതിനു മുന്‍പ് മൃതശരീരം വയറ്റിലാക്കാൻ തയ്യാറായി നിൽക്കുന്ന ബാക്ടരീയ തൊട്ട് കാക്ക വരെയുള്ള നൂറുകണക്കിന് ജീവികൾ ചുറ്റിലുമുണ്ട്.

സ്വാഭാവിക മരണം എന്നത് ആധുനിക മനുഷ്യനൊഴിച്ചുള്ള ജീവ ജാലങ്ങൾക്ക് ലക്ഷ്വറിയാണ്. നിയണ്ടർത്താൽ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹോമോസാപ്പിയൻസിന്റെ ഫോസിലുകൾ പരിശോധിച്ചതിൽ നിന്നു മനസ്സിലാകുന്നത് പ്രാകൃത മനുഷ്യന്റെ ശരാശരി ആയുസ്സ് 20-25 വയസ്സായിരുന്നെന്നാണ്. ഒറ്റയ്ക്ക് ജീവിച്ചവർ പുലി പിടിച്ചും അപകടങ്ങളിൽ പെട്ടും മരിച്ചപ്പോൾ, കൂട്ടമായി ജീവിക്കാൻ തുടങ്ങിയവർ പകർച്ചവ്യാധികൾ പിടിപെട്ട് മരിക്കാൻ തുടങ്ങി. ആധുനിക വൈദ്യമാണ് ഇരുപതാം നൂറ്റാണ്ടിൽ 30-40 വയസ്സായിരുന്ന മനുഷ്യായുസ് ഇന്നത്തെ 65-70 വയസ്സിലേക്ക് ഉയർത്തുന്നത്. ഇതിനെയാണ് നാമിന്ന് സ്വാഭാവിക മരണം എന്ന് വിശേഷിപ്പിക്കുന്നത്.

പക്ഷി നിരീക്ഷകനല്ലാത്ത ഒരു സാധാരണക്കാരനെ സംബന്ധിച്ചു സ്വാഭാവികമായി മരിച്ച കിളികളെ കണ്ടു കിട്ടുക ബുദ്ധിമുട്ടായിരിക്കും. മിക്കവാറും നമ്മുടെ ചുറ്റുവട്ടത്ത് മരണപ്പെട്ടു കാണുന്ന കിളികളെല്ലാം തന്നെ ഷോക്കടിച്ചോ,വണ്ടിയിടിച്ചോ, പൂച്ച പിടിച്ചോ ഒക്കെയായിരിക്കും. അതിന് കാരണം എന്താണെന്ന് നോക്കാം.

പക്ഷികളുടെ കൂട്ടത്തിൽ പ്രായം കൊണ്ടോ, രോഗം കൊണ്ടോ ക്ഷീണിതരായാവരാണ് ആദ്യം ഇരപിടിയന്മാരുടെ വായിലാവുന്നത്. അതുകൊണ്ട് ഇത്തരം ദുർബലരുടെ അതിജീവനം എളുപ്പമല്ല. ഇനി അതി ജീവിച്ചാൽ തന്നെ മിക്കവയും ഭക്ഷണം കിട്ടാതെ അവശരായി എവിടെയെങ്കിലും ഒളിച്ചിരിക്കാൻ ശ്രമിക്കും. വല്ല കുറ്റിക്കാടൊക്കെയായിരിക്കും ഇതിന് തെരഞ്ഞെടുക്കുന്നത്. ഇവിടെ വച്ചാണ് പലപ്പോഴും ഇവ പൂച്ചയുടേയും പട്ടിയുടെയും വായിലാവുന്നത്. ചില സാഹചര്യങ്ങളിൽ തലേന്ന് വരെ കൂടെ നടന്നിരുന്ന കൂട്ടുകാരായിരിക്കും ആദ്യം ഈ വയസ്സന്റെ കഥ തീർക്കാൻ എത്തുന്നത്. ക്രൂരമെങ്കിലും അതാണ് പ്രകൃതി നിയമം. അതിജീവനത്തിന്റെ പാതയിൽ ദുർബലർക്ക് ആയുസ്സില്ല.

മറ്റൊന്ന് കാഴ്ചയിൽ വലുപ്പം തോന്നിക്കുമെങ്കിലും, തൂവലുകളും അകം പൊള്ളയായ എല്ലുകളും ഒക്കെയായി പക്ഷികൾക്ക് ഭാരം വളരെ കുറഞ്ഞവരാണ്. ചത്തു വീഴുന്നവയൊക്കെ ഒന്നോ രണ്ടോ ദിവസം കൊണ്ടു തന്നെ പൂർണ്ണമായും ജീർണ്ണിച്ചു പോകും. അതു കൊണ്ട് പക്ഷികളുടെ മൃതശരീരം ഒരു സാധാരക്കാരനെ സംബന്ധിച്ചു കണ്ടു കിട്ടുക എളുപ്പമല്ല. എന്ന് വിചാരിച്ചു വയസ്സാവുമ്പോൾ ആകാശത്തേക്ക് പറന്നുയർന്നു സ്വർഗ്ഗം പൂകുന്നു എന്നൊക്കെ കഥയുണ്ടാക്കാൻ എളുപ്പമാണ്, സത്യം വേറൊന്നാണെങ്കിലും.

PS: മരിച്ചതും മുറിവ് പറ്റിയതുമായ പക്ഷികളുടെ വിവരങ്ങൾ ശേഖരിക്കാനായി https://d-bird.org/ എന്ന ഒരു സൈറ്റ് ഉണ്ട്. ഇത്തരത്തിൽ ശേഖരിക്കപ്പെട്ട പക്ഷികളുടെ വിവരങ്ങൾ ഒരു interactive map ലൂടെ ഈ സൈറ്റിൽ ലഭ്യമാണ്. നമ്മുടെ നാട്ടിലെ പക്ഷി മരണങ്ങളും കൂടുതല്‍ ഡോക്യുമെന്റ് ചെയ്യേണ്ടതാണ്.
http://www.nycaudubon.org/project-safe-flight

Back to Top