കിന്നരിപ്പരുന്ത്‌; അമരങ്കാവിലെ രാജാവ്

കിന്നരിപ്പരുന്ത്‌; അമരങ്കാവിലെ രാജാവ്

കാവിലെ ഒരു വൈകുന്നേരം. ആകാശമൊക്കെ മൂടി കെട്ടി തുടങ്ങിയിരിക്കുന്നു. ഉടനേയൊരു മഴക്കുള്ള കോളുണ്ട്. ഉള്ള സമയം കൊണ്ട് കിട്ടണതൊക്കെ അകത്താക്കി കൂട്ടിൽ കേറാനുള്ള തത്രപ്പാടിലാണ് തത്തമ്മേം ഇലക്കിളീം ഒക്കെ. അവരെല്ലാം കൂടി ഒരു അയൽക്കൂട്ടത്തിനുള്ള ആളുണ്ട്. ആകെ ഒരു ബഹളമയം.

ഇതിനിടേലാണ് നമ്മുടെ കഥാനായകന്റെ വരവ്. ഒന്ന് നീട്ടി ചൂളമിട്ട് ചിറക് വീശിയടിച്ച് പ്രധാന മരത്തിലേക്ക് വന്നിറങ്ങി. (കിന്നരിപ്പരുന്ത്‌!) “ചരിത്രം വഴിമാറും ചിലർ വരുമ്പോൾ” എന്ന പരസ്യവാചകാ എനിക്കപ്പോ ഓർമ്മ വന്നേ. ഇത്രേം നേരോം കലപില കൂട്ടി നടന്ന തത്തേം ചാരത്തലക്കാളീം ഒക്കെ ഉള്ള ജീവനും കൊണ്ട് പല വഴി ചിതറിയിരിക്കുന്നു. ചുറ്റുവട്ടം മുഴുവൻ കിന്നരിപ്പരുന്തിനായി ഒഴിച്ചിട്ടപോലെ. രംഗം ശാന്തം!

പക്ഷികളുടെ മൗലികാവകാശം സംരക്ഷിക്കാൻ ഈടെ പോലീസൊന്നും ഇല്ലാലോ… കയ്യൂക്കുള്ളവൻ തന്നെ കാര്യക്കാരൻ. കാവിലെ കിരീടം വെച്ച (തലയിലെ ശിഖ കാണൂ…) രാജാവാണ് കിന്നരിപ്പരുന്ത്.

Crested Hawk Eagle | Amaramkavu, TDPA
October 2017 | © Kausthubh K N

നീണ്ടുമെലിഞ്ഞതെങ്കിലും കരുത്തുറ്റ ശരീരത്തിനുടമ. കൂർത്തതും ശക്തവുമാണ് നഖങ്ങൾ. ഇതിനേക്കാളുപരി പുള്ളീടെ ആറ്റിട്യൂട് ആണ് നമ്മുടെ മനം കവരുക. അത്രക്ക് രാജകീയതയാണ് ഭാവങ്ങൾക്ക്. വെറുതെയിരിക്കുമ്പോൾ പോലും അലസത തോന്നിക്കുകയേയില്ല. നോട്ടം ഗാഢവും തീവ്രവുമാണ്. ആറാം തമ്പുരാനിലെ നരേന്ദ്രപ്രസാദ് ഡയലോഗ് പോലെ: “എന്തോ ഒന്ന് അവന്റെ കണ്ണുകളിൽ തീക്ഷ്ണതയോടെ ജ്വലിക്കുന്നുണ്ട്… :D”

ഞാനിങ്ങനെ തൊട്ടുതാഴെ നിന്ന് ചറപറ പടങ്ങൾ എടുത്തിട്ടും മൈൻഡ് ചെയ്യുന്നേ ഇല്ല. കാണാഞ്ഞിട്ടൊന്നും അല്ല. കട്ട പുച്ഛം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് കിന്നരിപ്പരുന്തിനെ (Nisaetus cirrhatus) കാണാനാകുക. കാടുകളോടും മരങ്ങൾ ധാരാളമുള്ള ഗ്രാമങ്ങളോടുമാണ് ആൾക്ക് പ്രിയം. പ്രണയകാലത്തൊഴികെ ഏകാകി ആയിയാണ് നടപ്പ്. തുറസായ പ്രദേശത്തെ അഭിമുഖീകരിച്ച് ഉയർന്നൊരു കൊമ്പിൽ ഇരയ്ക്കായി ഊഴം കാത്തിരിക്കും. ക്ഷമയോടെ എത്ര നേരം ഇങ്ങനെയിരിക്കാനും മടിയില്ല. മുയൽ, അണ്ണാൻ തുടങ്ങിയ സസ്തനികളേയും മറ്റു പക്ഷികളേയും ഉരഗങ്ങളേയും ഒക്കെ വേട്ടയാടും.

Range map of CHE | Credits: www.xeno-canto.org

ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് കിന്നരിപ്പരുന്തിന്റെ പ്രജനനകാലം. ഉയരമുള്ള വൃക്ഷക്കൊമ്പിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ചാണ് കൂടൊരു ക്കും. ഓരോ സീസണിലും ഒറ്റ മുട്ട മാത്രമാണിടുക. മുട്ടക്കും അതു വിരിഞ്ഞിറങ്ങുന്ന കുട്ടിപ്പരുന്തിനും പ്രിത്യേകിച്ച് ഭീഷണികളൊന്നും ഇല്ലാത്തതുകൊണ്ടുമാണ് ഈ കണിശമായ കുടുംബാസൂത്രണ പദ്ധതി. മുട്ടയേയും കുട്ടിയേയും സംരക്ഷിക്കാൻ പാങ്ങില്ലാത്ത പാവം പക്ഷികളാകട്ടെ (പൂത്താങ്കിരി, തത്ത..) ഓരോ തവണയും നാലോ അഞ്ചോ മുട്ടകളെങ്കിലും ഇടും.

Amaramkavu, Thodupuzha | July 2018 | © Kausthubh K N

പ്രായപൂർത്തിയായ കിന്നരിപ്പരുന്തിന് 60 മുതൽ 72 cm വരെ നീളമുണ്ടാകും. 127-138 cm വിങ്സ്പാനും നീണ്ട വാലോടുകൂടിയ മെലിഞ്ഞ ശരീരപ്രകൃതവും വേഗവും ചടുലവുമായ പറക്കലിന് സഹായിക്കുന്നു. നീളമുള്ള കറുത്ത ശിഖയും മറ്റൊരു ആകർഷണമാണ്. മറ്റു പരുന്തുവർഗ്ഗക്കാരെ പോലെ കിന്നരിപ്പരുന്ത്-തറവാട്ടിലും പെണ്ണിനാണ് വലുപ്പക്കൂടുതൽ (ആണിനേക്കാൾ 15% വരെ). എന്നാൽ നിറവ്യന്യാസത്തിൽ പ്രകടമായ ആൺ-പെൺ വ്യത്യാസങ്ങളില്ല.

ഹൈ പിച്ചിൽ കി-കി-കി-കീ… എന്നാവർത്തിച്ച് കിന്നരിപ്പരുന്ത് ശബ്‌ദമുണ്ടാക്കാറുണ്ട്. അരക്കിലോമീറ്റർ അപ്പുറമെങ്കിലും ഇതു കേൾക്കാം. പ്രജനനകാലത്താണ് ഈ കൂവൽ കൂടുതലും കേൾക്കാനാകുക.

പ്രകൃതിയിൽ കിന്നരിപ്പരുന്തിന് സ്വാഭാവികമായ ഭീഷണികളൊന്നും ഇല്ലെങ്കിലും വനശോഷണവും കൂടൊരുക്കാനുള്ള വൻ മരങ്ങളുടെ അഭാവവുമാണ് ഇന്നിവ നേരിടുന്ന വെല്ലുവിളികൾ.

അവലംബം: വിക്കിപീഡിയ, www.xeno-canto.org, കേരളത്തിലെ പക്ഷികൾ – ഇന്ദുചൂഡൻ.


Creative Commons License
കിന്നരിപ്പരുന്ത്‌; കാവിലെ രാജാവ് by Kausthubh K N is licensed under a Creative Commons Attribution 4.0 International License.

Back to Top