പാറുന്ന പൂവായി പൂമ്പാറ്റ

പാറുന്ന പൂവായി പൂമ്പാറ്റ


ഈശ്വരന്റെ പ്രകൃതി സൃഷ്ടിയിലെ മനോഹരമായൊരു കൊച്ചുജീവിയാണ് പൂമ്പാറ്റ. അതെ, നമ്മുടെ ഈ ഭൂമിയിലെ മനോഹരമാക്കുന്നു പ്രകൃതിയുടെ ഓമന പുത്ര/പുത്രിമാരിൽ പ്രമുഖരാണ് ഇവർ. പ്രകൃതി ഒരു ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു ജീവി മറ്റൊരു ജീവനെ ആശ്രയിക്കുന്നു. പ്രകാശിക കേന്ദ്രവും ഊർജ ഉറവിടവും സൂര്യൻ ആണല്ലോ. പ്രകൃതിയിൽ ആദരണീയമായ ഒരുസ്ഥാനം സസ്യങ്ങൾക്കുണ്ട്. പ്രകാശ ആഗിരണം വഴി പുഷ്പ്പത്തിന്റെ ദളങ്ങൾക്ക് നിറവും പ്രകൃതി പ്രദാനം ചെയ്യുന്നു.

Papilio polytes mating in Kadavoor
Papilio polytes mating © 2014 Jee & Rani Nature Photography (License: CC BY-SA 4.0) from Wikimedia Commons
ഒരു അന്വേഷണപാതയിലൂടെ നമുക്ക് സഞ്ചരിക്കാം. ഏവർക്കും അറിയാവുന്നതു പോലെ ചിത്രശലഭം പരിണമിക്കുന്നത് മുട്ട,ലാർവ,പ്യൂപ്പ എന്നിവയിൽ കൂടിയാണല്ലോ.മുട്ട പൊട്ടി ലാർവ (പുഴു) പുറത്തുവരികയും, ഇത് സമാധിയായി (പ്യൂപ്പ) അതിൽ നിന്നും ശലഭം പുറത്തേക്കു ഗമിക്കുകയും ചെയുന്നു. ഒരു സസ്യത്തിന്റെ ഇലയിൽ ഒരു ലാർവയെ ഞാൻ കണ്ടെത്തി. കറിവേപ്പിന്റെ ഇലകൾ അകത്താക്കുന്ന തിരക്കിലായിരുന്നു അപ്പോൾ ലാർവ. ഇതിനു മങ്ങിയ പച്ച നിറമാണുള്ളത്. ചൊറിയുന്ന പുഴുക്കൾ (തൊങ്ങൻ പുഴുക്കൾ)ക്കൾക്കു ഉള്ളത് പോലുള്ള ദേഹത്തിനു പുറമെയുള്ള രോമാവണം ഈ ലാർവകൾക്ക് ഇല്ല. ഉടലിനെ അപേക്ഷിച്ചു അൽപ്പം വികസിച്ചതാണ് തല. മുന്നിൽ മൂന്ന് ജോഡി കാലുകൾ നടുവിലെ നാലു ഖണ്ഡങ്ങള്ളിലുള്ള പാദ സ്തരങ്ങൾ ഇവ ഉപയോഗിച്ചാണ് ലാർവയുടെ സഞ്ചാരവും ഇലകൾ ഭക്ഷണത്തിനു ക്രമീകരിക്കലും. നഗരങ്ങളിലും, നാട്ടിൻപുറങ്ങളിലും, വനങ്ങളിലും ധാരാളമായി കാണാണാനിടയുള്ള ഒരു ചിത്രശലഭമായ നാരകക്കാളിയായിരുന്നു അത്.

Common mormon egg
Common mormon egg By Chinmayisk [CC BY-SA 3.0] from Wikimedia Commons
അതിവേഗമാണ് ഇത് ഇലകൾ ഭക്ഷിക്കുന്നത്. തീറ്റ പ്രിയനാണ് ഇത് എന്നതിൽ സംശയം ഇല്ല. തലയിൽ പടവാൾ പോലെ വിലസുന്ന ഇരു പല്ലുകൾ ആണ് ഇതിനു സഹായിക്കുന്നത്. പ്യൂപ്പ ഘട്ടം വരേയ്ക്കും ലാർവ കുട മാറ്റൽ മത്സരം തന്നെയാണ് നടത്തുന്നത്. ഇവ തന്റെ ദേഹത്തിന്റെ ഉറ ഉറഞ്ഞു പുതിയത് സ്വീകരിക്കുന്നു. പാമ്പിന്റെ ഉറപൊഴിയൽ ചടങ്ങു പോലെ തന്നെയാണത്. പുഴു എന്ന് നാം കേൾക്കുബോൾ ഉണ്ടാകുന്ന അറപ്പ് ഇത് ശലഭമാകും എന്ന പ്രതീക്ഷയിൽ ഉപേക്ഷിക്കാം. നാലു സെന്റിമീറ്റർ നീളമേ വളർച്ച പ്രാപിച്ച ലാർവക്ക് ഉള്ളൂ. മൃദലമായ ഇവയുടെ ശരീരവും നയനാകർഷകമായ നിറവും കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ്മ തന്നെ. ഒരുഗ്രൻ കാറ്റ് വന്നപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിച്ചത്. കുണുങ്ങി ചിരിക്കുന്ന കറിവേപ്പിന്റെ തണ്ടിന്മേൽ മുൻപു കണ്ട പുഴുവിന് കൊമ്പ്. ഇത്തരം ഒരു കലമാനേ നോക്കി നിൽക്കെ ദുർഗന്ധവും ഉണ്ട്. കാറ്റിന്റെ പെരുമാറ്റം കണ്ട് ശത്രുവാണെന്നു കരുതി ശത്രുവിന് എതിരെയുള്ള ഒറ്റമൂലി ആണ് ഇവ പ്രയോഗിച്ചത്. നിറം, രൂപം, കൊമ്പ് ഉയർത്തെഴുനേൽക്കുന്ന വിദ്യ, ദുർഗന്ധം ഇവയെല്ലാം ശത്രുക്കളോടു പ്രതികരിക്കാനുള്ള പുഴുവിന്റെ ആയുധങ്ങളാണ്. പുഴു ഇപ്പോൾ ഭക്ഷണം നിറുത്തി. ഏതാനും മണിക്കൂർ കഴിഞ്ഞു ഒരു സുരക്ഷിത സ്ഥാനം തിരയുന്നു.എന്നിട്ടു അവിടെ തന്റെ വായിൽ നിന്നും വരുന്ന ഒരുതരം പശ ഉപയോഗിച്ച് ഇലയുടെ തണ്ടിന്മേൽ തൂങ്ങിക്കിടക്കുന്നു.

Common mormon (Papilio Polyetes) catapillars
Common mormon (Papilio Polyetes) catapillars By Sindhu ramchandran at en.wikipedia [CC BY 2.5 ], from Wikimedia Commons
അതിനുശേഷം ശരീരം ജഡ തുല്യമാക്കി അല്പസമയത്തിനു ശേഷം ലാർവക്കു പുറമെ ഒരു ആവരണം തന്റെ മെഴുകു ദ്രവമുപയോഗിച്ചു അവ നിർമിക്കുന്നു ഇപ്പോൾ ശത്രുക്കളിൽ നിന്നും രക്ഷ പ്രാപിക്കാൻ ഉതകും വിധം ഭക്ഷണത്തിന് അനുയോജ്യമല്ലാത്ത പദാർത്ഥം കൊണ്ടാണ് പ്യൂപ്പയുടെ ആവരണമായ കൊക്കൂൺ നിർമിക്കുന്നത് . സമാധി പ്രാപിച്ച ലാർവയിൽ വിവിധ രാസപ്രവർത്തനങ്ങൾക്കു വിധേയമായാണ് ശലഭം പുറത്തു വരുന്നത് . സ്വന്തമായി നിർമിച്ച ശിൽപ്പത്തിന്റെ ശില്പിയായി ശില്പത്തിൽ ശയിക്കുകയാണ് ലാർവ. ആരംഭ ദിശയിൽ വളരെ മൃദലമായ ഒരു ആവരണമാണ് ഉണ്ടാകുക. ഏതാനും മണിക്കൂർ കഴിഞ്ഞു ഇത് ഉറപ്പുള്ളതാകുന്നു. ലാർവ യായിരുന്നപ്പോലുള്ള ഇതിന്റെ വളർച്ചയുടെ പതിന്മടങ്ങ് വേഗതയിൽ പ്യൂപ്പയിൽ ശലഭം പരിണമിക്കുന്നു. അങ്ങിനെ ദ്രുതകർമ സേനയിലെ അംഗമായി പ്യൂപ്പയിലെ ലാർവ മാറുകയാണ്.

First Stage of Pupa of Common Mormon Papilio polytes WLB DSC 0395
First Stage of Pupa of Common Mormon By Sandipoutsider [CC BY-SA 4.0 ], from Wikimedia Commons
പ്യൂപ്പക്ക് ഈ അവസ്ഥയിൽ ആഹാരം കഴിക്കേണ്ടതില്ല.ഒരു നിശ്ചിത ദിവസങ്ങൾ കഴിയുമ്പോൾ ശലഭത്തിന്റെ വെളുത്ത നിറത്തിലുള്ള പൊട്ടുകൾ അവ്യക്തമായി ദൃശ്യമാകുന്നു. ഈ പ്യൂപ്പയുടെ നിറവും ലാർവയുടെ നിറവും പച്ച തന്നെയാണ്. പിന്നീട് കൊക്കൂൺ വിടർത്തി ഇതിൽ നിന്നും ശലഭം പുറത്തുവരുന്നു. ഇവാ ഏതാനും സമയം തുങ്ങി കിടക്കുന്നു. അതാ..!! പ്രപഞ്ച രഹസ്യങ്ങളുടെ അകത്തളത്തിലേക്ക് പുതിയൊരു ജീവൻ കൂടി പറന്നു ഉയരുന്നു. ഈ നാരകക്കാളി ശലഭം സർവ്വ സാധാരണമായി നമ്മുടെ പൂത്തോട്ടങ്ങൾ സന്ദർശിക്കുന്ന വിരുന്നുകാരനാണ്. കറുത്ത പ്രതലമുള്ള ചിറകു അരികെ വെള്ള പൊട്ടുകളും, വാലുള്ള കിഴ്‌ചിറകുകളുടെ മദ്ധ്യേ കടുത്ത വെള്ള പൊട്ടുകളും ഉണ്ട് ഇതിന്റെ പിൻഭാഗത്തു മങ്ങിയ ചുവന്ന പൊട്ടുകളും കാണാം.

Pupa of Papilio polytes Linnaeus, 1758 – Common Mormon
Pupa of Common Mormon By School of Ecology and Conservation [CC BY 2.5], via Wikimedia Commons
ലാർവയുടെ മുൻ കാലുകൾ നീളൻ കാലുകളായി ശലഭത്തിൽ പരിണമിച്ചു. ലാർവയുടെ പച്ചനിറമുള്ള ഉടൽ ചാര നിറമുള്ളതായി തീർന്നു. ശലഭത്തിനു ചിറകുകൾ എങ്ങിനെ ഉണ്ടായി ? മറ്റൊരു പ്രപഞ്ച രഹസ്യമായി ഇതിനെ കരുതാം അല്ലേ ?

Common Mormon - Papilio polytes
Female form romulus seen laying an egg on Murraya paniculata By Anton Croos [CC BY-SA 3.0], from Wikimedia Commons

എഴുതിയത്; സാന്റെക്സ് വർഗീസ്‌, സെപ്റ്റംബർ 2004 MARYRANI പാരിഷ് ബുള്ളറ്റിൻ, കുറ്റൂർ, പേജ് 7&8 പ്രസിദ്ധീകരിച്ചത്


Cover Image © Nandan

Back to Top