നിറങ്ങളും നിറഭേദങ്ങളും

നിറങ്ങളും നിറഭേദങ്ങളും

(2017 ഡിസംബർ ലക്കം കൂട് മാസികയിൽ പ്രസിദ്ധീകരിച്ചത്. എഴുതിയത്: Admins – Birdwatchers of Kerala)

“തത്തമ്മയുടെ നിറമെന്താ?!”
“പച്ചാ ”
“പൊന്മാൻറെയോ?!”
“നീലാ”
കുട്ടികളെ നിറങ്ങൾ പഠിപ്പിക്കാൻ പക്ഷികളേക്കാൾ എളുപ്പമായ മറ്റൊന്നും കാണില്ല. കറുപ്പിന് കാക്കയെക്കാൾ നല്ല പര്യായമുണ്ടോ?!
പക്ഷികളെ പറ്റി ആലോചിക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്ന കാര്യങ്ങളാണ് നയനാനന്ദകരമായ അവയുടെ നിറങ്ങളും, ശരീരത്തിലെ മനോഹരമായ നിറങ്ങളുടെ വിതരണവും. മഞ്ഞക്കറുപ്പന്റെ തലയിലെ തൊപ്പി എത്ര മനോഹരമായി പണിതതാണ്?! മയിലിന്റെ പീലിയിലെ നിറങ്ങളെ ആർക്കാണ് വേർതിരിച്ചെടുക്കാൻ കഴിയുക?! കാലിമുണ്ടികൾ പ്രജനനകാലമാകുമ്പോൾ വെള്ളയിൽ നിന്ന് തലയും കഴുത്തും പുറവുമൊക്കെ ഓറഞ്ച് നിറമാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അപൂർവമായി ചിലരെങ്കിലും (ചിത്രത്തിലെങ്കിലും) വെളുത്ത കാക്കയെ കണ്ടിട്ടുണ്ടാവും. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? പക്ഷികളിലെ നിറവൈവിധ്യത്തിലേക്കും അവയിൽ ഉണ്ടാകുന്ന വൈകല്യങ്ങളിലേക്കും ചെറുതായി ഒന്ന് കണ്ണോടിക്കാം.

ചില ചായങ്ങൾ അഥവാ വർണ്ണ വസ്തുക്കളാണ് (Pigments) മൃഗങ്ങൾക്കും സസ്യങ്ങൾക്കും പക്ഷികൾക്കുമെല്ലാം നിറം നൽകുന്നത്. കരോട്ടിനോയിഡ് (Carotenoids), മെലാലിൻ (Melanins), പോർഫ്രൈൻ (Porphyrines) എന്നീ മൂന്ന് ചായങ്ങളും അവയുടെ മിശ്രിതങ്ങളുമാണ് പക്ഷികളുടെ തൂവലുകൾക്ക് നിറം പകരുന്നത്.

ഇളം മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയുടെ ഏറ്റക്കുറച്ചിലുകളും സമ്മിശ്രണവും എല്ലാം നൽകുന്നത് കാരാട്ടിനോയിഡ് എന്ന വർണവസ്തുവാണ്. സാധാരണയായി കരോട്ടിനോയിഡ് അടങ്ങിയ സസ്യങ്ങളോ, അവ അടങ്ങിയ സസ്യങ്ങളെ ആഹാരമാക്കുന്ന മറ്റു ജീവികളെയോ കഴിക്കുമ്പോഴാണ് ഈ ചായം പക്ഷികൾക്ക് ലഭിക്കുന്നത്. ആഹാരത്തിലൂടെ ലഭിക്കുന്ന രാസവസ്തുക്കളിൽ നിന്ന് കരോട്ടിനോയിഡ് വേർതിരിച്ച്ചെടുത്ത് തൂവലുകളിൽ നിക്ഷേപിക്കാൻ പക്ഷികൾക്ക് പ്രകൃത്യാ കഴിവുണ്ട്. കരോട്ടിനോയിഡിന് പല നിറഭേദങ്ങൾ ഉണ്ടെങ്കിലും പക്ഷികളുടെ ഇനത്തിനനുസരിച്ച് അവ തിരഞ്ഞെടുക്കപ്പെടുകയാണ് ചയ്യുന്നത്. ഇങ്ങനെയുള്ള പല പ്രവർത്തനങ്ങളും ജനിതകമായി തന്നെ പക്ഷികളിൽ സംവിധാനം ചെയ്യപ്പെട്ടവയാണ്.

കറുപ്പ്, ചാര നിറം, തവിട്ട്‍ നിറം മുതൽ തവിട്ട്‍ കലർന്നു ചുവപ്പ് (ചിലപ്പോൾ നേർത്ത മഞ്ഞ) വരെ നൽകുന്നത് മെലാനിൻ എന്ന വർണ്ണവസ്തുവാണ് . മനുഷ്യർ ഉൾപ്പടെ ബഹുഭൂരിഭാഗം മൃഗങ്ങൾക്കും രോമത്തിനും ചർമത്തിനും നിറം നൽകുന്നത് മെലാനിനാണ്. മെലാനിന്റെ സാനിധ്യം നിറത്തോടൊപ്പം തൂവലുകൾക്ക് ബലവും നൽകുന്നു. ചായങ്ങൾ ഒന്നുമില്ലാത്ത തൂവലുകൾ താരതമ്യേന ഏറ്റവും ബലം കുറഞ്ഞതും ചായങ്ങൾ ഉള്ളവ ബലം കൂടിയതും ആയിരിക്കും. അതിൽ തന്നെ മെലാനിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് തൂവലുകൾക്ക് ബലം കൂടും. ആളകളെയും (Terns) ഷ്രൈക്കുകളെയും പോലെ ചില പക്ഷികളുടെ ചിറകിന്റെ ആഗ്ര ഭാഗത്ത് കറുത്ത തൂവലുകൾ ഉള്ളത് ശ്രദ്ധിച്ചിട്ടില്ലേ?! ശ്രദ്ധിച്ചാൽ അറിയാം പല പക്ഷികളുടെയും (എല്ലാ പക്ഷികളുടേയുമല്ല) ചിറകിന്റെ ആഗ്ര ഭാഗങ്ങൾക്ക് താരതമ്യേന കടും നിറങ്ങളായിരിക്കും. അവിടെ മെലാനിൻ അളവ് കൂടുതലായിരിക്കും. പറക്കുമ്പോൾ വായുവുമായി സമ്പർക്കത്തിലാകുമ്പോൾ കൂടുതൽ കാര്യക്ഷമത കിട്ടാനാണ്.

മൂന്നാമത്തെ ചായമാണ് പോർഫ്രൈനുകൾ. ധാതുക്കളിലും പാറകളിലുമൊക്കെ കാണുന്ന ചായമാണ് പോർഫ്രൈൻ. പിങ്ക്, തവിട്ട്‍, ചുവപ്പ്, പച്ച എന്നീ നിറങ്ങളും കൂടാതെ തൂവലുകൾക്ക് തിളക്കവും നൽകുന്നത് പോർഫ്രൈൻ ചായമാണ്. പ്രാവുകൾ, തേൻകുരുവികൾ, മൂങ്ങകൾ, കോഴികൾ തുടങ്ങിയ വയുടെ ശരീരത്തിൽ പോർഫ്രൈൻ കാണപ്പെടുന്നു. പോർഫ്രൈൻ പല തരം അമിനോആസിഡുകളാണ്.

ഈ മൂന്ന് ചായങ്ങൾ കൂടാതെ പക്ഷികളുടെ നിറങ്ങൾക്ക് മറ്റൊരു രസകരമായ കാരണം കൂടെയുണ്ട്. തൂവലുകളുടെ ഘടനയും അവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ആ പ്രോട്ടീനുകൾ സൂര്യപ്രകാശത്തിൽ ഉണ്ടാക്കുന്ന വക്രീകരണങ്ങളും (refraction) പ്രതിഫലനങ്ങളും (reflection) നിറങ്ങളുടെ വൈവിധ്യത്തിന് ഒരു പ്രധാന കാരണമാണ്. ചില പക്ഷികളിൽ കാണുന്ന ബഹുവർണ്ണ തൂവലുകൾ (Iridescent feathers) പല കോണുകളിൽ നിന്ന് നോക്കുമ്പോൾ വ്യത്യസ്ത നിറങ്ങളായി കാണപ്പെടുന്നു. തൂവലുകളിലെ രോമങ്ങളിൽ പ്രകാശ രശ്മികൾ തട്ടി ഒരു സ്ഫടികത്തിലെന്ന (Prism) പോലെ വക്രീകരിച്ച് പല നിറങ്ങൾ രൂപപ്പെടുന്നതാണ് ഇതിന് കാരണം. മയിൽ‌പീലി ബഹുവർണ്ണ തൂവലുകൾക്ക് ഉദാഹരണമാണ്. കൂടാതെ പ്രകാശത്തിന്റെ നിറവും പക്ഷികളുടെ സ്വാഭാവിക നിറത്തെ വ്യത്യാസമുള്ളതായി കാണിക്കും. രാവിലെയും വൈകുന്നേരവുമുള്ള മഞ്ഞ കലർന്ന കിരണങ്ങൾ പല പക്ഷികളുടെയും നിറത്തെ വ്യത്യസ്തമായി നമ്മുടെ കണ്ണുകൾക്ക് തോന്നിപ്പിക്കും. കൂടാതെ പക്ഷകളുടെ പ്രജനന കാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ചില പക്ഷികളിൽ ഇണയെ ആകർഷിക്കുന്നതിനായി ചായങ്ങളുടെ ഏറ്റക്കുറച്ചിലുകളുണ്ടാക്കാറുണ്ട്. അതിനാലാണ് ഇവ പ്രജനന കാലത്ത് സാധാരണയിൽ നിന്ന് വ്യത്യസ്തമായ നിറങ്ങളിൽ കാണപ്പെടുന്നത് (Breeding plumage).

പ്രായ വ്യത്യാസത്തിനെയും, ചായങ്ങൾ നിർമിക്കാനുള്ള പക്ഷികളുടെ കഴിവിനെയും ആശ്രയിച്ച് ഒരേ ഇനം പക്ഷികളിൽ തന്നെ വളരെ ചെറിയ അളവിലുള്ള നിറവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. പലതും തിരിച്ചറിയാൻ പോലുംകഴിയാത്തത്ര നേരിയ വ്യാത്യാസങ്ങളാണ്. എന്നാൽ ജനിതകമായ ചില വൈകല്യങ്ങൾ കൊണ്ടോ അത് മൂലമുണ്ടാകുന്ന ചായങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടോ പക്ഷികളിൽ നിറവൈകല്യങ്ങൾ കാണാം. സ്വാഭാവിക നിറത്തിൽ നിന്ന് വ്യത്യാസമുള്ള പക്ഷികളെ പലപ്പോഴും മറ്റു പക്ഷികളായോ ചിലപ്പോൾ പുതിയ ഇനം പക്ഷികളായോ പോലും തെറ്റിദ്ധരിച്ചിട്ടുണ്ട്. അത്തരത്തിലെ നിറവൈകല്യങ്ങളിലേക്കും അവ തിരിച്ചറിയാനുള്ള മാർഗങ്ങളിലേക്കും ഒന്ന് കണ്ണോടിക്കാം.

താരതമ്യേന സാധാരണയായി പക്ഷികളിൽ കണ്ടുവരാറുള്ള നിറവൈകല്യമാണ് മെലാനിസം (Melanism). കടുത്ത നിറം എന്നർത്ഥം വരുന്ന melanos എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് മെലാനിസം എന്ന വാക്ക് ഉണ്ടായത്. സാധാരണയിൽ കവിഞ്ഞ കടുത്ത നിറങ്ങൾ തൂവലുകളിൽ കാണുന്ന അവസ്ഥയാണ് മെലാനിസം. ജനിതക പ്രകാരാന്തരീകരണം (Mutation) മൂലമോ ചിലപ്പോൾ ഭക്ഷണത്തിനുള്ള മെലാനിൻറെ കൂടുതൽ കൊണ്ടോ മെലാനിസം സംഭവിക്കാം. അസ്വാഭാവികമായ കറുപ്പോ, തവിട്ട് കലർന്ന ചുവപ്പ് നിറമോ ആണ് മെലാനിസത്തിന്റെ അടയാളങ്ങൾ.

സ്വാഭാവിക ആവാസവ്യവസ്ഥകളിൽ വളരെ അപൂർവമാണെങ്കിലും പക്ഷികളിൽ കണ്ടു വരുന്ന മറ്റൊരു നിറവൈകല്യമാണ് ആൽബിനിസം (Albinism). വെളുപ്പ് എന്നർത്ഥം വരുന്ന ‘ആൽബസ്’ (Albus) എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആൽബിൻസം എന്ന വാക്ക് രൂപപ്പെട്ടത്. വാക്കർത്ഥം പോലെ തന്നെയാണ് ആൽബിനിസം സംഭവിച്ച പക്ഷികളുടെ അവസ്ഥ. ശരീരത്തിൽ മെലാനിൻ ചായത്തിന്റെ അഭാവമാണ് ഈ അവസ്ഥക്ക് കാരണം. തൂവലുകൾ മാത്രമല്ല, തൊലിയും കണ്ണുകളും വരെ വെളുത്തതായി കാണപ്പെടും. ചുണ്ടുകളിലും, കാലുകളിലും, തൂവൽ ഇല്ലാതെ തെളിഞ്ഞ് കാണുന്ന ശാരീരീരഭാഗങ്ങളിലും പിങ്ക് നിറമോ ചുവപ്പ് കലർന്ന പിങ്ക് നിറമോ കാണാം. സുതാര്യമായ ചർമ്മത്തിന്റെ അടിയിലെ രക്തക്കുഴലുകൾ കാണാനാകുന്നത് കൊണ്ടാണ് ഈ നിറം ലഭിക്കുന്നത്. ആൽബിനിസം ബാധിച്ച ജീവികളുടെ കണ്ണുകൾക്ക് ചുവപ്പ്, അല്ലെങ്കിൽ പിങ്ക് നിറമായിരിക്കും. സ്വാഭാവിക സാഹചര്യങ്ങളിൽ അത്യപൂർവമായാണ് ആൽബിനിസം കാണപ്പെടുന്നത്. ഇത്തരം പക്ഷികളുടെ ചിറകുകളും തൂവലുകളും ബലം കുറഞ്ഞവയായിരിക്കും. മാത്രമല്ല, കണ്ണിൽ ചായങ്ങൾ ഇല്ലാത്തതിനാൽ സൂര്യ പ്രകാശത്തെ പ്രതിരോധിക്കാൻ കഴിയാതെ കാഴ്ച നഷ്ട്ടപ്പെട്ട പോകുകയും ഇരപിടിക്കുവാനും സഞ്ചരിക്കുവാനും കഴിയാതെ മരിച്ചു പോകുകയും ചെയ്യും.

Albino Greater coucal by Nikhil Krishna

കൃത്യമായ രാസപ്രവർത്തനം നടക്കാതെ ഉല്പാദപ്പിക്കപ്പെടുന്ന മെലാനിൻ തൂവലുകളിലും ചർമ്മത്തിലും നിക്ഷേപിക്കപ്പെടുന്നത് മൂലമുണ്ടാകുന്ന വൈകല്യമാണ് ഇനോ (Ino). തൂവലുകൾ നേർത്ത നിറത്തിലോ കടും നിറത്തിലോ കാണാം. ഇളം നിറത്തിലുള്ള പക്ഷികളിൽ കണ്ണുകൾ നേരിയ ചുവപ്പ് നിറത്തിൽ കാണാം. നേർത്ത നിറമുള്ള പക്ഷികളെ ആൽബിനിസം ബാധിച്ച പക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ കാഴ്ചശക്തി മെച്ചപ്പെട്ടതും ജീവിക്കാൻ അനുയോജ്യമായതും ആയിരിക്കും. ഇനോ പൂർണമായി ജനിതക കാരണങ്ങളാലാണ് ഉണ്ടാകുന്നത്.

പക്ഷികളിൽ കണ്ടുവരുന്ന മറ്റൊരു നിറവൈകല്യമാണ് ല്യൂസിസം (Leucism). വെളുപ്പ് എന്ന് തന്നെ അർഥം വരുന്ന Eukos എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ല്യൂസിസം എന്ന പദം ഉണ്ടായത്. ശരീരത്തിൽ മെലാനിൻ ചായം ഉല്പാദിപ്പിക്കാൻ കഴിവുണ്ടെങ്കിലും പൂർണമായോ ഭാഗീകമായോ ചർമത്തിലും തൂവലുകളിലും നിക്ഷേപിക്കാൻ കഴിയാത്ത അവസ്ഥയാണ് ല്യൂസിസം. ശരീരത്തിന്റെ/തൂവലുകളുടെ ചില ഭാഗങ്ങൾ മാത്രമോ ശരീരം മുഴുവനായോ വെളുത്ത് കാണപ്പെടാം. ഭാഗീകമായി വെളുത്ത നിറമുള്ള അവസ്ഥയെ ഭാഗീക ല്യൂസിസം (Partial leucism) എന്നാണ് പറയുന്നത്. ചുണ്ടുകളും കാലുകളും സ്വാഭാവിക നിറത്തിലോ പിങ്ക് നിറത്തിലോ കാണാം. കണ്ണുകൾ സ്വാഭാവിക നിറത്തിൽ തന്നെയായിരിക്കും. ല്യൂസിസം ജനിതകമായ കാരണങ്ങളാൽ ഉണ്ടാകുന്നതാണ്. ല്യൂസിസവുമായി വളരെ സാദൃശ്യമുള്ള ഒരു വൈകല്യമാണ് Progressive greying. പക്ഷികൾ ചെറുപ്പത്തിൽ സ്വാഭാവികനിറത്തിൽ കാണപ്പെടുകയും പ്രായം കോടി വരുന്തോറും വെളുത്ത തൂവലുകളുടെ എണ്ണം കൂടി വരുകയും ചെയ്യും. ജീനുകളിലുള്ള കുഴപ്പങ്ങൾ കൊണ്ടോ പിന്നീട് ശരീരത്തിന്റെ രാസ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടോ ഇത് സംഭവിക്കാം. പുതുതായി ഉണ്ടാകുന്ന തൂവലുകൾ വെളുത്ത നിറത്തിലും പഴയ തൂവലുകൾ സ്വാഭാവിക നിറത്തിലും കാണപ്പെടുന്നു.

നിറങ്ങളുടെ വീര്യം കറയുന്ന Dilution എന്ന വൈകല്യമാണ് അടുത്തത്. ചായങ്ങൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വരുന്നില്ല ചായങ്ങൾ നിക്ഷേപിക്കപ്പെടുന്ന കോശങ്ങളിൽ വേണ്ടവിധത്തിൽ നിക്ഷേപം നടക്കാതെ വരുമ്പോഴാണ് നിറങ്ങൾ നിർവീര്യമാകുന്നത്. പൂർണമായി നിറം നഷ്ടപ്പെടുന്നതിനു പകരം ഉള്ള നിറങ്ങൾ നേർത്തതായി കാണപ്പെടുന്നു. കറുപ്പ്, തവിട്ട് നിറമായും, ചാര നിറമായും, തവിട്ട് നിറങ്ങൾ നേർത്ത ചുവപ്പോ ഇളം മഞ്ഞയോ ആയി മാറുന്നു. ചില സമയങ്ങളിൽ കടും നിറങ്ങൾ വെള്ളി നിറമായി കാണപ്പെടുന്നതും ഈ അവസ്ഥ കാരണമാണ്.

നിറവൈകല്യമുള്ള പല പക്ഷികളും ഇണയെ കണ്ടുപിടിക്കാൻ ഏറെ പ്രയാസപ്പെടാറുണ്ട്. ചിലപ്പോൾ ഇത്തരം പക്ഷികളിൽ ഇണ ചേരൽ നടക്കാറ് പോലുമില്ല. ചില പക്ഷികൾക്ക് ഇണയെ തിരഞ്ഞെടുക്കാൻ നിറമൊരു പ്രധാന ഘടകമാണ്.

Reference

Back to Top